FFSI KERALAM
കെ ജി ജോർജ്ജ് ചലച്ചിത്രമേള
അഞ്ചാം ദിവസം
ഇന്നത്തെ സിനിമ (സപ്തം. 20 തിങ്കൾ വൈകു. 6. 30)
8½ intercuts- Life and films of KG George
“എന്നെ സംബന്ധിച്ചിടത്തോളം സിനിമ സ്വപ്നം കാണുന്നതിനു തുല്യമായിരുന്നു. എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സത്യത്തെ നോക്കി സ്വപ്നം കാണാനുള്ള ഒരു കഴിവ് എനിക്കുണ്ടായിരുന്നു. എനിക്ക് തൃപ്തികരമായ സിനിമകളാണ് ഞാന്‍ ഉണ്ടാക്കിയത്. എങ്കിലും ചെയ്യാന്‍ ആഗ്രഹിച്ച എല്ലാകാര്യങ്ങളും എനിക്ക് ചെയ്യാനായില്ല. പക്ഷെ ഒന്നും എനിക്ക് മിസ് ആയിട്ടില്ല. Nothing is missed എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.”
കെ ജി ജോര്‍ജ്ജ്
കെ ജി ജോർജിന്റെ ജീവിതത്തിലൂടെയും സിനിമയിലൂടെയുമുള്ള ഗൗരവപൂർണ്ണമായ ഒരന്വേഷണമാണ് ലിജിൻ ജോസ് സംവിധാനം ചെയ്ത 8 ½ ഇൻറർകട്ട്സ് എന്ന ഡോക്യുമെന്ററി സിനിമ. ആ ചിത്രത്തിന്റെ അവസാനം കെ ജി ജോര്‍ജ്ജ് തന്റെ സിനിമാ ജീവിതത്തെ ആറ്റിക്കുറുക്കി പറയുന്നതാണ് മുകളില്‍ എഴുതിയത്. തന്നെ സംബന്ധിച്ചിടത്തോളം പാപം എന്ന ഒന്ന് ഇല്ലെന്നും ജീവിതത്തില്‍ ഒന്നിനോടും തനിക്ക് വിധേയത്വം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വാതിലുകള്‍ തുറക്കാനുള്ള താക്കോലുകലാണ് ഈ വാക്യങ്ങള്‍.
ഫെഡറിക്കോ ഫെല്ലിനിയുടെ വിഖ്യാതമായ ചിത്രത്തിന്റെ പേരാണ് സംവിധായകന്‍ ജോര്‍ജ്ജിനെക്കുറിച്ചുള്ള സിനിമയിലും മുഖ്യമായി പ്രയോജനപ്പെടുത്തിയത്. ഫെല്ലിനി ചിത്രങ്ങളുടെ സൗന്ദര്യാത്മകതയെ ആരാധിക്കുന്ന കെ ജി ജോര്‍ജ്ജിന്റെ സിനിമകളെകുറിച്ചാവുമ്പോള്‍ ഈ നാമകരണം പ്രസക്തമാകുന്നു. ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ ജി ജോര്‍ജ്ജിന്റെ, സ്വപ്നാടനം -1976, ഉൾക്കടൽ – 1978, മേള – 1980, കോലങ്ങൾ – 1981, യവനിക – 1982, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് -1983, ആദാമിന്റെ വാരിയെല്ല് – 1983, പഞ്ചവടിപ്പാലം – 1984, ഇരകൾ – 1986, മറ്റൊരാൾ – 1988 എന്നീ ചിത്രങ്ങളുടെ ഉള്ളും പുറവും ഈ ഡോക്യുമെന്ററി കാട്ടിത്തരുന്നുണ്ട്. അടൂർ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന ചലച്ചിത്ര സംവിധായകര്‍, എം ടി വാസുദേവൻ നായർ, ഒ എൻ വി കുറുപ്പ്, സക്കറിയ മുതലായ പ്രമുഖരായ എഴുത്തുകാര്‍, സി വി ബാലകൃഷ്ണന്‍, ജോണ്‍ പോള്‍ തുടങ്ങി തിരക്കഥാകൃത്തുകള്‍, വേണു, രാമചന്ദ്രബാബു എന്നിങ്ങനെ ക്യാമറാമാന്‍മാര്‍, ബീനാപോളിനെ പോലുള്ള എഡിറ്റര്‍മാര്‍, സി എസ് വെങ്കിടേശ്വരൻ, എം ജി രാധാകൃഷ്ണന്‍ തുടങ്ങിഗൗരവമുള്ള സിനിമയെ നിരന്തരം പിന്തുടരുന്ന നിരൂപകര്‍, ബി ഉണ്ണികൃഷ്ണന്‍, അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി പുതുതലമുറയിലെ സംവിധായകര്‍ എന്നിങ്ങനെ സിനിമയുടെ മുന്നണിയിലും പിന്നണിയിലും കെ ജി ജോർജിന്റെ പ്രവര്‍ത്തനവഴികളില്‍ കൂട്ടായി ഉണ്ടായിരുന്നവരോ അദ്ദേഹത്തിന്റെ സിനിമകളാല്‍ വശീകരിക്കപ്പെട്ടവരോ ആണ് ഈ ചിത്രത്തില്‍ ജോര്‍ജ്ജിന്റെ വിവിധ സിനിമളുടെ ആഴങ്ങള്‍ വിശകലനം ചെയ്യുന്നത്.
ആഖ്യാനസവിശേഷതകളില്‍, കാഥാപാത്രങ്ങളുടെ ഉള്ളും പുറവും ചികഞ്ഞെടുക്കുന്നതില്‍, വൈചിത്ര്യപൂര്‍വ്വമായ കഥാപരിസരങ്ങള്‍ കണ്ടെത്തുന്നതില്‍, ഒന്നിനൊന്നു വ്യത്യസ്തമായ പ്രമേയങ്ങള്‍ സ്വീകരിക്കുന്നതില്‍, സ്ത്രീയുടെ ജീവിതകാമനകളുടെ ആഴങ്ങള്‍ കണ്ടെത്തുന്നതില്‍, സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്തമായ വഴികളിലൂടെ പ്രമേയപരിസരത്തേക്ക് ആനയിക്കുന്നതില്‍, മുന്‍വിധികള്‍ ഇല്ലാതെ വിഷയങ്ങളെ സമീപിക്കുന്നതില്‍ കെ ജി ജോര്‍ജ്ജ് എന്ന മലയാളത്തിലെ മാസ്റ്റര്‍ ഫിലിംമേക്കറുടെ വഴികള്‍ എന്തായിരുന്നു, എങ്ങിനെയൊക്കെയായിരുന്നു എന്ന അന്വേഷണം സഫലമായി നിര്‍വ്വഹിക്കാന്‍ ഈ ഡോക്യുമെന്ററിക്ക് സാധിക്കുന്നുണ്ട്. ഒരുകാലത്ത് നിരൂപകരുടെ അര്‍ഹിക്കുന്ന പിന്തുണയോ അന്താരാഷ്ട്ര മേളകളുടെ പുരസ്കാരപ്പൊലിമയോ ലഭിക്കാതെപോയ അദ്ദേഹത്തിന്‍റെ സിനിമകളുടെ ഉള്‍ക്കനം സൂക്ഷ്മമായി പിന്തുടരാനുള്ള ശ്രമമാണ് ലിജിന്‍ ജോസും കൂട്ടുകാരും നടത്തുന്നത്. ഒരു കാലഘട്ടത്തിന്റെ പൊതുസ്വഭാവങ്ങളെ മുറിച്ചുകടക്കാന്‍ തന്റെ സിനിമയിലൂടെ, അതും ഒറ്റയ്ക്ക് ശ്രമിച്ച ഒരു സംവിധായകനുള്ള അര്‍ഹിക്കുന്ന ആദരമാണ് രണ്ടു മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള 8 ½ ഇൻറർകട്ട്സ് എന്ന സിനിമ. എങ്ങിനെയാണ് കെ ജി ജോര്‍ജ്ജ് സിനിമകള്‍ ചലച്ചിത്ര പഠനത്തിനുള്ള പാഠപുസ്തകമായിത്തീരുന്നത് എന്നതിനുള്ള ലളിതമായ ഉത്തരം ഇങ്ങനെയല്ലാതെ മറ്റെങ്ങനെ അടയാളപ്പെടുത്താനാണ്.
പി പ്രേമചന്ദ്രൻ