K G George Film Festival Promo

പ്രിയപ്പെട്ടവരേ, 
മലയാളത്തിലെ മാസ്റ്റർ ഫിലിം മേക്കർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ ജി ജോർജ്ജിന് ആദരം അർപ്പിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം സംഘടിപ്പിക്കുന്ന കെ ജി ജോർജ് ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ ഇന്നുമുതൽ ആറു ദിവസങ്ങളിലായി നടക്കുകയാണ്. ഇന്ന് വൈകുന്നേരം ആറ് മുപ്പതിന് മലയാളത്തിൻറെ അഭിമാനമായ ചലച്ചിത്ര സംവിധായകൻ ടി വി ചന്ദ്രൻ കെ ജി ജോർജ് ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ലിജിൻ ജോസ് ആമുഖഭാഷണം നിർവഹിക്കും.

ഇന്ന് പ്രദർശിപ്പിക്കുന്ന പഞ്ചവടിപ്പാലം എന്ന സിനിമയുടെ പ്രധാന്യത്തെ സംബന്ധിച്ച് നടനും ചലച്ചിത്ര സംവിധായകനുമായ മധുപാൽ ആമുഖഭാഷണം നിർവഹിക്കും. ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ നാളെ കെ ജി ജോർജിൻറെ പ്രശസ്ത ചിത്രമായ മറ്റൊരാൾ പ്രദർശിപ്പിക്കും. പരിസ്ഥിതി പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ കുസുമം ജോസഫ് മറ്റൊരാൾ അവതരിപ്പിക്കും. മേളയുടെ മൂന്നാം ദിവസം പ്രദർശിപ്പിക്കുന്നത് കെ ജി ജോർജിൻറെ പ്രസിദ്ധമായ ആദാമിൻറെ വാരിയെല്ല് എന്ന സിനിമയാണ്. ചലച്ചിത്ര നിരൂപകയായ അഖില എം എസ് സിനിമ അവതരിപ്പിച്ച് സംസാരിക്കും. മേളയുടെ നാലാം ദിവസം ഇരകൾ എന്ന ചിത്രം എം ജെ രാധാകൃഷ്ണൻ അവതരിപ്പിക്കും. മേളയുടെ അഞ്ചാം ദിവസം കെ ജി ജോർജ്ജ് സിനിമകളെയും അദ്ദേഹത്തിൻ്റെ ജീവിത വഴികളെയും അധികരിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത 81/2 ഇൻറർകട്ട്സ് എന്ന ഡോക്യുമെൻററി സിനിമ പ്രദർശിപ്പിക്കും. പി പ്രേമചന്ദ്രൻ ചിത്രത്തിന് ആമുഖഭാഷണം നിർവഹിക്കും. മേളയുടെ ആറാം ദിവസം കെ ജി ജോർജ് സിനിമകളുടെ സവിശേഷതകൾ മുൻനിർത്തിയുള്ള ഓപ്പൺ ഫോറം നടക്കും. ചലച്ചിത്ര സംവിധായകനും നടനുമായ കെ ബി വേണു ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. കെ ജി ജോർജിൻറെ സിനിമകളെ സംബന്ധിച്ച് സമഗ്രമായ പഠനം ഉൾപ്പെടുന്ന എഫ് എഫ് എസ് ഐ മുഖമാസികയായ ദൃശ്യതാളത്തിൻ്റെ കെ ജി ജോർജ് പതിപ്പ് സംവിധായകൻ കെ പി കുമാരൻ പ്രകാശനം ചെയ്യും. കെ ജി ജോർജിൻറെ സിനിമകളെക്കുറിച്ച് പഠിച്ചിട്ടുള്ള പുതിയ കാലത്തെയും പഴയ കാലത്തെയും ചലച്ചിത്രാസ്വാദനകർ സിനിമാനുഭവങ്ങൾ പങ്കുവയ്ക്കും.

ആറു ദിവസം നീണ്ടു നിൽക്കുന്ന കെ ജി ജോർജ് ചലച്ചിത്ര മേള നടക്കുന്നത് ffsikeralam.online എന്ന എഫ് എഫ് എസ് ഐ കേരളത്തിൻ്റെ സ്ട്രീമിങ്  പ്ലാറ്റ്ഫോമിലാണ്.  എല്ലാ ദിവസവും വൈകുന്നേരം 6 30 ഓടുകൂടി ആമുഖ അവതരണങ്ങളും തുടർന്ന് സിനിമയും ഈ സൈറ്റിൽ ലഭ്യമാകും. 

മുഴുവൻ സുഹൃത്തുക്കളും ആറു ദിവസവും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളത്തിൻ്റെ കൂടെ മലയാളത്തിൻ്റെ പ്രതിഭാശാലിയായ ഈ ചലച്ചിത്ര സംവിധായകനെ ആദരിക്കുന്ന ഈ മേളയിൽ  ഉണ്ടാകണം എന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

എഫ് എഫ് എസ് ഐ കേരളം


1 Comment
  1. MURALEEDHARAN PV

    September 16, 2021 at 6:25 pm

    how to access and join the programme

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *