റോബർട് ജെ ഫ്ലാഹെർടി (ജനനം – 1884 ഫെബ്രുവരി 16) Robert J. Flaherty
ഡോക്യുമെന്ററി സിനിമകളുടെ പിതാവായി അറിയപ്പെടുന്ന അമേരിക്കൻ ചലച്ചിത്രകാരനാണ് റോബർട് ഫ്ലാഹെർടി.
ഒരു അമേരിക്കൻ പര്യവേഷകന്റെ മകനായി മിച്ചിഗനിലാണ് ജനിച്ചത്. അമ്മ ഒരു ജർമൻ കാതലിക് ആയിരുന്നു. ഇരുമ്പയിര് കണ്ടെത്താനുള്ള പര്യവേഷണങ്ങളായിരുന്ന അച്ഛൻ നടത്തിയിരുന്നത് എന്നതുകൊണ്ടുതന്നെ അതിന്റെ ഭാഗമായി നിന്ന ഫ്ലാഹെർടിക്കും ധാരാളം പര്യവേഷണയാത്രകളിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു. അത്, പലയിടങ്ങളിലും പല സംസ്കാരങ്ങളിലും ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് പഠിക്കുന്നതിന് ഏറെ സഹായകരമായി. അറിയപ്പെടുന്ന നിശ്ചലഛായാഗ്രാഹകനായതുകൊണ്ടുതന്നെ, ഇത്തരം പര്യവേഷണപരിപാടികൾക്കിടയിൽ അദ്ദേഹം ധാരാളം ഫോട്ടോകൾ എടുത്തിരുന്നു.
പര്യവേഷണപരിപാടികളിൽ ഒരു സിനിമാ ക്യാമറ കൂടി ഒപ്പം കരുതിയാൽ നന്നായിരിക്കുമെന്ന അദ്ദേഹത്തിന്റെ ബോസായ വില്യം മെക്കൻസിയുടെ ഉപദേശത്തെത്തുടർന്നാണ് ഫ്ലാഹെർടി സിനിമാ ക്യാമറ പര്യവേഷണയാത്രകളിൽ ഒപ്പം കരുതാനാരംഭിച്ചതും താനെത്തിച്ചേരുന്ന പ്രദേശങ്ങളെക്കുറിച്ചും അവിടത്തെ ജനവിഭാഗങ്ങളെക്കുറിച്ചും സിനിമകളെടുക്കാനാരംഭിച്ചതും. അങ്ങിനെയാണ് 1922ൽ നാനൂക് ഓഫ് ദ് നോർത് എന്ന ചിത്രം പുറത്തുവരുന്നത്. മുഴുനീള ഡോക്യുമെന്ററി ചിത്രങ്ങളുടെ തുടക്കം ഈ ചിത്രത്തോടുകൂടിയായിരുന്നു. കാനഡയിലെ ക്യൂബെക് പ്രദേശത്തെ ഹിമമേഖലകളിൽ താമസിക്കുന്ന മനുഷ്യരെയും അവരുടെ ജീവിതരീതികളെയും പറ്റി പ്രതിപാദിക്കുന്ന ചിത്രമാണിത്.
തുടർന്ന് 1926ൽ മൊആന എന്ന ചിത്രം സംവിധാനം ചെയ്തു. സംസ്കാരത്തിന്റെ മാലിന്യം തീണ്ടിയിട്ടില്ലാത്ത മനുഷ്യരുടെ ജിവിതമാണ് ഈ ചിത്രത്തിൽ കടന്നുവരുന്നത്. ഡോക്യുമെന്ററി പ്രസ്ഥാനത്തിന്റെ അമരക്കാരനായ ജോൺ ഗ്രിയേർസൺ, ഇത്തരം സിനിമകളെ വിശേഷിപ്പിക്കുവാനായി ഡോക്യുമെന്ററി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഈ ചിത്രത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു എന്ന ചരിത്രപ്രാധാന്യം കൂടി ഈ ചിത്രത്തിനുണ്ട്.
പ്രമുഖ ജർമൻ സംവിധായകനായ എഫ്. ഡബ്ല്യു. മൺറൊയുമൊത്ത് സംവിധാനം ചെയ്ത തബു (1930), ഗ്രിയേർസനോടൊത്ത് സംവിധാനം ചെയ്ത ഇൻഡസ്ട്രിയൽ ബ്രിട്ടൻ (1932) മാൻ ഒഫ് അറാൻ (1934), ദ് ലാന്റ് (1942), ലൂസിയാന സ്റ്റോറി (1948) എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
1951 ജൂലൈ 23ന് അദ്ദേഹം അന്തരിച്ചു.
എഴുത്ത് : ആര്‍. നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍
(റോബർട് ജെ ഫ്ലാഹെർടിയുടെ പ്രസിദ്ധമായ നാനൂക്ക് ഓഫ് ദ നോര്‍ത്ത് എന്ന സിനിമ കാണാം )
ജ്യോതീചന്ദ്രൻ
February 16, 2021 at 9:17 amപഠനാർഹമായ സദുദ്യമം
തികച്ചും അഭിനന്ദനാർഹം✌️