ഴോങ് വീഗൊ (ജനനം – 1905 ഏപ്രിൽ 26) Jean Vigo
ലോകസിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാനങ്ങളിലൊന്നായ ഫ്രഞ്ച് നവതരംഗത്തിലെ സംവിധായകരെ ആഴത്തിൽ സ്വാധീനിച്ചിരുന്ന ഫ്രഞ്ച് ചലച്ചിത്രകാരനാണ് ഴോങ് വീഗൊ. 1930കളിൽ സിനിമയിൽ പോയറ്റിക് റിയലിസം എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയവരിൽ പ്രമുഖസ്ഥാനവും ഴോങ് വീഗോയ്ക്കുണ്ട്. 29 വർഷക്കാലം മാത്രം നീണ്ടുനിന്ന ഹ്രസ്വമായ ജീവിതകാലത്തിനിടയ്ക്ക് നാല് സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും ലോകസിനിമയ്ക്ക് പുതിയൊരു സൗന്ദര്യശാസ്ത്രം രചിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമായിരുന്നു.
പാരീസിൽ ജനിച്ച വീഗോയുടെ ബാല്യകാലം വിഷമതകളുടെയും രോഗങ്ങളുടേതുമായിരുന്നു. ക്ഷയരോഗം ചെറുപ്പകാലം തൊട്ടേ അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയിരുന്നു. അച്ഛൻ മിഗ്വെൽ അൽമെരെയ്ദ പട്ടാളത്തിനെതിരെ പ്രക്ഷോഭം നയിച്ചിരുന്നയാളും പത്രപ്രവർത്തകനുമായിരുന്നു. 1917ൽ ജയിലിലടക്കപ്പെട്ട അദ്ദേഹം അവിടെ വച്ച കൊല്ലപ്പെടുകയാണുണ്ടായത്. വീഗൊയുടെ അമ്മയായ എമിലി ക്ലിറൊ അച്ഛന്റെ സ്വാധീനം ഏൽക്കാതെ മകനെ വളർത്തുവാൻ വീഗൊയുടെ പേര് പോലും മാറ്റിയ സാഹചര്യമുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് അച്ഛന്റെ കഴിവുകളും അച്ഛൻ സമൂഹത്തിലുണ്ടാക്കിയിരുന്ന സ്വാധീനവും വീഗൊ തിരിച്ചറിയുന്നുണ്ട്. ബോഡിങ് സ്കൂളിലാണ് ആദ്യകാലത്തെ പഠനം നടന്നത്.
യൗവനകാലത്തിന്റെ ആരംഭം തൊട്ടേ സിനിമയിൽ താൽപര്യമുണ്ടായിരുന്നു. അക്കാലത്ത് ഫ്രാങ്കൊ ഫിലിം സ്റ്റുഡിയൊയിലെ ക്യാമറ അസിസ്റ്റന്റായി അദ്ദേഹം ജോലി നോക്കിയിരുന്നു. ആയിടയ്ക്കാണ് 1926ൽ, ഒരു വ്യവസായിയുടെ മകളായ എലിസബെത്ത് ല്യിഡൊ ലോസിൻസ്ക എന്ന യുവതിയെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. ഭാര്യയുടെ അച്ഛൻ നൽകിയ തുക ഉപയോഗിച്ച് ഒരു സെക്കന്റ് ഹാന്റ് ക്യാമറ വീഗൊ വാങ്ങിച്ചു. 1930ൽ പുറത്തുവന്ന A propos de Nice (എബൗട്ട് നീസ്) എന്ന ആദ്യചിത്രം ഈ ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്തത്. ഇക്കാലയളവിലാണ് റഷ്യൻ ഛായാഗ്രാഹകനായ ബോറിസ് കോഫ്മാനെ പരിചയപ്പെടുന്നത്. ബോറിസ് കോഫ്മാന്റെ സഹോദരനായ ദ്സീഗാ വിയെർതോവ് സംവിധാനം ചെയ്ത ദ് മാൻ വിത് എ മൂവി ക്യാമറ എന്ന സിനിമയായിരുന്നു എബൗട് നീസ് എന്ന ചിത്രമെടുക്കാൻ വീഗൊയ്ക്ക് പ്രേണയായിരുന്നത്. 1931ൽ ഇറങ്ങിയ താരിസ് ആണ് രണ്ടാമത്തെ സിനിമ. നീന്തൽ ചാംപ്യനായ ഴാങ് താരിസനെക്കുറിച്ചുള്ള ചിത്രമായിരുന്നു ഇത്.
അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ Zero de conduite (സീറൊ ഫോർ കണ്ടക്റ്റ്) 1933ൽ പുറത്തുവന്നു. സ്വന്തം പിതാവിന്റെ ജയിൽ അനുഭവങ്ങളുടെയും തന്റെ തന്നെ ബോഡിങ് ജീവിത അനുഭവങ്ങളുടെയും പശ്ചാത്തലത്തിലുള്ള ഒരു ചിത്രമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വീഗൊയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ തന്നെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ചിത്രവും ഇതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ബാല്യത്തെ മുതിർന്നവർ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. ആദ്യപ്രദർശനം കഴിഞ്ഞ ഉടനെ തന്നെ രാജ്യദ്രോഹ ആരോപണം ഉയർന്നതിനെത്തുടർന്ന് ഈ ചിത്രം ഫ്രാൻസിൽ നിരോധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ആദ്യ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന ചിത്രത്തിന്റെ നിരോധനം നീങ്ങിയത് 1945ന് ശേഷം മാത്രമാണ്.
1934ലാണ് L’Atalante എന്ന ചിത്രം പുറത്തുവരുന്നത്. വീഗൊയുടെ ഒരേയൊരു മുഴുനീള ഫീച്ചർ ചിത്രവും ഇതാണ്. ഫ്രാൻസ്വാ ത്രൂഫൊ പോലെയുള്ള സംവിധായകർ തങ്ങളെ ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ചിത്രമായി വിലയിരുത്തുന്ന ഒരു ചിത്രമാണ് ഇത്. ഗൊദാർദ് 2001ൽ എടുത്ത Eloge de l’amour എന്ന ചിത്രത്തിൽ പോലും ഈ സിനിമ കടന്നുവരുന്നുണ്ട് എന്ന് പറയുമ്പോൾ ആ സിനിമ ഈ കലയുടെ ചരിത്രത്തിൽ ഉണ്ടാക്കിയ സ്വാധീനം എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമാകും.
ലോകസിനിമയിലെആദ്യകാല പ്രമുഖ സംവിധായകരിൽ എന്നും ഓർമിക്കപ്പെടുന്ന ഒരു പേരാണ് ഴോങ് വീഗൊയുടേത്.
നിരന്തരമായ ക്ഷയരോഗബാധയെത്തുടർന്ന് 1934 ഒക്ടോബർ 5ന് അദ്ദേഹം അന്തരിച്ചു. 1951 മുതൽ ഫ്രഞ്ച് സർക്കാർ നൽകിവരുന്ന ഓരോ വർഷത്തെയും ഏറ്റവും മികച്ച ഫ്രഞ്ച് സംവിധായകർക്കുള്ള പുരസ്കാരത്തിന് വിഗൊയുടെ സ്മരണാർത്ഥം ഴോങ് വീഗൊ പ്രൈസ് എന്ന പേരാണ് നൽകിയത്.
(Jean Vigo & Poetic Realism എന്ന പത്തുമിനിറ്റുള്ള ഡോക്യുമെന്ററി കാണൂ.)
എഴുത്ത് : ആര്‍. നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍