ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യാ കേരളം നടത്തുന്ന നാലാമത്തെ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലാണ് ക്ലാസ്സിക് ചലച്ചിത്രോത്സവം. ലോക സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളായ ചിത്രങ്ങള്‍ മലയാളം ഉപശീര്‍ഷകങ്ങളോടെ പ്രദര്‍ശിപ്പിക്കുന്ന ഒരു ബൃഹൃത് പരിപാടിയുടെ ആദ്യഘട്ടം മാത്രമാണിത്. രണ്ടുമാസത്തില്‍ ഒരിക്കലെങ്കിലും ഇത്തരത്തില്‍ ക്ലാസിക് സിനിമകളുടെ സവിശേഷമായ ഫെസ്റ്റിവല്‍ സംഘടിപ്പിക്കണം എന്നാണു ഫെഡറേഷന്റെ താത്പര്യം. ക്ലാസിക്കുകള്‍ നേരത്തെ കണ്ടിട്ടുള്ള ചലച്ചിത്രപ്രേമികള്‍ക്കും ഇതുവരെ ലോക ക്ലാസിക്കുകള്‍ പരിചയപ്പെടാന്‍ സന്ദര്‍ഭം ലഭിച്ചിട്ടില്ലാത്ത പുതുതലമുറയ്ക്കും ഈ ചലച്ചിത്രോത്സവം അപൂര്‍വ്വമായ അനുഭവമായിരിക്കും. എഫ് എഫ് എസ് ഐ കേരളം വികസിപ്പെച്ചെടുത്ത പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ഇക്കുറി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടുതല്‍ എളുപ്പത്തില്‍ ചലച്ചിത്രാസ്വാദകര്‍ക്ക് എത്തിച്ചേരാനും സിനിമകള്‍ കാണാനും കഴിയുന്ന രീതിയിലാണ് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്.
ഈ ക്ലാസിക് ചലച്ചിത്രോത്സവത്തിന്റെ വലിയ സന്തോഷങ്ങളില്‍ ഒന്ന് ഇന്ത്യയുടെ അഭിമാനമായ ചലച്ചിത്രസംവിധായകന്‍ ഗിരീഷ് കാസറവള്ളി ഈ മേള ഉദ്ഘാടനം ചെയ്യും എന്നതാണ്. കൂടാതെ സിനിമയെ ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും എഴുതുകയും ചെയ്യുന്ന ചലച്ചിത്ര നിരൂപകരാണ് ഓരോ സിനിമയെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും അങ്ങേയറ്റം ശ്രമപ്പെട്ടാണ് ഈ ക്ലാസിക് ചലച്ചിത്രോത്സവം ഫെഡറേഷന്‍ സംഘടിപ്പിക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഈ മേളയെ കേരളത്തിലെ ഫിലിം സൊസൈറ്റികളും ചലച്ചിത്രപ്രണയികളും ഏറ്റെടുക്കും എന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.