ഗ്ലോബർ റോഷ (ജനനം – 1939 മാ‍ർച്ച് 14)

ജന്മദിന സ്മരണ

ഗ്ലോബർ റോഷ (ജനനം – 1939 മാ‍ർച്ച് 14) Glauber Rocha
ലാറ്റിനമേരിക്കൻ സിനിമയിൽ, പ്രത്യേകിച്ച് ബ്രസീലിയൻ സിനിമയിൽ, സിനിമ നൊവൊ എന്ന് പൊതുവിൽ അറിയപ്പെട്ട നവസിനിമാപ്രസ്ഥാനത്തിന് തുടക്കമിട്ട പ്രമുഖ ചലച്ചിത്രകാരനാണ് ഗ്ലോബർ റോഷ. അടിസ്ഥാനവർഗത്തിന്റെ ഉന്നമനത്തിനും, അവരുടെ പ്രതിഷേധങ്ങളെ രേഖപ്പെടുത്തുവാനും ഉള്ള ഒരു കലാരൂപമായി സിനിമയെ കണ്ട ചലച്ചിത്രകാരൻ കൂടിയാണ് ഗ്ലോബർ റോഷ.
ബ്രസീലിലെ ബാവിയയിൽ ജനിച്ച റോഷ ഒമ്പതാം വയസ്സിൽ സാൽവദോറിലേക്ക് താമസം മാറി. കൌമാരകാലത്ത് നാടകത്തിലും സിനിമയിലും അതീവതൽപരനായി മാറിയ റോഷ അക്കാലത്ത് ഒരു നാടക്കമ്പനിയിൽ ചേരുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തിലും അദ്ദേഹം വളരെ സജീവമായിരുന്നു.
ബ്രസീലിലെ റാഡിക്കൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം, 1950 കളുടെ അവസാനവർഷങ്ങളിൽ മൂലധനത്തിനെതിരെ ജനകീയവിപ്ലവം നയിക്കുന്നതിനായി ഒരു പുതിയ രാഷ്ട്രീയപാർടി രൂപീകരിക്കുന്നതിൽ സജീവപങ്ക് വഹിക്കുകയും ചെയ്തിരുന്നു. 1959ൽ നിയമപഠനം ആരംഭിച്ചുവെങ്കിലും പിന്നീട് സിനിമകളിലും പത്രപ്രവർത്തനത്തിലും സജീവമാകുവാനായി നിയമപഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പത്രപ്രവർത്തകൻ, നിരൂപകൻ എന്നീ നിലകളിൽ ജോലി ചെയ്യാനാരംഭിച്ച റോഷ 1959ൽ എടുത്ത പാഷ്യൊ (ദ കോർട് യാഡ്) എന്ന ഹ്രസ്വചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെടുകയും അദ്ദേഹത്തെ ചലച്ചിത്രകാൻ എന്ന രീതിയിൽ അടയാളപ്പെടുത്തുവാൻ ഇടയാക്കുകയും ചെയ്തു. കറുപ്പും വെളുപ്പും ഇടകലർന്ന നിറങ്ങളുള്ള ഒരു മുറ്റത്തിരുന്ന് സംവദിക്കുന്ന ഒരു സ്ത്രീയെയും പുരുഷനെയും ചിത്രീകരിക്കുന്ന ഒരു പരീക്ഷണചിത്രമായിരുന്നു പാഷ്യൊ. 1964ൽ എടുത്ത ബ്ലാക് ഗോഡ് വൈറ്റ് ഡെവിൾ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർസിനിമ. എൻട്രാൻസ്ഡ് എർത് (1967), അന്റൊണിയൊ ദസ് മൊർടെസ് (1969) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ഫീച്ചർ സിനിമകളാണ്. ബ്രസീലിന്റെ രാഷ്ട്രീയം തന്നെയാണ് ഈ സിനിമകളുടെയെല്ലാം വിഷയം. ഈ മൂന്ന് ചിത്രങ്ങളും ഗ്ലോബർ റോഷയുടെ ഒരു ചിത്രത്രയമായാണ് അറിയപ്പെടുന്നത്.
ഗ്ലോബർ റോഷയ്ക്ക് അന്നത്തെ ബ്രസീലിലെ ഏകാധിപത്യ പട്ടാള ഭരണത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം എല്ലായ്പോഴും ബ്രസീലിയൻ ഭരണത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു. അധികാരികളുമായുള്ള ഈ ഉരസൽ കാരണം 1970ൽ റോഷയ്ക്ക് ബ്രസീലിൽ നിന്ന് നാടുവിടേണ്ടതായി വന്നു. പിന്നീട് ചിലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ പ്രദേശങ്ങളിലാണ് കുറേക്കാലം അദ്ദേഹം ചെലവഴിച്ചത്.
കട്ടിങ് ഹെഡ്സ് (1970), ക്ലാരൊ (1975), ദ് ഏജ് ഒഫ് ദ് എർത് (1980) എന്നിവ അദ്ദേഹം വിദേശത്തുനിന്ന് പൂർത്തിയാക്കിയ ചിത്രങ്ങളാണ്.
ടേണിങ് വിൻഡ് (1962), ആമസോണാസ് (1965), മരാഞ്ഞാവൊ 66 (1966), ദ് ലയൺ ഹാസ് സെവൻ ഹെഡ്സ് (1970), കാൻസർ (1982) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാനചിത്രങ്ങൾ.
1963ൽ പുറത്തുവന്ന റോഷയുടെ ക്രിട്ടിക്കൽ റിവ്യു ഓഫ് ബ്രസീലിയൻ സിനിമ എന്ന കൃതി ബ്രസീലിയൻ സിനിമയുടെ വിവിധവശങ്ങളിൽ നിന്നുമുള്ള ചരിത്രമാണ് പഠനവിഷയമാക്കുന്നത്.
1965ൽ അദ്ദേഹം എഴുതിയ ഏസ്തറ്റിക്സ് ഒഫ് ഹംഗർ എന്ന പ്രബന്ധം ലോകചലച്ചിത്ര ചരിത്രത്തിലെ ഒരു ശ്രദ്ധേയകൃതിയാണ്. സിനിമ നൊവൊ എന്ന പ്രസ്ഥാനത്തെ അതിന്റെ സമകാലികപ്രസ്ഥാനങ്ങളോട് ചേർത്ത് വായിക്കാൻ ശ്രമിക്കുന്ന ഒരു മാനിഫെസ്റ്റൊ ആണ് ഈ പ്രബന്ധം. അടിസ്ഥാനജീവിതസൌകര്യങ്ങളും അവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അക്രാമകമായ രൂക്ഷപ്രതികരണങ്ങളെ പ്രകടിപ്പിക്കാനുള്ള വിപ്ലവസിനിമയ്ക്കായുള്ള ഉണർത്തുപാട്ടായിരുന്നു ഈ മാനിഫെസ്റ്റൊ. മൂന്നാംലോകരാജ്യങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ പതിഞ്ഞതും എന്നാൽ അക്രാമകസ്വഭാവമുള്ളതുമായ സാമൂഹ്യാവസ്ഥയെയാണ് പ്രബന്ധത്തിന്റെ തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന വിശപ്പ് എന്ന പദം കൊണ്ട് റോഷ വിവക്ഷിക്കുന്നത്. പ്രബന്ധത്തിൽ ഒരിടത്ത് അദ്ദേഹം ഇങ്ങനെ പറയുന്നു:
“ഭൂരിപക്ഷം യൂറോപ്യർക്കും ബ്രസീലിയർക്കും മനസ്സിലാവാത്ത ഈ വിശപ്പെന്താണെന്ന് ഞങ്ങൾക്ക് (സിനിമ നൊവൊ പ്രസ്ഥാനക്കാർക്ക്) മനസ്സിലാവും… ഈ വിശപ്പ് വരുന്നതെവിടെ നിന്നെന്ന് അവർക്കറിയില്ല. ഞങ്ങൾക്കറിയാം-ഈ ദുഃഖകരവും വികൃതവുമായ ചിത്രങ്ങളുണ്ടാക്കുന്ന ഞങ്ങൾക്ക്. യുക്തിക്ക് എല്ലായ്പ്പോഴും ഉച്ചത്തിൽ ശബ്ദം കേൾപ്പിക്കാൻ കഴിയില്ലെന്നും മന്ത്രിസഭയുടേയോ സർക്കാറിന്റെയോ ആസൂത്രണം കൊണ്ട് ഈ വിശപ്പ് ശമിപ്പിക്കാൻ കഴിയില്ലെന്നും ഹതാശമായ ചിത്രങ്ങൾ നിർമിക്കുന്ന ഞങ്ങൾക്കറിയാം. ടെക്നികളറിന്റെ വിവിധ നിറത്തിലുള്ള അടരുകൾ കൊണ്ട് മുഴകൾ ഒളിപ്പിക്കാൻ കഴിയില്ല; കൂടുതൽ പെരുപ്പിച്ചു കാട്ടാനേ കഴിയൂ. ഇതൊക്കെ ഇങ്ങിനെ പറയുമ്പോഴും വിശപ്പിന്റെ ഒരു സംസ്കാരത്തിന് മാത്രമേ അതിന്റെ തന്നെ ഘടനയെ സ്വയം അവലോകനം ചെയ്ത്, ഗുണപരമായി പറഞ്ഞാൽ അതിനേക്കാൾ ഉന്നതിയിലേക്ക് ഉയരുവാൻ കഴിയൂ: അതാണ് സാംസ്കാരിക വിശപ്പിന്റെയും അക്രമത്തിന്റെയും ഏറ്റവും ഉദാത്തമായ പ്രകടിതരൂപം.”
സ്വന്തം സിനിമകളുടെ രാഷ്ട്രീയം ഉച്ചത്തിൽ വിളിച്ചുപറയുന്ന ഒരു പ്രസ്താവനയാണ് ഇതിലൂടെ ഗ്ലോബർ റോഷ നടത്തുന്നത്.
2015ൽ ബ്രസീലിലെ ഫിലിം ക്രിടിക്സ് അസോസിയേഷൻ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 100 ബ്രീസിലിയൻ സിനിമകളുടെ ലിസ്റ്റിൽ രണ്ടാമതും അഞ്ചാമതും വരുന്നത് യഥാക്രമം ബ്ലാക് ഗോഡ് വൈറ്റ് ഡെവിൾ, എൻട്രാൻസ്ഡ് എർത് എന്നീ ചിത്രങ്ങളാണ്.
കാൻ, ലൊകാർനൊ ഉൾപ്പെടെയുള്ള പ്രമുഖ ചലച്ചിത്രമേളകളിൽ പുരസ്കാരം നേടിയ ഒരു സംവിധായകൻ കൂടിയാണ് ഗ്ലോബർ റോഷ.
ബ്രസിലിലെ റിയോ ഡി ജനാറോയിൽ വച്ച് 1981 ഓഗസ്റ്റ് 22ന് അദ്ദേഹം അന്തരിച്ചു.

റോഷയുടെ ശ്രദ്ധേയമായ ഹ്രസ്വചിത്രം പാഷ്യൊ (ദ കോർട് യാഡ്) മുകളിലെ ലിങ്കില്‍ കാണാം.

എഴുത്ത് : ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


1 Comment
  1. Rajani P V

    March 15, 2021 at 11:40 pm

    Informative👌

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *