ഒരു നൂറ്റാണ്ടിന് മുമ്പ് ജനിച്ച വിഖ്യാത ചലച്ചിത്രകാരൻ ഫെഡറി കോ ഫെല്ലിനിയെ ഓർമ്മിക്കുകയാണ് നാമിപ്പോൾ. ഇറ്റലിയിലെ റെമിനി എന്ന ഗ്രാമത്തിൽ 1920 ജനുവരി 20നാണ് ഫെല്ലിനി ജനിച്ചത്. പത്രപ്രവർത്തകനായും കാർട്ടൂണിസ്റ്റായും പണിയെടുത്തു. ചിത്രകലയുമായുള്ള ബന്ധം പ്രശസ്ത സിനിമാ സംവിധായകൻ റോബർട്ടോ റോസല്ലിനിയുമായി പരിചയപ്പെടാൻ അവസരമൊരുക്കി. സിനിമാ അഭിനയവും സിനിമാ നിർമ്മാണവും ഒത്തുചേർന്ന്, ക്രമേണ അദ്ദേഹം നാമിന്നറിയുന്ന ഫെലിനിയിലേക്ക് വളരുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയനാമങ്ങളിൽ ഒന്നായി ഫെല്ലിനിമാറി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള നാലര പതിറ്റാണ്ട് അദ്ദേഹത്തിന്റെ സിനിമാ ജീവിതം നീണ്ടുനിന്നു.1993 ഒക്ടോബർ 31 ന് ഫെല്ലിനി വിടവാങ്ങി.
വെറൈറ്റി ലൈറ്റ്സ് എന്ന സിനിമയിലൂടെ ആരംഭിച്ച്, ദി വൈറ്റ് ഷെയ്ക്ക് എന്ന ചിത്രത്തിലൂടെ പരാജയത്തിന്റെ രുചി അറിഞ്ഞ്, പതിയെ തുടങ്ങിയ ഫെല്ലിനിയെ ചലച്ചിത്ര ലോകം പിന്നീട് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇറ്റാലിയൻ സിനിമയിൽ നാമ്പെടുത്ത നിയോറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടർച്ചയിലെ ഏറ്റവും പ്രധാന പേരുകളിലൊന്ന് ഫെഡറികോ ഫെല്ലിനിയായിരുന്നു. ഇന്ദ്രജാലം പോലെ അത്ഭുതങ്ങൾ ഒരുക്കിവെച്ചുകൊണ്ട്, എന്താണ് തന്റെ സിനിമയിൽ സംഭവിക്കാൻ പോകുന്നതെന്ന് മുൻകൂട്ട പ്രവചിക്കാൻ ആരേയും അനുവദിക്കാതെ, ചലനാത്മകമായ ഒരു ശൈലിയിൽ പ്രേക്ഷകനെ ഫെല്ലിനി അതിശയിപ്പിച്ചു.
സുഘടിതമായ ഒരു ഇതിവൃത്തമോ നേർരേഖയിലുള്ള കഥ പറച്ചിലോ ഒന്നുമില്ലാതെ, മാസ്മരിക ഭാവം കലർന്ന സ്വപ്ന ദൃശ്യങ്ങളിലൂടെ, മാറിമറിയുന്ന ഭ്രമ കൽപ്പനയുടേതായ ഒരു താളം ഒരുക്കിയാണ് ഫെല്ലിനി നമ്മുടെ അടുത്തേക്ക് വന്നത്. പിന്നീട് റിയലിസത്തെത്തന്നെ നിരാകരിച്ച്, കറുത്ത ഹാസ്യത്തിന്റെ പിൻബലത്തിൽ, പരസ്പരം ബന്ധമില്ലാത്ത ദൃശ്യങ്ങളിലൂടെ സിനിമ നിർമ്മിച്ച് ചലച്ചിത്ര ലോകത്ത് സ്ഥാനം നേടിയെടുത്ത സംവിധായകനായിരുന്നു അദ്ദേഹം. ആര്‍ക്കും അനുകരിക്കാനാവാത്ത തരത്തില്‍, പരുപരുത്ത പ്രതലത്തിൽ തീർത്തെടുത്ത വിരലിലെണ്ണാവുന്ന ചലച്ചിത്രങ്ങളേ ഫെല്ലിനിയുടേതായി വന്നിട്ടുള്ളു. എങ്കിലും അവയിൽ പലതും ചലച്ചിത്രകലയുടെ പാഠപുസ്തകങ്ങളാണ്.
1954-ൽ പുറത്തിറക്കിയ ലാ സ്ട്രാഡ നിയോറിയലിസത്തിന്റെ സ്വാധീനത്തിൽ പിറന്ന ഒന്നായിരുന്നു. പിൽക്കാലത്തെ അദ്ദേഹത്തിന്റെ സിനിമകളിൽ കാണാത്ത തരത്തിൽ നിയതമായ ഒരു കഥാഘടനയിൽ രൂപം കൊണ്ടതാണത്. ജെൽസൊമിന എന്ന നിഷ്കളങ്കയായ ഒരു ബാലികയുടെയും അവളുടെ ജീവിതത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന പരുക്കനായ സമ്പാനോയുടെയും കഥയാണ് ലാ സ്ട്രാഡ. ഈ സിനിമ ഫെല്ലിനിയെ അന്താരാഷ്ട്ര പ്രശസ്തനാക്കുകയുണ്ടായി.
ഫെല്ലിനിയുടെ മാസ്റ്റർപീസായി എക്കാലവും പരിഗണിച്ചിട്ടുള്ള ചിത്രമാണ് എയ്റ്റ് ആന്റ് ഹാഫ്. മികച്ച സിനിമകളുടെ പട്ടികയിലെല്ലാം ഇന്നും ഈ സിനിമ ഇടം കണ്ടെത്തും.
സിനിമയ്ക്കുള്ളിലെ സിനിമയാണ് എട്ടര. മധ്യവയസ്കനായ ഒരു സംവിധായകൻ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയെ നർമ്മവും പരിഹാസവും ഭ്രമകൽപ്പനയും ഇടകലർന്ന ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു ഈ ദീർഘ സിനിമ.
ഇതിലെ കഥാനായകൻ ഫെല്ലിനിയുടെ തന്നെ ആത്മാംശം പേറുന്നയാളാണ്.
അടുക്കും ചിട്ടയും തെറ്റിയ ജീവിതം പോലെയാണ് ഇതിലെ ഓരോ ഷോട്ടും ഫെല്ലിനി ഒരുക്കിയിരിക്കുന്നത്. മർചല്ലോ മസ്ട്രോണി എന്ന അതുല്യ നടന്റെ മികവും സിനിമാ ലോകം ആദരവോടെ കണ്ടതാണ്.
റോമിലെ തെരുവുകളിൽ ഒരിറ്റ് സ്നേഹത്തിനു വേണ്ടി അലഞ്ഞു നടന്ന കബീരിയ എന്ന അഭിസാരികയുടെ ജീവിതം പറഞ്ഞ നൈറ്റ്സ് ഓഫ് കബീരിയ, ഫാസിസ്റ്റ് കാലത്തെ ഇറ്റലിയുടെ ഗ്രാമ പശ്ചാത്തലത്തിൽ ആവിഷ്ക്കരിച്ച അമർകോഡ് തുടങ്ങി എണ്ണം പറഞ്ഞ ഏതാനും സിനിമകളിലൂടെ ഇന്നും നമ്മുടെ മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് ഫെഡറികോ ഫെല്ലിനി.
സമകാലികരായ ഇറ്റാലിയൻ സിനിമാക്കാർ പലരും ഇടതുപക്ഷ വീക്ഷണം പേറിയപ്പോൾ, ക്രിസ്തുമതത്തിലെ ജനാധിപത്യത്തിൽ പുരോഗമനം കണ്ടിരുന്നയാളാണ് ഫെല്ലിനി. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളോ രാഷ്ട്രീയ മനോഭാവങ്ങളോ തന്നെ സ്വാധീനിക്കാറില്ലന്നും വ്യക്തിയുടെ സ്വകാര്യ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നുണ്ടോ എന്നു മാത്രമേ താൻ ശ്രദ്ധിക്കാറുള്ളൂ എന്നതാണ് തന്റെ നിലപാടെന്നും പറഞ്ഞു വച്ചിട്ടുണ്ട് ഫെല്ലിനി. ലോകസിനിമയെ എക്കാലത്തും സ്വാധീനിക്കാന്‍ കഴിയുന്ന മഹാന്മാരായ ചലച്ചിത്രകാരന്മാരിൽ തീര്‍ച്ചയായും ഫെഡറികോ ഫെല്ലിനിയും ഉണ്ടാകും.
ഫെഡറികോ ഫെല്ലിനിയുടെ ഓര്‍മ്മകള്‍ നല്ല സിനിമയുടെ പരസരങ്ങളില്‍ എന്നും നിലനിര്‍ത്തുന്നതിനായി കേരളത്തിലെ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ആദരവോടെ അദ്ദേഹത്തിന്റെ മികച്ച ഏതാനും സിനിമകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുകയാണ്, ഈ നൂറാമത് ജന്മവാര്‍ഷിക സന്ദര്‍ഭത്തില്‍.
വിനോദ്‌കുമാർ പി.കെ.
December 25, 2020 at 7:34 amഈ സംരഭത്തിനും അഭിവാദ്യങ്ങൾ….ചിത്രങ്ങൾക്കായി ആകാക്ഷയോടെ
RAJESWARY KK
December 26, 2020 at 4:26 pmആശംസകൾ. ആകാംക്ഷയോടെ കാത്തിരിക്കുന്നു.