ഓന്ദ്രെയ് താര്‍കോവ്‌സ്‌കീ (ജനനം – 1932 ഏപ്രില്‍ 4)

കാലത്തില്‍ കൊത്തിയ ശില്പം എന്ന് സിനിമയെ വിശേഷിപ്പിക്കുകയും ദൃശ്യഭാഷ എന്ന നിലയില്‍ സിനിമയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സിനമകളെടുക്കുകയും ചെയ്ത അസാമാന്യപ്രതിഭാശാലിയായ റഷ്യന്‍ ചലച്ചിത്രകാരനാണ് ഓന്ദ്രെയ് താര്‍കോവ്‌സ്‌കി. ലോകത്തിലെ പ്രതിഭാധനരായ ചലച്ചിത്രപ്രവര്‍ത്തകരെല്ലാം ഒരു പാഠപുസ്തകം പോലെ നിരന്തരം വിലയിരുത്തുന്നവയാണ് താര്‍കോവ്‌സ്‌കി ചിത്രങ്ങള്‍. മികച്ച ചലച്ചിത്രസൈദ്ധാന്തികന്‍ കൂടിയാണ് അദ്ദേഹം.

ഇന്നത്തെ റഷ്യയിലെ കാഡിസ്‌കി ജില്ലയില്‍ അക്കാലത്ത് സവ്രാഷ്യെ എന്നറിയപ്പെട്ട ഒരു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്‍ ആര്‍സ്‌നെയ് താര്‍കോവ്‌സ്‌കി ഒരു പ്രമുഖ കവിയും അമ്മ മരിയ ഇവാനോവ വിഷ്‌നിയകോവ ഒരു നടിയുമായിരുന്നു.

ബിരുദാനന്തരം മോസ്‌കൊ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാങ്‌ഗ്വേജസില്‍ നിന്ന് അദ്ദേഹം അറബി ഭാഷ പഠിച്ചു. പിന്നീട് സൈബീരിയയില്‍ നിന്ന് ജിയോളജി പഠിച്ചിരുന്നു. 1959ല്‍ മോസ്‌കൊ ഫിലിം സ്‌കൂളില്‍ സിനിമ പഠിക്കുവാന്‍ ചേര്‍ന്നു. അവിടെവച്ച് ടെലിവിഷനുവേണ്ടി ചെയ്ത ദേര്‍ വില്‍ ബി നൊ ലീവ് റ്റുഡെ എന്ന ഹ്രസ്വചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1960ല്‍ സംവിധാനം ചെയ്ത ദ സ്റ്റീംറോളര്‍ ഏന്റ് ദ വയലിന്‍ എന്ന ഹ്രസ്വചിത്രത്തിന് സമ്മാനം ലഭിക്കുകയുണ്ടായി.

1962ല്‍ സംവിധാനം ചെയ്ത ഇവാന്‍സ് ചൈല്‍ഡുഡ് ആണ് താര്‍കോവ്‌സ്‌കിയുടെ ആദ്യ ഫീച്ചര്‍ സിനിമ. താര്‍കോവ്‌സ്‌കി ശൈലി എന്ന പേരില്‍ പില്‍ക്കാലത്ത് വിഖ്യാതമായ ശൈലി പൂര്‍ണമായി വികസിക്കപ്പെട്ടിരുന്നില്ലെങ്കിലും ഈ ചിത്രം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. വെനീസില്‍ ആ വര്‍ഷം ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരവും ഈ ചിത്രം നേടുകയുണ്ടായി.

ആന്ദ്രെയ് റുബ്ലെവ് (1965), സൊളാരിസ് (1971), മിറര്‍ (1975), സ്റ്റോകര്‍ (1979) എന്നിവയാണ് പിന്നീട് പുറത്തുവന്ന ചിത്രങ്ങള്‍. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും സ്വന്തം രാജ്യത്ത് വിതരണത്തിന് എടുത്തിരുന്നില്ല. 1984ല്‍ നൊസ്റ്റാള്‍ജിയ എന്ന ചിത്രം അദ്ദേഹം എടുത്തത് ഇറ്റലിയില്‍ വച്ചാണ്. തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങളില്‍ തന്നെ തുടരുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അവസാനചിത്രമായ സാക്രിഫൈസ് (1986) നിര്‍മിച്ചത് പശ്ചിമയൂറോപ്പില്‍ വെച്ചായിരുന്നു.

കലകളെയും പൊതുവില്‍ സിനിമകളെയും കുറിച്ച് അദ്ദേഹം രചിച്ച കൃതിയാണ് സ്‌കള്‍പ്റ്റിങ് ഇന്‍ ടൈം (1986). സിനിമകളെക്കുറിച്ചുള്ള ഒരു സുപ്രധാനകൃതിയായി ഈ കൃതി ഇന്നും വവിലയിരുത്തപ്പെടുന്നു. 1970 മുതല്‍ 86 വരെയുള്ള കാലയളവിലെ അദ്ദേഹത്തിന്‌റെ ഡയറികുറിപ്പുകളും പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിറര്‍, സ്‌റ്റോകര്‍, നൊസ്റ്റാള്‍ജിയ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം സ്വന്തം പിതാവിന്റെ കവിതകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ മിറര്‍ എന്ന ചിത്രത്തില്‍ അദ്ദേഹം സ്വന്തം അമ്മയെ അഭനയിപ്പിക്കുകയും ചെയ്തിരുന്നു.

കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള ഒട്ടേറെ ലോകപ്രസിദ്ധമായ മേളകളില്‍, തന്റെ സംവിധായകജീവിതത്തിലുടനീളം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് താര്‍കോവ്‌സ്‌കി. സോവിയറ്റ് യൂനിയനിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരമായ ലെനിന്‍ പുരസ്‌കാരം മരണാനന്തരം താര്‍കോവ്‌സ്‌കിക്ക് ലഭിക്കുകയുണ്ടായി.

സൈറ്റ്&സൗണ്ട് മാഗസിന്‍ 2012ല്‍, ലോകത്തിലെ എക്കാലത്തെയും മികച്ച 100 സിനിമകള്‍ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയപ്പോള്‍ താര്‍കോവ്‌സ്‌കി ചിത്രങ്ങളായ ആന്ദ്രെയ് റുബ്ലെവ്, മിറര്‍, സ്‌റ്റോകര്‍ എന്നിവ മൂന്നും അതില്‍ ഉള്‍പ്പെട്ടിരുന്നു.

ലോകസിനിമയിലെ മറ്റൊരു അസാമാന്യപ്രതിഭാശാലിയായ സ്വീഡിഷ് ചലച്ചിത്രകാരന്‍ ഇങ്മര്‍ ബര്‍ഗ്മാന്‍ താര്‍കോവ്‌സ്‌കിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് : ‘ജീവിതത്തെ ഒരു പ്രതിബിംബം എന്ന പോലെ, ജീവിതത്തെ ഒരു സ്വപ്‌നമെന്ന പോലെ രേഖപ്പെടുത്താമെന്ന ഫിലിമിന്റെ പ്രകൃതത്തിനോട് സത്യസന്ധത പുലര്‍ത്തുന്ന ഒരു പുതിയ ഭാഷ കണ്ടെത്തിയ ആള്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ച് താര്‍കോവ്‌സ്‌കിയാണ് ഏറ്റവും മഹാനായ സംവിധായകന്‍.’

ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് 1986 ഡിസംബര്‍ 29ന് പാരീസില്‍ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ കുഴിമാടത്തില്‍ പത്‌നിയായ ലാറിസ താര്‍കോവ്‌സ്‌കയ ഇങ്ങനെ രേഖപ്പെടുത്തി: “മാലാഖയെ കണ്ടുമുട്ടിയ അദ്ദേഹത്തിനായി.”

എഴുത്ത് : ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *