അകിര കുറൊസാവ (ജനനം – 1910 മാ‍ർച്ച് 23)

ജന്മദിന സ്മരണ

അകിര കുറൊസാവ (ജനനം – 1910 മാ‍ർച്ച് 23) Akira Kurosawa

ലോകസിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്മാരിലൊരാളാണ് അകിര കുറൊസാവ. 57 വർഷം നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ മികച്ച 30 സിനിമകളാണ് അദ്ദേഹം നിർമിച്ചത്. 1943ൽ ആദ്യ ചിത്രമായ സാൻഷിരൊ സുഗദ സംവിധാനം ചെയ്തത് തൊട്ടിങ്ങോട്ട് ജാപ്പനീസ് സിനിമയെ ലോകസിനിമകളുടെ ഗണത്തിൽ മുകൾത്തട്ടിൽ പ്രതിഷ്ഠിക്കുന്ന ചിത്രങ്ങൾ തന്നെയാണ് കുറൊസാവ എന്ന അസാമാന്യ പ്രതിഭയിൽ നിന്ന് പുറത്തുവന്നുകൊണ്ടിരുന്നത്.

പട്ടാളക്കാരനായിരുന്ന അച്ഛൻ ഇസാമു കുറൊസാവ ജപ്പാനിൽ അത്‍ലറ്റിക്സ് പരിശീലനത്തിന് ആദ്യകാലത്തുതന്നെ മുൻകയ്യെടുത്ത ഒരു അധ്യാപകൻ കൂടിയായിരുന്നു. അച്ഛൻ ഒരു സാമുറായ് കുടുംബാംഗമായതുകൊണ്ടുതന്നെ കുറൊസാവയുടെ ചെറുപ്പം തൊട്ടേ കലാപഠനം പ്രോത്സാഹിപ്പിച്ചിരുന്നു. അതോടൊപ്പം പാശ്ചാത്യകലകളിലും താൽപര്യമുണ്ടായിരുന്ന അച്ഛൻ നാടകവും സിനിമയും പഠിക്കേണ്ടതാണെന്ന പക്ഷക്കാരനായിരുന്നു. അക്കാലത്ത് ജപ്പാനിൽ സാമുറായ് സിനിമകൾ ധാരാളമായി ഇറങ്ങിയിരുന്നു. ഇതൊക്കെ കാണാൻ അച്ഛൻ തന്നെ കുറൊസാവയോട് നിർദേശിച്ചിരുന്നു. അതോടൊപ്പം അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ചലച്ചിത്രങ്ങളും കാണുവാൻ അച്ഛൻ അദ്ദേഹത്തോടും സഹോദരനോടും നിർദേശിച്ചിരുന്നു. അമേരിക്കയിലെ വെസ്റ്റേൺ എന്നറിയപ്പെടുന്ന ചലച്ചിത്രശൈലി ചെറുപ്പം തൊട്ടേ കുറൊസാവയെ വളരെയേറെ ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ വെസ്റ്റേൺ എന്നറിയപ്പെടുന്ന പാശ്ചാത്യസിനിമാവിഭാഗത്തിന്റെ സവിശേഷതകളും ജപ്പാനിലെ സാമുറായ് പാരമ്പര്യവും ഇഴചേർന്നുനിൽക്കുന്ന ചിത്രങ്ങൾ കുറൊസാവയുടെ പ്രത്യേകതയാണ്.

പെയിന്റർ ആകുവാനുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ച് 1936ൽ കുറൊസാവ ജപ്പാനിലെ പിസിഎൽ സ്റ്റുഡിയോസിൽ സഹസംവിധായകനായി ചേർന്നു. യാമമൊതൊ കാജിരൊ എന്ന പ്രമുഖ സംവിധായകന്റെ കൂടെ ഇവിടെ 1946വരെ ചെലവഴിച്ചു. അക്കാലത്ത് കുറൊസാവ എഴുതിയ തിരക്കഥകൾ ഏറെ പ്രസിദ്ധമായിരുന്നു. 1943ലാണ് കുറൊസാവ സ്വന്തം തിരക്കഥയെ ഉപജീവിച്ച്  സാൻഷിരൊ സുഗദ എന്ന ചിത്രം സ്വതന്ത്രമായി സംവിധാനം ചെയ്തത്. ഇചിബൻ ഉത്സുകുഷികു (1944, ദ് മോസ്റ്റ് ബ്യൂട്ടിഫുൾ), ദെ ഹു സ്റ്റെപ് ഓൺ ദ് ടൈഗേഴ്സ് ടെയിൽ (1945), നൊ റിഗ്രറ്റ്സ് ഫോ‍ർ ദ് യൂഥ് (1946), ഡ്രങ്കൻ ഏയ്ഞ്ജൽ (1948) തുടങ്ങിയ ചിത്രങ്ങൾ പിന്നീട് പുറത്തുവന്നു. ഡ്രങ്കൻ ഏയ്ഞ്ജൽ എന്ന ചിത്രത്തിലാണ് തൊഷിറൊ മിഫ്യൂണെ എന്ന വിഖ്യാതനടനെ ആദ്യമായി കുറൊസാവ അഭിനയിപ്പിക്കുന്നത്. ലോകസിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സംവിധായക-നായക ജോഡിയായി പിൽക്കാലത്ത് കുറൊസാവ-മിഫ്യൂണെ സഖ്യം മാറി. പിന്നീടിറങ്ങിയ എല്ലാ പ്രമുഖ കുറൊസാവ ചിത്രങ്ങളിലും മിഫ്യൂണെയും ഉണ്ടായിരുന്നു.

1950ലാണ് കുറൊസാവയെ അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ശ്രദ്ധേയനാക്കിയ റാഷൊമൺ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കൊലപാതകകഥയെ നാല് വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം റ്യുണോസുകെ അകുതാഗവയുടെ ഒരു ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. 1951ലെ വെനീസ് ഫെസ്റ്റിവെലിൽ ഈ ചിത്രം ഗോൾഡൻ ലയൺ പുരസ്കാരം നേടിയതോടെ സിനിമാലോകത്തിന്റെ മുഴുവൻ ശ്രദ്ധ ജാപ്പനീസ് സിനിമയിലേക്ക് തിരിഞ്ഞു.

പിന്നീട് പുറത്തുവന്ന ഇകിരു (1952), സെവൻ സാമുറായ് (1954), ത്രോൺ ഒഫ് ബ്ലഡ് (1957), എന്നീ ചിത്രങ്ങളെല്ലാം കുറൊസാവയുടെ പ്രശസ്തി വ‍ർദ്ധിപ്പിച്ചവ തന്നെയായിരുന്നു. ഇതിൽ സെവൻ സാമുറായ് എന്ന ചിത്രം അക്ഷരാർത്ഥത്തിൽ ഒരു ഇതിഹാസമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവുമധികം ആളുകളെ ആകർഷിച്ച ചിത്രം കൂടിയാണ് സെവൻ സാമുറായ്. ചിത്രകലയിൽ വൈദഗ്ദ്ധ്യമുള്ള ഒരാളായതുകൊണ്ട് തന്നെ, കുറൊസാവ സെവൻ സാമുറായ്‍യുടെ ഓരോ ഷോട്ടുകളും ഓരോ പെയ്ന്റിങ് പോലെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരേ സമയത്ത് മൂന്ന് ക്യാമറകൾ വെച്ചാണ് ക്ലൈമാക്സ് രംഗങ്ങൾ കുറൊസാവ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങനെ മൂന്ന് ക്യാമറകൾ വച്ചുള്ള ചിത്രീകരണരീതി അവലംബിച്ചതിനെക്കുറിച്ച് കുറൊസാവ തന്റെ ആത്മകഥയായ സംതിങ് ലൈക് ഏൻ ഓട്ടോബയോഗ്രഫിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

“സെവൻ സാമുറായ് എന്ന ചിത്രത്തിലാണ് മൂന്ന് ക്യാമറ വച്ച് ഷൂട്ട് ചെയ്യുന്ന രീതി ഞാൻ ആരംഭിച്ചത്. ശക്തമായ മഴ പെയ്യുന്ന സമയത്ത് കൊള്ളക്കാ‍ർ കർഷകരുടെ ഗ്രാമത്തെ അക്രമിക്കുമ്പോൾ ആ സീനിൽ എന്തൊക്കെയാണ് സംഭവിക്കുക എന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ല. ഷോട്ടിന് പിറകേ ഷോട്ട് എന്ന പരമ്പരാഗതരീതിയിലാണ് ഞാനാ രംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നതെങ്കിൽ ഏതെങ്കിലും ഒരു ആക്ഷൻ ഭാഗം അതേ രീതിയിൽ തന്നെ രണ്ടാമതും ആവർത്തിച്ച് ചെയ്യാനാവും എന്നത് സംബന്ധിച്ച് യാതൊരുറപ്പും എനിക്കില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ ഒരേസമയത്ത് മൂന്ന് ക്യാമറകൾ ഉപയോഗിച്ചത്. ഇത് വളരെ ഫലപ്രദമായിരുന്നു. അതുകൊണ്ട് ഞാനിത് ആവർത്തിക്കാൻ തീരുമാനിച്ചു.” ഹോളിവുഡിൽ ഈ ചിത്രം മാഗ്നിഫിഷന്റ് സെവൻ എന്ന പേരിൽ രണ്ട് തവണ റീമേക്ക് തന്നെ ചെയ്യപ്പെടുകയുണ്ടായി. അത് കൂടാതെ ദ ഗൺസ് ഒഫ് നോവ്റോൺ, ദ് ഡേർടി ഡസൻ തുടങ്ങിയ പിൽക്കാല സൂപ്പ‍ഹിറ്റുകളുടെയെല്ലാം പിറകിലെ സ്വാധീനം സെവൻ സാമുറായ് തന്നെയായിരുന്നു.

കുറോസാവയുടെ സെവൻ സാമുറായ്, റാഷൊമൺ തുടങ്ങിയ ചിത്രങ്ങൾ പുറത്തുവന്നതിനുശേഷം ലോകത്ത് മികച്ച സിനിമകൾ കണ്ടെത്തുന്നതിനായി നടന്ന എല്ലാ പ്രമുഖ തിരഞ്ഞെടുപ്പുകളിലും ഈ ചിത്രങ്ങളുടെ പേരുകൾ ആദ്യസ്ഥാനങ്ങളിൽ തന്നെ കടന്നുവരികയും കുറൊസാവ മികച്ച സംവിധായകരുടെ പട്ടികയിൽ മുകളിൽ തന്നെ സ്ഥാനം നേടുകയും ചെയ്തിരുന്നു. ഇപ്പോഴും അതങ്ങിനെ തന്നെ തുടരുകയും ചെയ്യുന്നു. അകിര കുറൊസാവയ്ക്കും അദ്ദേഹത്തിന്റെ സിനിമകൾക്കും പാശ്ചാത്യലോകത്തും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച ആസ്വാദകരുണ്ടായിരുന്നു എന്നതിന്റെ പ്രധാനതെളിവ് കൂടിയാണിത്.

ദ് ഹിഡൺ ഫോർട്രസ് (1958), യോജിംബൊ (1961), റെഡ് ബിയേഡ് (1965), ദെർസു ഉസാല (1974), കഗേമുഷ (1980), റാൻ (1985), ഡ്രീംസ് (1990), റാപ്സെഡി ഇൻ ഓഗസ്റ്റ് (1991) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രമുഖ ചിത്രങ്ങൾ.

1990ൽ അദ്ദേഹത്തിന് ലൈഫ് ടൈം അചീവ്മെന്റ്റ് ഓസ്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. ഇതുൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഒരു അപകടത്തെത്തുടർന്ന് തീർത്തും കിടപ്പിലായ അദ്ദേഹം 1998 സെപ്റ്റംബർ 6ന് ടോക്യോവിൽ വച്ച് അന്തരിച്ചു.

(കുറൊസാവയുടെ ജീവിതത്തെയും സിനിമകളെയും ആധാരമാക്കിയുള്ള ഡോക്യുമെന്ററി സൈറ്റിലെ പ്ലെയറില്‍ കാണാം.)

എഴുത്ത് : ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


1 Comment
  1. VKJOSEPH

    March 23, 2021 at 8:23 pm

    Good

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *