വാള്‍ടര്‍ സാലസ് (ജനനം – 1956 ഏപ്രില്‍ 12) Walter Salles
ദ് മോട്ടോര്‍ സൈക്ക്ള്‍ ഡയറീസ്, ഡാര്‍ക് വാടര്‍, ഓണ്‍ ദ് റോഡ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ അന്താരാഷ്ട്രപ്രസിദ്ധിയുള്ള ബ്രസീലിയന്‍ സംവിധായകനാണ് വാള്‍ടര്‍ സാലസ്.
ആധുനിക ബ്രസീലിയന്‍ ബാങ്കിങിന്റെ ആസൂത്രകനായി അറിയപ്പെടുന്ന പ്രമുഖനായ വാള്‍ടര്‍ മൊരെയര സാലസിന്റെ മകനായി ബ്രസീലിലെ റിയൊ ഡി ജനെയ്‌റൊവിലാണ് ജനിച്ചത്. ഫ്രാന്‍സിലും അമേരിക്കയിലുമായി കുട്ടിക്കാലം ചെലവഴിച്ചിരുന്ന സാലസ് കൗമാരപ്രായത്തിലാണ് തിരികെ ബ്രസീലിലേക്കെത്തുന്നത്. സതേണ്‍ കാലിഫോര്‍ണിയ സ്‌കൂള്‍ ഒഫ് സിനെമാറ്റിക് ആര്‍ട്‌സ് സര്‍വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.
ബ്രസിലീയന്‍ ചലച്ചിത്രമേഖല വന്‍പ്രതിസന്ധികളെ നേരിട്ട 1980കളുടെ ഒടുവിലും 1990കളുടെ തുടക്കത്തിലും ഉള്ള കാലത്തായിരുന്നു സാലസ് ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്. പിന്നീടുള്ള ബ്രസീലിയന്‍ സാമ്പത്തികപ്രതിസന്ധി അദ്ദേഹത്തിന്റെ സിനിമകളെയും ബാധിച്ചു. സംഗീതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു ചലച്ചിത്രസംവിധാന രംഗത്തേക്ക് അദ്ദേഹം പ്രവേശിച്ചത്. 1991ല്‍ സംവിധാനം ചെയ്ത എ ഗ്രാന്റ് ആര്‍ട് ആണ് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ചിത്രം. ഡാനിയേല തോമസിനൊപ്പം 1995ല്‍ സംവിധാനം ചെയ്ത ഫോറിന്‍ ലാന്റ് എന്ന ചിത്രത്തോടെയാണ് സാലസ് അന്താരാഷ്ട്രതലത്തില്‍ വ്യാപകമായി അംഗീകരിക്കപ്പെടുന്നത്. 1998ല്‍ പുറത്തുവന്ന സെന്‍ട്രല്‍ സ്റ്റേഷന്‍ എന്ന ചിത്രത്തോടെ സാലസ് ഒരു മികച്ച സംവിധായകന്‌റെ ഗണത്തിലേക്ക് ഉയരുകയായിരുന്നു. ഈ ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം നേടുകയുണ്ടായി എന്നു മാത്രമല്ല ആ വര്‍ഷത്തെ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും നേടി. അതോടെ ഈ പുരസ്‌കാരം നേടുന്ന ആദ്യചലച്ചിത്രസംവിധായകനായി സാലസ് മാറി.
മിഡ്‌നൈറ്റ് (1999), ബിഹൈന്‍ഡ് ദ് സണ്‍ (2001), ഗണ്‍സ് ഏന്റ് പീസ് (2003), ദ് മോടോര്‍ സൈക്ക്ള്‍ ഡയറീസ് (2004), ഡാര്‍ക് വാടര്‍ (2005), ഓണ്‍ ദ് റോഡ് (2012) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രമുഖ ചിത്രങ്ങള്‍.
ചെഗുവേരയും അദ്ദേഹത്തിന്റെ സുഹൃത്തായ ആല്‍ബര്‍തൊ ഗ്രനാഡൊയും ചേര്‍ന്ന് 1952ല്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലങ്ങോളം നടത്തിയ മോടോര്‍ സൈക്കിള്‍ യാത്രയുടെ സിനിമാരൂപമായിരുന്നു സാലസിന്റെ മോടോര്‍ സൈക്ക്ള്‍ ഡയറീസ് എന്ന ചിത്രം. ചെഗുവേരയുടെ തന്നെ ഓര്‍മക്കുറിപ്പുകളെ ആധാരമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഈ ചിത്രം പുരസ്‌കാരിതമാവുകയുണ്ടായി.
എഴുത്ത്. ആർ നന്ദലാൽ
രൂപകൽപ്പന: പി പ്രേമചന്ദ്രൻ