മസാകി കൊബയാഷി (ജനനം – 1916 ഫെബ്രുവരി 14) Masaki Kobayashi
ജപ്പാനിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചലച്ചിത്രസംവിധായകൻ. തന്റെ സിനിമകളിലൂടെ, യുദ്ധത്തിന്റെയും മർദകഭരണകൂടങ്ങളുടെയും ഇടപെടലിനെതിരെ വളരെ മനോഹരമായി പ്രേക്ഷകരോട് സംവദിച്ച ഒരു സംവിധായകനായിരുന്നു മസാകി കൊബയാഷി.
ജപ്പാൻ ദ്വീപ് സമൂഹങ്ങളിൽ വടക്കേയറ്റത്തുള്ള ഹൊകെയ്ഡൊവിലാണ് അദ്ദേഹം ജനിച്ചത്. വസേദാ സർവകലാശാലയിൽ ഏഷ്യൻ കലാചരിത്രമാണ് അദ്ദേഹം പഠിച്ചത്. പഠനാനന്തരം അദ്ദേഹം കബുകി തിയറ്ററും സിനിമകളും ഒക്കെയായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്റ്റുഡിയോയിൽ അപ്രന്റിസ് എന്ന നിലയിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ രണ്ടാംലോകയുദ്ധത്തിന്റെ വരവോടെ 1942ൽ ഇംപീരിയൽ ജാപ്പനീസ് ആർമിക്ക് വേണ്ടി പ്രവർത്തിക്കുവാനായി പട്ടാളത്തിൽ ചേരാൻ അദ്ദേഹം നിർബന്ധിതനായി. യുദ്ധങ്ങളോട് എന്നും വെറുപ്പ് വച്ചുപുലർത്തിയിരുന്ന, തീർത്തും സമാധാനവാദിയായ ഒരു വ്യക്തിയായിരുന്നു കൊബയാഷി. പട്ടാളത്തിൽ തുടരേണ്ടിവരുന്നതിലുള്ള തന്റെ ശക്തമായ പ്രതിഷേധം അദ്ദേഹം അറിയിച്ചത് ആ ഉദ്യോഗത്തിൽ ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങൾ നിഷേധിച്ചുകൊണ്ടായിരുന്നു. അമേരിക്കൻ അധിനിവേശത്തെ തുടർന്ന് യുദ്ധം അവസാനിക്കാറാവുമ്പോഴേക്കും അദ്ദേഹം ഒരു യുദ്ധത്തടവുകാരൻ എന്ന നിലയിൽ ജയിലിലടയ്ക്കപ്പെട്ടു.
1946ൽ ജയിൽ മോചിതനായ അദ്ദേഹം വീണ്ടും തന്റെ പഴയ സ്റ്റുഡിയോയിലെത്തുകയും അവിടെ കെയ്സുകെ കിനോഷിതയുടെ സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു. 1952ലാണ് ആദ്യചിത്രമായ മൈ സൺസ് യൂഥ് പുറത്തിറങ്ങിയത്. ജപ്പാനിലെ, അനക്കം തട്ടാത്ത വിധം ഉറച്ചുപോയ സാമൂഹ്യക്രമത്തെ നിശിതമായി വിമർശിക്കുന്ന ദ് തിക് വാൾഡ് റൂം എന്ന ചിത്രം 1953ൽ പുറത്തുവന്നു. ജാപനീസ് ബേസ്ബോൾ എന്ന കായിക ഇനത്തിന്റെ വാണിജ്യവൽകരണത്തിനെതിരെ പ്രതികരിക്കുന്ന ഐ വിൽ ബൈ യു (1954) ആയിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചിത്രം.
1959 മുതൽ 1921 വരെയുള്ള കാലത്ത് സംവിധാനം ചെയ്ത ദ് ഹ്യൂമൻ കണ്ടീഷൻ എന്ന പേരിലുള്ള ചിത്രത്രയമാണ്, മസാകി കൊബയാഷി എന്ന സംവിധായകനെ അന്താരാഷ്ട്രതലത്തിൽ ലബ്ധപ്രതിഷ്ഠനാക്കിയത്. പട്ടാളസേവനകാലത്തെ സ്വന്തം അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാണ് ആ ചിത്രം അദ്ദേഹം സംവിധാനം ചെയ്തത്. 1959ൽ ഇറങ്ങിയ നൊ ഗ്രേറ്റർ ലൗ, റോഡ് റ്റു എറ്റേണിറ്റി എന്നീ ചിത്രങ്ങളും 1961ൽ പുറത്തുവന്ന എ സോൾജിയേഴ്സ് പ്രെയർ എന്ന ചിത്രവുമാണ് ഈ ചിത്രത്രയത്തിന്റെ ഭാഗമായവ. ഇവ മൂന്നും തുടരൻ ചിത്രങ്ങളാണ്. ഒരുമിച്ച് കാണുകയാണെങ്കിൽ ഇടവേളകളൊന്നും കൂട്ടാതെ ഒമ്പതര മണിക്കൂറിലേറെ ദൈർഘ്യം വരുന്ന ഈ ചിത്രം ലോകത്തിലിന്നുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിലൊന്നാണ്. ഹരാകിരി (1962), ഖ്വൊയ്ദാൻ (1964), സമുറായ് റെബലിയൻ (1967), ഇൻ ഒഫ് ഈവ്ൾ (1971), ഫോസിൽ (1974), ടോക്യൊ ട്രയൽ (1983) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയചിത്രങ്ങൾ. കാൻ മേളയുൾപ്പെടെയുള്ള ഒട്ടേറെ മേളകളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുകയും പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്.
പുതിയ തലമുറയ്ക്ക് കാണുവാൻ മികച്ച സിനിമകൾ നിർമിക്കുന്നതിനായി രൂപം നൽകിയ ദ ഫോർ ഹോഴ്സ്മെൻ ക്ലബ് എന്ന നാലംഗസംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. അകിര കുറൊസാവ, കെയ്സുകെ കിനോഷിത, കോൺ ഇചികാവ എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ള മൂന്നുപേർ.
യുദ്ധം ഇത്രയേറെ സ്വാധീനമുണ്ടാക്കിയ മറ്റൊരു ചലച്ചിത്രവ്യക്തിത്വം അദ്ദേഹത്തിന്റെ കാലത്ത് ജപ്പാനിൽ ഉണ്ടായിരുന്നില്ല. യുദ്ധത്തിന്റെ പേരിൽ നടക്കുന്ന എല്ലാ തരം ക്രൂരതകളെയും വെറുത്തിരുന്ന അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ ഈ നിലപാടിനെ ഊട്ടിയുറപ്പിക്കുവാനാണ് ശ്രമിച്ചത്. സ്വാഭിമാനത്തിന്റെ പേരിൽ അതിക്രൂരവും ചോരപ്പുരയൊഴുക്കേണ്ടി വരുന്നതുമായ ഹരാകിരി എന്ന ആത്മഹത്യാരീതി സ്വീകരിക്കേണ്ടി വരുന്ന, ചക്രവർത്തിയുട പേരിൽ അതിക്രൂരമായ അക്രമങ്ങളും അതിക്രമങ്ങളും നടത്താൻ നിർബന്ധിതരാകേണ്ടി വരുന്ന പുരുഷന്മാരുള്ള ഒരു സാംസ്കാരിക പശ്ചാത്തലമാണ് ജപ്പാനിൽ നിലനിന്നിരുന്നത്. ഈ ഒരു സംസ്കാരത്തിന്റെ ഇരുണ്ട വശങ്ങളെ കുറിച്ചുള്ള ധീരവും അചഞ്ചലവുമായ സൂക്ഷ്മപരിശോധനയാണ് തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം നടത്തിയിരുന്നത്. പലപ്പോഴും കുറൊസാവ എന്ന വൻവൃക്ഷത്തിന്റെ നിഴലിന് പിറകിൽ മറഞ്ഞുപോകേണ്ടിവന്ന സംവിധായകനാണ് ഇദ്ദേഹം എന്ന് പല നിരൂപകരും അടയാളപ്പെടുത്തുന്നുണ്ട്.
1996 ഒക്ടോബർ 4ന് അദ്ദേഹം അന്തരിച്ചു.
എഴുത്ത് : ആര്‍. നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍
സ്മിത
February 14, 2021 at 9:45 amനന്നായിട്ടുണ്ട്.
പ്രമോദ്
February 14, 2021 at 11:12 amകൊബയാഷിയുടെ ചിത്രങ്ങൾ മലയാളം സബ്ടൈറ്റിലിൽ ഇവിടെ പ്രദർശിപ്പിക്കുമോ
ഗണേഷ്
February 14, 2021 at 11:32 amGreat…. 👌👏
VKJOSEPH
February 16, 2021 at 11:16 amA very good introduction