കോസ്റ്റ-ഗാവ്റസ് (ജനനം – 1933 ഫെബ്രുവരി 12)

ജന്മദിന സ്മരണ

കോസ്റ്റ-ഗാവ്റസ് (ജനനം – 1933 ഫെബ്രുവരി 12) Costa-Gavras

രാഷ്ട്രീയ സാമൂഹിക ചിത്രങ്ങളുടെ പേരിൽ പ്രസിദ്ധനായ ഗ്രീക്ക്-ഫ്രഞ്ച് ചലച്ചിത്ര സംവിധായകനാണ് കോസ്റ്റ ഗാവ്റസ്. ഭൂരിഭാഗം ചിത്രങ്ങളും ഫ്രഞ്ച് ഭാഷയിലാണെങ്കിലും ഒട്ടേറെ ഇംഗ്ലീഷ് ഭാഷാചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഗ്രീസിലെ അർകാഡിയയിലാണ് കോസ്റ്റ-ഗാവ്റസ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ, രണ്ടാം ലോകയുദ്ധകാലത്ത് നാസി അധിനിവേശത്തിനെതിരായി പ്രതിരോധനിര തീർത്ത ഗ്രീക്ക് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഇത്തരം  ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന കോസ്റ്റ-ഗാവ്റസിനെ കമ്യൂണിസ്റ്റ് എന്ന മുദ്ര ചാർത്തി ജയിലിലടച്ചു. അമേരിക്കയിൽ സിനിമ പഠിക്കണം എന്ന അദ്ദേഹത്തിന്റെ മോഹം, അറസ്റ്റിനെ തുടർന്ന് വിസ നിഷേധിക്കപ്പെട്ടതിനാൽ നടക്കാതെ പോയി. തുടർന്ന് 1951ൽ ഫ്രാൻസിലേക്ക് പഠനാർത്ഥം പോയ അദ്ദേഹം അവിടത്തെ സ്ഥിരം പൗരത്വം നേടുകയായിരുന്നു. സാഹിത്യമാണ് ആദ്യം പഠിച്ചതെങ്കിലും പിന്നീട് 1956ൽ സോബോണിലെ ഇൻസ്റ്റിറ്റ്യൂട് ഒഫ് ഹയർ സിനിമാറ്റൊഗ്രഫിക് സ്റ്റഡീസിൽ ചേർന്ന് സിനിമ പഠിക്കാനാരംഭിച്ചു. തുടർന്ന് റെനെ ക്ലെയറിനെപ്പോലുള്ള പ്രമുഖ മുൻനിര ഫ്രഞ്ച് സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചിരുന്നു.

1965ൽ സംവിധാനം ചെയ്ത ദ് സ്ലീപിങ് കാർ മർഡേഴ്സ് ആണ് ആദ്യചിത്രം. ഇത് ഒരു ത്രില്ലർ സിനിമയായിരുന്നു. അതേ സമയം അദ്ദേഹത്തിന്റെ സിനിമകളിൽ വെറും വിനോദചിത്രം എന്ന ലേബൽ ഒട്ടിക്കാവുന്ന അവസാനചിത്രവും ഇതാണെന്ന് പറയാം. ഗ്രീക്ക് ഭരണകൂടത്തെ പട്ടാളഭരണം അട്ടിമറിച്ചതോടെ അദ്ദേഹത്തിന്റെ സിനിമകൾ രാഷ്ട്രീയട്രാക്കിലേക്ക് പ്രവേശിച്ചു. പ്രമുഖ ഗ്രീക്ക് ഇടതുപക്ഷ പ്രവർത്തകനും സമാധാനവാദിയുമായ ഗ്രിഗോറിസ് ലാംബ്രാക്കിസിനെ വലതുപക്ഷ ഭരണകൂട ഒത്താശയോടെ 1963ൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഗ്രീസിൽ വലിയ രാഷ്ട്രീയപ്രക്ഷോഭങ്ങൾ നടന്നിരുന്നു.  ഈ പശ്ചാത്തലത്തിൽ 1969ൽ Z എന്ന രാഷ്ട്രീയചിത്രം പുറത്തുവന്നതോടെ കോസ്റ്റ-ഗാവ്റസ് എന്ന സംവിധായകൻ ലോകസിനിമാവേദിയിലെമ്പാടും ശ്രദ്ധേയസാന്നിദ്ധ്യമായി മാറി. 1970ൽ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരവും ഈ ചിത്രം നേടുകയുണ്ടായി. പിന്നെയിറങ്ങിയ മിക്ക സിനിമകളും രാഷ്ട്രീയ അധിനിവേശത്തിനും അടിച്ചമർത്തലിനുമെതിരെയുള്ള അദ്ദേഹത്തിന്റെ സുവ്യക്തമായ നിലപാടുകൾ എടുത്തുകാണിക്കുന്നവയായിരുന്നു.

ദ് കൺഫെഷൻ (1970), സ്റ്റേറ്റ് ഒഫ് സീജ് (197), സ്പെഷ്യൽ സെക്ഷൻ (1975), അമേരിക്കൻ പിന്തുണയോടുകൂടി ചിലിയിൽ പിനോഷെ നേതൃത്വം നൽകിയ സ്വേച്ഛാധിപത്യത്തിന്റെ കീഴിൽ ജനങ്ങൾ അപ്രത്യക്ഷരാകാൻ തുടങ്ങിയതിനെക്കുറിച്ച് ചെയ്ത മിസ്സിങ് (1982), ഫലസ്തീനു വേണ്ടി സംസാരിച്ച ഹന്ന കെ. (1983), അമേരിക്കൻ നവനാസിയും വ‍ർണവറിയനുമായ റോബർട് മാത്യൂസിന്റെ തീവ്രവാദപ്രവ‍ർത്തനങ്ങളെ വിമർശിച്ച ബിട്രെയ്ഡ് (1988), രണ്ടാംലോകയുദ്ധകാലത്ത് നാസി കോൺസൻട്രേഷൻ കാംപുകളിൽ നടന്ന വംശഹത്യയെപ്പറ്റി അറിയാമായിരുന്നിട്ടും വേണ്ട ഇടപെടലുകൾ നടത്താതിരുന്നയാളാണ് അന്നത്തെ പോപ് പയസ് പന്ത്രണ്ടാമൻ എന്ന് പറയുന്ന ആമെൻ (2003), കോ‍ർപറേറ്റ് അഴിമതിയെയും ആർത്തിയെയും കുറിച്ച് പറയുന്ന കാപിറ്റൽ (2012), 2015ലെ ഗ്രീസ് സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് ഡോക്യുമെന്ററി ശൈലിയിൽ പറയുന്ന അഡൾട്സ് ഇൻ ദ് റൂം (2019) എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളിൽ ചിലതാണ്.

ഓസ്കാ‍ർ പുരസ്കാരങ്ങൾക്ക് പുറമേ കാൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും മറ്റ് രാജ്യങ്ങളിലും എല്ലാം നിരവധി പുരസ്കാരങ്ങൾ കോസ്റ്റ-ഗാവ്റസും അദ്ദേഹത്തിന്റെ ചിത്രങ്ങളും നേടുകയുണ്ടായി.

മിസ്സിങ് എന്ന ചിത്രത്തെത്തുടർന്ന് അമേരിക്കയിൽ കോസ്റ്റ-ഗാവ്റസിനെതിരായി ഒരു കേസ് ഫയൽ ചെയ്തു എന്നതിനാൽ 2006ൽ മാത്രമാണ് ആ ചിത്രം അമേരിക്കയിൽ റിലീസ് ചെയ്യാൻ സാധിച്ചത്. പിനോഷെ ഭരണകാലത്ത് ചിലിയിലും ഈ ചിത്രം വിലക്കപ്പെട്ടു. ഇസ്രയേൽ ലോബിയെ നിരാശപ്പെടുത്തി എന്നതിനാൽ അവരുടെ ഇടപെടൽ കാരണം ഹന്ന കെ. എന്ന ചിത്രവും അമേരിക്കയിൽ പ്രദർശിപ്പിക്കപ്പെട്ടില്ല. “എല്ലാ സിനിമകളും രാഷ്ട്രീയസിനിമകളാണ്” എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ നിരീക്ഷണം എത്രമാത്രം കൃത്യമാണെന്ന് കാണിച്ചുതന്നവ തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും.

എഴുത്ത് : ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍

ചാര്‍ളി ചാപ്ലിന്റെ ഗ്രേറ്റ് ഡിക്റ്റേറ്റര്‍ സിനിമയുടെ  പ്രസക്തിയെ സംബന്ധിച്ച് കോസ്റ്റ ഗാവ്റസ്‌ നടത്തുന്ന നിരീക്ഷണങ്ങള്‍ ഉള്‍പ്പെട്ട ഡോക്യുമെന്ററി കാണാം. (Chaplin Today: The Great Dictator – Full Documentary with Costa-Gavras)


2 Comments
 1. murali

  February 12, 2021 at 11:43 am

  How to see the ducumentary on Great dictator? .no link , timing etc. are seen.

  Reply
 2. porno

  May 30, 2022 at 11:51 am

  Some really fantastic blog posts on this website , thanks for contribution. Seth Wiesen

  Reply

Write a Reply or Comment

Your email address will not be published. Required fields are marked *