മജീദ് മജീദി (ജനനം – 1959 ഏപ്രില്‍ 17) Majid Majidi
അഭിനേതാവായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരികയും പില്‍ക്കാലത്ത് സംവിധായകന്‍, തിരക്കഥാകാരന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാവുകയും ചെയ്ത ഇറാനിയന്‍ ചലച്ചിത്രകാരനാണ് മജീദ് മജീദി. അന്താരാഷ്ട്രതലത്തിലുള്ള ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള, ലോകമെമ്പാടും അറിയപ്പെടുന്ന പ്രമുഖ ഇറാനിയന്‍ ചലച്ചിത്രകാരന്മാരിലൊരാള്‍ കൂടിയാണ് മജീദി.
ഇറാനിലെ തലേഷിലാണ് മജീദി ജനിച്ചത്. ടെഹ്‌റാനില്‍ ചെറുപ്പകാലം ചെലവഴിച്ച അദ്ദേഹം പതിനാലാം വയസ്സ് മുതല്‍ നാടകങ്ങളിലും മറ്റും അഭിനയിച്ചുതുടങ്ങി. ടെഹ്‌റാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സിലാണ് അദ്ദേഹം പഠിച്ചത്. 1979ലെ ഇറാനിയന്‍ വിപ്ലവാനന്തരകാലത്താണ് അദ്ദേഹം അഭിനേതാവായി സിനിമാരംഗത്തേക്കെത്തുന്നത്. പ്രമുഖ ഇറാനിയന്‍ ചലച്ചിത്രകാരനായ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ ബോയ്‌കോട്ട് എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്.
സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത് 1992ല്‍ പുറത്തുവന്ന ബാദുക് എന്ന ചിത്രത്തോടെയാണ്. ഈ ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. 1998ലാണ് കളര്‍ ഒഫ് പാരഡൈസ് എന്ന സിനിമ സംവിധാനം ചെയ്തത്. മജീദ് മജീദി എന്ന ചലച്ചിത്രകാരനെ അന്താരാഷ്ട്രപ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയ ഈ ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണെന്ന് മാത്രമല്ല, ഇറാനില്‍ നിന്ന് മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിക്കുന്ന ആദ്യചിത്രവുമാണ്. മോണ്‍ട്രിയാല്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ആവര്‍ഷം ഈ ചിത്രം നേടുകയുണ്ടായി.
ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (2000), ബറാന്‍ (2001), ദ് വില്ലൊ ട്രീ (2005), ദ് സോങ് ഒഫ് സ്പാരോസ് (2008), മുഹമ്മദ്: ദ് മെസെഞ്ചര്‍ ഒഫ് ഗോഡ് (2015), ബിയോണ്ട് ദ് ക്ലൗഡ്‌സ് (2017), സണ്‍ ചില്‍ഡ്രന്‍ (2020) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള ശ്രദ്ധേയമായ ഫീച്ചര്‍ സിനിമകള്‍.
അഫ്ഘാനിസ്ഥാനിലെ താലിബാന്‍ വിരുദ്ധവേട്ടയുടെ മറഞ്ഞിരിക്കുന്ന വശം വെളിപ്പെടുത്തുന്ന, 2002ല്‍ അദ്ദേഹം സംവിധാനം ചെയ്ത ബേര്‍ഫൂട് റ്റു ഹെരാത് എന്ന ഡോക്യുമെന്ററിയും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
ബിയോണ്ട് ദ് ക്ലൗഡ്‌സ് എന്ന ചിത്രത്തിന് പശ്ചാത്തലമാകുന്നത് മുംബൈ നഗരമാണ്. ഇറാന് പുറത്ത് അദ്ദേഹം ആദ്യം സംവിധാനം ചെയ്യുന്ന ചിത്രവും ഇതാണ്. ഈ ചിത്രത്തിന്റെയും മുഹമ്മദ് എന്ന ചിത്രത്തിന്റെയും സംഗീതസംവിധാനം നിര്‍വഹിച്ചത് എ.ആര്‍. റഹ്മാനാണ്.
അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഒട്ടേറെ അന്താരാഷ്ട്രപുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവയാണ്. 2001ല്‍ ഡഗ്ലസ് സിര്‍ക് അവാര്‍ഡും 2003ല്‍ വിറ്റോറിയൊ ഡിസീക അവാര്‍ഡും മജീദ് മജീദിയെ തേടിയെത്തുകയുണ്ടായി.
എഴുത്ത് : ആര്‍. നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍
രമിൽ
April 17, 2021 at 12:07 pmചിൽഡ്രൺ ഓഫ് ഹെവൻ ഇന്നും അൽഭുതപ്പെടുത്തുന്ന സിനിമ തന്നെ