ബുദ്ധദേബ് ദാസ്ഗുപ്ത (ജനനം – 1944 ഫെബ്രുവരി 11)
Buddhadeb Dasgupta
ബംഗാളി സിനിമയിലെ പ്രമുഖ സംവിധായകനാണ് ബുദ്ധദേബ് ദാസ്ഗുപ്ത. ചലച്ചിത്രകാരൻ എന്നതിനൊപ്പം പ്രശസ്തകവി കൂടിയാണ് അദ്ദേഹം. കവിതയുടെ ചാരുത തുളുമ്പുന്ന സ്വപ്നസമാനമായ സിനിമകൾ അദ്ദേഹത്തിന്റെ സവിശേഷതയാണ്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരമടക്കം ഇന്ത്യയിലും പുറത്തുമുള്ള നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സംവിധായകൻ കൂടിയാണ് ബുദ്ധദേബ് ദാസ്ഗുപ്ത.
ഇന്നത്തെ പശ്ചിമബംഗാളിലുള്ള പുരുളിയ എന്ന പ്രദേശത്താണ് ബുദ്ധദേബ് ജനിച്ചത്. അച്ഛൻ ഇന്ത്യൻ റെയിൽവെയിലെ ഒരു ഡോക്ടറായതുകൊണ്ടുതന്നെ കുട്ടിക്കാലം മുഴുവൻ യാത്രകളുടേതായിരുന്നു. ബംഗാളിലെ നിരവിധി ഗ്രാമപ്രദേശങ്ങളിൽ കുട്ടിക്കാലം ചെലവിടുന്നതിനുള്ള അവസരം ഇത് വഴി ലഭിച്ചു. ആൾക്കൂട്ടത്തിൽ തന്നെ ഒറ്റക്കിരിയ്ക്കാനും കഥകളുടെയും കവിതകളുടെയും സംഗീതത്തിന്റെയും ലോകത്തിലൂടെ സഞ്ചരിക്കാനും ഈ കാലം അദ്ദേഹത്തെ സഹായിച്ചിരുന്നു. ധനതത്വശാസ്ത്രത്തിൽ പഠനം പൂത്തിയാക്കിയ അദ്ദേഹം കൊൽകൊത്തയിലെ പ്രമുഖ കോളേജുകളിൽ ആ വിഷയം പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ, താൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ധനതത്വശാസ്ത്രവും, നിലനിൽക്കുന്ന സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വലിയ അന്തരം തിരിച്ചറിഞ്ഞ അദ്ദേഹം അധ്യാപനമേഖല വിട്ട് സിനിമയിലേക്ക് കടക്കുകയായിരുന്നു. ഹൈസ്കൂൾ കാലം മുതൽ അദ്ദേഹം പോകാറുണ്ടായിരുന്ന കൽകട്ട ഫിലിം സൊസൈറ്റിയുടെ സിനിമാപ്രദർശനങ്ങൾ അദ്ദേഹത്തെ ഈ മേഖലയിലേക്ക് തിരിച്ചുവിടുന്നതിൽ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്.
1968ൽ എടുത്ത ദ് കോൺടിനന്റ് ഒഫ് ലവ് എന്ന ഡോക്യുമെന്ററിയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാനസംരംഭം. 1978ൽ പുറത്തുവന്ന ദൂരത്വ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്ത ഫീച്ചർ ചിത്രം.
നീം അന്നപൂർണ (1979), ഗൃഹയുദ്ധ (1982), അന്ധി ഗലി (1984), ബാഘ് ബഹാദൂർ (1989), തഹദേർ കഥ (1992), ചരാചർ (1993), ലാൽ ദർജ (1997), ഉത്തര (2000), മൊന്ദൊ മെയെർ ഉപാഖ്യാൻ (2002), സ്വപ്നേർ ദിൻ (2004), കാൽപുരുഷ് (2008), ജനാല (2009), അൻവർ കാ അജബ് കിസ്സാ (2013), ഉറോജഹാസ് (2018) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. ഇവയ്ക്ക് പുറമേ ഒട്ടേറെ ഡോക്യുമെന്ററികളും അദ്ദേഹം എടുത്തിട്ടുണ്ട്.
സ്പെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലെ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്, ഏഥൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലെ ഗോൾഡൻ അഥീന അവാർഡ്, വെനീസ്, ബെർലിൻ, കാർലോ വിവാരി, ലോകാർനൊ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പുരസ്കാരങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
“ഞാൻ ചിന്തിക്കുന്നത് ദൃശ്യങ്ങളായിട്ടാണ്. ആ ദൃശ്യങ്ങളെല്ലാം ഞാനെന്റെ മനസ്സിന്റെ ഹാർഡ് ഡിസ്കിൽ ശേഖരിച്ചുവെക്കുന്നു. ഞാനാഗ്രഹിക്കുമ്പോഴെല്ലാം അവയെ അവിടെ നിന്നെടുത്ത് സിനിമയുടെ ശൈലിയിലേക്ക് പരാവർത്തനം ചെയ്യാൻ എനിക്ക് സാധിക്കും. ഈ ദൃശ്യങ്ങൾ തന്നെയാണ് എന്റെ സിനിമകളിൽ വന്നുകൊണ്ടേയിരിക്കുന്നതും” എന്ന അദ്ദേഹത്തിന്റെ അഭിപ്രായം എന്തുമാത്രം സത്യസന്ധമായിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒന്നാണ്. സാഹിത്യത്തിലും കവിതയിലും ചിത്രകലയിലും ഒക്കെ ചെറുപ്പം തൊട്ടേ ഉണ്ടായിരുന്ന അതിയായ താൽപര്യത്തിന്റെ ഒരു പിൽക്കാല വെളിച്ചപ്പെടൽ ആയിരുന്നു അദ്ദേഹത്തിന് സിനിമ എന്ന മേഖല. യാത്രകളെയും ഏകാന്തതയെയും കുറിച്ചാണ് അവ പലപ്പോഴും വാതോരാതെ സംസാരിച്ചിരുന്നത്.
“കുറച്ച് സ്വപ്നങ്ങളും മാജിക്കും യാഥാത്ഥ്യങ്ങളും എല്ലാം എടുത്ത് ഒരു ഗ്ലാസിലടച്ച് നന്നായി കുലുക്കുക. അപ്പോൾ കിട്ടുന്നതാണ് എന്റെ സിനിമ” എന്ന് അടുത്തയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഒരു നല്ല ലോകത്തിനായി കാത്തിരിക്കുന്ന ദിവാസ്വപ്നക്കാരുടെ ലോകമാണ് അദ്ദേഹത്തിന്റെ സിനിമകളിൽ ഇതൾ വിരിയുന്നത്. തന്റെ എഴുപത്തിയാറാം വയസ്സിലും സിനിമ എന്ന മേഖലയിൽ അദ്ദേഹം സജീവമാണ്.
(ടാഗോറിന്റെ 150 ആം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി ബുദ്ധദേബ് ദാസ്ഗുപ്ത നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനുവേണ്ടി നിര്‍മ്മിച്ച 13 ഹ്രസ്വചിത്രങ്ങളില്‍ ഒന്നായ പത്രലേഖ കാണാം.)
എഴുത്ത് : ആര്‍. നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍
Ve nuka lla r
February 11, 2021 at 7:07 pmദാ സ് ഗു പ് ത ദാ യെ ഓ ർ മ്മി പ്പി ച്ച തി ന് ന്ദി