ചാര്‍ലി ചാപ്ലിന്‍ (ജനനം – 1889 ഏപ്രില്‍ 16)

ജന്മദിന സ്മരണ

ചാര്‍ലി ചാപ്ലിന്‍ (ജനനം – 1889 ഏപ്രില്‍ 16) Charlie Chaplin

ലോകസിനിമയില്‍ പരിചയപ്പെടുത്തലുകളോ വിശേഷണങ്ങളുടെ തൊങ്ങലുകളോ ആവശ്യമില്ലാത്ത ചലച്ചിത്രകാരനാണ് ചാര്‍ലി ചാപ്ലിന്‍. ഗൗരവമുള്ള പ്രേക്ഷകര്‍ക്കും സിനിമ അത്രയ്‌ക്കൊന്നും ഗൗരവത്തിലെടുക്കാത്ത പ്രേക്ഷകര്‍ക്കും ഒരുപോലെ അറിയാവുന്ന ഒരു ചലച്ചിത്രകാരന്‍ കൂടിയാണിദ്ദേഹം. ലോകസിനിമയിലെ എക്കാലത്തെയും അതികായന്മാരിലൊരാളായ ഈ ചലച്ചിത്രകാരനെ വെറുമൊരു ലളിതമായ ചെറുരേഖാചിത്രം കൊണ്ടുപോലും ഏത് കുട്ടിയും തിരിച്ചറിയും. ഇരുപതാംനൂറ്റാണ്ടിന്റെ ചലച്ചിത്രകാരന്‍ എന്ന വിശേഷണം ശരിയായ വിധത്തില്‍ അര്‍ഹിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം. ഇറുകിയ കോട്ടും അയഞ്ഞ പാന്റ്‌സും ബൂട്‌സും, കയ്യിലൊരു വടിയും തൊപ്പിയും മുറിമീശയുമുള്ള തന്റെ സ്ഥിരം ട്രാംപ് വേഷത്തില്‍ ലോകത്തെയാകമാനം ചിരിപ്പിച്ച, കരയിച്ച, ചിന്തിപ്പിച്ച ചലച്ചിത്രകാരനാണ് അദ്ദേഹം. അദ്ദേഹം കഥാകാരനാണ്, സംഗീതസംവിധായകനാണ്, എഡിറ്ററാണ്, അഭിനേതാവാണ് എല്ലാറ്റിലുമുപരി ലോകചലച്ചിത്രകാരന്മാരില്‍ പ്രമുഖനായ സംവിധായകനുമാണ്. സിനിമാനിര്‍മാണത്തിലും അദ്ദേഹം കൈകടത്തിയിട്ടുണ്ട്. കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച ചലച്ചിത്രകാരനാണദ്ദേഹം.

സൗത് ലണ്ടനിലെ വാല്‍വര്‍തിലായിരുന്നു ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലമായിരുന്നു ചാപ്ലിന്റേത്. അച്ഛന്‍ ഉപേക്ഷിച്ചതിനാല്‍ അമ്മയാണ് ചാപ്ലിനെ വളര്‍ത്തിയത്. ജീവിക്കുവാനായി, ഏഴാം വയസ് തൊട്ടുതന്നെ ചാപ്ലിന് പലപല ജോലികള്‍ ചെയ്യേണ്ടിവന്നു. അമ്മ മാനസികരോഗിയായതിനെത്തുടര്‍ന്ന് ഭ്രാന്താലയത്തില്‍ വിടേണ്ടിവന്നു. അക്കാലത്ത് തന്നെ ചാപ്ലിന്‍ സ്റ്റേജില്‍ പ്രകടനങ്ങള്‍ നടത്തുവാനാരംഭിച്ചു. നൃത്തപരിപാടികളാണ് ആദ്യം അവതരിപ്പിച്ചതെങ്കിലും ക്രമേണ നാടകങ്ങളിലേക്ക് ചുവട് മാറി. ചാപ്ലിന്റെ പ്രകടനം പൊതുവില്‍ പരക്കെ അംഗീകരിക്കപ്പെടാന്‍ തുടങ്ങി. കോമഡി ഷോകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ചാപ്ലിന്റെ മാര്‍ക്കറ്റ് വന്‍തോതില്‍ ഉയര്‍ന്നു. ഇംഗ്ലണ്ടില്‍ നിന്ന് അദ്ദേഹം അമേരിക്കയിലെത്തി. അവിടെയും തന്റെ വളര്‍ച്ച തുടര്‍ന്നു. 1915ല്‍ തന്റെ ഇരുപത്തിയാറാം വയസ്സില്‍ പ്രതിവര്‍ഷം 670000 ഡോളര്‍ (ഇന്നത്തെ കണക്കില്‍ 1.57 കോടി ഡോളര്‍) പ്രതിഫലം കൈപറ്റുന്ന നിലയിലേക്ക് അദ്ദേഹം വളര്‍ന്നു. ഇങ്ങനെ സ്വന്തമായി കോമഡികള്‍ ചെയ്യുന്ന കാലത്താണ് ചാപ്ലിന്റെ ചിരപ്രസിദ്ധമായ ട്രാംപ് വേഷം അദ്ദേഹം ചെയ്യാനാരംഭിച്ചത്. കീസ്റ്റോണ്‍, എസ്സാനി, മ്യൂച്വല്‍ തുടങ്ങിയ കമ്പനികളുമായി കരാര്‍ ഉണ്ടാക്കി നിരവധി ചെറുചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചു. പിന്നീട് സ്വന്തമായി കമ്പനി ഉണ്ടാക്കി ചിത്രങ്ങള്‍ ചെയ്യുവാനാരംഭിച്ചു. പിന്നീട് 1919ല്‍ ഡഗ്ലസ് ഫെയര്‍ബാങ്ക്‌സ്, മേരി പിക്‌ഫോഡ്, ഡി.ഡബ്ല്യു. ഗ്രിഫിത് എന്നിവരുമായി ചേര്‍ന്ന് ചാപ്ലിന്‍ യുനൈറ്റഡ് ആര്‍ടിസ്റ്റ്‌സ് എന്ന വിതരണക്കമ്പനി ആരംഭിച്ചു.

1921ലാണ് ദ് കിഡ് എന്ന ഏറെ ശ്രദ്ധേയമായ ചിത്രം ചാപ്ലിന്‍ സംവിധാനം ചെയ്യുന്നത്. സ്വന്തം അനുഭവവങ്ങളും ചെറുപ്പകാലത്തെ ദാരിദ്ര്യവും എല്ലാം ചേര്‍ത്ത ആത്മകഥാപരമായ ഒരു ചിത്രമായിരുന്നു ദ് കിഡ്.

ദ് ഗോള്‍ഡ് റഷ് (1925), ദ് സര്‍ക്കസ് (1928), സിറ്റി ലൈറ്റ്‌സ് (1931), മോഡേണ്‍ ടൈംസ് (1936), ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ (1940), മെസ്യെ വെര്‍ദ്യു (1947), ലൈംലൈറ്റ് (1952) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങള്‍. സിനിമയില്‍ ശബ്ദം ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ നിലവില്‍ വന്നുകഴിഞ്ഞിട്ടും കുറേക്കാലം ചാപ്ലിന്‍ സംഭാഷണമില്ലാത്ത സിനിമകള്‍ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി സംഭാഷണം ഉപയോഗിച്ചത്. ഇതിലെ ചാപ്ലിന്റെ പ്രസംഗം എക്കാലത്തെയും മികച്ച യുദ്ധവിരുദ്ധപ്രസംഗങ്ങളില്‍ ഒന്നാണ്. സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു ചിത്രമായിരുന്നു ദ് ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍.

ലോകത്തിലെ ഒട്ടുമിക്ക സുപ്രധാനപുരസ്‌കാരങ്ങളും നേടിയ ചലച്ചിത്രകാരനാണ് ചാപ്ലിന്‍. ഓണററി പുരസ്‌കാരമടക്കം മൂന്ന് തവണ ഓസ്‌കാര്‍ പുരസ്‌കാരവും ചാപ്ലിന്‍ നേടിയിട്ടുണ്ട്.

കാപിറ്റലിസത്തിന്റെയും സര്‍വനശീകരണായുധങ്ങളുടെ പ്രയോഗത്തിന്റെയും ശക്തനായ വിമര്‍ശകനായിരുന്നു എക്കാലത്തും ചാപ്ലിന്‍. രണ്ടാംലോകയുദ്ധകാലത്ത് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. പലതരത്തിലുള്ള സോവിയറ്റ്-അമേരിക്കന്‍ സൗഹൃദഗ്രൂപ്പുകളുണ്ടാക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തെ കമ്യൂണിസ്റ്റ് എന്ന മുദ്രകുത്തിയാണ് അമേരിക്ക വിമര്‍ശിച്ചത്. താനൊരു സമാധാനകാംക്ഷി മാത്രമാണെന്നും കമ്യൂണിസ്റ്റ് അല്ലെന്നും അദ്ദേഹം പറഞ്ഞുവെങ്കിലും അതൊന്നും അമേരിക്ക ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം സ്വിറ്റ്‌സര്‍ലന്റിലാണ് ജീവിച്ചത്.

75 വര്‍ഷത്തിലധികം നീണ്ട കരിയറിന് അന്ത്യം കുറിച്ചുകൊണ്ട് ലോകസിനിമയിലെ ഇതിഹാസമായ ചാപ്ലിന്‍ 1977 ഡിസംബര്‍ 25ന് കാലത്തിന്റെ വെള്ളിത്തിരക്ക് പിറകില്‍ മറഞ്ഞു.

(ചാപ്ലിന്‍ ഇന്ന് എന്ന 26 മിനിറ്റുള്ള ഡോക്യുമെന്ററി കാണാം .ബര്‍ത്തുലൂച്ചി ചാപ്ലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും ഓര്‍ക്കുന്നു.)

എഴുത്ത്: ആര്‍ നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


2 Comments
  1. രമിൽ

    April 16, 2021 at 8:57 am

    Chaplin

    Reply
  2. Mohanan

    April 16, 2021 at 7:04 pm

    like it.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *