എന്തുകൊണ്ട് ക്ലാസ്സിക്കുകള്‍ വീണ്ടും കാണണം?

കെ രാമചന്ദ്രൻ

കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച ഒരു കൃതിയെ ആണ് നാം ‘ക്ലാസ്സിക്’ എന്ന് വിശേഷിപ്പിക്കുന്നത്; സാഹിത്യത്തിലായാലും, സിനിമയിലായാലും. ശാശ്വതവും സാര്‍വ്വത്രികവുമായി ജനമനസ്സുകളെ സ്വാധീനിക്കാനും, നവംനവങ്ങളായ വ്യാഖ്യാനങ്ങള്‍ക്ക് കളമൊരുക്കാനും ഇത്തരം സൃഷ്ടികള്‍ക്ക് കഴിയും. ഒരു കൃതി ജനിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ആ സാഹചര്യം മാറിയാലും, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനും പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കാനും, ജനങ്ങളുടെ അഭിരുചികളെ രൂപപ്പെടുത്താനും, സ്വാധീനിക്കുവാനുമെല്ലാം ശേഷിയുള്ള രചനകളായിരിക്കും ക്ലാസ്സിക്കുകൾ. ചലച്ചിത്രം എന്ന കലാരൂപത്തിന്  പ്രായമേറെ ആയില്ലെങ്കില്‍പോലും അതിന്റെ ആദ്യകാലത്ത് തന്നെ കരുത്തുറ്റ, അനന്യമായ ഒട്ടേറെ രചനകള്‍ പ്രതിഭാശാലികൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അവയെല്ലാം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ, സങ്കീര്‍ണവും കാലാതിവര്‍ത്തിയുമായ മൂല്യങ്ങൾ ഉള്‍ക്കൊള്ളുന്നതുമായ ഇത്തരം രചനകൾ വീണ്ടും വീണ്ടും കാണുക എന്നത് അത്യാവശ്യമാണ്. ഒറ്റ കാഴ്ചയില്‍ തന്നെ ഒരു ചലച്ചിത്രകൃതിയുടെ ആഴവും പരപ്പും, വൈവിധ്യമാര്‍ന്ന സര്‍ഗാത്മക-സാങ്കേതിക ഘടകങ്ങളുടെ സങ്കലനത്തിലൂടെ ഉളവാകുന്ന സൗന്ദര്യവും പൂര്‍ണമായും ഉള്‍ക്കൊള്ളാൻ കഴിയണമെന്നില്ല. വിശ്വവിഖ്യാതരായ ചലച്ചിത്രകാരന്മാരുള്‍പ്പെടെയുള്ള ധിഷണാശാലികൾ പലരും,  ക്ലാസ്സിക് ചിത്രങ്ങൾ അവർ പലതവണ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരേ കൃതി പലവട്ടം കാണുമ്പോള്‍ നേരത്തെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോയിരിക്കാവുന്ന പലതും ശ്രദ്ധ നേടുന്നതായും പ്രാമുഖ്യം കൈവരിക്കുന്നതായും അനുഭവമുണ്ട്. നമ്മുടെ ചലച്ചിത്രാവബോധത്തെ സമ്പന്നമാക്കാനും ആ കലയുടെ സൗന്ദര്യാത്മകതയും ദാര്‍ശനികതയും ഉള്‍ക്കൊള്ളുവാനും വീണ്ടുംവീണ്ടുമുള്ള  കാഴ്ചകൾ നമ്മെ പ്രാപ്തരാക്കും. ക്ലാസ്സിക്കുകൾ പ്രദര്‍ശിപ്പിക്കുന്നതിന്റെ ന്യായീകരണം ഇതാണ്.

പുതുതായി ചലച്ചിത്രമെന്ന കലയുമായി സംവദിക്കാനെത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്, അരനൂറ്റാണ്ട് മുമ്പ് രചിക്കപ്പെട്ട കൃതികൾ പലതും നേരിട്ട് കണ്ട് ആസ്വദിക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവില്ല. അത്തരം സിനിമകൾ കാണാനുള്ള സാധ്യകൾ പലതും പുതിയ ഇലക്‌ട്രോണിക് സാങ്കേതിക വിദ്യകളുടെ യുഗത്തിൽ ഉപയോഗപ്പെടുത്താനാവുമെങ്കിലും ചലച്ചിത്രകുതുകികളിൽ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത് എല്ലായ്‌പോഴും ഒരു വരേണ്യ ന്യൂനപക്ഷമായിരിക്കും. മറ്റുള്ള ആസ്വാദകര്‍ക്ക് ഇത്തരം അവസരങ്ങൾ ഉണ്ടാക്കണമെന്ന് എഫ്.എഫ്.എസ്.ഐ. കരുതുന്നു എന്നതുകൊണ്ടാണ് ആദ്യഘട്ടം എന്ന നിലയിൽ ലോകസിനിമയിലെ ക്ലാസിക്കുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏഴ് സിനിമകൾ ഈ മേളയിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.

മലയാളം സബ്‌ടൈറ്റിലുകളോടെയാണ് ഈ ക്ലാസ്സിക്കുകളൊക്കെയും പ്രദര്‍ശിപ്പിക്കുന്നത് എന്നത് അഭൂതപൂര്‍വ്വമായ മറ്റൊരു സവിശേഷതയാണ്. ഏറെ ശ്രമകരമായ ഈ യത്നത്തിൽ ഒട്ടേറെ സുഹൃത്തുക്കൾ ആത്മാര്‍ത്ഥമായി സഹകരിച്ചതുകൊണ്ടാണ് ഈ ശ്രമം സഫലമാവുന്നത്. സബ്‌ടൈറ്റിലുകൾ സ്വന്തം ഭാഷയിലാവുമ്പോൾ വായിക്കാൻ ഏറെ സമയം പാഴാക്കാതെയും, ദൃശ്യങ്ങൾ വിട്ടുപോവാതെയും, അനായാസമായും ചിത്രം കണ്ടാസ്വദിക്കാമെന്നത് ഒരു നിസ്സാര കാര്യമല്ല. ക്ലാസ്സിക്കുകളുടെ ആസ്വാദനത്തില്‍, ഈ ശ്രമം എന്തുകൊണ്ടും ഒരു പുതിയ അനുഭവം സൃഷ്ടിക്കും. ഈ നല്ല കാഴ്ചയുടെ അനുഭവത്തിലേക്ക് എല്ലാവർക്കും സ്വാഗതം.


Write a Reply or Comment

Your email address will not be published. Required fields are marked *