SUBARNAREKHA

സുബര്‍ണരേഖ /1962/143മിനുട്ട്

വിഭജനത്രയത്തിലെ മൂന്നാംചിത്രമായ സുബര്‍ണരേഖ 1965ലാണ് പ്രദര്‍ശനത്തിനെത്തിയത്. 1947ലെ ഇന്ത്യാവിഭജനവും അഭയാര്‍ത്ഥിത്വവും തീവ്രതയില്‍ ആവിഷ്‌കരിക്കുന്ന സുബര്‍ണരേഖ നിസ്സഹായവും വ്യഥിതവുമായ ചലച്ചിത്രാനുഭവമാണ്. കിഴക്കന്‍ബംഗാളില്‍നിന്ന് കുടിയിറക്കപ്പെട്ട ഒട്ടേറെമനുഷ്യര്‍ക്കൊപ്പം അഭയാര്‍ത്ഥിക്യാമ്പില്‍ കഴിഞ്ഞിരുന്ന ഈശ്വര്‍ ചക്രവര്‍ത്തിയിലൂടെ വൈയക്തികവും സാമൂഹികവുമായ ദുരന്തങ്ങളെ വളരെ യഥാതഥമായി അവതരിപ്പിക്കുന്നു. കുഞ്ഞുപെങ്ങള്‍ സീതയോടൊപ്പം, താന്‍ ദത്തെടുത്ത അഭിറാമിനേയും കൂട്ടി പുതിയ ജീവിതം കണ്ടെത്തി ഈശ്വര്‍ നടത്തുന്ന പ്രതീക്ഷാനിര്‍ഭരമായ യാത്ര അയാളുടെ വാര്‍ദ്ധക്യത്തില്‍ മറ്റൊരുയാത്രയായി അവസാനമില്ലാതെ തുടരുകയാണ്. മൂന്നുപേരുടേയും ജീവിതയാത്രയിലുണ്ടാകുന്ന ഗതിമാറ്റങ്ങളിലൂടെ ആധുനിക കല്‍ക്കത്തയുടെ ദുരിതം നിറഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളെ സംവിധായകന്‍ അടുത്തുനിന്നുകാണുന്നു. സുബര്‍ണരേഖാനദിയുടെ സമീപത്ത് കുട്ടികളോടൊപ്പം പുതിയ ജീവിതം തുടങ്ങുന്ന ഈശ്വര്‍ ഫാക്ടറിയിലെ ജോലിയിലൂടെ നഷ്ടപ്പെട്ടുപോയ സൗഖ്യങ്ങളെ വീണ്ടെടുക്കുകയാണ്. മൂന്നു അഭയാര്‍ത്ഥികളുടെ ഈശ്വര്‍, സീത,അഭിറാം പരസ്പരാശ്രിതമായ അതിജീവനമാണ് ഇവിടേയും ഇതിവൃത്തം. സീതയും അനാഥനും ദളിതനുമായ അഭിറാമും തമ്മിലുള്ള സ്‌നേഹബന്ധത്തെ അംഗീകരിക്കാന്‍ ഈശ്വറിന്റെ ബ്രാഹ്മണ്യത്തിനാകുന്നില്ല. വിഭജനം അനാഥത്വത്തിലേക്കുള്ള കൂടിയിറക്കലാണെന്നു തിരിച്ചറിയുമ്പോഴേക്കും ഈശ്വറിന് സീത നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാല്‍ കാലഗതിയില്‍ സീതയേയും അഭിറാമിനേയും നഷ്ടപ്പെട്ട് സീതയുടെ കുട്ടിയോടൊപ്പം ഈശ്വര്‍ വീണ്ടുമൊരു ജീവിത യാത്ര ആരംഭിക്കുന്നു.വീടും ആശ്രയവും നഷ്ടപ്പെട്ട മൂന്നു മനുഷ്യരുടെ ദുരന്തം പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. നിര്‍മ്മിക്കുകയും തകരുകയും ചെയ്യുന്ന കുടുംബഘടന ഘട്ടക്കിന്റെ സിനിമകളിലെ പ്രധാനരൂപകമാണ്. ചരിത്രം ഓര്‍മ്മകളും അനുഭവങ്ങളുമായി ദൃശ്യപാഠത്തിന് ആഖ്യാനസ്വഭാവം നല്‍കുന്നു. ജീവിതത്തോട് ഋത്വിക് ഘട്ടക് എഴുതിച്ചേര്‍ത്ത ഒരു വിഷാദഗീതമാണ് സുബര്‍ണരേഖ. ഇന്ത്യന്‍നവതരംഗസിനിമയിലെ ഉദാത്തസൃഷ്ടിയായ സുബര്‍ണരേഖ പില്‍ക്കാല സംവിധായകരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
അഭിനേതാക്കള്‍ : അഭി ഭട്ടാചാര്യ, മാധവിമുഖര്‍ജി
സംഗീതം: ഉസ്താദ് ബഹദൂര്‍ഖാന്‍
ക്യാമറ : ദിലീപ്രാജന്‍ മുഖര്‍ജി
എഡിറ്റിംഗ് : രമേഷ് ജോഷി

മലയാളം സബ്ടൈറ്റില്‍ എം പി സുരേന്ദ്രന്‍


3 Comments
  1. P C MOHANAN

    November 10, 2020 at 10:04 pm

    നന്നായിട്ടുണ്ട്.

    Reply
  2. Manod KM

    November 11, 2020 at 7:29 am

    Such a soul ful tribute to pain and freedom

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *