ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഷോര്‍ട്ട് ഡോക്യുമെന്ററി വീഡിയോ ഫിലിം ഫെസ്റ്റിവല്‍ ആയ ‘SIGNS’ മേളയുടെ പതിനാലാമത് എഡിഷന്‍ 2021 മാര്‍ച്ച് 16 മുതല്‍ 26 വരെ ഓണ്‍ലൈനില്‍ നടക്കുകയാണ്. കോവിഡ് ലോകമാസകലം വിതച്ച ഭീതിയുടെയും തകര്‍ച്ചയുടെയും അടച്ചിരിപ്പിന്റെയും ദുരിതകാലത്തില്‍ നിന്നും കരുതലോടെ നാം ജീവിതത്തിന്റെ പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഒപ്പം സവിശേഷമായും ഇന്ത്യയില്‍, നാടിനെ അന്നമൂട്ടുന്ന കര്‍ഷകര്‍ കഠിനവും കര്‍ക്കശവുമായ ഭരണകൂടഭീഷണികളെ അവഗണിച്ചുകൊണ്ട്, അവരുടെ ജീവിതത്തെ തന്നെ ഇല്ലായ്മചെയ്യാന്‍ പോകുന്ന കൃഷിയുടെ കോര്‍പ്പറേറ്റ്‌വത്കരണത്തിനെതിരെ മഹാപ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ നടത്തപ്പെടുന്ന ‘SIGNS’ ചലച്ചിത്രമേളയുടെ മുഖ്യപ്രമേയം ‘അതിജീവനവും പ്രതിരോധവും’ (RESILIENCE AND RESISTANCE) എന്നാണ്. ചലച്ചിത്രനിരൂപകനും അറിയപ്പെടുന്ന ഫിലിം ക്യുറേറ്ററുമായ സി എസ് വെങ്കിടേശ്വരന്‍ ആണ് ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍.
ഹ്രസ്വസിനിമകളും ഡോക്യുമെന്ററികള്‍ക്കും മാത്രമായുള്ള ഈ ഫെസ്റ്റിവലില്‍ മൂന്നോളം ശ്രദ്ധേയമായ ഫിലിം പാക്കേജുകള്‍ ഉണ്ടാവും. ഒപ്പം ദേശീയതലത്തില്‍ തന്നെ ഹ്രസ്വസിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമായി മത്സരവിഭാഗവും ഉണ്ടാവും. ചെറുത്തുനിൽപ്പിന്റെ സിനിമ വിഭാഗത്തില്‍ മികച്ച ഹ്രസ്വ ചിത്രത്തിന് / ഡോക്യുമെന്ററിക്ക് 25000 രൂപയുടെ അവാർഡ് നല്‍കും.
ഭരണകൂട അടിച്ചമർത്തൽ, മനുഷ്യാവകാശം, പാരിസ്ഥിതിക പ്രശ്നങ്ങൾ, ലിംഗസമത്വം, സാമൂഹിക / സാംസ്കാരിക സത്തയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങിയവ പ്രമേയങ്ങളില്‍ ഊന്നിയുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പരിഗണിക്കപ്പെടുക. പ്രമേയത്തിലും ആഖ്യാനത്തിലും സിനിമയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി പരീക്ഷണസിനിമ എന്ന വിഭാഗത്തിലും 25000 രൂപയുടെ പുരസ്കാരം മേളയില്‍ ഉണ്ടായിരിക്കും. മത്സരവിഭാഗത്തില്‍ ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിമിന് / ഡോക്യുമെന്ററിക്ക് 50000 രൂപയുടെ അവാർഡ് നല്‍കും. രാജ്യാന്തരതലത്തിലുള്ള ജൂറി ആയിരിക്കും മത്സരവിഭാഗത്തിന് ഇക്കുറി ഉണ്ടാവുക. കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മലയാളം ഹ്രസ്വചിത്രത്തിനായി എഫ് എഫ് എസ് ഐ നിശ്ചയിക്കുന്ന ഫിലിം സൊസൈറ്റി പ്രതിനിധികള്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ക്ക് 10,000 രൂപയുടെ ജോണ്‍ ഏബ്രഹാം പുരസ്കാരവും മേളയില്‍ ഉണ്ടാവും.
സിനിമകള്‍ സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്.
https://www.signsfestival.in/submission/ എന്ന സൈറ്റില്‍ സിനിമകള്‍ സമര്‍പ്പിക്കാം.