സെർഗി എം. ഐസൻസ്റ്റീൻ (ജനനം – 1898 ജനുവരി 22)

ജന്മദിന സ്മരണ

സെർഗി എം. ഐസൻസ്റ്റീൻ (ജനനം – 1898 ജനുവരി 22)- Sergei M. Eisenstein

ലോകം കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളാണ് സെർഗി ഐസൻസ്റ്റീൻ. മികച്ച ചലച്ചിത്രസൈദ്ധാന്തികൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ബാറ്റിൽഷിപ് പൊടെംകിൻ എന്ന വിഖ്യാത ചലച്ചിത്രം ഒരു ക്ലാസിക് എന്ന നിലയിൽ സാ‍ർവലൗകികവും സാർവകാലികവുമായ ചാരുതയുള്ള ഒന്നാണ്.

ലാത്വിയയിലാണ് ഐസൻസ്റ്റീൻ ജനിച്ചത്. അന്നത്തെ മികച്ച വാസ്തുവിദ്യാവിദഗ്ദ്ധനായിരുന്ന അച്ഛന്റെ പാത പിന്തുടരുവാനായി ഐസൻസ്റ്റീനും അതുതന്നെയാണ് പഠിക്കുവാനാരംഭിച്ചതെങ്കിലും 1918ലെ റഷ്യൻവിപ്ലവകാലത്ത് ചെമ്പടയോടൊപ്പം അണിനിരക്കുവാനായി പഠനം പാതിയിൽ ഉപേക്ഷിച്ചു. ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിലേക്ക് നയിച്ച ഒട്ടേറെ മികച്ച പ്രചരണപ്രവർത്തനങ്ങൾ കണക്കാക്കി സർക്കാറിന്റെ പ്രൊലെറ്റ്കൾട് തിയറ്ററിൽ അസിസ്റ്റന്റ് ഡയറക്റ്ററായി അദ്ദേഹം നിയമിതനായി. അവിടെ പെട്ടെന്ന് തന്നെ അദ്ദേഹം ഉയർന്ന നിലയിലെത്തി. തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ തന്നെ, സോവിയറ്റ് തിയറ്റ‍ർമേഖലയെ വിപ്ലവകരമായ മാറ്റങ്ങൾക്ക് വിധേയമാക്കിത്തീ‍ർത്ത ഒട്ടേറെ നാടകങ്ങളുടെ സ്രഷ്ടാവായി മാറി സെർഗി ഐസൻസ്റ്റീൻ. റഷ്യൻ വിപ്ലവത്തിന്റെ ഭാഗമായി രൂപംകൊണ്ട സ‍ർക്കാ‍ർ അങ്ങനെയാണ് സിനിമാനിർമാണം എന്ന ആവശ്യത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. അദ്ദേഹം സിനിമയെ നാടകത്തിന്റെ വികസിതമായ അടുത്ത ഒരു തലം എന്ന രീതിയിലല്ലായിരുന്നു കണ്ടത്. മറിച്ച് നിലവിലുള്ള എല്ലാ കലാരൂപങ്ങളുടെയും ഒരു സംയോജിത രൂപമായിട്ടായിരുന്നു.

സ്ട്രൈക് എന്ന ചിത്രമാണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്തത്. അതിനെത്തുട‍ന്ന് 1925ൽ അദ്ദേഹത്തോട്, 1905ൽ പൊടെംകിൻ എന്ന യുദ്ധക്കപ്പലിൽ നടന്ന നാവികകലാപത്തെക്കുറിച്ച് ഒരു സിനിമയുണ്ടാക്കാൻ സ‍ർക്കാ‍ർ ആവശ്യപ്പെടുകയായിരുന്നു. ഒന്നാം റഷ്യൻ വിപ്ലവം എന്നറിയപ്പെടുന്ന, സാ‍ർ ചക്രവർത്തിക്കെതിരായി നടന്ന പരാജയപ്പെട്ട വിപ്ലവകാലത്തെ ഒരു പ്രധാനസംഭവമായിരുന്നു പൊടെംകിൻ എന്ന യുദ്ധക്കപ്പലിൽ, കപ്പൽ അധികാരികൾക്കെതിരെ കപ്പലിലെ തൊഴിലാളികൾ നടത്തിയ കലാപം. ഈ കലാപത്തിന്റെ ഇരുപതാം വാർഷികം ആചരിക്കുന്ന വേളയിൽ അതിനെക്കുറിച്ച് ഐസൻസ്റ്റീൻ എടുത്ത സിനിമയാണ്ണ് ഇന്ന് ലോകസിനിമകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സിനിമകളിലൊന്നായ ദ് ബാറ്റിൽഷിപ് പൊടെംകിൻ. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധ മാസികയായ സൈറ്റ് ഏന്റ് സൗണ്ട് ഓരോ പത്ത് വ‍ർഷം കൂടുമ്പോഴും അക്കാലം വരെയിറങ്ങിയ സിനിമകളിൽ മികച്ച നൂറെണ്ണം കണ്ടെത്തുന്നതിനായി ഒരു തിരഞ്ഞെടുപ്പ് നടത്താറുണ്ട്. 1952ൽ ആരംഭിച്ച് 2012 വരെയുള്ള ഓരോ പത്ത് വർഷങ്ങളിലും നടന്ന ഈ തിരഞ്ഞെടുപ്പ് പ്രക്രിയയയ്ക്കൊടുവിൽ പ്രസിദ്ധീകരിക്കുന്ന മികച്ച നൂറ് സിനിമകളുടെ ലിസ്റ്റുകളിലെല്ലാം ആദ്യ പന്ത്രണ്ട് റാങ്കിനകത്ത് ഉൾപ്പെട്ടിട്ടുള്ള ഒരു ചിത്രം കൂടിയാണിത് എന്നു പറയുമ്പോൾ, അത്, സിനിമ പുറത്തുവന്ന് ഏതാണ്ട് 100 വർഷങ്ങൾ പിന്നിടാറാവുമ്പോഴും ഈ ചിത്രം എന്തുമാത്രം പ്രസക്തമാണ് എന്നതിന്റെ അടയാളപ്പെടുത്തലാവുന്നു.

അന്ന് വരെ നിലനിന്നിരുന്ന വെറും കഥപറച്ചിൽ രീതികളിൽ നിന്ന് വ്യത്യസ്തമായി സിനിമയെ ഒരു കലാരൂപം എന്ന നിലയിൽ സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് ഐസൻസ്റ്റീൻ നടത്തിയിട്ടുള്ളത്. മൊണ്ടാഷ് പോലെയുള്ള ചലച്ചിത്രസങ്കേതങ്ങളെ ആദ്യമായി മികച്ച രീതിയിൽ വൈദഗ്ദ്ധ്യത്തോെടെ ഉപയോഗിച്ച സംവിധായകനാണ് ഐസൻസ്റ്റീൻ. ലളിതമായി പറഞ്ഞാൽ, വ്യത്യസ്തദൃശ്യങ്ങൾ ചേർത്തുവക്കുമ്പോൾ പുതിയ അർത്ഥം രൂപംകൊള്ളുന്നതിനെയാണ് സിനിമാഭാഷയിൽ മൊണ്ടാഷ് എന്ന് വിളിക്കുന്നത്.  വ്യത്യസ്തമായ ദൃശ്യങ്ങളുടെ ചേർത്തുവെക്കൽ എന്ന ആ ഒരു പ്രക്രിയ കൊണ്ട് മാത്രം, ആ ദൃശ്യങ്ങൾ അവ ഒറ്റയ്ക്കൊറ്റക്ക് കാണുമ്പോൾ ലഭിക്കുന്നതിൽ നിന്നും തീ‍ർത്തും വ്യത്യസ്തമായ ഒരു പുതിയ ആശയം ഒരു പുതിയ ഗുണവിശേഷത്തോടെ ഉണ്ടാക്കുന്നു എന്നാണ് ഐസൻസ്റ്റീൻ തന്റെ 1942ൽ ഇറങ്ങിയ ഫിലിം സെൻസ് എന്ന കൃതിയിൽ പറയുന്നത്.

ഒക്ടോബർഃ ദ ടെൻ ഡെയ്സ് ദാറ്റ് ഷുക്ക് ദ് വേൾഡ് (1928), ക്വെ വിവാ മെക്സിക്കൊ (1932), ചരിത്രാഖ്യായികകളായ അലെക്സാണ്ടർ നെവ്സ്കി (1938), ഇവാൻ ദ് ടെറിബിൾ (ഒന്നാം ഭാഗം 1944ലും രണ്ടാം ഭാഗം 1958ലും) എന്നിവ പ്രധാന ചിത്രങ്ങളാണ്യ സിനിമാ സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഒട്ടേറെ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.

1948 ഫെബ്രുവരി 11നാണ് സെർഗി ഐസൻസ്റ്റീൻ ചരമമടഞ്ഞത്.

(ഐസൻസ്റ്റീനെകുറിച്ചുള്ള  ലഘുഡോക്യുമെന്ററി കാണാം)

തയ്യാറാക്കിയത്: ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *