ഫ്രാന്‍സിസ് ഫോഡ്‌ കൊപ്പോള (ജനനം – 1939 ഏപ്രില്‍ 7)

ഫ്രാന്‍സിസ് ഫോഡ്‌ കൊപ്പോള (ജനനം – 1939 ഏപ്രില്‍ 7) Francis Ford Coppola

ഗോഡ്ഫാദര്‍, അപോകാലിപ്‌സ് നൗ, ഡ്രാക്കുള തുടങ്ങിയ, സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളായി വര്‍ത്തിച്ച സിനിമകള്‍ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായി മാറിയ അമേരിക്കന്‍ സംവിധായകനാണ് ഫ്രാന്‍സിസ് ഫോഡ് കൊപ്പോള. അമേരിക്കന്‍ നവതരംഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ന്യൂ ഹോളിവുഡ് എന്ന സിനിമാപ്രസ്ഥാനത്തിന്റെ മുഖ്യ അമരക്കാരിലൊരാള്‍ കൂടിയായിരുന്നു ഫ്രാന്‍സിസ് ഫോഡ് കൊപ്പോള. അഞ്ച് തവണ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഓര്‍കസ്ട്രകളിള്‍ ഓടക്കുഴല്‍ വായിക്കുന്ന കാര്‍മൈന്‍ കൊപോളയുടെയും ഇറ്റാലിയ കൊപോളയുടെയും മകനായി അമേരിക്കയിലെ മിഷിഗനിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ തന്നവ േെപാളിയോ ബാധിച്ചതിനാല്‍ കുട്ടിക്കാലത്ത് കുറേക്കാലം കിടപ്പില്‍ തന്നെയായിരുന്നു. അക്കാലത്ത് വീട്ടില്‍ വച്ച് പാവകളെ ഉണ്ടാക്കി നാടകം കളിക്കുന്ന വിനോദം അദ്ദേഹത്തിനുുണ്ടായിരുന്നു. പതിനഞ്ചാം വയസ്സില്‍ എ സ്ട്രീറ്റ്കാര്‍ നെയിംഡ് ഡിസയര്‍ എന്ന കൃതി വായിച്ചതോടെ അദ്ദേഹത്തിന് തിയറ്ററില്‍ താല്‍പര്യം ജനിച്ചു. അതൊടൊപ്പം വിട്ടില്‍ വച്ചുതന്നെ 8എംഎം സിനിമകളുണ്ടാക്കുവാനും ആരംഭിച്ചു. ഹോഫ്‌സ്ട്ര കോളേജില്‍ നിന്ന് തിയറ്ററില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സിനിമയായിരുന്നു തുടര്‍പഠനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. സെര്‍ഗി ഐസന്‍സ്റ്റീനിന്റെ ഒക്ടോബര്‍ എന്ന ചിത്രമാണ് സിനിമാരംഗത്തേക്ക് പൂര്‍ഡണശ്രദ്ധ തിരിച്ചുവിടുന്ന രീതിയില്‍ അദ്ദേഹത്തെ സ്വാധീനിച്ചത്.

1963ല്‍ പഠനകാലത്ത് ഡിമെന്‍ഷ്യ 13 എന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരുന്നു. ഈ ചിത്രം കാര്യമായ വിജയം കണ്ടില്ലെങ്കിലും 1968ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഫിനിയന്‍സ് റെയിന്‍ബൊ എന്ന ചിത്രമാണ് ആദ്യമായി ശ്രദ്ധേയമായ വിജയം നേടിയത്.

ദ റെയ്ന്‍ പീപ്പ്ള്‍ (1969) ദ് ഗോഡ് ഫാദര്‍ (1972) ദ് ഗോഡ്ഫാദര്‍ ഭാഗം 2 (1974) അപോകാലിപ്‌സ് നൗ (1979) ദ ഔട്‌സൈഡേഴ്‌സ് (1983) പെഗ്ഗി സ്യൂ ഗോട് മാരീഡ് (1986), ടകര്‍: ദ് മാന്‍ ഏന്റ് ഹിസ് ഡ്രീം (1988), ദ് ഗോഡ്ഫാദര്‍ ഭാഗം 3 (1990) ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള (1992) യൂത് വിതൗട് യൂത് (2006) ഡിസ്റ്റന്റ് വിഷന്‍ (2015) എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

ലോകത്തെ ഏറ്റവും മികച്ച കുറച്ച് സിനിമകള്‍ തിരഞ്ഞെടുത്താല്‍ അതില്‍ ഉറപ്പായും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ ആണ് ഗോഡ് ഫാദര്‍ ത്രയവും അപോകാലിപ്‌സ് നൗവും. ഈ സിനിമകളെല്ലാം സംവിധാനാം ചെയ്തിരിക്കുന്നത് ഒരാള്‍ തന്നെ  എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഗോഡ് ഫാദര്‍ പോലെ തന്നെ ലോകം ക്ലാസിക് ആയി കണക്കാക്കുന്നതാണ് വിയറ്റ്‌നാം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ അപോകാലിപ്‌സ് നൗ എന്ന കൊപ്പോള ചിത്രം.

അദ്ദേഹത്തിന്‌റെ ചിത്രങ്ങള്‍ക്ക് ആകെ 14 ഓസ്‌കാര്‍ പുരസ്‌കാരങ്ങളും 8 ബാഫ്റ്റ പുരസ്‌കാരങ്ങളും 10 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഗോഡ്ഫാദര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ക്കും അപൊകാലിപ്‌സ് നൗ, ബ്രാം സ്റ്റാകേഴ്‌സ് ഡ്രാക്കുള എന്നീ ചിത്രങ്ങള്‍ക്കുമാണ് ഈ പുരസ്‌കാരങ്ങളെല്ലാം ലഭിച്ചിരിക്കുന്നത്.

എഴുത്ത് : ആര്‍ നന്ദലാല്‍

രൂപകല്‍പ്പന: പി പ്രേമചന്ദ്രന്‍


1 Comment
  1. രമിൽ

    April 8, 2021 at 8:55 am

    സ്നേഹം

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *