FFSI KERALAM
കെ ജി ജോർജ്ജ് ചലച്ചിത്രമേള
നാലാം ദിവസം
ഇന്നത്തെ സിനിമ (സപ്തം. 19 ഞായർ)
ഇരകൾ (1985)
കേരളത്തിലെ ഒരു ക്രിസ്ത്യാനി കുടുംബത്തിന്റെ പരിസരത്തിലാണ് മൂന്നു തലമുറയുടെ കഥ പറയുന്ന ഇരകള്‍ ചിത്രീകരിച്ചത്. സമാന്തരമായ മൂന്ന് സഞ്ചാരപഥങ്ങളാണ് കഥയുടെ ആഖ്യാനത്തിലുള്ളത്. പ്രായാധിക്യവും രോഗവുമായി മല്ലിട്ട് അവശതയില്‍ കിടക്കുന്ന വല്യപ്പച്ചന്‍ പാപ്പിയുടെ ഉറക്കെയുള്ള ആത്മഗതങ്ങളും കഥയിലെ നായകനായ ബേബിച്ചനോട് പറയുന്ന ജീവിതകഥകളും ഉപയോഗിച്ച് കുടുംബത്തിന്റെ ഭൂതകാലം ആഖ്യാനത്തില്‍ കൊണ്ടുവരുന്നു. ഭാഷയിലൂന്നിയുള്ള ശ്രവ്യഘടകങ്ങളെ അതിസൂക്ഷ്മമായി സിനിമയെന്ന ദൃശ്യകലയുടെ അര്‍ത്ഥനിര്‍മ്മിതിയില്‍ പ്രയോജനപ്പെടുത്താന്‍ കെ. ജി. ജോര്‍ജിന് കഴിയുന്നു. അച്ചാമ്മ പ്രാര്‍ത്ഥിക്കുന്ന ദൃശ്യത്തിനും മാത്തുക്കുട്ടി ഒറ്റയ്ക്കിരുന്ന് രാത്രിഭക്ഷണം കഴിക്കുന്ന ദൃശ്യത്തിനും പശ്ചാത്തലമായി പാപ്പിയുടെ ഉറക്കെയുള്ള ഓര്‍മ്മകളുടെ ശബ്ദം നിര്‍മ്മിക്കുന്ന ദൃശ്യശ്രവ്യസാധ്യതകളാണ് ജോര്‍ജ് പരീക്ഷിക്കുന്നത്. കഷ്ടപ്പാടിന്റെയും ദൈവാനുഗ്രഹത്തിന്റെയും ഭൂതകാലം വെളിപ്പെടുന്നത് പാപ്പിയുടെ ആത്മഗതത്തിലൂടെയാണ്. മകന്‍ മാത്തുക്കുട്ടിയുടെ ജീവിതം പാപ്പിയുടെ ഉറക്കെയുള്ള ഓര്‍മ്മകളിലും ക്യാമറയ്ക്ക് മുന്നില്‍ വര്‍ത്തമാനകാലത്തിലും ആഖ്യാനം ചെയ്യുന്നുണ്ട്. അയാള്‍ മൃഗങ്ങളെയെല്ലാം കൊന്ന് കാട് വെട്ടിത്തെളിച്ച് തോട്ടങ്ങള്‍ വികസിപ്പിച്ചു. വെടിവെച്ചും വെട്ടിപ്പിടിച്ചും വെട്ടിത്തെളിച്ചും തൊഴിലാളികളെ പിഴിഞ്ഞും സ്വത്തുണ്ടാക്കുന്നതാണ് അയാളുടെ രീതി. ജനാധിപത്യഭരണകാലത്ത് തിരുവനന്തപുരത്ത് വലിയ പിടിപാടാണ് മാത്തുക്കുട്ടിക്ക്. പാര്‍ട്ടിനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൊടുത്തും സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും കാര്യം നേടുന്നു. മൂത്തമകന്‍ കോശി തോക്ക് ഉപയോഗിക്കുന്നത് മനുഷ്യരെ പേടിപ്പിക്കാനും കൊല്ലാനുമാണ്. ഇളയ മകന്‍ ബേബിയുടെ ഏകാന്തതയുടെയും വിരക്തിയുടെയും കഥയാണ് മൂന്നാമത്തെ സഞ്ചാരപഥം. നായകനായ ബേബിയുടെ മാനസിക ബാഹ്യപ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മദൃശ്യങ്ങളാണ് ഇരകളിലെ ഓരോ ഫ്രെയിമിലുമുള്ളത്. ബേബിക്ക് ആരോടും ഒന്നിനോടും സ്‌നേഹമോ ഉത്തരവാദിത്തമോ ഇല്ല; ‘ചതിക്കപ്പെടുകയാണ്, എല്ലാവരോടും പ്രതികാരം ചെയ്യണം’എന്ന തോന്നല്‍ മാത്രം. ഇരകളിലെ കഥയുടെ ചുരുളുകളഴിയുമ്പാള്‍ ബേബിയോട് പ്രേക്ഷകര്‍ക്ക് വെറുപ്പോ ഭയമോ ദേഷ്യമോ ഉണ്ടാകുന്നില്ല; അപ്പനായ മാത്തുക്കുട്ടിയാണ് വില്ലന്‍. കുടുംബ വ്യവസ്ഥയില്‍ മാത്തുക്കുട്ടിയുടെ സ്വേച്ഛാധിപത്യപരമായ പ്രവൃത്തികളും തീരുമാനങ്ങളുമാണ് ദുരന്തമുണ്ടാക്കുന്നത്. ഒരു കുടുംബത്തില്‍ സംഭവിക്കാവുന്ന ഏറ്റവും ഭീതിജനകമായ അവസ്ഥ കാണിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം.
ക്രാഫ്റ്റില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന സംവിധായകന്‍ എന്ന നിലയില്‍ കെ.ജി. ജോര്‍ജ് കുടുംബത്തിനുള്ളില്‍ നടക്കുന്ന / നടക്കാനിടയുള്ള സൈക്കോ പ്രശ്‌നങ്ങളും ക്രൈമും എങ്ങനെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയെ സംബന്ധിച്ചിടത്തോളം കൂടുതൽ ശ്രദ്ധേയം..
(ഡോ. ഷീബ എം. കുര്യന്‍ ദൃശ്യതാളം കെ ജി ജോർജ്ജ് പതിപ്പിൽ ‘ഇരകളെ’ക്കുറിച്ച് എഴുതിയ ലേഖനത്തിൽ നിന്നും..)