ജോൺ ഫോഡ് (ജനനം – 1894 ഫെബ്രുവരി 1)- John Ford
ഓസ്കാർ പുരസ്കാരം എന്ന ഓമനപ്പേരിലറിയപ്പെടുന്ന അക്കാദമി അവാർഡുകൾ നാല് തവണ കരസ്ഥമാക്കിയ പ്രശസ്ത അമേരിക്കൻ ചലച്ചിത്രസംവിധായകനാണ് ജോൺ ഫോഡ്. വെസ്റ്റേണർ എന്ന പേരിലറിയപ്പെടുന്ന സിനിമകളും സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ള ചലച്ചിത്രകൃതികളും മികച്ച രീതിയിൽ എടുത്ത് ലോകശ്രദ്ധനേടിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. അമ്പത് വർഷത്തോളം നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ ഏതാണ്ട് 150 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
കേപ് എലിസബെത്തിൽ ജനിച്ച ഫോഡ് പിന്നീട് കാലിഫോർണിയയിലേക്ക് താമസം മാറ്റി. 1914ൽ അവിടെവച്ച് സിനിമയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ചേട്ടനായ ഫ്രാൻസിസ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ അഭിനയിക്കാനും ആരംഭിച്ചു. ജാക് ഫോഡ് എന്ന പേരിലായിരുന്നു അന്നദ്ദേഹം അഭിനയിച്ചിരുന്നത്. പിന്നീട് ഗ്രിഫിത്തിന്റെ ദ ബെർത് ഒഫ് എ നേഷൻ എന്ന ചിത്രത്തിൽ ഒരു ചെറിയ റോളും അദ്ദേഹം ചെയ്തു. സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ജോലികളും അദ്ദേഹം ചെയ്തിരുന്നു. നിശബ്ദചിത്രങ്ങളുടെ ആ കാലത്ത് തന്നെ അദ്ദേഹം ചലച്ചിത്രസംവിധാനരംഗത്തേക്ക് ചുവട് മാറി.
12 തവണ ഓസ്കാർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട അദ്ദേഹം നാല് തവണ മികച്ച സംവിധായകനും ഒരു തവണ മികച്ച ചിത്രത്തിനും രണ്ട് തവണ മികച്ച ഡോക്യുമെന്ററിക്കുമുള്ള അക്കാദമി പുരസ്കാരങ്ങൾ കരസ്ഥമാക്കി. ആരോസ്മിത്ത് (1931), ദ് ഇൻഫോർമർ (1935). സ്റ്റേജ്കോച് (1939), ദ് ലോങ് വോയേജ് ഹോം (1940), ദ് ഗ്രേപ്സ് ഓഫ് റാത് (1940), ഹൗ ഗ്രീൻ വാസ് മൈ വാലി (1941), ദ് ക്വൈറ്റ് മാൻ (1952) എന്നിവയാണ് അക്കാദമി അവാർഡിനായി പരിഗണിക്കപ്പെട്ടിരുന്ന ചിത്രങ്ങൾ. മൊഗാംബൊ (1953), ദ ഹരികേൻ (1937), മിസ്റ്റർ റോബർട്സ് (1955) എന്നിവയും ശ്രദ്ധേയ ചിത്രങ്ങളാണ്.
ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ്, ജോൺ എഫ്. കെന്നഡി, അബ്രഹാം ലിങ്കൺ എന്നീ പ്രസിഡണ്ടുമാരെ ആരാധിച്ചിരുന്നു അദ്ദേഹം മകാർതിയിസത്തിന്റെ ഒരു ആരാധകൻ കൂടിയായിരുന്നു. സിനിമാരംഗത്ത് അഭിനേതാക്കളെ താരങ്ങൾ എന്ന നിലയിൽ ലബ്ധപ്രതിഷ്ഠരാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച വ്യക്തിയായിരുന്നു ജോൺ ഫോഡ്.
ലോകത്തെ ഏറ്റവും മികച്ച സംവിധായകൻ എന്നാണ് ഇംഗ്മർ ബർഗ്മാൻ ഫോഡിനെ വിശേഷിപ്പിച്ചിരുന്നത്. ഫെല്ലിനി, ഗോദാർദ്, ഹിച്കോക്, കുറൊസാവ എന്നിവരെല്ലാം ആരാധിച്ചിരുന്ന ഫോഡിനെക്കുറിച്ച് സത്യജിത് റായിയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു:
“മികവിന്റെ മുദ്രയായ ഒന്നിനെക്കുറിച്ച് വിശേഷിപ്പിക്കുക എന്നത് എളുപ്പമല്ലെങ്കിലും ഫോഡിനെ കുറിച്ച് പറയാവുന്ന ഏറ്റവു ലളിതമായ വിവരണം ശക്തിയുടെയും ലാളിത്യത്തിന്റെയും കൂടിച്ചേരൽ എന്നായിരിക്കും. അതുമായി സാദൃശ്യപ്പെടുത്താവുന്ന ഒന്ന് എന്നെ സംബന്ധിച്ച് സംഗീതവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്: മധ്യകാല ബീഥോവൻ.”
ലോകസിനിമയുടെ എക്കാലത്തെയും ശ്രദ്ധേയസാന്നിദ്ധ്യമായ ജോൺ ഫോഡ് അന്തരിച്ചത് 1973 ഓഗസ്റ്റ് 31നാണ്.
എഴുത്ത് : ആര്‍ നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍
ജോണ്‍ ഫോഡിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ഡോക്യുമെന്ററി കാണാം.
VKJOSEPH
February 1, 2021 at 1:31 pmജോൺ ഫോഡിന്റെstage coach, Grapes of wrath പോലുള്ള സിനിമകൾ മലയാളത്തിൽ ഉപശീർഷകം നൽകി പ്രദർശിപ്പിക്കണം.
ഈ പരിചയപ്പെടുത്തലും. ഓർമ്മപ്പെടുത്തലും സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയവർക്കുള്ള ആദരവാണ്.
നന്ദലാലിനും പ്രേമചന്ദ്രനും അഭിനന്ദനങ്ങൾ