ആദാമിന്റെ വാരിയെല്ല്

FFSI KERALAM
കെ ജി ജോർജ്ജ് ചലച്ചിത്രമേള
ഇന്നത്തെ സിനിമ (സപ്തം. 18 ശനി)
ആദാമിന്റെ വാരിയെല്ല്
മൂന്നു പെണ്‍ജീവിതങ്ങളുടെ കഥ പറഞ്ഞുപറഞ്ഞ് ഒടുവിലവര്‍ സ്വന്തം കൂടുപൊളിച്ച് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്ന കാഴ്ചയുടെ സ്വാതന്ത്ര്യബോധത്തിലേക്ക് ക്യാമറ തുറന്നുവച്ചാണ് ആദാമിന്റെ വാരിയെല്ല്, കെ.ജി. ജോര്‍ജ് അവസാനിപ്പിക്കുന്നത്. ലോകത്തെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടും, അതേ ലോകത്താല്‍ ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീ അവസ്ഥയാണ് ഈ സിനിമയുടെ പ്രമേയപരിസരം എന്ന് സാമാന്യമായി പറയാം. ദുരന്തങ്ങളുടെ സമാനതകളില്ലാത്ത ഭീകരതയിലും കണ്ണീരുകൊണ്ടല്ല, ഈ പെണ്ണുങ്ങള്‍ മറുപടി പറയുന്നത്. എളുപ്പം കണ്ണീര്‍പേമാരിയില്‍ നനയ്ക്കാവുന്ന ഫ്രെയിമുകളെ, അതില്‍ നിന്നു രക്ഷിച്ചെടുക്കാനുള്ള ആത്മവീര്യം മൂന്നു പെണ്ണുങ്ങള്‍ക്കും സംവിധായകന്‍ നല്‍കുന്നുണ്ട്.
സിനിമയിലൊരിടത്തുപോലും ബൈബിള്‍ പരാമര്‍ശമില്ലെങ്കിലും ആദാമിന്റെ വാരിയെല്ലില്‍ നിന്നു സൃഷ്ടിക്കപ്പെട്ടവളെ ആദാമിന്റെ പിന്മുറക്കാര്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നു പറയുകയാണിവിടെ. അവന്റെ ലോകത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് അവള്‍ അവലംബിക്കുന്ന മാര്‍ഗങ്ങളും വ്യത്യസ്തങ്ങളാണ്. മാമച്ചന്‍ മുതലാളി (ഭരത് ഗോപി) ഭാര്യ ആലീസിനെ (ശ്രീവിദ്യ) ഉപയോഗപ്പെടുത്തിയാണ് സമ്പന്നനായ കോണ്‍ട്രാക്റ്റര്‍ എന്ന സിംഹാസനത്തിലിരിക്കുന്നത്. അതിന്റെ ഒരു രസക്കേട് അവരുടെ കുടുംബബന്ധത്തിലും ജീവിതതാളത്തിലും ആദ്യം മുതല്‍ക്കേ കാണാം. അലസനും മദ്യപനുമായ ഭര്‍ത്താവ് ഗോപിയാണ് (വേണു നാഗവള്ളി) വാസന്തിയുടെ (സുഹാസിനി) ജീവിതത്തെ നരകമാക്കുന്നത്. പകലന്തിയോളം ഓഫീസില്‍ പണിയെടുത്ത് അര്‍ധരാത്രിവരെ കുടുംബത്തിനായി എരിഞ്ഞുതീര്‍ന്ന് ഒടുവില്‍ മനസ്സിന്റെ നിയന്ത്രണം നഷ്ടമാകുന്ന വാസന്തിയും ആലീസും ഒരിടത്തുപോലും അടുത്ത് ഇടപെടുന്നില്ല.
സൂര്യ അവതരിപ്പിക്കുന്ന അമ്മിണിയുടെ ശരീരമാണ് അവസാനം വരെ കൂടുതല്‍ സംസാരിക്കുന്നത്; അധരമല്ല. കുറച്ചു ഫ്രെയിമുകളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും, ഡയലോഗുകള്‍ തുലോം കുറവെങ്കിലും അമ്മിണി എന്ന കഥാപാത്രമാകാം, പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ വേട്ടയാടുക. മാമച്ചന്‍ മുതലാളി, അമ്മിണിയുടെ ശരീരം തേടിച്ചെല്ലുമ്പോള്‍ പോലും അതീവനിശ്ശബ്ദതയാണ് അവളുടെ മറുപടി. വനാന്തര്‍ഭാഗത്തെ അതിഭീകരമായ നിശ്ശബ്ദത പോലെ അത് പ്രേക്ഷകരെ ഉലയ്ക്കുന്നു.

താളം തെറ്റിയ മനസ്സുമായി സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയോടുന്ന വാസന്തി, കാമുകനാലും പരിത്യക്തയായി തകര്‍ന്ന മനസ്സോടെ സഞ്ചരിക്കുന്ന ആലീസിന്റെ കാറിനു മുന്‍പില്‍ യാദൃച്ഛികമായി എത്തിപ്പെടുന്നുണ്ടെങ്കിലും അവര്‍ക്കു തമ്മില്‍ നോട്ടങ്ങളുടെ വിനിമയസാധ്യത പോലും സംവിധായകന്‍ അവശേഷിപ്പിക്കുന്നില്ല. സഹനങ്ങളുടെ പാതയില്‍ സഞ്ചരിക്കുന്ന പക്ഷികള്‍ എന്നതു മാത്രമാണ് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ്. പെണ്ണിന്റെ അവസ്ഥ ചിത്രീകരിക്കുക എന്നത്, ആണിന്റെ വയലന്‍സിന്റെയും ചൂഷണത്തിന്റെയും ലോകം ചിത്രീകരിക്കലാണ് എന്നു സംവിധായകന്‍ തിരിച്ചറിയുന്നു. ആണ്‍ലോകത്തു നിന്ന് ഒഴിഞ്ഞുമാറുക എന്നതാണ് പെണ്ണിനു നല്‍കാവുന്ന വിമോചനമാര്‍ഗം എന്നും വ്യക്തമാക്കുന്നു.


2 Comments
 1. Venukallar

  September 18, 2021 at 8:18 pm

  വ്യ ത്യ സ്ജീവിത സാഹ ച ര്യ ങ്ങൾ അട യാള പ്പെടു ത്താൻ പശ്ചാത്തല സംഗീതം ഫ ല പ്രദ മായി ഉപയോഗ പ്പെ ടുത്തിയിരിക്കുന്നു

  Reply
 2. Venukallar

  September 18, 2021 at 8:28 pm

  ശക്തമായി സ്ത്രീ പക്ഷ രാഷ്ട്രീയം സംസാരിക്കുന്നസിനിമ

  Reply

Write a Reply or Comment

Your email address will not be published. Required fields are marked *