പട് വർദ്ധന്റെ ചിത്രങ്ങൾ എന്നും കൈകാര്യം ചെയ്തത് രാഷ്ട്രീയമായപ്രമേയങ്ങളാണ്. മുഖ്യധാരയേയും പരമ്പരാഗത ധാരണകളെയും വിമർശനവിധേയമാക്കി എന്തിനെയും ചോദ്യം ചെയ്യുക എന്ന യുക്തിയുടെ രീതിയാണ് അവയിൽ അവലംബിച്ചുപോന്നത്. “ഞങ്ങളുടെ ശബ്ദങ്ങൾ എതിർപ്പിന്റേതാണ്. ഞങ്ങൾ സ്തുതിപാഠകരല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിതവും തുറന്നതും ആയിരുന്നതിനാൽ അതിനെതിരായ പ്രതിരോധവും നാടകീയമായിരുന്നു; ജനങ്ങൾ അതിനെ എതിർത്തു. ഇന്ന് ഈ രാജ്യത്ത് നടക്കുന്നത് ഒളിഞ്ഞ ആക്രമണമാണ്. ജനങ്ങളുടെ സ്വഭാവം മാറ്റിമറിക്കപ്പെടുന്നു; അവരുടെ മനസിൽവിഷം നിറയ്ക്കുന്നു. സ്റ്റോക് മാർക്കറ്റിലെ കുമിള പൊട്ടാത്തിടത്തോളം കാലം, കോർപ്പറേറ്റ് വർഗത്തിന് ഇതിലൊന്നും പരാതിയുമില്ല”. ” ഇക്കൂട്ടർ എന്റെ കാഴ്ചപ്പാടിൽ മഹാത്മാഗാന്ധിയുടെ ഘാതകരാണ്. അദ്ദേഹത്തിന്റെ കണ്ണടയും ചൂലും അവർ ഏറ്റേടുത്തിട്ടുണ്ട്; ആമനുഷ്യനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും അവർ വധിച്ചു കഴിഞ്ഞു.”‘വിവേക്’എന്ന പുതിയചിത്രത്തിന്റെ രചനാ പശ്ചാത്തലത്തെപ്പറ്റി ചോദിച്ച സിനിമാ നിരൂപകരോട് പട്വർദ്ധൻ അഭിമുഖസംഭാഷണത്തിൽ പറഞ്ഞതാണ് ഇതും ഇനി തുടർന്ന് വരുന്നതുമായ ഏതാനും ഉദ്ധരണികൾ.
“എന്താണ് സംഭവിക്കുക എന്ന് മുൻകൂട്ടി വ്യക്തമായി നിശ്ചയിച്ചല്ല എന്റെ ചിത്രങ്ങൾ ഒന്നും തന്നെ ആരംഭിക്കുന്നത്.സംഭവങ്ങൾ സ്വയമേവ ചുരുൾ നിവരുന്നു; ഞാൻ അവ രേഖപ്പെടുത്തുന്നു; എഡിറ്റ് ചെയ്യുമ്പോൾ ഇവ തമ്മിലുള്ള പരസ്പരബന്ധങ്ങൾ വ്യക്തമാവും; അത് നമുക്ക് മനസ്സിലായിത്തുടങ്ങും.” പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്തതെന്നു തോന്നുന്ന സംഭവ പരമ്പരകൾ കോർത്തിണക്കുന്ന ഒരു ആഖ്യാനത്തിലൂടെ തീവ്ര ദേശീയതയും ആക്രാമക ഹിന്ദുത്വവും എങ്ങനെയാണ് സനാതൻ സൻസ്ഥ പോലുള്ള സംഘങ്ങളിലൂടെ രാഷ്ട്ര ശരീരത്തിലേക്ക് ഒരു വ്യാധിയായി പകരുന്നത് എന്ന് ആനന്ദ് പരിശോധിക്കുന്നു. സാമൂഹികവിവേചനം, ദലിതർക്കെതിരെയുള്ള പീഡനം, ഗോരക്ഷ, ലൗ ജിഹാദ്, ശിവാജിയുടെ പുനരാവിഷ്കരണം, ബലിയാടുകളെത്തേടികാമ്പസുകളിലെ നായാട്ട് –ഇങ്ങനെ എന്ത് പ്രശ്നമായാലും എല്ലാത്തിന്റെയും വേരുകൾ ചെന്നെത്തുന്നത് ഒരേ ഇടത്തിലാണ്.
ഗോവിന്ദ് പൻസാരെയെന്ന യുക്തിവാദിയായ സിപിഐ ആക്റ്റിവിസ്റ്റ് വധിക്കപ്പെട്ട ഉടനെയാണ് വിവേക് ചിത്രീകരണം ആരംഭിക്കുന്നത്. നാല് വർഷക്കാലം ചിത്രീകരണവും എഡിറ്റിങ്ങും തുടർന്നു.ഇതിന് “രണ്ടുവർഷം മുമ്പേ വധിക്കപ്പെട്ട ഡോ. നരേന്ദ്ര ധാബോൽക്കറിനെപ്പറ്റിയും ഞാൻ പഠനം നടത്തി.ചിത്രം നിർമിക്കുന്നതിന്റെ ഇടയിലാണ് പ്രൊഫ. എം. എം. കൽബുർഗി കൊല്ലപ്പെട്ടത്; ഗൗരി ലങ്കേഷ് എന്ന പത്രപ്രവർത്തക കൊല്ലപ്പെട്ടത്”. ഗാന്ധിയെ വധിച്ച അതേ പ്രത്യയശാസ്ത്രമാണ് ധാബോൽക്കറെയും മറ്റുള്ളവരെയും വധിച്ചത്. ഇരുണ്ട സ്ക്രീനിലൂടെ കാതടപ്പിച്ചെത്തുന്ന മോട്ടോർ സൈക്കിൾ ഈ ഘാതകരെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.
“ഈ രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വൈകൃതത്തിനും അക്രമത്തിനും ഒപ്പമെത്തുക ദുഷ്കരമാണ്. പലതും നടന്നുകൊണ്ടേ ഇരിക്കുന്നു.ഏതെങ്കിലും ഘട്ടത്തിൽ ഇതാ ഞാൻ ഇത്രയും ചിത്രീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു അത് പ്രദർശിപ്പിക്കണമല്ലോ.” അങ്ങനെയാണ് ‘റീസൺ ‘ 2018ൽ പ്രദർശനം ആരംഭിക്കുന്നത്.നിഷ്പക്ഷതാനാട്യമൊന്നും ആനന്ദിനില്ല. ടൊറന്റോ ചലച്ചിത്രമേളയിൽവച്ച് 2018 സപ്തംബറിൽ നമ്രതാ ജോഷിയെന്ന പത്രക്കാരിയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “നിഷ്പക്ഷത വെറും അഭിനയമാണ്. നിങ്ങൾ ഒരു പത്രക്കാരി എന്ന നിലയിൽ എഴുതുമ്പോഴും നിങ്ങളുടെ ആശയങ്ങൾ അതിൽ വരും. അതേപോലെ ഒരു ചലച്ചിത്രകാരൻ ലോകത്തെ നോക്കുന്നതും സ്വന്തം കാഴ്ചപ്പാടിലൂടെയാണ്…….’ വിവേക്’ ഒരു നിലപാടോടുകൂടിയ സത്യസന്ധമായ ചിത്രമാണ്.”
“ഈ ചിത്രം ഇന്ത്യയുടെ ഭൂതത്തിലൂടെയും വർത്തമാനത്തിലൂടെയുമുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ്. അത് നമ്മുടെ കണ്ണ് തുറപ്പിക്കും”. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദുത്വം എങ്ങിനെ വിഭജിതവും വിദ്വേഷ കലുഷിതവുമാക്കുന്നു എന്ന് ചിത്രം പരിശോധിക്കുന്നു. ജാതിയും മതവും ഭക്ഷണവും എന്ന് വേണ്ട എന്തും, ജീവിതത്തിന്റെ സമസ്ത മേഖലകളും ഹിന്ദുത്വ അജണ്ട അടിച്ചേല്പിക്കാനുള്ള ഉപാധികളായി മാറുന്നു. ചരിത്രത്തിൽ ഒരിക്കലും ഇല്ലാതിരുന്ന ഒരു ‘ഹിന്ദു സുവർണ കാല’ത്തിന്റെ മിഥ്യാഭ്രമം സൃഷ്ടിച്ച് ആൾക്കൂട്ടങ്ങളെ വശീകരിക്കുന്ന ഹിന്ദുത്വപരിപാടികൾ അരങ്ങേറുന്നു. ഇരുണ്ടതും അത്യന്തം അപകടകരവുമായ ഒരു പതനത്തിലേക്ക് ഈ നാട്ടിനെ കൊണ്ട് ചെന്നെത്തിക്കുന്നു.
റീസൺ എന്ന ചിത്രം ഒരേസമയം ഒരു താക്കീതും ഒരു വാഗ്ദാനവും ആണ്. അത് ആക്റ്റിവിസ്റ്റ് ചിത്രം മാത്രമല്ല; ചരിത്രപാഠവും ആണ്. “സർക്കാർ തെറ്റായിരിക്കുമ്പോൾ, ശരിയായിരിക്കുന്നത് അപകടകരമാണ് ‘”എന്ന വോൾടയറിന്റെ ഉദ്ധരണിയുള്ള, ചിത്രത്തിലെ ഒരു പ്ലക്കാർഡ് കാലഘട്ടത്തിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നുണ്ട്.
“ചരിത്രം ഈ ചിത്രത്തിൽശക്തമാവുന്നു അത് ‘യഥാർത്ഥത്തിൽ’ എന്തായിരുന്നു എന്നതിന്റെയോ വാസ്തവത്തിൽ എന്ത് നടന്നു എന്നതിന്റെയോ അടിസ്ഥാനത്തിലല്ല; മറിച്ച്, എങ്ങനെയാണ് ആപൽഘട്ടങ്ങളിൽ അത് ആളുകൾ പ്രയോജനപ്പെടുത്തിയത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ചരിത്രത്തെ വളച്ചൊടിച്ചത് തിരുത്താനല്ല; വർത്തമാനത്തിൽത്തന്നെയുള്ള ഭൂതകാലത്തിന്റെ സാന്നിധ്യം എങ്ങനെ പോരാട്ടങ്ങളിൽ ആയുധമാക്കാമെന്നും പുതിയബദലുകളുടെ ആവിഷ്കാരത്തിന് സഹായകമാക്കാമെന്നും സൂചിപ്പിക്കുവാനാണ്” പട് വർദ്ധന്റെ ശ്രമം. രക്തസാക്ഷികളോടുള്ള ഐക്യദാർഢ്യം അവർ കാട്ടിത്തന്ന വിപ്ലവാത്മക സാധ്യതകളെ ഉൾക്കൊള്ളാനും തുടർന്നും പ്രതിനിധീകരിക്കാനും പ്രയോജനപ്പെടുന്നു. “ഭഗത് സിംഗിന്റെ പോരാട്ടം തുടരുകയാണ്. അംബേദ്കറുടെ ആഹ്വാനം ഇപ്പോഴുംമുഴങ്ങുകയാണ്. ഖോഗ്രെയുടെ പാട്ടുകൾ ഇപ്പോഴും ആളുകൾ പാടുന്നു. ”
“ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങളുടെ വൈപുല്യം, രാജ്യത്തെ നശിപ്പിക്കുന്ന ഭീകരപ്രവണതകൾ ഇവയെക്കുറിച്ചു വിലപിക്കാനല്ല പട് വർദ്ധൻ ആവശ്യപ്പെടുന്നത്; പേടിപ്പെടുത്തുന്ന ഈ ദുഃസ്വപ്നത്തിൽ നമ്മൾ സ്വയം നഷ്ടപ്പെട്ടുപോവാതിരിക്കാനാണ്. മരിച്ചവരെ സ്മരിക്കുന്നത് കൊള്ളാം; പക്ഷെ നാം ജീവിക്കുന്നത് നമ്മുടെ കാലഘട്ടത്തിലാണെന്നു തിരിച്ചറിയണം. പോരാട്ടത്തിന്റേതായ ഹ്രസ്വമായ ഒരു ജീവിതമേ നമുക്കുള്ളൂ എങ്കിൽപ്പോലും അതിന് വലിയ വിലയുണ്ട്. കാരണം, നമ്മൾ സൃഷ്ടിക്കുന്ന മാതൃകകൾ, മറ്റൊരിടത്ത്, മറ്റൊരാൾ പിന്നീട് ഏറ്റെടുക്കും. കൂടുതൽ നീതിയുക്തമായ ഒരു ബദൽ സൃഷ്ടിക്കാൻ “(ക്രിസ് മോഫാറ്റ് )
“ദുഃഖം, രോഷം, ഞെട്ടൽ, ഭീതി, അമ്പരപ്പ്, അവിശ്വാസം എന്നിങ്ങനെ ഈ ചിത്രം ഉണർത്തിവിടാത്ത വികാരങ്ങളില്ല. എന്നാൽ വിവേകത്തിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തമായും കൃത്യമായും ആനന്ദ് ഉയർത്തിക്കൊണ്ടുവരുന്ന വാദങ്ങളാണ്, ഇന്ത്യയുടെ ഭാവിയിൽ താത്പര്യമുള്ള ഏതൊരാളും അവശ്യം കണ്ടിരിക്കേണ്ട ഒന്നായി ഈ ചിത്രത്തെ മാറ്റുന്നത്”. എന്ന് സൈബർ ചാറ്റർജി നിരീക്ഷിക്കുന്നു.
യുക്തിയുടെ, വിവേകത്തിന്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ, മറ്റെന്നത്തേക്കാളും പ്രസക്തമാവുന്നു. ജനാധിപത്യം /ഫാഷിസം, മതേതരത്വം / മതബോധം, വിചാരം /വികാരം, ശാസ്ത്രം /വിശ്വാസം തുടങ്ങിയ വിരുദ്ധദ്വന്ദ്വങ്ങളിൽനിന്ന് ഏത് തിരഞ്ഞെടുക്കുമെന്നത് ഇന്ത്യയുടെ ഭാവിക്കു വളരെയേറെ നിർണായകമാണ്. ഈ തിരഞ്ഞെടുക്കൽ വിവേകപൂർവമാക്കാൻ കൂടി സഹായകമായ മഹത്തായ ഒരു രചനയാണ് “റീസൺ” എന്നുള്ളത് അതിന്റെ പ്രാധാന്യം പതിന്മടങ്ങു വർധിപ്പിക്കുന്നു.
dinesan
November 29, 2020 at 11:36 am………….
Dinesan
November 29, 2020 at 11:39 amI will be with you
ജയന് നീലേശ്വരം
December 1, 2020 at 6:10 amവളരെ വിലപ്പെട്ട വാക്കുകള്