മിഷെയ്ൽ ഹാനെക (ജനനം – 1942 മാ‍ർച്ച് 23)

ജന്മദിന സ്മരണ

മിഷെയ്ൽ ഹാനെക (ജനനം – 1942 മാ‍ർച്ച് 23) Michael Haneke

കാൻ ചലച്ചിത്രമേളയിലെ സുപ്രസിദ്ധനായ പാം ദി ഓർ പുരസ്കാരം രണ്ട് തവണ നേടിയ സുപ്രസിദ്ധ ഓസ്ട്രിയൻ സംവിധായനാണ് മിഷെയ്ൽ ഹാനെക. വച്ചുകെട്ടുകളോ ആലഭാരങ്ങളോ ഇല്ലാത്ത തീവ്രവും പ്രകോപനപരവുമായ സിനിമകളാണ് ഹാനെകയുടെ പ്രധാനപ്രത്യേകത.

ജ‍ർമൻ നാടകസംവിധായകനനും നടനുമായ ഫ്രിറ്റ്സ് ഹാനെക ഓസ്ട്രിയൻ നടിയായ ബിയാട്രീസ് എന്നിവരുടെ മകനായി ജർമനിയിലെ മ്യൂണിച്ചിലാണ് മിഷെയ്ൽ ഹാനെക ജനിച്ചത്. ചെറുപ്പകാലം തൊട്ടേ സാഹിത്യത്തിലും സംഗീതത്തിലും വളരെ താൽപര്യമുണ്ടായിരുന്നെങ്കിലും ഏതെങ്കിലും ഒരു പ്രത്യേകശൈലിയോട് പ്രത്യേകമമതയുണ്ടായിരുന്നില്ല. വിയന്ന സർവകലാശാലയിൽ തത്വചിന്ത, മനഃശാസ്ത്രം, തിയറ്റർ എന്നിവ പഠിക്കാനാരംഭിച്ചുവെങ്കിലും പഠനത്തിൽ വലിയ താൽപര്യമില്ലായിരുന്ന ഹാനെക അടുത്തുള്ള തിയറ്ററുകളിൽ പോയി സിനിമ കാണുവാനാണ് സമയം കാര്യമായി ചെലവഴിച്ചത്. 1967 മുതൽ 70 വരെ ഒരു ജർമൻ ടെലിവിഷൻ ചാനലിൽ പ്രവർത്തിച്ചു. പിന്നീട് കുറച്ചുകാലം ഒരു സിനിമാ നിരൂപകനായി ജോലി ചെയ്തു. 1974ലാണ് ഒരു ടെലിവിഷൻ പരിപാടിയുടെ സംവിധായകനായി ഈ രംഗത്തേക്കെത്തിയത്. ടെലിവിഷനുവേണ്ടി അദ്ദേഹം 1979ൽ ചെയ്ത രണ്ട് ഭാഗങ്ങളുള്ള ലെമ്മിങ്സ് എന്ന സിനിമയാണ് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രാധാന്യം ഉറപ്പിച്ചത്.

1989ൽ സംവിധാനം ചെയ്ത ദ് സെവൻത് കോണ്ടിനന്റ് ആണ് ഹാനെകയുടെ ആദ്യ ഫീച്ചർ സിനിമ. ഒരു വിയന്നൻ മധ്യവർഗകുടുംബത്തിന്റെ വ്യവഹാരങ്ങളും ഒടുവിൽ ആ കുടുംബം കൂട്ട ആത്മഹത്യ ചെയ്യുന്നതുമാണ് ഈ ചിത്രത്തിന്റെ വിഷയം. വൈകാരിക മഞ്ഞുവൽക്കരണം (emotional glaciation) എന്ന ചിത്രത്രയപരമ്പരയിലെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. സിനിമകളിൽ ആസക്തനായ ഒരു കൗമാരക്കാരൻ, മരണം/കൊലപാതകം എങ്ങനെയാണെന്നറിയാനുള്ള കൗതുകത്തിന്റെ പുറത്ത് ഒരു പെൺകുട്ടിയെ കൊല്ലുന്നതും അതിന്റെ വീഡയോ ചിത്രീകരിക്കുന്നതും വിഷയമായി വരുന്ന ബെന്നീസ് വീഡിയോ (1992), 1994ൽ ഇറങ്ങിയ 71 ഫ്രാഗ്മെന്റ്സ് ഒഫ് എ ക്രോണോളജി ഓഫ് ചാൻസ് എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചിത്രങ്ങൾ.

ഫണ്ണി ഗെയിംസ് (1997), കോഡ് അൺനോൺ (2000), നോബൽ സമ്മാനജേത്രിയായ ഓസ്ട്രിയൻ എഴുത്തുകാരി എൽഫ്രീദ് യെലെനികിന്റെ നോവലിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രം ദ് പിയാനൊ ടീച്ചർ (2001),  ടൈം ഒഫ് ദ് വൂൾഫ് (2003), കാഷ് (2005), ദ് വൈറ്റ് റിബൺ (2009), അമോർ (2012), ഹാപ്പി എൻഡ് (2017) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങൾ.

ഇവയിൽ ദ് വൈറ്റ് റിബൺ, അമോർ എന്നീ ചിത്രങ്ങൾക്കാണ് കാനിൽ പാം ദി ഓർ പുരസ്കാരം ലഭിച്ചത്. ദ് പിയാനൊ ടീച്ചർ എന്ന ചിത്രത്തിന് കാനിൽ ഗ്രാന്റ് പ്രി പുരസ്കാരവും ലഭിച്ചിരുന്നു. അമോർ എന്ന ചിത്രത്തിന് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഹാനെകയുടെ ചിത്രങ്ങളെല്ലാം അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടവയും, ലോകത്തിലെ വിവിധ മേളകളിൽ പുരസ്കാരിതമാവുകയും ചെയ്തവയാണ്.

സമകാലിക മധ്യവ‍ർഗത്തിന്റെ ജീവിതപരിസരത്തിനകത്ത് സംഭവിക്കുന്ന സാമൂഹിക അന്യവൽകരണം, മൃഗീയവാസനകൾ എന്നിവയാണ് ഹാനെക സിനിമകളുടെ വിഷയപരിസരം. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും അങ്ങേയറ്റം നിഷേധാത്മകസമീപനം പുലർത്തുന്നവയും ശൂന്യതാവാദത്തെ മഹത്വവൽക്കരിക്കുന്നവയുമാണെന്ന വിമർശനം പരക്കെ ഉണ്ടായിരുന്നു. എന്നാൽ, സഹാനുഭൂതി, വ്യക്തികൾക്കിടയിലെ സംവാദങ്ങൾ എന്നിവയെ ആധുനിക ബൂർഷ്വാസമൂഹഘടനകൾ  നിഷേധിക്കുന്നത് എങ്ങിനെയാണെന്ന് കാണിച്ചുകൊടുക്കുക മാത്രമാണ് തന്റെ ചിത്രങ്ങൾ ചെയ്യുന്നത് എന്ന് പറഞ്ഞാണ് ഹാനെക ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചത്.

എന്തൊക്കെയായാലും ഹോളിവുഡിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമെല്ലാം വരുന്ന ബ്ലോക് ബസ്റ്റർ ചിത്രങ്ങൾ മുന്നോട്ടുവെക്കുന്ന പലായനപ്രവണതയോട് നേ‍ർവിപരീതദിശയിൽ നിരന്തരം കലഹിക്കുന്ന ചിത്രങ്ങളാണ് ഹാനെക സംവിധാനം ചെയ്തിട്ടുള്ളത്. കഥാപാത്രങ്ങളോട് വൈകാരികമായി ഇഴുകിച്ചേർന്ന് സിനിമയുമായി താദാത്മ്യം പ്രാപിക്കുന്നതിൽ നിന്ന് ഹാനെക ചിത്രങ്ങൾ പ്രേക്ഷകരെ വിലക്കുന്നുണ്ട്. അതോടൊപ്പം സ്ക്രീനിൽ സംഭവിക്കുന്നതെന്താണെന്നത് സംബന്ധിച്ച് വിമർശനാത്മകമായ വിലയിരുത്തലുകൾ നടത്തുവാനാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകരോട് ആവശ്യപ്പെടുന്നത്.

(ഹാനകെയുടെ സിനിമകളെ പരിചയപ്പെടുത്തുന്ന വീഡിയോ കാണാം.)

എഴുത്ത് : ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


1 Comment
  1. VKJOSEPH

    March 23, 2021 at 8:24 pm

    Really very good.. congratulations

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *