അജാന്ത്രിക് / 1958/104മിനുട്ട്/ബംഗാളി
സുബോധ് ഘോഷിന്റെ ചെറുകഥ ആധാരമാക്കി നിര്‍മ്മിച്ച അജാന്ത്രിക് ഘട്ടക്കിന്റെ രണ്ടാമതു ചിത്രമാണ്. 1952ല്‍ നാഗരിക് പൂര്‍ത്തിയായെങ്കിലും 24വര്‍ഷം കഴിഞ്ഞ് 1977ല്‍ ഘട്ടക്കിന്റെ മരണാനന്തരമാണ് പ്രദര്‍ശനം നടന്നത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വന്ന അജാന്ത്രിക് 1959ല്‍ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേകപ്രദര്‍ശനം നേടിയ ഇന്ത്യന്‍ചിത്രമായിരുന്നു. ബിമല്‍ എന്ന ടാക്സിഡ്രൈവറാണ് നായകന്‍. എന്നാല്‍ ജഗദല്‍ എന്ന സന്തതസഹചാരിയെ പ്രേക്ഷകര്‍ക്കു മറക്കാനാകില്ല. 1920 മോഡല്‍ ഷെവര്‍ലെ ടാക്സിയാണ് ബിമലിന്റെ ജഗദല്‍. സ്നേഹവും കണ്ണീരും കലര്‍ന്ന ചിരിയാണ് സിനിമയുടെ അടിസ്ഥാനശ്രുതിയെങ്കിലും അഗാധമായൊരു വിഷാദത്തിലാണ് സിനിമ അവസാനിക്കുന്നത്. വളരെ വിചിത്രസ്വഭാവിയായ ബിമലും കുസൃതിക്കാരനായ ജഗദലും തമ്മിലുള്ള സ്നേഹവിനിമയം മാനവികമായ ഉദാത്താനുഭവമായി പരിണമിക്കുന്നു. മറ്റേതു വസ്തുവിനേയും മനുഷ്യവല്‍ക്കരിച്ച് താനൊപ്പം സ്നേഹിക്കുന്ന മാനവസത്തയെ ദൃശ്യവല്‍ക്കരിക്കുന്ന അജാന്ത്രിക്, ലോകസിനിമയില്‍ത്തന്നെ അഭൂതപൂര്‍വ്വമായ ഒരു കലാസൃഷ്ടിയാണ്. ബിമലിന് തന്റെ ഒരേയൊരു ആത്മബന്ധുവായ ടാക്സിയോടുള്ള സ്നേഹപ്രകടനങ്ങള്‍ക്ക് ഒരു അനുഷ്ഠാനാത്മകതയുണ്ട്. അമ്മ മരിച്ചദിവസം ബിമലിനൊപ്പം കൂടുന്ന ജഗദല്‍ ബിമലിന്റെ ഏകാന്തതയിലെ സഖാവാണ്, ഭ്രാന്തുകളുടെ കാവല്‍ക്കാരനുമാണ്. ടാക്സിയിലെ സവാരിക്കാരിലൂടെ ബിമലിനെ പ്രേക്ഷകര്‍ അടുത്തറിയുന്നു. സമൂഹത്തിന്റെ പരിഹാസങ്ങളെ അവഗണിക്കാന്‍ പറ്റുന്നിടത്തോളം തീവ്രമാണ് പഴഞ്ചനായ ടാക്സിയോടുള്ള ബിമലിന്റെ സ്നേഹം. മനുഷ്യനും യന്ത്രവും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ സൂക്ഷ്മരേഖയാണ് അജാന്ത്രിക്. പ്രേക്ഷകര്‍ ചിരിച്ചും വിഷാദിച്ചും ആ സഞ്ചാരത്തെ പിന്തുടരുന്നു. ബംഗാളിന്റെ ജീവിതസംസ്കാരങ്ങളിലൂടെ, പ്രകൃതിദൃശ്യങ്ങളിലൂടെയുള്ള രണ്ടുമനുഷ്യരുടെ രസകരമായ യാത്രയായി മാറുന്നു ഈ ചിത്രം. ഇന്ത്യയിലെ ആദ്യ സയന്‍സ്ഫിക്ഷന്‍ ചിത്രമെന്നും വിശേഷിപ്പിക്കപ്പെടുന്ന അജാന്ത്രിക് ഇതേ ജനുസ്സിലുള്ള നിരവധിചിത്രങ്ങള്‍ക്ക് പ്രചോദനമായിരുന്നു.
അഭിനേതാക്കള്‍ : കാളി ബാനര്‍ജി, ഗംഗാപദബാസു, സതീന്ദ്ര ഭട്ടാചാര്യ, തുളസി ചക്രവര്‍ത്തി, അനില്‍ ചാറ്റര്‍ജി.
സംഗീതം : അലി അക്ബര്‍ഖാന്‍.
ക്യാമറ : ദിനന്‍ ഗുപ്ത.
എഡിറ്റിംഗ് : രമേശ് ജോഷി
Sudath Abeysriwardana
November 5, 2020 at 8:59 pmEnglish subtitles are not connected. please say, how to connect it.
FFSI Super Admin
November 6, 2020 at 12:11 amPlease click settings icon to choose English subtitle.
ANILKUMAR V K
November 6, 2020 at 2:59 pmgreatfilm
സുരേന്ദ്രൻ.എം.പി
November 6, 2020 at 10:54 pmഇംഗ്ലീഷ് സബ് ടൈറ്റിൽ ഇല്ലാതെയാ്ണ് ഈ ചിത്രം നേരത്തെ കണ്ടത്. ഒന്നും പിടികിട്ടിയിരുന്നില്ല.
ഒരു പക്ഷെ ഘട്ടക്കിന്റെ പ്രധാന സിനിമകളിലൊന്ന്. അപാര ദൃശ്യഭംഗിയും. നന്ദലാലിന്റെ സബ് ടൈറ്റിലും നന്നായി
P C MOHANAN
November 8, 2020 at 12:05 amഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴേ ഈ പടം കാണാന്‍ സാധിച്ചുള്ളു. ഋത്വിക് ഘട്ടക്കിന്‍റെ അധികചിത്രങ്ങളൊന്നും കണ്ടിട്ടില്ല. 1959ല്‍ ഇറങ്ങിയ അജാന്ത്രിക് അതിശയകരമായ പുതുമകളുള്ള ഒന്നാണ്. യന്ത്രവും മനുഷ്യനുമായുള്ള ഇഴയടുപ്പത്തിന്‍റെ കഥകള്‍ പറയുന്ന ഒരുപാട് സിനിമകള്‍ക്ക് ഈ ചിത്രം മുന്നോടിയായിട്ടുണ്ട്.ബംഗാളിന്‍റെ ഗ്രാമീണതയും ആദിവാസി ആഘോഷത്തിന്‍റെ ഉള്‍ത്തുടിപ്പുകളും നമുക്ക് മുന്നില്‍ ഇതള്‍വിരിയുന്നു.