ബംഗാളി സിനിമയിലും നാടകത്തിലും അര നൂറ്റാണ്ടിലധികം വടവൃക്ഷം പോലെ പടർന്ന് പന്തലിച്ച് വേരാഴ്ത്തി നിന്ന ഒരു മഹാവ്യക്തിത്വത്തെയാണ് നവമ്പർ 15 ന് 85ാം വയസ്സിൽ കോവിഡ് ബാധിച്ചുള്ള സൗമിത്രാ ചാറ്റർജിയുടെ മരണത്തോടെ സഹൃദയ ലോകത്തിന് നഷ്ടമായത്. അദ്ദേഹം കേവലം ഒരു ചലച്ചിത്ര നടൻ മാത്രമായിരുന്നില്ല. അനേകം സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള കവിയും നാടകകൃത്തും, നാടകനടനും സംവിധായകനും ഉപന്യാസകാരനും പത്രാധിപരും ചിത്രകാരനും രാഷ്ട്രീയ ബോധമുള്ള ഒരു സാഹിത്യ -കലാ തല്പരനും എല്ലാം ആയിരുന്നു.
1958ൽ സത്യജിത്ത് റായുടെ ജൽസാ ഘർ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് നടക്കുന്ന സെറ്റിലേക്ക് കാഴ്ചക്കാരനായെത്തിയ, കല്ക്കത്താ സർവകലാശാലയിൽ പഠിച്ച, സൗമിത്ര ചട്ടോപാദ്ധ്യായ എന്ന യുവാവിനെ അപുത്രയത്തിലെ മൂന്നാം ചിത്രമായ അപുർസൻസാറിലെ അപുവായി അഭിനയിപ്പിക്കാൻ റായ് തീരുമാനിച്ചു കഴിഞ്ഞിരുന്നു എന്ന അമ്പരപ്പിക്കുന്ന വാർത്തയാണ് എതിരേറ്റത്. തുടർന്നങ്ങോട്ട്
സൗമ്യവും ദീപ്തവുമായ ഒരു അഭിനയ ജീവിതത്തിന്റെ ഇതിഹാസം തന്നെയായി മാറി സൗമിത്ര ചാറ്റർജി എന്ന ബഹുമുഖപ്രതിഭ. സത്യജിത് റായുടെ അപുർ സൻസാർ മുതൽ ഗണശത്രു വരെയുള്ള 14 ചിത്രങ്ങളിൽ സൗമിത്ര വൈവിധ്യമാർന്ന സ്വഭാവവും വ്യക്തിത്വ സവിശേഷതകളുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബംഗാളി സിനിമാ നവതരംഗത്തിലെ ഏതാണ്ടെല്ലാ സംവിധായകരും അദ്ദേഹത്തെ ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുണ്ട്. മൃണാൾ സെൻ, തപൻ സിഹ്ന, തരുൺകുമാർ, ഗൗതം ഘോഷ്, ഋതുപർണഘോഷ്, അപർണാ സെൻ, അതനു ഘോഷ് എന്നിങ്ങനെ അദ്ദേഹവുമായി സഹകരിച്ച സംവിധായകർ വ്യത്യസ്ത തലമുറകളിൽപ്പെടുന്നു. മുഖ്യധാരാ സിനിമയിലും ഉത്തംകുമാറിനോടൊപ്പം ആഘോഷിക്കപ്പെട്ട താരമായി അദ്ദേഹമുണ്ടായിരുന്നു. എന്നാൽ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെടുമായിരുന്ന ബോളിവുഡ്ഡിലെ ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള ഓഫർ അദ്ദേഹം നിരസിക്കുകയായിരുന്നു. ബംഗാളി സ്വത്വവും ബംഗാളി ഭാഷയോടുള്ള അഭിനിവേശവുമാണ് അതിന് പ്രേരകമായത്. താൻ ഇവിടെ ബംഗാളിൽ കഴിഞ്ഞോളാം എന്ന വിനയം കലർന്ന ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. സിനിമയിൽ തിരക്കുള്ളപ്പോഴും അദ്ദേഹം നാടകവേദിയിലേക്ക് തിരിച്ചെത്തുകയും സംവിധാനവും നാടകാഭിനയവും തുടരുകയും ചെയ്തു. സാഹിത്യ – കലാവേദികളിലുള്ള സജീവ സാന്നിദ്ധ്യമായും ഭംഗിയായി കവിത ചൊല്ലുകയും കവി സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരു സരസനായും ബംഗാളി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള സൗമിത്ര ഏറെ ശ്രദ്ധേയനായിരുന്നു. പത്മഭൂഷൺ കൂടാതെ ചലച്ചിത്ര രംഗത്തെ സേവനങ്ങൾക്ക് ദാദാസാഹെബ് ഫാൽക്കെ അവാർഡ്, ഫ്രാൻസിന്റെ നൈറ്റ് ഓഫ് ലീജിയൻ ഒഫ് ഓണർ, മികച്ച നടനുള്ള നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ, ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്, എന്നിവക്ക് പുറമെ നാടകത്തിനും പുസ്തകങ്ങൾക്കുള്ള അനേകം അക്കാദമി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
അറുപത് വർഷക്കാലം അഭിനയരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം ഈ 85ാം വയസ്സിലും അഭിനയം തുടരുകയായിരുന്നു. സത്യജിത് റായുടെ സങ്കല്പത്തിലെ മുതിർന്ന അപുവിൻ്റെ നാം മനസ്സിൽ സൂക്ഷിക്കുന്ന ചിത്രം സൗമിത്രയുടേതാണ്. ചാരുലതയിലെ കവിയും മറ്റു രണ്ടു ചിത്രങ്ങളിലെ ഫെലൂദാ എന്ന ഡിറ്റക്ടീവുമെല്ലാം സൗമിത്രയായി മനസ്സിലുണ്ട്. അതനു ഘോഷിൻ്റെ 2017ലെ മയൂരാക്ഷി എന്ന ചിത്രത്തിൽ വാർദ്ധക്യ സഹജമായ ഓർമ്മ നഷ്ടവും അവശതകളുമനുഭവിക്കുന്ന പ്രായമായ ഹിസ്റ്ററ്റി പ്രൊഫസറുടെ റോളിൽ അദ്ദേഹം ശരിക്കും ജീവിക്കുകയായിരുന്നു. ഓർമ്മക്കുറവിനിടയിൽ അദ്ദേഹത്തിന് മകനുമായുള്ള ബന്ധത്തിൽ സംഭവിച്ച വൈകാരിക വിഛേദത്തിൻ്റെ സൂക്ഷ്മമായ ഭാവങ്ങൾ അനായാസമായി സൗമിത്ര ആവിഷ്കരിക്കുന്നത് വിസ്മയകരമായ ഒരനുഭവമായിരുന്നു.
സൗമിത്രയുടേത് ഒരു നവോത്ഥാന വ്യക്തിത്വമായിരുന്നു എന്ന് പ്രശസ്ത നടൻ ധൃതിമാൻ ചാറ്റർജി നിരീക്ഷിക്കുകയുണ്ടായി. താരങ്ങൾ പൊതുവെ രാഷ്ട്രീയത്തിലിടപെടാൻ വിമുഖത കാട്ടുമ്പോൾ, തൻ്റെ അഭിപ്രായങ്ങൾ ചങ്കൂറ്റത്തോടെ വെട്ടിത്തുറന്നു പറയുന്ന ആർജ്ജവം അദ്ദേഹത്തിനുണ്ടായിരുന്നു. മമതാ ബാനർജി ഒരു സിനിമക്കെതിരെ നടപടിയെടുത്തപ്പോൾ, സിനിമയിലെ സെൻസർഷിപ്പ് ആവിഷ്കാരസ്വാതന്ത്യത്തിനെതിരെയു
മഹാനായ സൗമിത്രാ ചാറ്റർജിക്ക് ffsi kerlam ഓർമ്മകൊണ്ട് പുഷ്പചക്രം അർപ്പിക്കുന്നു.