ജുക്തി തക്കൊ ആർ ഗപ്പോ /1974/120മിനുട്ട്/ബംഗാളി
ഋത്വിക് ഘട്ടക്കിന് മികച്ച കഥക്കുള്ള ദേശീയപുരസ്‌കാരമായ രജതകമലം ലഭിച്ച ചിത്രമാണ് ജുക്തി തക്കൊ ആർ ഗപ്പോ. മുന്‍സിനിമകളില്‍ നിന്ന് ഭിന്നമായി, നിര്‍മ്മാണം കഥ, തിരക്കഥ, കൂടാതെ സംഗീതവും ഘട്ടക് തന്നെയാണ് നിര്‍വ്വഹിച്ചത്. ഘട്ടക്കിന്റെ എട്ടുചിത്രങ്ങളില്‍ ഒടുവിലത്തേതായ ഈ ചിത്രത്തിലെ നായകനായ നീല്‍കാന്ത് ബാഗ്ചി ഘട്ടക്കിന്റെ അപരസ്വത്വമാണ്. ഇടതുപക്ഷ രാഷ്ട്രീയബോധ്യവും നാടകചലച്ചിത്ര കലയുടെ പ്രതിനിധാനശേഷിയെക്കുറിച്ച് രാഷ്ട്രീയമായ നിലപാടുകളും എക്കാലവും പുലര്‍ത്തിയിരുന്ന, വിഭജനത്തിന്റെ മുറിവുകളെ തന്റെ കര്‍തൃത്വത്തില്‍ കെടാതെ സൂക്ഷിച്ചിരുന്ന കലാപകാരിയായ കലാകാരനാണ് ഈ ചിത്രത്തിലെ നായകന്‍. വ്യത്യസ്തകാലഘട്ടങ്ങളും മിത്തുകളും വൈരൂദ്ധ്യാത്മകമായി ദൃശ്യങ്ങളില്‍ കലരുകയും ഒപ്പം ഘട്ടക്കിന്റെ സിനിമാസങ്കല്പങ്ങളുടെ മുഴുവന്‍ പുനര്‍വായനയായി ചിത്രം പരിണമിക്കുകയും ചെയ്യുന്നു. മദ്യപാനിയും ബുദ്ധിജീവിയുമായ നീല്‍കാന്ത്, ജീവിതയാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍, സാഹചര്യങ്ങള്‍, ഒക്കെയും അന്യാപദേശരൂപത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. തന്റെ സിനിമാകാലത്തെക്കുറിച്ചും സിനിമാസങ്കല്പങ്ങളെക്കുറിച്ചുമുള്ള ആത്മവിമര്‍ശനമായിരുന്നു ജുക്തി തക്കൊ ആർ ഗപ്പോ. ഋത്വിക് ഘട്ടക് എന്ന കലാകാരന്‍ നില്‍കാന്ത് ബാഗ്ചി എന്ന അപരകര്‍തൃത്വത്തിലൂടെ ആത്മത്തിലേക്കും പരത്തിലേക്കും നടത്തുന്ന ദ്വിമാനയാത്രയാണ് ഈ ചിത്രം. ഘട്ടക്കിന്റെ ഏറ്റവും വലിയ പരീക്ഷണചിത്രമായിരുന്നു ഇത്. ഇവിടെനിന്നാണ് കമലേശ്വര്‍ മുഖര്‍ജിയുടെ മേഘേ ധാക്ക താര (2013) ആരംഭിക്കുന്നത്.
അഭിനേതാക്കള്‍ : ഋത്വിക് ഘട്ക്, തൃപ്തി മിത്ര, ഋതബന്‍ ഘട്ടക്, ഉത്പല്‍ ദത്ത്.
സംഗാതം : ഉസ്താദ് ബഹദൂര്‍ ഖാന്‍, ഋത്വിക് ഘട്ടക്
ക്യാമറ : ബേബി ഇസ്ലം
എഡിറ്റിംഗ് : അമലേഷ് സിക്ദര്‍
P C MOHANAN
November 11, 2020 at 10:10 pmഒരു കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങളെ തിരികെക്കൊണ്ടുവന്ന ചിത്രം. എന്‍റെ ജനകീയ സാംസ്കാരിക വേദി ദിനങ്ങള്‍ ഓര്‍ത്തുപോകുന്നു. മനസ്സിനെ വല്ലാതെ ഉലച്ച ചിത്രം. ജോണ്‍ അബ്രഹാമിനെയും ഓര്‍മ്മ വരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങളും കാണാന്‍ തോന്നുന്നു.
Ashraf
September 15, 2021 at 5:46 pmഋഷിദായുടെ പ്രതിഭ വ്യക്തമാക്കിതരുന്ന ചിത്രം