മതിലുകള്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള സാഹിത്യ സൃഷ്ടിയുടെ സ്വതന്ത്ര സിനിമാവിഷ്‌കാരം. ആത്മകഥാംശമുള്ള ഈ നോവലിന്റെ പശ്ചാത്തലം 1940 കളിലെ സ്വാതന്ത്ര്യ സമരവും ജയിലിലാവുന്ന ബഷീറുമാണ്. ജയിലിലാവുന്ന ബഷീര്‍ ജയിലിലെ മതിലിനു പുറത്ത് നാരായണി എന്നൊരു പെണ്‍കുട്ടിയെ ശബ്ദത്തിലൂടെ പരിചയത്തിലാവുന്നു. നാരായണിയുടെ ശബ്ദം മാത്രമേ നാമും ബഷീറും കേള്‍ക്കുന്നുള്ളു. സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ബഷീറിന്റെ ഹാസ്യാത്മകവും ചിന്തനീയവുമായ ജീവിതാലോചനകളും ചിത്രത്തില്‍ പങ്കുവെക്കപ്പെടുന്നു. നാരായണിയുടെയും ബഷീറിന്റെയും ഒരു മതിലിനിരുപുറമുള്ള കൗതുകകരമായ സംഭാഷണങ്ങളിലൂടെ ചിത്രം മുന്നോട്ടു നീങ്ങുന്നു.