ഫ്രാൻസ്വാ ത്രൂഫൊ (ജനനം – 1932 ഫെബ്രുവരി 6)

ജന്മദിന സ്മരണ

 

ഫ്രാൻസ്വാ ത്രൂഫൊ (ജനനം – 1932 ഫെബ്രുവരി 6)- François Truffaut

ഫ്രഞ്ച് നവതരംഗം എന്ന പേരിൽ പ്രശസ്തമായ സിനിമാപ്രസ്ഥാനത്തിന്റെ ആവിഷ്ക‍ർത്താക്കളിലെ പ്രമുഖനാണ് ഫ്രാൻസ്വാ ത്രൂഫൊ. ചലച്ചിത്രസംവിധായകൻ എന്നതിനോടൊപ്പം തിരക്കഥാകൃത്തും നിർമാതാവും നടനും അതിലെല്ലാമുപരി മികച്ച സിനിമാനിരൂപകനും കൂടിയായിരുന്നു ത്രൂഫൊ. കയേ ദു സിനിമ (Cahiers du Cinema) എന്ന പ്രമുഖ ഫ്രഞ്ച് ചലച്ചിത്രമാസികയിലെ പ്രധാന എഴുത്തുകാരനും കൂടിയായിരുന്നു ത്രൂഫൊ.

അച്ഛനാരാണെന്നറിയാത്ത കുട്ടിയായതുകൊണ്ടുതന്നെ മുത്തശ്ശിയോടൊപ്പമാണ് ത്രൂഫൊ വളർന്നത്. മുത്തശ്ശി ത്രൂഫൊയിൽ നല്ല വായനാശീലം വളർത്തിയെടുത്തിരുന്നു. മുത്തശ്ശിയുടെ മരണശേഷം എട്ടാംവയസ്സിലാണ് അമ്മയോടും അവരുടെ ഭർത്താവിനോടും ഒത്ത് ത്രൂഫൊ ജീവിക്കുവാനാരംഭിച്ചത്. ബാല്യകാലം അസ്വസ്ഥമായിരുന്നു. മിക്ക സമയത്തും വീട്ടിനു പുറത്താണ് ചെലവഴിച്ചത്. സിനിമയാണ് വീട്ടിലെ സുഖകരമല്ലാത്ത ജീവിതാവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാൻ ത്രൂഫൊയെ സഹായിച്ചിരുന്നത്. അക്കാലത്ത് ദിവസേന മൂന്ന് സിനിമൾ കാണുക, ആഴ്ചയിൽ മൂന്ന് പുസ്തകങ്ങൾ വായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

പതിനാറാം വയസ്സിൽ, സിനിമയിലെ എക്കാലത്തെയും പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ ആന്ദ്രെയ് ബേസിനെ കണ്ടുമുട്ടുന്നതോടെ ത്രൂഫൊയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സംഭവിക്കുകയായിരുന്നു. ചെറുപ്പകാലത്ത് സാമ്പത്തിക പ്രതിസന്ധികൾ ഉൾപ്പെടെയുള്ള പല പ്രതിസന്ധികളിൽ നിന്നും ത്രൂഫൊയെ രക്ഷിച്ചിരുന്നത് ബേസിൻ ആയിരുന്നു. പട്ടാളത്തിൽ ചേർന്ന് അവിടെ നിന്ന് രക്ഷപ്പെടാൻ നോക്കിയതിന് തടവിലാക്കപ്പെട്ട ത്രൂഫൊയെ അവിടെ നിന്നിറക്കിക്കൊണ്ടുവന്നതും ബേസിൻ ആയിരുന്നു. തുടർന്നാണ് ബേസിൻ അദ്ദേഹത്തെ കയേ ദു സിനിമയിലേക്ക് എടുക്കുന്നത്. ഇവിടെ ഒരു ദാക്ഷിണ്യവുമില്ലാതെ സിനിമാവിമർശനം നടത്തിയിരുന്ന ത്രൂഫൊ അക്കാലത്ത് അറിയപ്പെട്ടിരുന്നത് ‘ഫ്രഞ്ച് സിനിമയുടെ ശവക്കുഴി തോണ്ടുന്നവൻ’ എന്നായിരുന്നു. സിനിമാചരിത്രത്തിലെ വിഖ്യാതമായ ഓടിയർ സിദ്ധാന്തം വികസിപ്പിക്കുന്നതിൽ ബേസിന് ഏറ്റവും സഹായമേകിയ വ്യക്തി ത്രൂഫൊയായിരുന്നു. കയേ ദു സിനിമയിൽ 1958ൽ അദ്ദേഹം എഴുതിയ എ സെർടൻ ട്രെൻഡ് ഒഫ് ഫ്രഞ്ച് സിനിമ എന്ന വിഖ്യാതലേഖനം വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നായിരുന്നു. നൂറുകണക്കിന് ലേഖനങ്ങൾ പിന്നെയും അദ്ദേഹം എഴുതി.

അന്നുവരെയുണ്ടായിരുന്ന പരമ്പരാഗത സിനിമാനിർമാണ രീതികളെയെല്ലാം നിഷേധിച്ചുകൊണ്ട് 1950കളുടെ അവസാനദശകങ്ങളിൽ ഫ്രാൻസിലെ സിനിമാമേഖലയിൽ സജീവമായ പുതിയ പ്രസ്ഥാനമായിരുന്നു ഫ്രഞ്ച് നവതരംഗം. ചലച്ചിത്രമേഖലയിൽ നിന്നിരുന്ന പതിവ് രീതികളെയും പ്രതീകങ്ങളെയും എല്ലാം ഉടച്ചുവാർക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഫ്രാൻസ്വാ ത്രൂഫൊയും ഗൊദാർദും അലൻ റെനെയും ഒക്കെ ഉൾപ്പെട്ട ഒരുകൂട്ടം വിഗ്രഹഭഞ്ജകരായിരുന്നു ഈ സിനിമാപ്രസ്ഥാനത്തിന്റെ പതാകവാഹകർ. മനുഷ്യാനുഭവങ്ങളിൽ ഊന്നിക്കൊണ്ടുള്ള അസ്തിത്വ പ്രശ്നങ്ങളുടെ പ്രകൃതത്തെക്കുറിച്ചുള്ള ദാർശനികാന്വേഷണം ഉൾപ്പെടെയുള്ള പുതിയ പരീക്ഷണങ്ങൾ സിനിമയിലേക്ക് ഇവർ ഉൾച്ചേർത്തു. ഇത്തരം പുതിയ ആശയങ്ങൾ അല്പം സങ്കീർണമായതുകൊണ്ടുതന്നെ, ഇത്തരം സിനിമകൾ ആസ്വദിക്കുവാൻ കുറച്ചുകൂടി മെച്ചപ്പെട്ട ആസ്വാദനശീലം ആവശ്യമാണെന്ന നിലയും വന്നു. ഒറ്റക്കാഴ്ചയിൽ കഥ മനസ്സിലാക്കി പോകാവുന്ന യഥാതഥചിത്രങ്ങളുടെ കാഴ്ചാശീലങ്ങൾ പേറുന്നവരെ ഫ്രഞ്ച് നവതരംഗസിനിമകൾ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയിരുന്നത്. ആ ധാരയ്ക്ക് അടിത്തറ പാകുന്നതിൽ ത്രൂഫൊയുടെ എഴുത്തുകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.

1955ൽ ഉനെ വിസ്തെ 1957ൽ ലെ മിസ്തൊൺസ് എന്നീ ഹ്രസ്വചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 1959ൽ ഇറങ്ങിയ 400 ബ്ലോസ് ആണ് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ. ആത്മകഥാപരമായ ഒരു സൃഷ്ടിയായിരുന്നു 400 ബ്ലോസ്.  ഈ ചിത്രത്തിലെ പ്രധാനകഥാപാത്രമായ അന്റോയ്ൻ ദോയ്നൽ ആയി അഭിനയിച്ച ഴാങ് പിയറി ല്യൂദ് പിൽക്കാലത്തും ത്രൂഫൊയുടെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമായിലെ സംവിധായക-നായക കൂട്ടുകെട്ടുകളിൽ മുൻനിരയിലുള്ള ഒന്നായിരുന്നു അവരുടെ കൂട്ടുകെട്ട്.

ഷൂട് ദ് പിയാനൊ പ്ലെയ‍ർ (1960), യൂൾസ് ഏന്റ് ജിം (1962), ദ് സോഫ്റ്റ് സ്കിൻ (1964), ഫാരൻഹീറ്റ് 451 (1966), സ്റ്റോളൻ കിസ്സസ് (1968), ആനി ഏന്റ് മ്യുരിയെൽ (1971), ഡെ ഫോർ നൈറ്റ് (1973), ദ് ലാസ്റ്റ് മെട്രൊ (1980) എന്നിവയാണ് ഫ്രാൻസ്വാ ത്രൂഫൊയുടെ പ്രശസ്ത ചിത്രങ്ങൾ.

ബ്രെയിൻ ട്യൂമർ ബാധിച്ച് തന്റെ അമ്പത്തിരണ്ടാം വയസ്സിൽ 1984 ഒക്ടോബർ 21ന് മരിക്കുന്നതുവരെയും, അദ്ദേഹം തന്നെ രൂപം നൽകിയതും ഒരു തരത്തിൽ വിപ്ലവാത്മകം എന്ന് വിശേഷിപ്പിക്കാവുന്നതുമായ സിനിമാഭാഷയോട് അങ്ങേയറ്റം കൂറ് പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ചലച്ചിത്രസൈദ്ധാന്തികൻ, ഓഥർ എന്നീ നിലകളിൽ അദ്ദേഹം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങളുടെ മഹിമ അപരിമേയമാണ്.

എഴുത്ത് : ആര്‍ നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍
ഫ്രാൻസ്വാ ത്രൂഫൊയുടെ ചലച്ചിത്ര ജീവിതത്തെ ആധാരമാക്കിയുള്ള François Truffaut: The Man Who Loved Cinema എന്ന ഡോക്യുമെന്ററിയും കാണാം.


2 Comments
  1. Vinay

    February 6, 2021 at 8:48 am

    Not able to open the video

    Reply
  2. VKJOSEPH

    February 6, 2021 at 10:57 am

    സാർത്ഥകം ഈ അനുസ്മരണം.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *