Meghe Dhaka Tara 1960

മേഘേ ഢാക്കാ താരാ

ഋത്വിക്ഘട്ടക്കിന്‍റെ വിഭജനത്രയം എന്നു വിശേിപ്പിക്കാവുന്ന ജനുസ്സിലെ ആദ്യചിത്രമാണ് മേഘേ ഢാക്കാ താരാ. ഇന്ത്യാവിഭജനത്തിന്‍റെ അസ്വസ്ഥതകള്‍ ജീവിത്തിലും കലയിലും ആവിഷ്കരിച്ചുകൊണ്ടാണ് 1950കളിലെ ബംഗാളിന്‍റെ സംസ്കാരരാഷ്ട്രീയഘടന രൂപംകൊണ്ടത്. ഘട്ടക്കിന്‍റെ എല്ലാ സിനിമകളുടെയും സൃമിതിമണ്ഡലം ബംഗാള്‍വിഭജനമാണ്. കിഴക്കന്‍ബംഗാളില്‍നിന്ന് കല്‍ക്കത്തയിലേക്കുള്ള കുടിയേറ്റം സമ്മാനിച്ച അഭയാര്‍ത്ഥിത്വം സിനിമകളില്‍ വിഭജനത്തെക്കുറിച്ചുള്ള ഘട്ടക്കിന്‍റെ ദൃഢമായ രാഷ്ട്രീയബോധ്യമായി ഉറപ്പിക്കപ്പെട്ടു. ശക്തിപദരാജഗുരുവിന്‍റെ ഇതേപേരിലുള്ള നോവലായിരുന്നു സിനിമയ്ക്കായാധാരം. അഭയാര്‍ത്ഥിത്വവും ജീവിതക്ലേശങ്ങളും വേട്ടയാടുന്ന മദ്ധ്യവര്‍ഗ ബംഗാളികുടുംബത്തിലെ 6 അംഗങ്ങളിലൂടെ അതിജീവനത്തിന്‍റെ പിടച്ചിലുകളെ ഘട്ടക് അവതരിപ്പിക്കുന്നു. മേഘാവൃതമായ നക്ഷത്രം എന്ന രൂപകം സിനിമയുടെ ആകെയുള്ള ഈണമായിത്തീരുന്നു.

കല്‍ക്കത്തയിലേക്കു കുടിയേറിയ അഭയാര്‍ത്ഥികുടുംബത്തിലെ മൂത്തമകള്‍ നിതയുടെ വ്യക്തി – കുടുംബം – സമൂഹം എന്നീ മൂന്നു തലങ്ങളിലൂടെയുള്ള സങ്കീര്‍ണവും അസമവുമായ ബന്ധവൈചിത്ര്യങ്ങളിലൂടെ തന്‍റെ മാത്രമല്ല,ദേശത്തിന്‍റെയും അനാഥത്വത്തെ പ്രതീകവല്ക്കരിക്കുകയായിരുന്നു ഘട്ടക്. വിഭജനത്താല്‍ മുറിവേറ്റു നിസ്സഹായയായിത്തീരുന്ന നിത ഇന്ത്യന്‍സ്ത്രീഅപരത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ബംഗാളിഭദ്രലോകിന്‍റെ അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ ഇന്ത്യന്‍ കുടുംബഘടനയുടെ ശക്തമായ വിമര്‍ശനമാണ്. വ്യക്തിയുടെ ദുരന്തമല്ല, എല്ലാ മനുഷ്യരും ഇരകളായിത്തീരുന്ന കഠിനകാലത്തിന്‍റെ വിഷാദഗീതമായിത്തീരുന്നു ഈ ചിത്രം.

ഇന്ത്യന്‍ നവസിനിമയിലെ ഒരു ക്ലാസ്സിക്ചിത്രമാണ് മേഘേ ധാക്ക താര. സംഗീതം സിനിമയിലെ മുഖ്യകഥാപാത്രംപോലെ ദൃശ്യങ്ങളോടൊപ്പം സഞ്ചരിക്കുന്നു. കല്‍ക്കട്ടയിലെ സെറ്റില്‍മെന്‍റ് കോളനിയില്‍ എത്തുന്ന അഭയാര്‍ത്ഥി കുടുംബത്തിന്‍റെ അതിജീവനസമരങ്ങള്‍ നിത തുടങ്ങി യാഥാര്‍ഥ്യത്തിന്‍റെ പാരുഷ്യത്തില്‍ നിന്ന് മിത്തിക്കലായ പ്രകൃതിയിലേക്കു മടങ്ങുന്ന ഏകാകിയായ നിതയില്‍ അവസാനിക്കുന്നു..

സാഹിത്യവും കലയും ചേര്‍ന്ന ഭൂതകാലത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട ഒരു മദ്ധ്യവര്‍ഗബംഗാളികുടുംബത്തിന്‍റെ വിദ്യാസമ്പന്നയായ നിതയുടെ സ്ത്രീയവസ്ഥകളെ വൃണിതമായ അനുഭവങ്ങളെ ദേശീയതയുടെ സാമൂഹ്യ-രാഷ്ട്രീയസ്ഥലങ്ങളില്‍ വിശകലനം ചെയ്യുന്നു സംവിധായകന്‍. ഘട്ടക്കിന്‍റെ ഏറ്റവും പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു മേഘേ ഢാക്കാ താരാ.

അഭിനേതാക്കള്‍ : സുപ്രിയ ചൗധരി, അനില്‍ ചാറ്റര്‍ജി, നിരഞ്ജന്‍ റായ്
സംഗീതം : രബീന്ദ്രനാഥ ടാഗോര്‍, ജ്യോതിരിന്ദ്ര മിത്ര
ക്യാമറ : ദിനന്‍ ഗുപ്ത
എഡിറ്റിംഗ് : രമേഷ് ജോഷി


3 Comments
  1. സുരേന്ദ്രൻ.എം.പി

    November 6, 2020 at 9:38 pm

    എത്രയോതവണ കണ്ട സിനിമ. പക്ഷെ കണ്ണ് നിറയാതെ ഇന്നും കാണാനാവുന്നില്ല

    Reply
  2. വിനോദ് കുമാർ പി കെ

    November 6, 2020 at 9:51 pm

    എത്ര തന്നെ മേഘം മറച്ചാലും ഈ താരകം….സിനിമയുള്ളിടത്തോളം…ജ്വലിച്ചു നിൽക്കും
    കുക്കിയെ… മറക്കുക…അസാധ്യം

    Reply
  3. P C MOHANAN

    November 9, 2020 at 12:24 am

    ഇതേ പേരിലുള്ള 2013ലെ സിനിമയാണാദ്യം കണ്ടത്. അത് ഘട്ടക്കിനെക്കുറിച്ചുള്ള സിനിമയായിരുന്നു.സംവിധായകനും വേറെ.അപ്പോള്‍ കരുതി, ഇത് ഘട്ടക്കിന്‍റെ സിനിമയായിരുന്നു എന്നത് തെറ്റിദ്ധാരണയായിരുന്നു എന്ന്. പിന്നീടാണറിഞ്ഞത്, 1960ലാണ് ഘട്ടക് ഈ ചിത്രം എടുത്തതെന്ന്.

    വിചാരിച്ചതിനേക്കാളൊക്കെ ഏറെ നന്നായി ഈ ചിത്രം. അമിത മദ്യപാനിയായ ഒരു സംവിധായകന്‍ എന്നാണു ഘട്ടക്കിനെപ്പറ്റി കേട്ടിട്ടുള്ളത്. അതിനാല്‍ ഒരു ഇഴയടുപ്പമില്ലായ്മ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ഈ ചിത്രം perfect ആയിത്തോന്നി. നായികനടി അസാമാന്യമായ അഭിനയകുശലതയാണ് പ്രകടിപ്പിച്ചത്.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *