ഡി. ഡബ്ല്യു. ഗ്രിഫിത്ത് (ജനനം – 1875 ജനുവരി 22)

ജന്മദിന സ്മരണ

) – D. W. Griffith

ചലച്ചിത്രകലയുടെ ഉദ്ഭവകാലത്ത് തന്നെ ആ കലയുടെ പല അടിസ്ഥാനസങ്കേതങ്ങളും വികസിപ്പിച്ച വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനാണ് ഗ്രിഫിത് എന്നറിയപ്പെടുന്ന ഡേവിഡ് വാർക് ഗ്രിഫിത്. ബെ‍ർത് ഓഫ് എ നാഷൻ ഉൾപ്പെടെ അക്കാലത്ത് തന്നെ പ്രദർശനവിജയം നേടിയ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

കെന്റക്കിയിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ നല്ല വായനാശീലമുണ്ടായിരുന്നു. നാടകകൃത്തായും നടനായും കുറച്ചുകാലം ചെലവഴിച്ചുവെങ്കിലും പിന്നീട് ചലച്ചിത്രമേഖലയിലേക്കെത്തി. ന്യൂയോർക്കിലെ ബയോഗ്രാഫ് കമ്പനിക്കുവേണ്ടി അദ്ദേഹം 1908നും 1913നും ഇടയിൽ നാനൂറിലധികം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. അവയെല്ലാം ഒറ്റ റീൽ സിനിമകൾ സിനിമകളായിരുന്നു. ഏതാണ്ട് പന്ത്രണ്ട് മിനിറ്റായിരുന്നു ഇവയുടെ ദൈർഘ്യം. 1913ൽ ജൂഡിത് ഏന്റ് ബെതൂലിയ എന്ന പേരിൽ നാല് റീലുകളുള്ള ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ആദ്യകാല മുഴുനീള ചിത്രങ്ങളിൽ പെട്ട ഒന്നായിരുന്നു ഈ സിനിമ. ക്ലോസ് അപ്, ലോങ് ഷോട്, ക്രോസ് കട്ടിങ്, ഫേഡ്-ഇൻ, ഫേഡ്-ഔട് തുടങ്ങിയ നിരവധി സിനിമാ സങ്കേതങ്ങൾ ആദ്യമായി മികച്ച രീതിയിൽ അവതരിപ്പിച്ചത് ഗ്രിഫിത് ആയിരുന്നു.

1915ൽ അദ്ദേഹം സംവിധാനം ചെയ്ത ദ ബെർത് ഓഫ് എ നാഷൻ എന്ന ചിത്രം ലോകസിനിമയുടെ ചരിത്രത്തിലെ സവിശേഷമായ ഒരു നാഴികക്കല്ലാണ്. അന്ന് ഏതാണ്ട് ഒരു ലക്ഷം ഡോളർ മുതൽമുടക്കിൽ നിർമിച്ച ഈ ചിത്രം ദശലക്ഷക്കണക്കിന് ഡോളറുകളാണ് ലാഭമുണ്ടാക്കിയത്. സിനിമ എന്ന കലാരൂപം വൻതോതിൽ ലാഭം കൊയ്യാനുള്ള ഒരു കച്ചവടമാർഗമാണെന്ന പുതിയ തിരിച്ചറിവിലേക്ക് കലാകാരന്മാരേയും പണം മുതൽമുടക്കാൻ സാധിക്കുന്നവരേയും എത്തിച്ച ഒരു ചിത്രം എന്ന നിലയിൽ കച്ചവടസിനിമാചരിത്രത്തിലും ഇതിന് ഏറെ പ്രസക്തിയുണ്ട്. അതേസമയം ആ ചിത്രം മുന്നോട്ടുവെച്ച വർണവിവേചനപരമായ സമീപനത്തിന്റെ പേരിൽ വളരെയേറെ വിമർശിക്കപ്പെട്ടിരുന്നു. കറുത്ത വർഗക്കാരെ മോശമായി ചിത്രീകരിക്കുകയും, കു ക്ലക്സ് ക്ലാൻ പോലെയുള്ള വംശീയവെറിയന്മാരായ സംഘങ്ങളെ ആദർശവൽകരിക്കുകയും ചെയ്തു എന്നതിനാൽ ഈ ചിത്രത്തിന് നാനാഭാഗത്തുനിന്നും വലിയ തോതിലുള്ള എതിർപ്പ് നേരിടേണ്ടിവന്നിരുന്നു. പ്രദർശിപ്പിച്ച പല തിയറ്ററുകളിലും കലാപം പോലും നടക്കുകയുണ്ടായി.

പിന്നീട് 1916ൽ ഇറങ്ങിയ ഇൻടോളറൻസ് എന്ന ചിത്രം ഇന്നും പ്രേക്ഷകരെ അത്ഭുതസ്തബ്ധരാക്കുന്ന ഒന്നാണ്. നാല് കഥകളുടെ സമാഹാരമായ ഈ ചിത്രം അന്നത്തെ കാലത്തെ പരിമിതമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എങ്ങനെ ചെയ്തെടുത്തു എന്നുള്ളത് അതിശയകരമാണെന്നതിനൊപ്പം ഗ്രിഫിത് എന്ന വ്യക്തിയിലെ കലാകാരന്റെ അത്ഭുതകരമായ വെളിപ്പെടൽ കൂടിയാണ്.

1919ൽ ചാ‍ർലി ചാപ്ലിൻ, മേരി പിക്ഫോർഡ്, ഡഗ്ലസ് ഫെയർബാങ്ക്സ് എന്നിവരുമായി ചേർന്ന് ഗ്രിഫിത് യുനൈറ്റഡ് ആർടിസ്റ്റ്സ് എന്ന കമ്പനിക്ക് രൂപം നൽകി. സിനിമാമേഖലയിൽ കമേഴ്സ്യൽ സ്റ്റുഡിയോകളെ ആശ്രയിക്കാതെ തന്നെ കലാകാരന്മാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് സിനിമകളെടുക്കുന്നതിന് സംവിധാനമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിറകിൽ ഉണ്ടായിരുന്നത്.

ബ്രോക്കൺ ബ്ലോസംസ് (1919), ഓർഫൻസ് ഒഫ് ദ് സ്റ്റോം (1921), വെ ഡൗൺ ഈസ്റ്റ് (1920) എന്നീ വിജയകരമായ ചിത്രങ്ങൾക്ക് ശേഷം ഗ്രിഫിത് സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. പിന്നീടിറങ്ങിയ അമേരിക്ക (1924), അബ്രഹാം ലിങ്കൺ (1930) എന്നിവ ഒന്നും വിജയിച്ചില്ല. 1931ൽ ഇറങ്ങിയ സ്ട്രഗ്ൾ എന്ന ചിത്രം പ്രദർശനവിജയം നേടില്ലെന്നുറപ്പായതിനാൽ തിയറ്ററുകളിൽ നിന്ന് പിൻവലിക്കുകയായിരുന്നു. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാനചിത്രവും.

സിനിമയെ ഒരു കലാരൂപം എന്ന നിലയിൽ വളർത്തിയെടുക്കുന്നതിൽ ഏറ്റവും സവിശേഷമായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേര് ചലച്ചിത്രചരിത്രത്തിൽ അലേഖനം ചെയ്തിരിക്കുന്നത്. ചലച്ചിത്രരചനയ്ക്ക് ഒരിക്കലും തിരക്കഥകൾ ഉപയോഗിച്ചിരുന്നിട്ടില്ലാത്ത അദ്ദേഹം കേമറാ ആംഗിളുകളും ചലനങ്ങളും, പ്രകാശവിന്യാസവും എഡിറ്റിങിലെ അന്നത്തെ അതിനൂതന പരീക്ഷണങ്ങളും കൊണ്ടാണ് സിനിമാരംഗത്തെ പോഷിപ്പിച്ചരുന്നത്.

1948 ജൂലൈ 23ന് ഗ്രിഫിത്ത് അന്തരിച്ചു.

(ഗ്രിഫിത്തിനെകുറിച്ചുള്ള  ലഘുഡോക്യുമെന്ററി കാണാം)

തയ്യാറാക്കിയത്: ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


1 Comment
  1. VKJOSEPH

    January 22, 2021 at 9:11 pm

    വളരെ കൃത്യമായ ഓർമ്മപ്പെടുത്തലും പരിചയപ്പെടുത്തലും ആണിത്.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *