ഊസ്മാൻ സോംബേൻ (1923 ജനുവരി 1 – 2007 ജൂൺ 9)
ആഫ്രിക്കൻ സിനിമയുടെ പിതാവ് എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന സെനെഗലീസ് സംവിധായകനാണ് ഊസ്മാൻ സോംബേൻ. പ്രമുഖനായ ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. സെനെഗലിലെ കാസാമോസിലുള്ള സീഗ്വിൻകോർ എന്ന നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ഇവിടത്തെ കടൽത്തീരത്ത് മീൻപിടുത്തക്കാരനായിട്ടായിരുന്നു ജീവിതം ആരംഭിച്ചത്. 1939ൽ ഫ്രഞ്ച് സൈനികസേവനത്തിൽ ചേർന്നു. പിൽക്കാലത്ത് ഫ്രാൻസിലെത്തിയ ഇദ്ദേഹം ഒരു ട്രേഡ് യൂണിയനിസ്റ്റായി. ഫ്രഞ്ചായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. ബ്ലാക്ക് ഡോക്കർ എന്ന ആദ്യനോവൽ പുറത്തുവന്നത് 1956ലാണ്. ഓ മൈ കൺട്രി, ഓ മൈ പീപ്പ്ൾ (1957), ഗോഡ്സ് ബിറ്റ്സ് ഓഫ് വുഡ് (1960) എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. 1960കളിൽ സിനിമയിൽ താൽപര്യം ജനിച്ച സോംബേൻ മോസ്കൊ ഫിലിം സ്കൂളിൽ ചേർന്ന് സിനിമ പഠിച്ചു. പിന്നീട് ആഫ്രിക്കയിലേക്ക് തിരിച്ചുവന്ന അദ്ദേഹം മൂന്ന് ഹ്രസ്വചിത്രങ്ങൾ എടുത്തുകൊണ്ടാണ് ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്. 1966 ൽ അദ്ദേഹം സംവിധാനം ചെയ്ത സിനിമയായ ബ്ലാക് ഗേൾ ഒരു ആഫ്രിക്കൻ ഫിലിംമേക്കർ നിർമിക്കുന്ന ആദ്യ ശ്രദ്ധേയചിത്രമായി മാറി. പിൽക്കാലത്ത് ഫ്രഞ്ച് ഭാഷയിൽ നിന്ന് മാറി ആഫ്രിക്കൻ ഭാഷയായ വൊളോഫിൽ അദ്ദേഹം ചലച്ചിത്രം നിർമിക്കാൻ തീരുമാനിക്കുന്നു. ഈ ഭാഷയിൽ 1977ൽ നിർമിച്ച ദ് ഒട്സൈഡേ്സ് എന്ന ചിത്രം അദ്ദേഹത്തിന്റെ മാസ്റ്റർപീസായി അറിയപ്പെടുന്നു. ആഫ്രിക്കൻ മതങ്ങളെക്കുറിച്ചാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. കാനിൽ പുരസ്കാരം ലഭിച്ച 2004ലെ മൂലാദേ എന്ന ചിത്രം കേരളത്തിലടക്കം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അധീശഭരണകൂടങ്ങളുടെയും ബ്യൂറോക്രസിയുടെയും വിവിധ തരത്തിലുള്ള ഇടപെടലുകൾ കാരണം നിരന്തരം ഇരകളാക്കപ്പെടുന്ന സാധാരണക്കാരെക്കുറിച്ചാണ് അദ്ദേഹത്തിന്റെ സിനിമകളും കൃതികളും സംസാരിച്ചത്. മനുഷ്യപക്ഷം ചേർന്നുകണ്ടുള്ള വളരെ കൃത്യമായ നിലപാട് വ്യക്തമാക്കുന്ന സാമൂഹ്യ-രാഷ്ട്രീയചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാല, ദ് ഒട്സൈഡ്ഴ്സ് തുടങ്ങിയ ചിത്രങ്ങൾ സ്വന്തം നാടായ സെനെഗലിൽ പോലും താൽക്കാലികമായി നിരോധിക്കപ്പെട്ടിരുന്നു.
രണ്ട് ഡോക്യുമെന്ററികളും ഒമ്പത് കഥാചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പാശ്ചാത്യമാധ്യമം എന്ന നിലയിൽ അക്കാലത്ത് പേരെടുത്തിരുന്ന ചലച്ചിത്രകലയെ ആഫ്രിക്കൻ സംസ്കാരത്തിന്റെ ആവശ്യകതയ്ക്കും ചലനത്തിനും താളത്തിനുമൊപ്പിച്ച് വാർത്തെടുത്തു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.
എഴുത്ത് : ആര്‍ നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍