സൗമിത്ര ചാറ്റര്‍ജി അനുസ്മരണം

അതാനു ഘോഷ് മുഖ്യപ്രഭാഷണം നടത്തും

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരളം സൗമിത്ര ചാറ്റർജിയെ അനുസ്മരിക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മഹാനടന്മാരിൽ ഒരാളായ സൗമിത്ര ചാറ്റർജി സിനിമാതാര പരിവേഷവുമായി ദന്തഗോപുരത്തിൽ വസിച്ച,  സാധാരണക്കാർക്ക് അപ്രാപ്യനായ ഒരു സെലിബ്രിറ്റി ആയിരുന്നില്ല. മറിച്ച് അദ്ദേഹം എല്ലായ്പ്പോഴും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വന്നു. കവിതചൊല്ലിയും ചിത്രംവരച്ചും നാടകം കളിച്ചും അദ്ദേഹം ഒരു താരത്തിൻ്റെ പരിമിത വൃത്തങ്ങളെ അപ്രസക്തമാക്കി.  നിരന്തരം ജനങ്ങളെ മഥിക്കുന്ന വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടു. ധർണയും സത്യഗ്രഹവും ജാഥയും നടത്തി. അധികാരികൾക്കെതിരെ തൻ്റെ വ്യക്തിപരമായ പരിഗണനകളും സ്ഥാനമാനങ്ങളും മാറ്റിവെച്ചുകൊണ്ട് നിരന്തരം കലഹിച്ചു. തൻ്റെ പ്രതിഭയെയും പദവിയെയും  ജനങ്ങളുടെ സംഘർഷങ്ങളെ ലഘൂകരിക്കുന്നത് വേണ്ടി ഉപയോഗിക്കുന്നതിന് മടികാട്ടിയില്ല. അതേസമയം അഭിനയകലയിൽ ലോകത്തെ മികച്ച നടന്മാർക്കൊപ്പം സ്ഥാനം പിടിക്കത്തക്ക നിലയിൽ നിരവധി വേഷങ്ങൾ അദ്ദേഹം പകർന്നാടി. ഇന്ത്യയിലെ പ്രതിഭാധനരായ സമാന്തര സിനിമാ സംവിധായകർക്ക് എക്കാലവും ആശ്രയിക്കാവുന്ന അഭയസ്ഥാനമായിരുന്നു സൗമിത്ര ചാറ്റർജി.

മഹാനായ ഈ നടനെ  എഫ് എസ് ഐ കേരളം അനുസ്മരിക്കുകയാണ്. നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് എഫ് എഫ് എസ് ഐ യുടെ വീഡിയോ സ്ട്രീമിംഗ് സൈറ്റായ ffsikeralam.online ൽ വെച്ചാണ് പരിപാടി നടക്കുന്നത്. സമകാലിക ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലിയായ സംവിധായകൻ അതനു ഘോഷ് സൗമിത്രാ ചാറ്റർജി അനുസ്മരണഭാഷണം നടത്തും.  ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധിതവണ വലിയ പുരസ്കാരങ്ങൾ നേടിയ ഈ സംവിധായകൻ്റെ, ഏറ്റവും മികച്ച ചിത്രത്തിനുള്ള 2017 ലെ ദേശീയ പുരസ്കാരം നേടിയ മയൂരാക്ഷി കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൻ്റെ എൺപത്തി രണ്ടാമത്തെ വയസ്സിലാണ് സൗമിത്ര ചാറ്റർജി മയൂരാക്ഷി എന്ന മനോഹരമായ സിനിമയിൽ അഭിനയജീവിതത്തിലെ അവസാന നാളുകളിലെ ഏറ്റവും ഉജ്ജ്വലമായ പ്രകടനം കാഴ്ചവെക്കുന്നത്.  സൗമിത്ര ചാറ്റർജിയെ അനുസ്മരിക്കുന്ന സന്ദർഭത്തിൽ വിശിഷ്ടാതിഥികളായി പ്രസിദ്ധ ചലച്ചിത്ര നിരൂപകയും ഫിപ്രസി അംഗവുമായ പ്രൊഫ. റിത ദത്ത, സൗമിത്ര ചാറ്റർജിയുടെ ബയോപിക് ആയ അഭിജാൻ അടക്കം ശ്രദ്ധേയമായ നിരവധി സിനിമകൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള മലയാളിയായ സിനിമാറ്റോഗ്രാഫർ അപ്പു പ്രഭാകർ എന്നിവർ പങ്കെടുക്കും. തുടർന്ന് സൗമിത്ര ചാറ്റർജിയ്ക്കുള്ള ആദരമായി അദ്ദേഹത്തിൻ്റെ അഭിനയ പാടവത്തിൻ്റെ മികച്ച നിദർശനങ്ങളിൽ ഒന്നായ  മയൂരാക്ഷി എന്ന സിനിമ പ്രദർശിപ്പിക്കും.

കേരളത്തിലെ ഓരോ ഫിലിം സൊസൈറ്റി പ്രവർത്തകനും നെഞ്ചോട് ചേർത്തവയാണ് സൗമിത്ര ചാറ്റർജിയുടെ സിനിമകൾ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്ന ഈ സന്ദർഭത്തിൽ മുഴുവൻ ചലച്ചിത്ര പ്രേമികളെയും  FFSI കേരളത്തിൻ്റെ  ഓൺലൈൻ സ്ട്രീമിംഗ് സൈറ്റായ ffsikeralam.online ൽ എത്തിച്ചേരാനായി എന്ന് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്..


Write a Reply or Comment

Your email address will not be published. Required fields are marked *