ഇറാനിയൻ-കുർദിഷ് ചലച്ചിത്രസംവിധായകനും നിർമാതാവും എഴുത്തുകാരനുമാണ് ബഹ്മാൻ ഖൊബാദി. 1979ലെ ഇറാനിയൻ വിപ്ലവത്തിന് ശേഷം വളർന്നുവന്ന തലമുറയിൽ പെട്ട ശക്തനായ ചലച്ചിത്രകാരനാണ് ഖൊബാദി. കുർദ് ഭാഷ സംസാരിക്കുന്ന, ഇറാൻ, ഇറാഖ്, തുർകി, സിറിയ എന്നീ നാല് ഭൂപ്രദേശങ്ങളിലായി പരന്നുകിടക്കുന്ന കുർദിസ്ഥാൻ എന്ന ഭൗമ-സാംസ്കാരിക പ്രദേശത്തിന്റെ പ്രതിനിധി എന്ന നിലയിൽ കൂടിയാണ് അദ്ദേഹം സാംസ്കാരികരംഗത്ത് ശ്രദ്ധേയനാവുന്നത്.
ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഫോട്ടോഗ്രഫി പഠിക്കാനാരംഭിച്ച അദ്ദേഹത്തിന്റെ താൽപര്യം പിൽക്കാലത്ത് സിനിമയിലേക്ക് തിരിയുകയായിരുന്നു. അക്കാലത്ത് കുറേ 8എം.എം. ചലച്ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിരുന്നു. പിന്നീട് ലൈഫ് ഇൻ ഫോഗ് എന്ന ഒരു ഡെക്യുമെന്ററി നിർമിച്ചു. അതിന് അനേകം അവാർഡുകളും ലഭിച്ചു. പിന്നീടാണ് അദ്ദേഹം ഇറാൻ സിനിമയിലെ അതികായനായ അബ്ബാസ് കിയൊരസ്താമിയുടെ കൂടെ കൂടുന്നത്. അദ്ദേഹത്തിന്റെ ദ് വിൻഡ് വിൽ കാരി അസ് എന്ന ചിത്രത്തിൽ ഖൊബാദി സഹസംവിധായകനായി പ്രവർത്തിച്ചു.
ഇറാനിലെ വിവിധ വംശീയസംഘങ്ങളെക്കുറിച്ച് സിനിമ നിർമിക്കുന്നതിനായി 2000ത്തിൽ ഖൊബാദി, മിജ് ഫിലിംസ് എന്ന കമ്പനി രൂപീകരിച്ചു. 2000ത്തിൽ പുറത്തുവന്ന എ ടൈം ഫോർ ദ് ഡ്രങ്കൺ ഹോഴ്സസ് ആണ് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ. ഇറാനിൽ നിർമിച്ച ആദ്യ കുർദിഷ് ചിത്രമായിരുന്നു ഇത്. ആദ്യചിത്രത്തിന് തന്നെ ആ വർഷത്തെ കാൻ ചലച്ചിത്രോത്സവത്തിൽ കാമറ ഡി ഒർ പുരസ്കാരം ലഭിച്ചു.
മറൂൺഡ് ഇൻ ഇറാഖ് (2002), ടർട്ൽസ് കാൻ ഫ്ലൈ (2004), ഹാഫ് മൂൺ (2006), നൊ വൺ നോ എബൗട് പേർഷ്യൻ കാറ്റ്സ് (2009), റൈനൊ സീസൺ (2012) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ഫീച്ചർ ചിത്രങ്ങളാണ്. ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേള, ബെർലിൻ, സാൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര മേളകൾ എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് പ്രധാനപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്രസംഘടനയായ ഇൻഡക്സ് ഓൺ സെൻസർഷിപ് നൽകുന്ന ഇൻഡക്സ് ഫിലിം അവാർഡ് എന്ന ശ്രദ്ധേയപുരസ്കാരം അദ്ദേഹത്തിന്റെ ടർട്ൽസ് കാൻ ഫ്ലൈക്ക് ലഭിക്കുകയുണ്ടായി.
മനുഷ്യരാണ് ഏറ്റവും പ്രധാനം എന്ന് വിശ്വസിക്കുന്ന ഒരു ചലച്ചിത്രകാരനാണ് അദ്ദേഹം. ഇറാനിലും മറ്റും രണ്ടാംകിട പൗരന്മാർ എന്ന നിലയിൽ കുർദുകൾ അനുഭവിക്കുന്ന അസ്വസ്ഥതകളെയാണ് ഒരു കുർദ് വംശജൻ എന്ന നിലയിൽ താൻ അഭിസംബോധന ചെയ്യേണ്ടത് എന്നുറച്ച് വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ തന്നെയാണ് അദ്ദേഹം കുർദിഷ് ഭാഷയിലുള്ള സിനിമകൾ എടുക്കുന്നതും.
എഴുത്ത് : ആര്‍ നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍
(ബഹ്മാൻ ഖൊബാദിയുമായി പീറ്റര്‍ സ്കാര്‍ലെറ്റ് നടത്തിയ അഭിമുഖം. ഖൊബാദിയുടെ സിനിമാജീവിതവഴികള്‍ കാണാം)
VKJOSEPH
February 1, 2021 at 1:35 pmശ്രമകരമായ ഈ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ..