പിയെർ പാവ്‍ലൊ പാസോലിനി (ജനനം – 1922 മാ‍ർച്ച് 5)

ജന്മദിന സ്മരണ

പിയെർ പാവ്‍ലൊ പാസോലിനി (ജനനം – 1922 മാ‍ർച്ച് 5) Pier Paolo Pasolini

ക്രിസ്തു, മാർക്സ്, ഫ്രോയിഡ് എന്നിവരുടെ ആശയങ്ങളിൽ പ്രചോദിതനാവുകയും ആ ആശയങ്ങളെ സ്വന്തം സിനിമയ്ക്കായി പരുവപ്പെടുത്തുകയും ചെയ്ത അസാധാരണപ്രതിഭാശാലിയായ ഇറ്റാലിയൻ സംവിധായകനാണ് പിയെർ പാവ്‍ലൊ പാസോലിനി. കവി, നോവലിസ്റ്റ്, തത്വചിന്തകൻ, നാടകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനായ ബഹുമുഖപ്രതിഭയായിരുന്ന അദ്ദേഹം സ്വന്തം സിനിമകളിൽ ആ കലാരൂപത്തിന്റെ രൂപഭദ്രതയ്ക്ക് അതീതമായ ഊന്നൽ നൽകിയത് അവയിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിനായിരുന്നു. അരികുകളിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടിരിക്കുന്ന സാധാണ മനുഷ്യരുടെ കടുത്ത നിരാശയാണ് മിക്കപ്പോഴും അദ്ദേഹം വെള്ളിത്തിരയിലേക്ക് പകർത്തിയത്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള അനുഭാവത്തിന്റെയും സ്വവർഗാനുരാഗത്തിന്റെയും പേരിൽ വളരെയേറെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്.

അച്ഛൻ പട്ടാളത്തിലായതുകൊണ്ടു തന്നെ ചെറുപ്പം തൊട്ടേ തന്റെ ജന്മനാടായ ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കേണ്ടിയും അവിടങ്ങളിലെല്ലാം താമസിക്കേണ്ടിയും വന്നിരുന്നു. ഇതിലുള്ള മുഷിപ്പ് ഒഴിവാക്കുവാനായിരിക്കണം, അദ്ദേഹം ഏഴാം വയസ്സിൽ തന്നെ കവിതകളെഴുതുവാനാരംഭിച്ചിരുന്നു. 1942ലാണ് ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. ബിരുദാനന്തരം 1946 ലാണ് ദ ഡയറീസ് എന്ന അടുത്ത സമാഹാരം പുറത്തിറങ്ങിയത്. ഇക്കാലത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 1946ൽ കമ്യൂണിസ്റ്റ് പാർടിയിൽ ചേരുന്ന ഇദ്ദേഹത്തെ മൂന്നുവർഷത്തിനുള്ളിൽ സദാചാര വ്യതിയാനങ്ങളുടെ പേരിൽ പാർടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. അന്റോണിയോ ഗ്രാംഷിയുടെ എഴുത്തിൽ നിന്ന് പ്രചോദനം കിട്ടിയ ഇദ്ദേഹം, തുടർന്നും മാർക്സിസ്റ്റായി തന്നെയാണ് നിലകൊണ്ടത്.

1950ൽ റോമിലെത്തിയ ഇദ്ദേഹം അവിടത്തെ തെരുവുകളിൽ അധ്യാപകനായി പ്രവർത്തിച്ചു. അവിടത്തെ ലൈംഗികതൊഴിലാളികളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും കള്ളന്മാരുടെയും ഒക്കെ കൂടെ സമയം ചെലവഴിച്ച അദ്ദേഹം പലപ്പോഴും സ്വവർഗാനുരാഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ അനുഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് 1955ൽ ആദ്യനോവലായ റഗാസി ദി വിറ്റ പ്രസിദ്ധീകരിക്കുന്നത്. ഉന വിറ്റ വയലെന്റ (1959) എന്ന അടുത്ത നോവലിന്റെയും പശ്ചാത്തലം ഏതാണ്ടിത് തന്നെയായിരുന്നു. 1955 മുതൽ 1958 വരെ അദ്ദേഹം ഓഫിഷിയാന എന്ന അവാങ്ഗാഡ് മാസികയുടെ എഡിറ്ററായിരുന്നു. അന്നത്തെ പോപ് പയസ് പന്ത്രണ്ടാമനെതിരെ സ്വന്തം കവിത മാസികയിൽ പ്രസിദ്ധീരിച്ചു എന്നതിനാൽ ഇതിന്റെ പ്രസിദ്ധീകരണം നിർത്തിവെക്കേണ്ടിവന്നു.

സിനിമയുമായി പല രീതിയിലും ഉള്ള ബന്ധം 1954ൽ തന്നെ തുടങ്ങിയിരുന്നുവെങ്കിലും അക്കറ്റണി എന്ന ആദ്യചിത്രം സംവിധാനം ചെയ്തത് 1961ലാണ്. സിനിമയിൽ സെൻസർഷിപ്പ് അത്യാവശ്യമാണെന്ന ചർച്ചകൾ ചൂടുപിടിക്കാൻ കാരണമായ ഈ ചിത്രത്തെത്തുടർന്ന് 1962ൽ മാമ റോമ എന്ന ചിത്രം പുറത്തുവന്നു. നാട്ടിൽ ധാരാളം വിമ‍ശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും വിദേശത്ത് ഈ രണ്ട് ചിത്രങ്ങളും ധാരാളം പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. തന്റെ തെരുവ് ജീവിത അനുഭവങ്ങൾ തന്നെയാണ് ഈ രണ്ട് ചിത്രങ്ങളും പറയുന്നത്.

യേശുവിന്റെ ജീവിതത്തെയും കുരിശുമരണത്തെയും പുതിയ രീതിയിൽ പുനരാവിഷ്കരിക്കുന്ന ദ് ഗോസ്പെൽ എക്കോഡിങ് റ്റു സെന്റ് മാത്യു (1964), ദ് ഹോക്സ് ഏന്റ് ദ് സ്പാരോസ് (1966); പുരാണകഥയെ പുതിയൊരു വീക്ഷണത്തിലൂടെ കാണാൻ ശ്രമിക്കുന്ന ചിത്രങ്ങളായ ഈഡിപൊ റെ (1967), മെദിയ (1969), ലൈംഗികത, അക്രമം, നികൃഷ്ടത എന്നിവയിലൂടെ രാഷ്ട്രീയത്തെയും മതത്തെയും കുറിച്ച് തനിക്കുള്ള ധാരണകൾ പ്രകടമാക്കാൻ ശ്രമിച്ചുതിനെത്തുടർന്ന് റോമൻ കാത്തോലിക്കാ പള്ളിയുമായി അദ്ദേഹത്തെ നിരന്തരമായ ഏറ്റുമുട്ടലിലേക്കെത്തിച്ച തിയറം (1968), പിഗ്സ്റ്റി (1969), ഡെകാമറൺ (1971) കാന്റർബറി ടേൽസ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. സാലോ ഓ‍ർ ദ് 120 ഡെയ്സ് അറ്റ് സോഡം (1975) എന്ന അവസാനചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്.

പാശ്ചാത്യമല്ലാത്ത രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ നിരന്തരസഞ്ചാരം ചേരിചേരാനയങ്ങളോടുള്ള അദ്ദേഹത്തിന്റെ അനുഭാവം വ്യക്തമാക്കുന്നുണ്ടെന്ന് പല നിരൂപകരും നിരീക്ഷിക്കുന്നുണ്ട്. 1968ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നോട് ഫൊർ എ ഫിലിം ഓൺ ഇന്ത്യ പ്രസക്തമാകുന്നത് ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ്. ദ് സെന്റ് ഓഫ് ഇന്ത്യ എന്ന ഒരു കുറിപ്പും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രിസ്തു, മാർക്സ്, ഫ്രോയിഡ് ത്രിത്വത്തിലേക്ക് തന്റെ സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ കൊണ്ടുചെന്നെത്തിക്കുന്നതിനെക്കുറിച്ച് പാസോലിനി അഭിപ്രായപ്പെട്ടത് ഇങ്ങിനെയാണ്: “പൊതുവെ പറയപ്പെടുന്നത് എന്നെ നയിക്കുന്നത് മൂന്ന് പേരാണെന്നാണ്; ക്രിസ്തുവും മാർക്സും ഫ്രോയിഡും. [ഇങ്ങിനെ പറയുമ്പോൾ] എല്ലാ കാര്യങ്ങളെയും ഒരു സമവാക്യത്തിലേക്ക് ചുരുക്കാൻ മാത്രമേ അത് ഉപകരിക്കൂ. സത്യത്തിൽ, യാഥാർത്ഥ്യം മാത്രമാണ് എന്നെ നയിക്കുന്നത്. എഴുത്തുകാരൻ എന്നതിലപ്പുറം ഒരു ചലച്ചിത്രകാരനായിത്തുടരാൻ ഞാൻ തീരുമാനിച്ചത് വാക്കുകളാകുന്ന പ്രതീകങ്ങളിലൂടെ യാഥാർത്ഥ്യത്തെ ആവിഷ്കരിക്കുന്ന എഴുത്തിൽ ഉപരി സിനിമയെയാണ് ഒരു ആവിഷ്കാരരൂപം എന്ന നിലയിൽ ഞാനിഷ്ടപ്പെട്ടത് എന്നതാണ് – യാഥാ‍ർത്ഥ്യത്തെ യാഥാ‍ർത്ഥ്യത്തിലൂടെ തന്നെ ആവിഷ്കരിക്കുവാൻ.”

ഇറ്റലിയിലെ ഒസ്റ്റിയ കടപ്പുറത്ത് 1975 നവംബർ 2 ന് പാസോലിനി അതിക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. കൊലപാതകി, പസോലിനിയുടെ കാർ പല തവണ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഓടിച്ച് കയറ്റി. പാസോലിനിയുടെ കമ്യൂണിസ്റ്റ് പക്ഷപാതിത്വമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

പാസോലിനിയുടെ ജീവിതത്തെയും കലാജീവിതത്തെയും, അഭിമുഖങ്ങളിലൂടെയും അദ്ദേഹത്തിന്റെ സിനിമാ ഭാഗങ്ങളിലൂടെയും പരിചയപ്പെടുത്തുന്ന ‘സത്യം പറയുന്നവരാരായാലും മരിക്കും’ എന്ന 58 മിനിറ്റുള്ള ഡോക്യുമെന്ററി കാണാം.

എഴുത്ത് : ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


2 Comments
  1. Valsaraj. K. P

    March 5, 2021 at 10:19 am

    Thank you.

    Reply
  2. ബാബുജി വിശ്വം

    March 5, 2021 at 5:10 pm

    സത്യം കണ്ടെത്താനും മറ്റുള്ളവരിൽ സത്യം എത്തിക്കുവാൻ ചങ്കൂറ്റം കാണിച്ചവരുമെ ചരിത്രത്തിൽ വീരപുരുഷന്മാരായിട്ടുള്ളു, അവരിലൂടെയേ മനുഷ്യപുരോഗതിയുണ്ടായിട്ടുള്ളു, സേഫ്ദർ ഹാഷ്മിയെ ഓർമ്മവരുന്നു. പക്ഷെ, ഈ നന്മകൾ മാർഗദർശകത്വം നൽകുന്ന പാഠ ശാലകളും ഭരണകൂടവും നിലനിന്നില്ലങ്കിൽ, ഇവയെല്ലാം കഥകളിലൂറങ്ങും.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *