KOMAL GANDHAR

കോമള്‍ ഗാന്ധാര്‍/ 1961/134 മിനുട്ട്

വിഭജനത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് കോമള്‍ ഗാന്ധാര്‍. ഇപ്റ്റയുടെ സഹചാരിയായിരുന്ന കാലത്തു ഘട്ടക് രബീന്ദ്രനാഥടാഗോറിന്റെ നാടകങ്ങള്‍ രംഗത്തവതരിപ്പിച്ചിരുന്നു. പിന്നീട് ചലച്ചിത്രകാരനായപ്പോഴും ടാഗോറിന്റെ കവിതയും സംഗീതവുമൊക്കെ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനുള്ളില്‍നിന്നുകൊണ്ട് ഉപയോഗിച്ചു ഘട്ടക്. ടാഗോറിന്റെ കോമള്‍ ഗാന്ധാര്‍ എന്ന കവിതയുടെ പേര് തന്റെ ചിത്രത്തിന്റെ ശീര്‍ഷകമാക്കിയ ഘട്ടക്, 1950കളിലെ ബംഗാള്‍ നവോത്ഥാന ആധുനികതയെ വിശകലനം ചെയ്യുന്നതിനുള്ള മാദ്ധ്യമമായാണ് ടാഗോറിനെ ഉപയോഗിച്ചത്. ദേശീയതയുടേയും ആധുനികതയുടേയും പശ്ചാത്തലത്തില്‍ ടാഗോറിനെ ചരിത്രസ്ഥാനത്തുനിര്‍ത്തി ഇപ്റ്റയുമായുള്ള നാടകകാലത്തെ വീണ്ടെടുക്കുന്നു സിനിമ. പരസ്പരബന്ധിതമായ മൂന്ന് ഇതിവൃത്തങ്ങളിലൂടെ കല,ജീവിതം,ആദര്‍ശാത്മകത,വര്‍ഗസമരം, അഴിമതി, വിഭജനം തുടങ്ങിയ പ്രമേയങ്ങളുടെ സംവാദസ്ഥലമാകുന്നത് സിനിമ മാത്രമല്ല, സിനിമയ്ക്കുള്ളിലെ നാടകവുമാണ്.
1950 കളിലെ രാഷ്ട്രീയ ചരിത്രം ഈ സിനിമയുടെ അന്തര്‍ധാരയാണ്. രണ്ടു നാടക ഗ്രൂപ്പുകളുടെ രാഷ്ട്രീയഭിന്നതകള്‍, അതു നാടകാവതരണത്തിലുണ്ടാക്കുന്ന പ്രതിബന്ധങ്ങള്‍ വിഭജനത്തിന്റെ അസ്വസ്ഥതകളെ നാടകമെന്ന മാദ്ധ്യമത്തിന്റെ പുരോഗമനാശയങ്ങളിലൂടെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ ഇതൊക്കെയും കോമള്‍ഗാന്ധാര്‍ എന്ന സിനിമയുടെ കലയും രാഷ്ട്രീയവും വ്യക്തമാക്കുന്നു. ബംഗാള്‍വിഭജനവും ഇപ്റ്റയുമായുള്ള തന്റെ പ്രവര്‍ത്തനകാലവും ഭൃഗു എന്ന നാടകപ്രവര്‍ത്തകനിലൂടെ അന്വേഷിക്കുന്നു ഈ ചിത്രം. 1950കളിലെ വിഭജനസംക്രമണകാലത്ത് രണ്ടു തിയറ്റര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ആശയവൈരുദ്ധ്യങ്ങളെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന കോമള്‍ ഗാന്ധാര്‍ ബംഗാളിന്റെ ഗ്രാമസ്ഥലികളിലൂടെയുള്ള ഒരു അഭയാര്‍ത്ഥിയുടെ സഞ്ചാരമാണ്. ഗ്രാമങ്ങളിലൂടെ തന്റെ നാടകസംഘവുമായി സഞ്ചരിച്ച് ഗ്രാമീണര്‍ക്കിടയില്‍ നാടകം പ്രചരിപ്പിക്കുന്നു. ഭൃഗുവിന്റെ അഭയാര്‍ത്ഥിത്വത്തില്‍ നിന്നുള്ള രക്ഷയും ആവിഷ്‌കാരവുമാണ് നാടകം. ടാഗോറിന്റെ ശകുന്തള എന്ന നാടകം രണ്ടുഗ്രൂപ്പുകളും ചേര്‍ന്ന് അവതരിപ്പിക്കാനുളള ശ്രമം ഒടുവില്‍ രണ്ടുദേശങ്ങള്‍ പോലെ പിളര്‍ക്കപ്പെടുന്നു. നാടകസ്ഥലങ്ങള്‍ രാഷ്ട്രീയ ഉപജാപങ്ങളാല്‍ നിശ്ചലവും അശാന്തവുമായി പരിണമിക്കുന്നു. നാടകപ്രവര്‍ത്തകയായ അനസൂയ ടാഗോറിന്റെ നായികയെപ്പോലെ ബംഗാളിന്റെ ഭൂതകാലസംസ്‌കൃതിയുടെ പ്രതീകമാണ്. കിഴക്കന്‍ ബംഗാളിനെക്കുറിച്ചുള്ള ഭൃഗുവിന്റെയും അനസൂയയുടെയും ഓര്‍മ്മയുടെ പുനര്‍പാഠമായി മാറുന്ന സിനിമ നാടകകാലത്തിലേക്കുള്ള, ഭൂതകാലത്തിലേക്കുള്ള മടക്കയാത്രകൂടിയാണ്. തിയേറ്റര്‍, സിനിമയുടെ ദൃശ്യപാഠത്തെ രൂപപ്പെടുത്തുന്ന പ്രധാന കഥാപാത്രമാവുകയും സിനിമ നാടകത്തേയും ഓര്‍മ്മയേയും ദേശത്തേയുംകുറിച്ചുള്ള ഒരു സംവാദസ്ഥലമായിത്തീരുകയും ചെയ്യുന്നു.
അഭിനേതാക്കള്‍ : അബനീഷ് ബാനര്‍ജി, സുപ്രിയ ദേവി, ബിജന്‍ ഭട്ടാചാര്യ
സംഗീതം : ജ്യോതിരിന്ദ്ര മിത്ര, രവീന്ദ്രനാഥ ടാഗോര്‍
ക്യാമറ : ദിലീപ് രഞ്ജന്‍ മുഖോപാദ്ധ്യായ്
എഡിറ്റിംഗ് : രമേഷ് ജോഷി


3 Comments
  1. ANILKUMAR V K

    November 9, 2020 at 11:50 pm

    A lyrical celluloid experience

    Reply
  2. Manod KM

    November 10, 2020 at 12:33 am

    portrayal of pain is indepth

    Reply
  3. P C MOHANAN

    November 10, 2020 at 12:48 am

    ഒരു അഴകൊഴമ്പന്‍ ഇഴച്ചില്‍ പടം. സബ് ടൈറ്റില്‍ പോലും നന്നായില്ല.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *