FFSI KERALAM
കെ ജി ജോർജ്ജ് ചലച്ചിത്രോത്സവം
രണ്ടാം ദിവസം ( സപ്തം. 17 വെള്ളി, വൈകു. 6.30)
ഇന്നത്തെ സിനിമ
മറ്റൊരാൾ
ഭദ്രമായ കുടുംബത്തില്‍ അധിഷ്ഠിതമായ മലയാളത്തിലെ മുഖ്യധാരാ സിനിമാ സങ്കല്‍പ്പങ്ങളെ സൂക്ഷ്മമായി പൊളിച്ചടുക്കിയ സിനിമയാണ് 1988 ല്‍ പുറത്തിറങ്ങിയ ‘മറ്റൊരാൾ’. ഭദ്രം എന്ന് വിചാരിക്കപ്പെടുന്ന കുടുംബബന്ധങ്ങള്‍ എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് ഞെട്ടലോടെ പ്രേക്ഷകരെ ഈ സിനിമ ബോധ്യപ്പെടുത്തുന്നു. പരസ്പരം പങ്കുവെക്കാന്‍ പോലും ഒന്നുമില്ലാത്ത, രണ്ടു ലോകങ്ങളില്‍ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍പോലും പൊതു ദൃഷ്ടിയില്‍ മാതൃകാദമ്പതികള്‍ ആകുന്നതിന്റെ പൊള്ളത്തരം ‘മറ്റൊരാള്‍’ വെളിവാക്കുന്നുണ്ട്.
മറ്റൊരാള്‍ എന്നതാണ് സിനിമയുടെ കേന്ദ്രം. ഓരോരാളിലും മറ്റൊരാള്‍ ഉണ്ട്. പരുക്കനായ മനുഷ്യന്റെ ഉള്ളില്‍ സ്നേഹമസൃണമായ ഹൃദയമുള്ള മറ്റൊരാള്‍! കുലീനയായ ഭാര്യയുടെ ഉള്ളില്‍ ഭർത്താവിനപ്പുറം അവർ കൊതിക്കുന്ന പ്രണയവാനും ആധുനികനും ആയ മറ്റൊരാള്‍! മാന്യനായ സുഹൃത്തിന്റെ ഉള്ളില്‍ കാമാസക്തനായ മറ്റൊരാള്‍! സ്നേഹവാനായ കാമുകന്റെ ഉള്ളില്‍ എന്തും പ്രവര്‍ത്തിക്കാന്‍ മടിക്കാത്ത ക്രൂരതയുള്ള മറ്റൊരാള്‍! ഈ ആശയത്തിലാണ് സിനിമ കൂടുതല്‍ പ്രസക്തമാകുന്നത്.
രണ്ടുകാലങ്ങള്‍ തമ്മിലുള്ള, ജീവിതവീക്ഷണങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഈ സിനിമയുടെ അന്തര്‍ധാരയാണ്. ഫ്യൂഡല്‍ മൂല്യബോധങ്ങള്‍ പിന്‍പറ്റുന്ന, മന്ദതാളത്തില്‍ ചലിക്കുന്ന, ശാഠ്യവും ചിട്ടകളും വെച്ചുപുലര്‍ത്തുന്ന ഒരു കാലവും ലിബറലായ മൂല്യബോധങ്ങളും ആധുനിക ജീവിതവീക്ഷണവും വെച്ചുപുലര്‍ത്തുന്ന, ശരീരകാമനകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കുന്ന ഒരു കാലവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് ഈ സിനിമയിലെ കഥാപാത്രങ്ങളെ ദുരന്തത്തിലേക്ക് പതുക്കെ നയിക്കുന്നത്. വീടിനകത്തും പുറത്തും നിരന്തരം ഇരയാക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ചുള്ള ആധി നേരത്തെ പങ്കുവെച്ച ചിത്രം കൂടിയാണ് മറ്റൊരാള്‍. വീടിനകത്ത് തളച്ചിടപ്പെടാതെ തൊഴിലെടുക്കാനും എല്ലാവരോടും തുറന്ന്‍ പെരുമാറാനും കഴിയുന്ന സ്ത്രീപോലും മറ്റൊരര്‍ത്ഥത്തില്‍ സ്വയമറിയാതെ പുതിയകാലത്തിന്റെ ഇരയാവുകയാണ് എന്ന് സിനിമ പറയുന്നുണ്ട്. “എന്തൊക്കെയായാലും ഈ ലോകത്ത് ഓരോ പെണ്ണും ഒരിരയാണ്. വെറും ഒരിര. കീഴടക്കാന്‍, അപമാനിക്കാന്‍, നശിപ്പിക്കാന്‍” എന്ന വേണി എന്ന കഥാപാത്രത്തിന്റെ തിരിച്ചറിവാണ് സിനിമ സ്വയം വിമര്‍ശനമായി മുന്നോട്ടുവെക്കുന്നത്. എലിപ്പത്തായത്തിലെ ഉണ്ണിയുടെ കുറച്ചുകൂടി പുതിയകാലത്തെ ജീവിതപരസരമാണ് കരമന ജനാര്‍ദ്ദനന്‍ നായര്‍ തന്നെ അവതരിപ്പിക്കുന്ന മറ്റൊരാളിലെ കൈമള്‍.
(പി പ്രേമചന്ദ്രൻ എഴുതിയ മറ്റൊരാൾ സിനിമാ കുറിപ്പിൽ നിന്ന്)