ബെർണാർഡൊ ബെർതൊലൂച്ചി (ജനനം – 1940 മാർച്ച് 16) Bernardo Bertolucci
ഇറ്റാലിയൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിലൊരാൾ. കവി, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനാണ്. സിനിമയിലൂടെ, ലൈംഗികതയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള പ്രകോപനപരമായ അന്വേഷണങ്ങൾ നടത്തിയിരുന്ന അദ്ദേഹത്തിന്റെ ദൃശ്യഭാഷയും-വിശദമായ ക്യാമറാ ചലനങ്ങൾ, അതീവശ്രദ്ധ പുലർത്തുന്ന പ്രകാശസംവിധാനം, നിറങ്ങളുടെ പ്രതീകാത്മകമായ ഉപയോഗം, എഡിറ്റിങിലെ നൂതനസങ്കേതങ്ങൾ തുടങ്ങിയവ-ഏറെ ശ്രദ്ധിക്കപ്പെട്ടു. നാല് ഭൂഖണ്ഡങ്ങളിലുമായി സിനിമകൾ ചിത്രീകരിച്ചിരുന്ന അദ്ദേഹത്തിന്റെ സിനിമാനിർമാണരീതികളെ ആഴത്തിൽ പഠിക്കാത്ത പിൽക്കാല ചലച്ചിത്രകാരന്മാർ ഇല്ലായിരുന്നു എന്നുതന്നെ പറയാം.
പ്രമുഖ ഇറ്റാലിയൻ കവിയും കലാചരിത്രകാരനും ചലച്ചിത്രനിരൂപകനുമായ അറ്റിലിയൊ ബെർതൊലൂച്ചിയുടെയും അധ്യാപികയായ നിനെറ്റയുടെയും മകനായിട്ടാണ് ബെർണാർഡൊ ജനിച്ചത്. കലാപരമായി മികവ് പുലർത്തിയിരുന്ന ഒരു കുടുംബമായതുകൊണ്ടുതന്നെ ചെറുപ്പം മുതലേ എഴുത്തിലും മറ്റ് കലകളിലും അഭിരുചി ഉണ്ടായിരുന്നു. ചെറുപ്പം തൊട്ട് തന്നെ കവിതകൾ എഴുതുവാൻ ആരംഭിച്ചിരുന്നു. ആദ്യപ്രസിദ്ധീകൃതരചനയായ ഇൻ സെർച് ഓഫ് മിസ്റ്ററി (1962) എന്ന കവിതയ്ക്ക് ഇറ്റലിയിലെ പ്രമുഖ സാഹിത്യപുരസ്കാരമായ പ്രീമിയൊ വിയാറെജിയോ ലഭിച്ചിരുന്നു. അച്ഛന് പിയർ പാവ്‍ലൊ പസോലിനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നതിനാൽ പാസോലിനിയുടെ ആദ്യചിത്രമായ അക്കറ്റണിയിൽ സഹസംവിധായകനായി പ്രവർത്തിക്കുവാൻ ബെർണാർഡൊയ്ക്ക് അവസരം ലഭിച്ചു. റോം സർവകലാശാലയിലെ സാഹിത്യബിരുദപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്റേതായ നിലയിൽ സ്വതന്ത്രമായി സിനിമാപഠനം ആരംഭിച്ച വ്യക്തിയായിരുന്നു ബർണാർഡൊ ബെർതൊലൂചി.
പാസൊലിനിയുടെ തിരക്കഥയിൽ 1962ൽ സംവിധാനം ചെയ്ത ദ് ഗ്രിം റീപർ ആയിരുന്നു ആദ്യ ഫീച്ചർ ചിത്രം. ഈ ചിത്രം വാണിജ്യവിജയമായില്ലെങ്കിലും സംവിധായകൻ എന്ന നിലയിൽ ബെർണാർഡൊയ്ക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുന്നതിൽ വിജയിച്ചു. 1964ൽ പുറത്തുവന്ന ബിഫോർ ദ് റെവലൂഷൻ എന്ന ചിത്രം കാൻമേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1970ൽ പുറത്തുവന്ന ദ് സ്പൈഡേഴ്സ് സ്ട്രാറ്റെജെം, ദ് കൺഫേമിസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതിഭയെ അന്താരാഷ്ട്രതലത്തിൽ തന്നെ അരക്കിട്ടുറപ്പിക്കുന്നവയായിരുന്നു. 1970കളുടെ തുടക്കത്തിലെ സാമ്പത്തികമാന്ദ്യം ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇറ്റാലിയൻ സിനിമയിലും പ്രതിഫലിച്ചതിനാൽ കുറച്ചുകാലത്തേക്ക് ബെർണാർഡൊയ്ക്കും കാര്യമായൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനാൽ കുറച്ചുകാലം തിയറ്ററുമായും ഡോക്യുമെന്ററി സിനിമകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
1972ൽ ഇറങ്ങിയ ലാസ്റ്റ് ടാംഗൊ ഇൻ പാരീസ് ആണ് ബെർതൊലൂച്ചിയുടെ വരവിന്റെ ഇടിമുഴക്കമായത്. മാർലൻ ബ്രാന്റൊ, മരിയ ഷ്നീഡർ തുടങ്ങിയ വൻതാരനിരതന്നെയുണ്ടായിരുന്ന ഈ ചിത്രം അന്ന് വരെയുണ്ടായ ഇറ്റാലിയൻ ചിത്രങ്ങളെ എന്നലെ ലോകസിനിമയെത്തന്നെ മാറ്റിമറിച്ചു. പൊതുവിൽ വിലക്കപ്പെട്ട വിഷയമായി കണക്കാക്കിയിരുന്ന കാമവികാരം, ലൈംഗികത തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഈ സിനിമ എന്നതും ലൈംഗികരംഗങ്ങളുടെ പച്ചയായ ആവിഷ്കാരവും ഇതിനെ വൻവിവാദങ്ങളുടെ ചുഴിയിൽ പെടുത്തി. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ബെർതൊലൂചിക്ക് ജയിൽ ശിക്ഷ ലഭിക്കുക പോലും ചെയ്യുകയുമുണ്ടായി.
1987ൽ പുറത്തുവന്ന ദ് ലാസ്റ്റ് എംപറർ എന്ന ചിത്രം അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നുമാത്രമല്ല, മികച്ച ചിത്രത്തിനും മികച്ച സംവിധായകനും ഉള്ള പുരസ്കാരമുൾപ്പെടെ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പതിനങ്ങളിലും ഓസ്കാർ പുരസ്കാരം നേടുകയും ചെയ്തു. ക്വിങ് എന്ന ചൈനീസ് രാജവംശത്തിലെ അവസാനചക്രവർത്തിയായ പു-യിയുടെ കഥയാണ് ദ് ലാസ്റ്റ് എംപറർ എന്നചിത്രം പറയുന്നത്.
1900 (1976), മൂൺ (1979), ദ് ട്രാജഡി ഒഫ് എ റിഡിക്കുലസ് മാൻ (1981), ദ് ഷെൽടറിങ് സ്കൈ (1990), സ്റ്റീലിങ് ബ്യൂട്ടി (1996), ദ് ഡ്രീമേഴ്സ് (2003) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയചിത്രങ്ങൾ.
നിരീശ്വരവാദിയും മാർക്സിസ്റ്റുമായിരുന്ന അദ്ദേഹം എക്കാലത്തും ഫാഷിസത്തിന്റെയും വലതുപക്ഷവൽക്കരണത്തിന്റെയും ശക്തനായ വിമർശകനായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ ഇക്കാര്യം വിളിച്ചുപറയുന്നവയുമാണ്. റൊമൻ പൊളാൻസ്കിയെ വിടുവിക്കാനുള്ള അപ്പീലിൽ ഒപ്പുവെച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ബെർതൊലൂചി.
2011ലെ കാൻ ചലച്ചിത്രമേളയിൽ അദ്ദേഹത്തെ ഓണററി പാം ഡി ഓർ നൽകി ആദരിച്ചിരുന്നു.
2018 നവംബർ 26ന് റോമിൽ വച്ചാണ് അദ്ദേഹം മരിച്ചത്.
എഴുത്ത് : ആര്‍. നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍