Hiroshima Mon Amour

ഹിരോഷിമ മോണ്‍ അമോർ

ഫ്രാന്‍സ്/ഫ്രഞ്ച്/1959/ബ്ലാക് & വൈറ്റ്/90 മിനിറ്റ്

സംവിധാനം: അലന്‍ റെനെ

ചിത്രകലയിലും സിനിമയിലും സാഹിത്യത്തിലും ആഴത്തിൽ പരിവര്‍ത്തനങ്ങൾ സൃഷ്ടിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ സഹയാത്രികനാണ് റെനെ. 1955ല്‍ നാസി കോണ്‍സന്‍ട്രേഷൻ ക്യാമ്പുകളിലെ ഭീകരതയെക്കുറിച്ചുള്ള നൈറ്റ് ആന്റ് ഫോഗ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. കഹേദു സിനിമാ ഗ്രൂപ്പിലെ ലെഫ്റ്റ് ബാങ്ക് വിഭാഗത്തിലെ പ്രതിഭാശാലിയായ സംവിധായകനാണ് അലന്‍ റെനെ. സിനിമയെ ആക്ടിവിസത്തോളം സാമൂഹ്യപക്ഷത്ത് നിര്‍ത്തിയ ചലച്ചിത്രകാരന്‍.

അലന്‍ റെനെയുടെ ആദ്യ ഫീച്ചര്‍ സിനിമയാണ് ഹിരോഷിമ മോണ്‍ അമോര്‍. വ്യക്തികള്‍ക്കിടയിലെ വൈകാരിക അന്തസംഘര്‍ഷങ്ങളാണ് ചിത്രം. യുദ്ധവിരുദ്ധ സിനിമയിൽ അഭിനയിക്കാനായി ഹിരോഷിമയിലെത്തുന്ന ഫ്രഞ്ചുകാരിയായ നടി അവിടുത്തെ ആര്‍ക്കിടെക്റ്റുമായി പ്രണയത്തിലാകുന്നു. പരസ്പരം നശിപ്പിക്കാൻ ശ്രമിച്ച രണ്ട് രാജ്യങ്ങളുടെ, രണ്ട് സാമ്രാജ്യത്ത താല്പര്യങ്ങളുടെ പ്രതിനിധികളാണവർ. വെറും രണ്ടു ദിവസങ്ങളാണ് സിനിമയുടെ കാലം. ശില്‍പിയുമായുള്ള പ്രണയം അവളെ പഴയൊരു നഷ്ടപ്രണയത്തിന്റെ ഓര്‍മ്മയിലേയ്ക്ക് നയിക്കുന്നു. മുന്‍പ് അവളുടെ കാമുകനായിരുന്ന ജര്‍മന്‍ സൈനികൻ ഫ്രഞ്ചുകാരാൽ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്  മാനസികാരോഗ്യകേന്ദ്രത്തിൽ ദിനങ്ങൾ തള്ളി നീക്കേണ്ടി വന്നിട്ടുണ്ട് അവള്‍ക്ക്. യുദ്ധത്തിന്റെ നിഴലില്‍ പ്രണയത്തിന്റെ പാരമ്യത്തിൽ ഹോട്ടല്‍ മുറിയിൽ അവർ ഒന്നു ചേരുകയാണ്. മറ്റൊന്നും ചെയ്യാനില്ലാത്തവിധം തീവ്രമായിരുന്നു ജീവിതത്തിന്റെ അനിശ്ചിതത്വം. അവർ അവര്‍ക്കുമാത്രം ആശ്രയമാകുന്ന പ്രണയത്തിൽ, ഇണചേരലിൽ യുദ്ധമോ സമാധാനമോ ഇല്ലാതാകുന്ന വൈകാരിക മുഹൂര്‍ത്തത്തിലൂടെ കടന്നുപോകുന്നു. രതിയുടെ പാരമ്യത്തിലാണ് ഹിരോഷിമയിൽ ബോംബ് വീഴുന്നത്. ജനതയുടെ ജീവിതം എത്രമാത്രം സന്ദിഗ്ധമായ രതിയാണെന്ന് ചിത്രം പറയുന്നു. ഇരകളായിത്തീരുന്ന മനുഷ്യരുടെ അവസ്ഥയെക്കുറിച്ചാണ് റെനെ ആകുലപ്പെടുന്നത്.

യുദ്ധത്തിന്റെ ഭീകരതയും പ്രണയകാമനകളുമാണ് ഈ ചിത്രത്തിൽ നിറഞ്ഞിരിക്കുന്നത്. ഹിരോഷിമയിലെ അണുബോംബ് സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളും പ്രണയ രംഗങ്ങളും ഇടകലര്‍ത്തിയുള്ള റെനെയുടെ ചിത്രീകരണം നടുക്കം ഉളവാക്കുന്നതാണ്. ദേശവും, ദേശീയതയുടെയും വംശീയതയുടെയും പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളും വ്യക്തികളെ ഏതെല്ലാംവിധത്തിൽ നിര്‍മ്മിക്കുന്നു എന്നും എങ്ങനെയെല്ലാം മാറ്റിത്തീര്‍ക്കുന്നുവെന്നും ഒരേപോലെ പറയുന്നതാണ് ഈ ചിത്രം. ഈ ചിത്രം എക്കാലത്തെയും മികച്ച രാഷ്ട്രീയ ചിത്രങ്ങളിൽ ഒന്നായാണ് പരിഗണിയ്ക്കുന്നത്.

മലയാളം ഉപശീർഷകം തയ്യാറാക്കിയത്: കെ. രാമചന്ദ്രൻ, ഓപ്പൺ ഫ്രെയിം പയ്യന്നൂര്‍


2 Comments
 1. ANILKUMAR V K

  October 25, 2020 at 10:31 pm

  How more poetic a film can be.

  Reply
 2. P C MOHANAN

  October 26, 2020 at 12:12 am

  1976 മുതല്‍ കണ്ണൂരും തിരുവനന്തപുരത്തും വച്ച് ഫിലിം സൊസൈറ്റി ബ്രോഷറുകളിലും ഫിലിം ഫെസ്റ്റിവല്‍ ഷെഡ്യൂളുകളിലും ഒരുപാട് തവണ കേട്ടതാണീ സിനിമാനാമം. പക്ഷെ, ഇന്നേ കാണാന്‍ കഴിഞ്ഞുള്ളൂ.ഹിരോഷിമയില്‍ അമേരിക്ക നടത്തിയ ആണവാക്രമണത്തിന്‍റെ പശ്ചാത്തലത്തിലൊരു യുദ്ധവിരുദ്ധചിത്രം എന്ന് കരുതി. അങ്ങനെയാണ് കേട്ടതും.

  പക്ഷെ,കണ്ടപ്പോള്‍ ഒരു നിരര്‍ത്ഥക ചിത്രം എന്നുതോന്നി. പരസ്പരബന്ധമില്ലാത്ത സംഭാഷണശകലങ്ങളും വിരസമായ പ്രതിപാടനരീതിയുമൊക്കെ വല്ലാതെ ബോറടിപ്പിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പ്രയോക്താവായി അലന്‍ റെനെ കണക്കാക്കപ്പെടുന്നുണ്ട്. ഇത്ര ബോറാണോ ഫ്രഞ്ച് നവസിനിമ? കഷ്ടമായി!

  Reply

Write a Reply or Comment

Your email address will not be published. Required fields are marked *