കാർലോസ് സോറ Carlos Saura (ജനനം – 1832 ജനുവരി 4)-

കാർലോസ് സോറ (ജനനം – 1932 ജനുവരി 4)- Carlos Saura

വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരൻ. ലൂയി ബുന്വെൽ, കാർലോസ് സോറ, പെദ്രൊ അൽമൊദോവർ എന്നിവർ സ്പാനിഷ്
ചലച്ചിത്രരംഗത്തെ ത്രിമൂർത്തികൾ ആയി അറിയപ്പെടുന്നു. ചലച്ചിത്രസംവിധായകൻ എന്നതിനോടൊപ്പം മികച്ച ഫോട്ടോഗ്രാഫറും
എഴുത്തുകാരനും കൂടിയാണ് സോറ. അമ്പതിലേറെ വർഷക്കാലം നീണ്ട തന്റെ ചലച്ചിത്രജീവിതകാലത്തിനിടയിൽ BAFTA
പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്ട്രപുരസ്കാരങ്ങൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും തേടിയെത്തിയിട്ടുണ്ട്.

സ്പെയിനിലെ അറഗോണിലാണ് സോറ ജനിച്ചത്. സ്പാനിഷ് ആഭ്യന്തരയുദ്ധം രൂക്ഷമായ കാലത്താണ് സോറയുടെ ബാല്യം
കടന്നുപോയത്. ഫ്രാൻസിസ്കൊ ഫ്രാങ്കൊയുടെ നേതൃത്വത്തിലുള്ള ദേശീയവാദികളായ ഫാഷിസ്റ്റ് ഭരണകൂടവും റിപബ്ലികൻ
വിഭാഗവും തമ്മിലായിരുന്നു ആഭ്യന്തരയുദ്ധകാലത്തെ പോരാട്ടം നടന്നിരുന്നത്. ഈ കാലം, കലാകാരൻ എന്ന നിലയിൽ
അദ്ദേഹത്തിന്റെ ജീവിതത്തെയും കലാസൃഷ്ടികളെയും ആഴത്തിൽ സ്വാധീനിച്ചിരുന്നു. മികച്ച ചിത്രകാരനായിരുന്ന അദ്ദേഹം,
1955ൽ ഡോക്യുമെന്ററി ചിത്രങ്ങളിലൂടെയാണ് സിനിമാരംഗത്തക്ക് കടന്നുവന്നത്. ആദ്യ ഫീച്ചർചിത്രങ്ങളായ ക്യുയെൻക,
ലോസ് ഗൊൾഫോസ് എന്നിവ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 1966ൽ ഇറങ്ങിയ ലാ കാസ (ദ ഹണ്ട്) എന്ന ചിത്രം ആ
വർഷത്തെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിൽവർ ബെയർ പുരസ്കാരം നേടിയതോടെ അദ്ദേഹം സ്പെയിനിലെ
വിഖ്യാത സംവിധായകനായി മാറി. ഫ്ലാമെൻകൊ സംഗീതനൃത്തത്തെ അടിസ്ഥാനമാക്കി അദ്ദേഹം നി‍ർമിച്ച ട്രിലൊജി
ലോകമെമ്പാടും വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. ബ്ലഡ് വെഡിങ് (1981), കാർമെൻ (1983), എൽ അമൊർ ബ്രൂജൊ (1986)
എന്നിവയാണ് ഈ ട്രിലൊജിയിൽ പെടുന്ന ചിത്രങ്ങൾ. ഫ്ലാമെൻകൊ (1995), ടാങ്കൊ (1998), ഫാഡോസ് (2007)
എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

അമ്പതിലേറെ വർഷങ്ങൾ നീണ്ട തന്റെ ജീവിതകാലത്തിനിടയിൽ സ്പാനിഷ് സിനിമയുടെയും അവിടത്തെ
സാമൂഹ്യരാഷ്ട്രീയസാഹചര്യങ്ങളുടെയും എല്ലാ തരത്തിലുള്ള അട്ടിമറികൾക്കും അദ്ദേഹം സാക്ഷിയായിട്ടുണ്ട്. ഫ്രാങ്കൊയുടെ
ഫാഷിസ്റ്റ് അധികാരത്തിനുകീഴിൽ വളരെ കൂ‍ർത്ത സെൻസർ നോട്ടത്തിൽ പെട്ടാണ് അദ്ദേഹത്തിന്റെ മിക്ക സുപ്രധാന ചിത്രങ്ങളും
പുറത്തുവന്നത്. സ്പെയിനിനെ ജനാധിപത്യത്തിന്റെ പാതയിലേക്ക് നയിച്ചതിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക്
സുപ്രധാനപങ്കുണ്ട്. അവ ഒരു വശത്ത് അടിയന്തിരമായ സമകാലികപ്രശ്നങ്ങളെ അഭിസംബോധന ചെയ്തതോടൊപ്പം മറുവശത്ത്
അദ്ദേഹത്തിന്റെ വ്യക്തിപരവും ചരിത്രപരവുമായ ഓ‍ർമകളെയും സ്പെയിനിന്റെ സാംസ്കാരികപാരമ്പര്യത്തിന്റെ കലാപരമായ
വേരുകളെയും അന്വേഷിച്ചു. അദ്ദേഹം എടുത്തിട്ടുള്ള നാൽപതോളം ഫീച്ചർ സിനിമകളും അന്താരാഷ്ട്രതലത്തിൽ ഏറെ
ശ്രദ്ധിക്കപ്പെട്ടു. 2013ൽ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അദ്ദേഹം
തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ എൽ റെ ദെ ടോഡൊ എൽ മുൺടൊ എന്ന അദ്ദഹത്തിന്റെ ചിത്രം പൂർത്തിയായി.
തൊണ്ണൂറിനോടടുത്ത് നിൽക്കുന്ന പ്രായത്തിലും അദ്ദേഹം ചലച്ചിത്രരംഗത്ത് സജീവമാണ്.

എഴുത്ത് : ആര്‍ നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


1 Comment
  1. Moncy Joseph

    January 4, 2021 at 8:23 am

    Error in date of birth.1932 taken as 1832 It is denoted in the head line of the article.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *