കാൾ തിയൊഡോർ ഡ്രെയർ (ജനനം – 1889 ഫെബ്രുവരി 3)

ജന്മദിന സ്മരണ

കാൾ തിയൊഡോർ ഡ്രെയർ (ജനനം – 1889 ഫെബ്രുവരി 3)- Carl Theodor Dreyer

ഡാനിഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സംവിധായകസാന്നിദ്ധ്യമാണ് കാൾ ഡ്രെയർ എന്ന് പൊതുവിൽ അറിയപ്പെടുന്ന കാൾ തിയൊഡോർ ഡ്രയ‍ർ. ലോകത്തെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നായ ദ് പാഷൻ ഒഫ് ജൊആൻ ഓഫ് ആർക് എന്ന ചിത്രം സംവിധാനം ചെയ്തത് ഡ്രെയർ ആണ്.

അവിവാഹിതയായ യുവതിക്ക് പിറന്ന മകനായതുകൊണ്ടുതന്നെ ബാല്യകാലം അനാഥാലയങ്ങളിലായിരുന്നു. പിന്നീട് ദത്തെടുക്കപ്പെട്ടുവെങ്കിലും അവിടെയും അന്യത്വം അനുഭവിച്ചിരുന്നു. പ്രായപൂർത്തിയായതോടെ ആ കുടുംബത്തിൽ നിന്ന് അകലുകയായിരുന്നു. നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു ഡ്രെയർ. ബാല്യകാലത്തെയും കൗമാരകാലത്തെയും ജീവിതാനുഭവങ്ങൾ അദ്ദേഹം ചെയ്ത സിനിമകളെ വളരെയേറെ സ്വാധീനിച്ചിരുന്നു.

ആദ്യകാലത്ത് തിയറ്റർ നിരൂപകൻ, പത്രപ്രവർത്തകൻ എന്നീ ജോലികൾ ചെയ്തിരുന്നു. പിൽക്കാലത്ത് സിനിമാ തിരക്കഥകൾ രചിക്കാൻ തുടങ്ങി. 1912ലാണ് അദ്ദേഹത്തിന്റെ തിരക്കഥ ആദ്യമായി ചലച്ചിത്രമായി മാറിയത്. 1913 തൊട്ട് ഡാനിഷ് ഫിലിം കമ്പനിയായ നോ‍ർഡിസ്കിന് വേണ്ടി അദ്ദേഹം ജോലി ചെയ്യാനാരംഭിച്ചു. 1919ലാണ് ആദ്യമായി ചലച്ചിത്രം സംവിധാനം ചെയ്തത്. ദ് പ്രസിഡണ്ട് എന്നായിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്. ആദ്യകാലസംവിധാന സംരംഭങ്ങൾ പരാജയമായിരുന്നു. അതിനെത്തുടർന്ന് ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. ഴാങ് കോക്തൊ തുടങ്ങിയ പ്രമുഖ ചലച്ചിത്രകാരന്മാരെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. ദ് പാഷൻ ഒഫ് ജൊആൻ ഒഫ് ആർക് ആണ് അദ്ദേഹത്തെ അന്താരാഷ്ട്രപ്രശസ്തിയിലേക്കുയർത്തിയ ആദ്യചിത്രം. 1932ൽ പുറത്തുവന്ന വാംപയർ ആണ് അദ്ദേഹത്തിന്റെ ആദ്യ ശബ്ദചിത്രം.

വൈകാരികവിരക്തി മുറ്റിനിൽക്കുന്നതും ഇഴഞ്ഞുനീങ്ങുന്നതുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ രക്തം, വിയർപ്പ്, കണ്ണുനീർ എന്നിവ കൊണ്ട് തിളങ്ങുന്നതാണെന്നാണ് പൊതുവെ അറിയപ്പെടുന്നത്. സ്ത്രീകളുടെ സഹനമായിരുന്നു അദ്ദേഹത്തിനേറെ ഇഷ്ടപ്പെട്ട വിഷയം.

ദ് പാഷൻ ഒഫ് ജൊആൻ ഒഫ് ആർക് (1927) ഡെ ഒഫ് റാഥ് (1943) എന്നീ ചിത്രങ്ങളിൽ പള്ളിയുടെ ആൺകോയ്മാ അധികാരവ്യവസ്ഥ സ്ത്രീകളെ അതികഠിനമായി ശിക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. 1955ൽ ഇറങ്ങിയ ഓ‍ഡെറ്റ് (ദ് വേഡ്) എന്ന ചിത്രത്തിലാകട്ടെ സ്ത്രീകളോടുള്ള അടിച്ചമർത്തൽ സ്വഭാവം പ്രകടമാക്കുന്നത് അച്ഛനാണ്. ജെർട്രൂഡ് (1964) എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം അവരുടെ തന്നെ കടുത്ത അസ്തിത്വപരമായ നിരാശ സഹിക്കുന്നയാളാണ്. ആദ്യകാല നിശബ്ദചിത്രമായ മാസ്റ്റ‍ർ ഓഫ് ദ് ഹൗസ്  (1925) എന്ന സിനിമയിലാകട്ടെ ഗാർഹിക ഏകാധിപത്യത്തെക്കുറിച്ച് വളരെ നന്നായി പ്രതിപാദിച്ചിരിക്കുന്നു.

സ്വന്തമായി വളരെയേറെ സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ലെങ്കിലും, അക്കാലത്ത് പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയിരുന്നത് കുറവായിരുന്നുവെങ്കിലും അദ്ദേഹം ഡാനിഷ് സിനിമയിലെ ഒരു അദ്വിതീയൻ തന്നെയായിരുന്നു. സമഗ്രവും അനാർഭാടപൂർണവുമായ അദ്ദേഹത്തിന്റെ കഥാകഥനരീതിയിൽ ലാളിത്യം മുറ്റിയ ദൃശ്യങ്ങൾ നിറഞ്ഞുനിന്നു. ഇങ്മ‍ർ ബ‍ർഗ്മാൻ, റോബർട് ബ്രെസൻ തുടങ്ങിയ ഒട്ടേറെ പ്രമുഖ പിൽക്കാലസംവിധായകരെ ആഴത്തിൽ സ്വാധീനിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

യേശുക്രിസ്തുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ നിർമിക്കാൻ ദീർഘകാലമായി ശ്രമം തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ 1968 മാർച്ച് 20ന് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

എഴുത്ത് : ആര്‍ നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


1 Comment
  1. Dr silpakala p n

    February 3, 2021 at 8:18 am

    Excellent narration

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *