ദാദാസാഹെബ് ഫാൽകെ (ജനനം – 1870 ഏപ്രിൽ 30) Dadasaheb Phalke
ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുപ്രസിദ്ധ ചലച്ചിത്രകാരനാണ് ദാദാസാഹെബ് ഫാൽകെ. സംവിധായകൻ എന്നതിലുപരി സിനിമാനിർമാതാവും തിരക്കഥാകാരനും സിനിമയിലെ മറ്റ് പല മേഖലകളുമായും അടുത്ത ബന്ധവുമുള്ള ഒരു ചലച്ചിത്രപ്രവർത്തകനുമായിരുന്നു അദ്ദേഹം. രാജാ ഹരിശ്ചന്ദ്ര എന്ന അദ്ദേഹത്തിന്റെ സിനിമയാണ് ഇന്ത്യയിലെ ആദ്യത്തെ മുഴുനീള സിനിമയായി അറിയപ്പെടുന്നത്. സിനിമ എന്ന കലയുടെ സൗന്ദര്യത്തെ ഇന്ത്യയിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു എന്നതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതും.
ദാദാസാഹെബ് ഫാൽകെ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ധുണ്ഡിരാജ് ഗോവിന്ദ ഫാൽകെ ജനിച്ചത് അക്കാലത്ത് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ത്രിംബക് എന്ന പ്രദേശത്തായിരുന്നു. ബറോഡ സർവകലാശാലയിൽ ചിത്രകല അഭ്യസിച്ചിരുന്നു. 1890ൽ ഒരു ക്യാമറ സ്വന്തമായി വാങ്ങിച്ച് അതിൽ നിശ്ചലചിത്രങ്ങളെടുക്കാനാരംഭിച്ചു. 1903ൽ ആർകിയോളജിക്കൽ സർവെ ഒഫ് ഇന്ത്യയിൽ ലഭിച്ച ജോലി ഉപേക്ഷിച്ച് പിന്നീട് 1906ൽ ലോനാവല എന്ന സ്ഥലത്ത് സ്വന്തമായി പ്രസ് നടത്താനാരംഭിച്ചു. രവിവർമയുടെ പ്രസിദ്ധ ചിത്രങ്ങൾ പ്രിന്റ് ചെയ്യുക എന്നതായിരുന്നു ഈ പ്രസ് ചെയ്തിരുന്ന പ്രധാനജോലി. ബിസിനസ് നന്നായി നടക്കാനാരംഭിച്ചതോടെ ഈ പ്രസ് ബോംബെ നഗരത്തിലെ ദാദർ എന്ന പ്രധാനസ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. അവിടെ വച്ച് സിനിമ കാണാനിടയായതാണ് അദ്ദേഹത്തിന്റെ പൂർണമായ ശ്രദ്ധ സിനിമയിലേക്ക് തിരിച്ചുവിട്ടത്. അതോടെ പ്രസ് അദ്ദേഹം പൂർണമായും ഉപേക്ഷിച്ചു. ഇക്കാലത്ത് സിനിമയെക്കുറിച്ച് കൂടുതൽ പഠിക്കുവാനായി ലണ്ടനിലേക്ക് പോകുവാൻ തീരുമാനിച്ചു. സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നതിനാൽ സ്വന്തം പേരിലുള്ള ഇൻഷുറൻസ് പോളിസികൾ പണയം വച്ച് കണ്ടെത്തിയ പതിനായിരം രൂപ ഉപയോഗിച്ചാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. അവിടെ വച്ച് ധാരാളം ബയോസ്കോപ് ചിത്രങ്ങൾ കാണാനും സിനിമാമേഖലയുമായി ബന്ധപ്പെടുന്ന നിരവധി ആളുകളെ പരിചപ്പെടാനും ഇടയായി. ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പായി ഒരു ക്യാമറ വാങ്ങിക്കുകയും ചെയ്തു. സിനിമ നിർമിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചത്തിനുമേൽ കൊഡാക് കമ്പനിക്ക് ഫിലിം വാങ്ങാനുള്ള ഓർഡറും നൽകിയിട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചുവന്നത്. തിരികെ ഇന്ത്യയിലെത്തിയ തീയതിയായ 1912 ഏപ്രിൽ 1ന് തന്നെ ഫാൽകെ ഫിലിം കമ്പനി എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു.
ഹരിശ്ചന്ദ്രന്റെ കഥ സിനിമയാക്കാനുറച്ച അദ്ദേഹം അതിനായി കഠിനപ്രയത്നം തന്നെ നടത്തി. ഏതാണ്ട് ഏഴ് മാസമെടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. രാജാ ഹരിശ്ചന്ദ്ര എന്ന സിനിമ അങ്ങനെ ആദ്യമായി 1913 ഏപ്രിൽ 13ന് ബോംബെയിൽ പ്രദർശിപ്പിച്ചു. ഈ സിനിമ വൻ വിജയമായിരുന്നുവെന്ന് മാത്രമല്ല, ഇന്ത്യയിൽ സിനിമ എന്ന കലാരൂപത്തിന്റെ വ്യവസായസാധ്യതയ്ക്ക് തുടക്കം കുറിക്കുവാനും ഈ ചിത്രത്തിലൂടെ സാധിച്ചു. പരേഷ് മൊകാഷി സംവിധാനം ചെയ്ത് 2009ൽ പുറത്തുവന്ന ഹരിശ്ചന്ദ്രാചി ഫാക്റ്ററി എന്ന മറാത്തി സിനിമയിൽ രാജാ ഹരിശ്ച്രന്ദ്ര എന്ന സിനിമ എടുക്കാൻ ഫാൽകെ സഹിക്കേണ്ടിവന്നിട്ടുള്ള കഷ്ടപ്പാടുകളാണ് പറയുന്നത്.
മോഹിനി ഭസ്മാസുർ (1913), സത്യവാൻ സാവിത്രി (1914), ലങ്കാദഹൻ (1917), ശ്രീകൃഷ്ണജന്മ (1918), കാളിയമർദൻ (1919), ബുദ്ധദേവ് (1923), സേതു ബന്ധൻ (1932) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധേയചിത്രങ്ങൾ. ഏതാണ്ട് 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതുവർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ ഫാൽക്കെ സംഭാവനചെയ്തു.
ഈ രീതിയിൽ ഇന്ത്യൻ സിനിമയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകിയ ആദ്യത്തെ വ്യക്തിയായതുകൊണ്ട് തന്നെയാണ് ഇന്ത്യാ ഗവണ്മെന്റ് സിനിമാമേഖലയിൽ 1969 മുതൽ നൽകിവരുന്ന പരമോന്നത പുരസ്കാരത്തിന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഫാൽകെ അവാർഡ് എന്ന പേര് നൽകിയിരിക്കുന്നത്.
ഇന്ത്യാ ഗവണ്മെന്റ് ദാദാസാഹെബ് ഫാൽകെയുടെ പേരിൽ തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.
1944 ഫെബ്രുവരി 16ന് മഹാരാഷ്ട്രയിലെ നാസികിൽ ഫാൽകെ അന്തരിച്ചു.
(പരേഷ് മൊകാഷി സംവിധാനം ചെയ്ത ഹരിശ്ചന്ദ്രാചി ഫാക്റ്ററി എന്ന മറാത്തി സിനിമ സൈറ്റില്‍ കാണാം)
എഴുത്ത് : ആര്‍. നന്ദലാല്‍
രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍