ഡേവിഡ് ലീൻ (ജനനം – 1908 മാർച്ച് 25) David Lean
ഇതിഹാസസമാനമായ മഹത്തായ ചിത്രങ്ങൾ ലോകസിനിമക്ക് സമ്മാനിച്ച പ്രമുഖ ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകനാണ് ഡേവിഡ് ലീൻ. ഇരുപതാം നൂറ്റാണ്ടിന്റെ ചലച്ചിത്രകാരനായി വിലയിരുത്താവുന്ന ഡേവിഡ് ലീനിന്റെ വിഖ്യാത ചലച്ചിത്രങ്ങളിൽ പ്രതിഫലിച്ചിരുന്നത് ആ കാലഘട്ടത്തിലെ ചരിത്രപരവും സാമൂഹികവുമായ മാറ്റങ്ങളുടെ വൈപുല്യവും അവ ചെലുത്തിയ സ്വാധീനവും തന്നെയായിരുന്നു.
പ്രൊട്ടസ്റ്റന്റ് വിഭാഗത്തൽ പെടുന്ന കർക്കശക്കാരായ മാതാപിതാക്കളുടെ മകനായതുകൊണ്ടു തന്നെ പതിനേഴ് വയസ്സുവരെ സിനിമ കാണാനുള്ള അനുവാദം ലീനിന് കിട്ടിയിരുന്നില്ല. പത്താം വയസ്സിൽ അമ്മാവൻ സമ്മാനിച്ച ഒരു ക്യാമറയിൽ ആണ് ദൃശ്യങ്ങളുമായുള്ള പരീക്ഷണങ്ങൾ ലീൻ ആരംഭിച്ചത്. പിൽക്കാലത്ത് സിനിമകളോട് തോന്നിയ താൽപര്യത്തിന്റെ പുറത്ത്, 1927 മുതൽ ബ്രിട്ടനിലെ പ്രശസ്തമായ ഗൗമോൺട് സ്റ്റുഡിയോസിൽ നിരന്തരം പോകുവാനും പിന്നീട് അവിടെ നാമമാത്രമായ ചില ജോലികൾ ചെയ്യാനും ആരംഭിച്ചു. തുടർന്ന് അവിടെത്തന്ന ക്ലാപ്പടിക്കുന്ന ജോലിയും കിട്ടി. അവിടെ നിന്ന് തേഡ് അസിസ്റ്റന്റ് ഡയറക്റ്റർ എന്ന തസ്തികയിലേക്ക് ഉയർന്നു. 1930 ആകുമ്പോഴേക്കും, കൃത്യമായ നിരീക്ഷണത്തിലൂടെ എഡിറ്റിങ് സാങ്കേതികവിദ്യകൾ മനസ്സിലാക്കുകയും അവിടെത്തന്നെ എഡിറ്ററായി ജോലി ആരംഭിക്കുകയും ചെയ്തു. അക്കാലത്തെ വിഖ്യാതചിത്രങ്ങളായ പിഗ്മാലിയൻ, മേജർ ബാർബറ, ദ് ഫോർടി നൈൻത് പാരലൽ, വൺ ഒഫ് ഔർ എയർക്രാഫ്റ്റ് ഈസ് മിസിങ് തുടങ്ങിയവ ഡേവിഡ് ലീൻ എഡിറ്റ് ചെയ്തതാണ്.
പ്രമുഖ ഇംഗ്ലീഷ് നാടകകൃത്തും എഴുത്തുകാരനും ഒക്കെയായ നോയൽ കവാഡിന്റെ ഇൻ വിച് വി സെർവ് എന്ന തിരക്കഥ സിനിമയാക്കാനുദ്ദേശിച്ച ക്രൂവിനൊപ്പം ലീനും ചേർന്നു. തന്റെയൊപ്പം കവാഡും കൂടെ ചേരുകയാണെങ്കിൽ ഒരുമിച്ച് ആ സിനിമ സംവിധാനം ചെയ്യാമെന്നും, എഡിറ്റിങ് താൻ തന്നെ നിർവഹിച്ചോളാമെന്നും ലീൻ നിർദേശിച്ചു. അങ്ങനെയാണ് രണ്ടാംലോകയുദ്ധത്തെക്കുറിച്ചുള്ള ഇൻ വിച് വി സെർവ് എന്ന സിനിമയിലൂടെ ഡേവിഡ് ലീൻ എന്ന സംവിധായകൻ ജനിക്കുന്നത്. ഈ സിനിമ വൻപ്രചാരം നേടിയതോടെ സംവിധായകൻ എന്ന നിലയിൽ ഡേവിഡ് ലീൻ തന്റെ സ്ഥാനം ഉറപ്പിച്ചു.
ചെറുപ്പം തൊട്ടേ ഫോട്ടോഗ്രഫി അറിയാമായിരുന്നതുകൊണ്ട് ദൃശ്യങ്ങളെക്കുറിച്ചും വെളിച്ചത്തെയും നിഴലുകളെയും കുറിച്ചും ദൃശ്യവിന്യാസത്തെക്കുറിച്ചും ഒക്കെ വളരെ വ്യക്തമായ ധാരണകൾ ലീനിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ അത് കൃത്യമായി ദർശിക്കാവുന്നതുമാണ്. “ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീൻ ഇതാണ് എന്ന ബോധ്യത്തോടെയാണ് ഒരു സിനിമയിലെ ഓരോ സീനിനെയും പരിഗണിക്കേണ്ടത്. വ്യക്തത, കുടുതൽ വ്യക്തത. അതിനായിരിക്കണം ഏറ്റവും പ്രാധാന്യം” എന്ന ലീനിന്റെ പ്രസ്താവന ഈ കലാമാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം വ്യക്തമാക്കുന്ന ഒന്നാണ്. ദിസ് ഹാപ്പി ബ്രീഡ് (1944), 1945ൽ ഇറങ്ങിയ ബ്ലൈഥ് സ്പിരിറ്റ്, എ ബ്രീഫ് എൻകൗണ്ടർ എന്നിവയാണ് തുടർന്ന് സംവിധാനം ചെയ്ത ചിത്രങ്ങൾ.
സാഹിത്യകൃതികൾ സിനിമയാക്കുന്നതിൽ സവിശേഷതാൽപര്യമുള്ളയാളായിരുന്നു ലീൻ. ഡിക്കൻസിന്റെ വിഖ്യാതകൃതികളായ ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് (1946), ഒലിവർ ട്വിസ്റ്റ് (1947) എന്നിവ അടുത്തടുത്ത വർഷങ്ങളിലായി പുറത്തുവന്നു. ദ് പാഷനേറ്റ് ഫ്രണ്ട്സ് (1949), മാദ്ലെയ്ൻ (1950), ദ് സൗണ്ട് ബാരിയർ (1952), ഹോബ്സൺസ് ചോയ്സ് (1954), സമ്മർടൈം (1955), എന്നിവയാണ് തുടർന്നുവന്ന സിനിമകൾ.
1957ലാണ് സിനിമാചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ബ്രിഡ്ജ് ഓൺ ദ് റിവർ ക്വായ് എന്ന വിഖ്യാതചിത്രം സംവിധാനം ചെയ്തത്. ആ വർഷം മികച്ച ചിത്രത്തിനും സംവിധായകനും ഉള്ള ഓസ്കാർ അവാർഡ് ലഭിച്ച ചിത്രമാണ് ഇത്. ലോറൻസ് ഒഫ് അറേബ്യ (1962) എന്ന അടുത്ത ചിത്രവും സിനിമാചരിത്രത്തിലെ സമാനതകളില്ലാത്ത ചിത്രമാണ്. ഇതിനും മികച്ച ചിത്രത്തിനും സംവിധായകനും ഉള്ള ഓസ്കാർ അവാർഡ് ലഭിച്ചു. ഇ.എം. ഫോസ്റ്ററിന്റെ നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച എ പാസേജ് റ്റു ഇന്ത്യ (1984) ആണ് അദ്ദേഹത്തിന്റെ മറ്റൊരു വിഖ്യാതചിത്രം. ഡോക്ടർ ഷിവാഗൊ (1965), റ്യാൻസ് ഡോട്ടർ (1970), ലോസ്റ്റ് ഏന്റ് ഫൗണ്ട്: ദ സ്റ്റോറി ഒഫ് കുക്ക്സ് ആംഗർ (1979) എന്നിവ മറ്റ് പ്രധാനചിത്രങ്ങളാണ്. ഗാന്ധിയുടെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിർമിക്കാൻ കാര്യമായ പദ്ധതിയുണ്ടായിരുന്നെങ്കിലും അത് നടക്കാതെ പോയത് ലീനിനെ സംബന്ധിച്ച ഏറ്റവും വലിയ സങ്കടങ്ങളിലൊന്നായിരുന്നു.
സിനിമ സംബന്ധിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ താഴെ കൊടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ തന്നെ വാചകങ്ങളിൽ നിന്ന് സുവ്യക്തമാണ്:
“നാടകവൽകരിച്ച യാഥാർത്ഥ്യമാണ് സിനിമ, അതിനെ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കലാണ് സംവിധായകരുടെ ജോലി. (അതിന്റെ പിറകിലെ) സാങ്കേതികതകളെക്കുറിച്ച് പ്രേക്ഷകർക്ക് ധാരണയുണ്ടായിരിക്കേണ്ടതില്ല.”
“ജനങ്ങളെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിക്കാനും, ഒരു പക്ഷെ മറ്റ് ചില സംവിധായകർ നോക്കുമ്പോൾ കാണുന്നതിനേക്കാൾ ആഴത്തിലേക്ക് രണ്ടോ മൂന്നോ അടരുകളിലേക്ക് കൂടി ദൃഷ്ടി പായിക്കാനും കഴിയുന്നു എന്നതാണ് എനിക്ക് അവകാശപ്പെടാവുന്ന പ്രതിഭാശാലിത്വം.”
1999ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധകരിച്ച എക്കാലത്തെയും മികച്ച 100 ബ്രിട്ടീഷ് സിനിമകളുടെ ലിസ്റ്റിൽ 7 സിനിമകൾ ഡേവിഡ് ലീനിന്റേതാണെന്ന് മാത്രമല്ല, ആ ലിസ്റ്റിൽ ഏറ്റവുമധികം ചിത്രങ്ങളുമായി മുൻപന്തിയിൽ നിൽക്കുന്ന സംവിധായകനും ലീനായിരുന്നു. ഈ ലിസ്റ്റിൽ ബ്രീഫ് എൻകൗണ്ടർ, ലോറൻസ് ഒഫ് അറേബ്യ, ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് എന്നീ ചിത്രങ്ങൾ യഥാക്രമം 2, 3, 5 എന്നീ സ്ഥാനങ്ങളിലും ദ് ബ്രിഡ്ജ് ഓൺ ദ് റിവർ ക്വായ് പതിനൊന്നാം സ്ഥാനത്തും ഡോക്ടർ ഷിവാഗൊ 21ാം സ്ഥാനത്തുമുണ്ട്. ഒലിവർ ട്വിസ്റ്റ് നാൽപത്തിയാറാം സ്ഥാനത്തും ഇൻ വിച് വി സെർവ് തൊണ്ണൂറ്റി രണ്ടിലുമാണുള്ളത്.
ലോകത്തെമ്പാടും നിന്നുള്ള ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇതിഹാസസമാനനായ ഡേവിഡ് ലീൻ അന്തരിച്ചത് 1991 ഏപ്രിൽ 16ന് ലണ്ടനിലെ ലൈംഹൗസിലാണ്.
അദ്ദേഹത്തിന്റെ ജെവിതത്തെയും സിനിമകളെയും ആധാരമാക്കിയുള്ള ഡോക്യുമെന്ററി സൈറ്റിലെ പ്ലെയറില്‍ കാണാം. https://ffsikeralam.online/news-events/david-lean/
എഴുത്ത് : ആര്‍. നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍