മായ ഡെറെൻ (ജനനം – 1917 ഏപ്രിൽ 29)

ജന്മദിന സ്മരണ

മായ ഡെറെൻ (ജനനം – 1917 ഏപ്രിൽ 29) Maya Deren

1940കളിലും 50കളിലും കലാരംഗത്ത് സജീവമായരിരുന്ന അവാങ്ഗാഡ് പ്രസ്ഥാനത്തെ സജീവമായി പിന്തുണച്ചിരുന്ന അമേരിക്കൻ പരീക്ഷണാത്മക ചലച്ചിത്രസംവിധായികയാണ് മായ ഡെറെൻ. നർത്തകി, നൃത്തസംവിധായിക, സിനിമാ സൈദ്ധാന്തിക, കവി, അധ്യാപിക, എഴുത്തുകാരി, ഫോട്ടോഗ്രാഫർ എന്നിങ്ങനെ ബഹുമുഖമേഖലകളിൽ പ്രാഗത്ഭ്യമുള്ള ഒരു വ്യക്തി കൂടിയായിരുന്നു അവർ. മൂർത്തമായ ഇടത്തെയും സമയത്തെയും കുറിച്ചുള്ള പരമ്പരാഗത സിനിമാധാരണകളെ പാടേ ഉപേക്ഷിച്ച മായ വ്യത്യസ്തമായ ആശയങ്ങളോടെയും  പ്രത്യേകലക്ഷ്യങ്ങളോടെയുമാണ് സിനിമകൾ നിർമിച്ചിരുന്നത്.

യുക്രെയ്നിലെ കീവിൽ ഒരു ജൂതകുടുംബത്തിലായിരുന്നു ജനനം. 1922ൽ യുഎസ്എസ്ആറിലെ സെമിറ്റിക് മതവിരുദ്ധ കൂട്ടക്കൊലയുടെ കാലത്ത് ന്യൂയോർക്കിലെ സൈറാക്യൂസിലേക്ക് ഈ കുടുംബം ചേക്കേറി. സൈറാക്യൂസ് സർവകലാശാലയിൽ പത്രവർത്തനവും പോളിറ്റിക്കൽ സയൻസും പഠിച്ചു. അക്കാലത്ത് ട്രോട്സ്കിയിറ്റ് പ്രസ്ഥാനത്തിന്റെ വക്താവും യങ് പീപ്ൾസ് സോഷ്യലിസ്റ്റ് ലീഗിന്റെ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ ദേശീയ സെക്രട്ടറിയുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദബിരുദാനന്തരപഠനങ്ങൾ നടത്തിയത്. അക്കാലത്ത് കവിതയിലും ഫോട്ടോഗ്രാഫിയിലുമായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രമുഖ ആഫ്രോ-അമേരിക്കൻ നർത്തകിയും കോറിയോഗ്രാഫറും കരീബിയൻ സംസ്കാരത്തെയും നൃത്തത്തെയും സംബന്ധിച്ച നരവംശശാസ്ത്രകാരിയുമായ കാഥറിൻ ഡൺഹാമിനൊപ്പം കുറേക്കാലം പ്രവർത്തിച്ചിരുന്നു. പ്രമുഖ ചെക്ക് ഫോട്ടോഗ്രാഫറും ക്യാമറാമാനുമായ അലക്സാണ്ടർ ഹമീദിനൊപ്പമാണ് പിന്നീടുള്ള കുറേക്കാലം ചെലവഴിച്ചത്. അവർ രണ്ടുപേരും ചേർന്നാണ് സിനിമാമേഖലയിലേക്ക് കടന്നതും.

അച്ഛന്റെ മരണാനന്തരം ലഭിച്ച ചെറിയ തുക ഉയോഗിച്ച് 1943ൽ ഡെറെൻ ഒരു 16എംഎം ക്യാമറ വാങ്ങിച്ചു. ഹമീദുമായി ചേ‍ർന്ന് മെഷസ് ഇൻ ദ് ആഫ്റ്റർനൂൺ എന്ന ചിത്രം നിർമിക്കുന്നത് അതേ വർഷം ഈ ക്യാമറ ഉപയോഗിച്ചാണ്. അമേരിക്കയിലെ ആദ്യ അവാങ്ഗാഡ് ചിത്രമായി പരിഗണിക്കപ്പെടുന്ന സിനിമയാണിത്. ഈ ചിത്രത്തെക്കുറിച്ച് സംവിധായിക തന്നെ പറയുന്ന വാക്കുകൾ ഇപ്രകാരമാണ്:

“ഒരു വ്യക്തിയുടെ തന്നെ ആന്തരികാനുഭവങ്ങളുമായാണ് ഈ ചിത്രം ബന്ധപ്പെട്ടിരിക്കുന്നത്. മറ്റ് വ്യക്തികൾക്ക് സാക്ഷ്യം വഹിക്കാവുന്ന ഒരു സംഭവം പോലും ഈ ചിത്രം രേഖപ്പെടുത്തുന്നില്ല. മറിച്ച്, പ്രകടമായും ലളിതമായ ഒരു സാധാരണ സംഭവത്തെ ഒരു സുപ്രധാന വൈകാരിക അനുഭവം എന്ന നിലയിൽ വികസിപ്പിച്ച് വ്യാഖ്യാനിച്ച് വിശദീകരിക്കാനുള്ള ഒരു വ്യക്തിയുടെ ഉപബോധത്തിന്റെ രീതികളെയാണ് ഇതിൽ പുനരവതരിപ്പിക്കുന്നത്.”

ദ് വിച്സ് ക്രാഡ്ൽ (The Witch’s Cradle-1944), അറ്റ് ലാന്റ് (At Land -1944), എ സ്റ്റഡി ഇൻ കൊറിയോഗ്രഫി ഫൊ‍ർ ക്യാമറ (A Study in Choreography for Camera -945), ദ് പ്രൈവറ്റ് ലൈഫ് ഒഫ് എ കാറ്റ് (The Private Life of a Cat -1947), റിച്വൽ ഇൻ ട്രാൻസ്ഫിഗേഡ് ടൈം (Ritual in Transfigured Time -1946), മെഡിറ്റേഷൻ ഒൺ വയലൻസ് Meditation on Violence -1948), മെഡൂസ (Medusa -949),  എൻസംബ്ൾ ഫൊ‍ർ സൊംനാംബുലിസ്റ്റ്സ് (Ensemble for Somnambulists -1951), ദ് വെരി ഐ ഒഫ് നൈറ്റ് (The Very Eye of Night -1958), സീസൺ ഒഫ് സ്ട്രേഞ്ചേഴ്സ് (Season of Strangers -1959), ഡിവൈൻ ഹോഴ്സ്മെൻ: ദ് ലിവിങ് ഗോഡ്സ് ഒഫ് ഹെയ്തി (Divine Horsemen: The Living Gods of Haiti -1985) എന്നിവയാണ് മറ്റ് സുപ്രധാനചിത്രങ്ങൾ.

ചലച്ചിത്രസൈദ്ധാന്തിക എന്ന നിലയിലും മികച്ച നിരവധി സംഭാവനകൾ അവരുടേതായിട്ടുണ്ട്. ഏൻ അനാഗ്രാം ഒഫ് ഐഡിയാസ് ഓൺ ആർട്, ഫോം ഏന്റ് ഫിലിം എന്ന അവരുടെ പ്രബന്ധം ലോകമെമ്പാടും വളരെയധികം വായിക്കപ്പെട്ട ഒന്നാണ്. പിന്നീട് വന്ന അവരുടെ നിരവധി പ്രബന്ധങ്ങൾ ഫിലിം പൊയറ്റിക്സ്, ഫിലിം പ്രൊഡക്‍ഷൻ, ഫിലിം ഇൻ മീഡിയാസ് റെസ് എന്നിങ്ങനെ മൂന്ന് പുസ്തകങ്ങളായി പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

മായ ഡെറെൻ, ഒരു സ്വതന്ത്ര സിനിമാവിതരണക്കാരി എന്ന നിലയിൽ അമേരിക്കയിലും ക്യൂബയിലും കാനഡയിലുമൊക്കെയുടനീളം തന്റെ സിനിമകൾ കൊണ്ടുനടന്ന് പ്രദർശിപ്പിക്കുകയും ക്ലാസുകൾ നൽകുകയും ചെയ്തിരുന്നു. ഇത്തരം പ്രദർശനങ്ങളെക്കുറിച്ച് പ്രമുഖ അമേരിക്കൻ സിനിമാനിരൂപകനായ ബിൽ നിക്കോൾസ് എഡിറ്റ് ചെയ്ത് കാലിഫോർണിയ സർവകലാശാല പ്രസിദ്ധീകരിച്ച Maya Deren and the American Avant-Gardeഎന്ന കൃതിയിൽ ഇങ്ങനെ പറയുന്നു:

“ഹോളിവുഡ് ദൈവങ്ങൾ തിരിച്ചറിയാൻ വിസമ്മതിച്ചിരുന്ന ജനങ്ങൾക്കായി ആ ദൈവങ്ങളുടെ അഗ്നി മോഷ്ടിച്ച് എത്തിച്ച സിനിമയിലെ പ്രൊമിത്യൂസിന്റെ റോളായിരുന്നു ഡെറെന് ഉണ്ടായിരുന്നത്.”

മായയുടെ സ്വതന്ത്ര ചലച്ചിത്രപ്രദർശനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അമോസ് വോഗൽ ന്യൂയോർക്കിലെ സിനേമാ 16 എന്ന ഫിലിം സൊസൈറ്റി സ്ഥാപിച്ചത്. 1947 മുതൽ 1963 വരെ സജീവമായി പ്രവർത്തിച്ചിരുന്ന ഈ ഫിലിം സൊസൈറ്റിയിൽ ഏഴായിരത്തിലികം അംഗങ്ങളുണ്ടായിരുന്നു. അമേരിക്കൻ പുതുസിനിമകളും അവാങ്ഗാഡ് ചിത്രങ്ങളുമായിരുന്നു ഈ ഫിലിം സൊസൈറ്റി പ്രദർശനങ്ങളിൽ കാര്യമായി ഉൾപ്പെടുത്തിയിരുന്നത്.

മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് തന്റെ 44ാം വയസ്സിൽ, 1961 ഒക്ടോബർ 13ന് ന്യൂയോർക്കിലാണ് മായ അന്തരിച്ചത്. അവരുടെ ചിതാഭസ്മം ജപ്പാനിലെ ഏറ്റവും വലിയ പർവതമായ ഫ്യൂജിയിൽ വിതറുകയാണുണ്ടായത്. അവരുടെ സ്മരണാർത്ഥം അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 1986 മുതൽ സ്വതന്ത്രസിനിമാപ്രവർത്തകർക്കായി മായ ഡെറെൻ അവാർഡ് നൽകുവാൻ ആരംഭിച്ചു.

Maya Deren’s Film Philosophy എന്ന ലഘുഡോക്യുമെന്ററി കാണാം

എഴുത്ത് : ആര്‍. നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *