ദ്സീഗാ വിയെർതോഫ് (1896 ജനുവരി 2 – 1954 ഫെബ്രുവരി 12)

ദ്സീഗാ വിയെർതോഫ് (1896 ജനുവരി 2 – 1954 ഫെബ്രുവരി 12)- Dziga Vertov

ദ് മാൻ വിത് എ മൂവി ക്യാമറ എന്ന വിഖ്യാതചിത്രത്തിലൂടെ ലോകസിനിമാചരിത്രത്തിൽ സവിശേഷസ്ഥനം നേടിയ ചലച്ചിത്രകാരനും സിനിമാസൈദ്ധാന്തികനുമാണ് ദ്സീഗാ വിയെർതോഫ്. സോവിയറ്റ് സിനിമാചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അദ്ദേഹം. ഇന്നത്തെ പോളണ്ടിലാണ് വിയെർതോഫ് ജനിച്ചത്. എന്നാൽ റഷ്യൻ വിപ്ലവത്തിനുശേഷമുള്ള തന്റെ ജീവിതകാലം പൂർണമായും സോവിയറ്റ് യൂനിയനിൽ തന്നെയാണ് അദ്ദേഹം ചെലവഴിച്ചത്.

 

ഡേവിഡ് കോഫ്മാൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും പിൽക്കാലത്ത് പമ്പരം എന്നർത്ഥം വരുന്ന ദ്സീഗാ വിയെർതോഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. കിനോക്സ് എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന സോവിയറ്റ് ഫിലിം സ്കൂളിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഥാപാത്രങ്ങളെ കൃത്രിമമായി സൃഷ്ടിച്ച് അഭിനയിപ്പിക്കുന്ന കഥാസിനിമകളെയെല്ലാം അദ്ദേഹം തീർത്തും നിരാകരിച്ചിരുന്നു. സെററുകൾ, നടീനടന്മാ‍ർ, നേരത്തെ തീരുമാനിക്കപ്പെട്ട കഥ അതിനനുസൃമായ തിരക്കഥ എന്നിവയ്ക്കെല്ലാം അദ്ദേഹം എതിരായിരുന്നു. ഇത്തരത്തിൽ കഥകളും തിരക്കഥകളും ഉണ്ടാക്കി നിർമിക്കപ്പെടുന്ന സിനിമകളെല്ലാം ബൂർഷ്വാസിയുട കലയെയാണ് പോഷിപ്പിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു. യഥാർത്ഥ ജവിതത്തിൽ നിന്ന് നേരിട്ട് പകർത്തുന്നതാകണം സിനിമകൾ എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ സിനിമകൾ കിനൊ-ഐ എന്ന സിദ്ധാന്തത്തെ ആശ്രയിച്ചുള്ളതായിരുന്നു. ഇത് പ്രകാരം ക്യാമറ എന്നത്, മനുഷ്യന്റെ കണ്ണുകൾ പോലെ, ജീവിതത്തിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങളെ അതേപടി കാണാനും പകർത്തിവെക്കാനുമുള്ള ഒരു യന്ത്രം എന്ന നിലയിലാണ് സിനിമയിൽ വർത്തിക്കേണ്ടത്. ഡോക്യുമെന്ററികളുടെ പിറകിലെ സിദ്ധാന്തം ഇതായിരുന്നു. തിയറ്ററിന്റെ സ്വാധീനമോ കൃത്രിമമായ സ്റ്റുഡിയോ സെറ്റപ്പുകളോ ഇല്ലാത്ത ഒരു സിനിമാഭാഷ സൃഷ്ടിക്കുവാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്.

 

റഷ്യൻ ആഭ്യന്തരയുദ്ധകാലത്ത് ന്യൂസ് റീലുകൾ നിർമിച്ചുകൊണ്ടായിരുന്നു വിയെർതോഫ് ചലച്ചിത്രജീവിതം ആരംഭിച്ചത്. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ റഷ്യൻ സർക്കാറിന്റെ സിനിമാവിഭാഗത്തിൽ സംവിധായകനായി മാറി. 1922ൽ കിനൊ-പ്രാവ്ദ (ഫിലിം ട്രൂത്) എന്ന ഗ്രൂപ്പ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. സ്ട്രൈഡ് സോവിയറ്റ് (1925), എ സിക്സ്ത് ഓഫ് ദ് വൈൾഡ് (1926), ദ് ഇലെവൻത് (1928), ദ് മാൻ വിത് എ മൂവി ക്യാമറ (1928), സിംഫണി ഓഫ് ദ ഡോൺബാസ് (1930), ത്രീ സോങ്സ് ഓഫ് ലെനിൻ (1934) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങൾ. പിൽക്കാലത്ത് വിയെർതോഫ്, സോവിയറ്റ് യൂനിയന്റെ സെൻട്രൽ ഡോക്യുമെന്ററി സ്റ്റുഡിയോയുടെ ഡയറക്റ്ററായി നിയമിക്കപ്പെട്ടു. 1960കളിൽ പ്രചാരം നേടിയ സിനിമാ വെരിറ്റെ (ഡോക്യുമെന്ററി റിയലിസം) എന്ന പ്രസ്ഥാനത്തിന് കാരണമായത് വിയെർതോഫിന്റെ ചലച്ചിത്രകൃതികളും സിദ്ധാന്തങ്ങളുമായിരുന്നു.

എഴുത്ത് : ആര്‍ നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *