ഡാനി
ഡാനിയേൽ തോംസൺ എന്ന എഴുപതുകാരന്റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. വൃദ്ധനായ ഡാനിയുടെ (മമ്മൂട്ടി) ജീവിതത്തിലെ ചില ദൃശ്യങ്ങൾക്കുശേഷം ക്യാമറ ഓർമ്മകളിലേയ്‌ക്ക് നീളുന്നു. തുടർന്ന് ഡാനിയുടെ ജനനത്തെക്കുറിച്ചും ജീവിതത്തിന്റെ വളർച്ചയെക്കുറിച്ചും ഒരു ഡോക്യുമെന്ററി ചിത്രത്തിലെന്നപോലെ വിവരണങ്ങൾ കേൾക്കാം. ഇതിൽനിന്നും ഉരുത്തിരിയുന്നത് ‘ഡാനി = ഭാരതം’ എന്ന സമവാക്യമാണ്. ഗാന്ധിജി ഉപ്പുകുറുക്കൽ സമരം തുടങ്ങുന്ന ദിവസമാണ് ഡാനിയുടെ ജനനം. തുടർന്ന് ചരിത്രസംഭവങ്ങൾ അരങ്ങേറുന്ന ദിനങ്ങളിലെല്ലാം നികത്താനാകാത്ത നഷ്‌ടങ്ങൾ ഡാനിയുടെ ജീവിതത്തിൽ ഉണ്ടാകുന്നു. വിധവാവിവാഹം ആദ്യമായി നടന്ന ദിനം, 1956-നവംബർ ഒന്നാം തീയതി ഡാനിയുടെ വീട് കത്തിനശിക്കുന്നു. സഹോദരി വെന്തുമരിക്കുന്നു. ഡാനി അനാഥനാകുന്നു. ഒരുപാട് മരണങ്ങൾ കാണേണ്ടിവന്ന ഡാനി ചരമഗായകനാകുന്നു.
സാക്‌സോഫോണിസ്‌റ്റായി, വിവാഹപാർട്ടിയ്‌ക്കിടയ്‌ക്ക് സംഗീതം പകരുന്നതിനിടെ പരിചയപ്പെടുന്ന പ്രണയനായികയുടെ വിവാഹത്തിനും സംഗീതം നൽകേണ്ടിവരുന്ന ദുരന്തത്തിലേക്ക് ഡാനിയുടെ ജീവിതം എത്തിനിൽക്കുന്നു. വിമോചനസമരത്തിന് അകമ്പടി സേവിച്ച്, സാക്‌സോഫോൺ വായിക്കാൻ പോകുന്ന ഫ്രെഡ്‌ഡിയും (സിദ്ധിക്ക്) ഡാനിയും വളരെ വൈകിയാണ് വീട്ടിൽ തിരിച്ചെത്തുന്നത്. തന്റെ ഭാര്യയും കുഞ്ഞും തന്നെ വിട്ടുപോയെന്ന് അവിടെനിന്നും ലഭിക്കുന്ന കുറിപ്പിൽ നിന്ന് അയാൾക്ക് മനസ്സിലാകുന്നു. വിമോചനസമരവും ഡാനിയ്‌ക്ക് നൽകുന്നത് ഉറ്റവരുടെ വേർപാട് മാത്രമായിരുന്നു. അത് ചരിത്രത്തിന് നൽകിയത് ഉൺമകളുടെ നഷ്‌ടം മാത്രമായിരുന്നല്ലോ. ഇ.എം.എസിന്റെ അന്ത്യവും വാജ്‌പേയിയുടെ സ്ഥാനാരോഹണവും സംഭവിക്കുന്ന ദിനത്തിൽ ഡാനി ‘രോഗബാധിത’നായി നഴ്‌സിംഗ് ഹോമിലേക്ക് മാറ്റപ്പെടുന്നു. അവിടെവച്ച് പരിചയപ്പെടുന്ന വൃദ്ധയായ മറ്റൊരു രോഗിയുമായി ഗാഢമായ സുഹൃദ്‌ബന്ധത്തിലാകുന്നു.
ബിജു കെ. പുഴ.കോമില്‍ എഴുതിയ കുറിപ്പില്‍ നിന്ന്