തിയൊ ഏഞ്ജെലൊപെലോസ് (ജനനം – 1935 ഏപ്രിൽ 27)

ജന്മദിന സ്മരണ

തിയൊ ഏഞ്ജെലൊപെലോസ് (ജനനം – 1935 ഏപ്രിൽ 27) Theo Angelopoulos

ഗ്രീക്ക് സിനിമയിലെ എന്നല്ല ലോകസിനിമയിലെ തന്നെ അതികായനായ ചലച്ചിത്രകാരനാണ് തിയൊ ഏഞ്ജെലൊപെലോസ്. ആത്മകഥാപരമായ ചിത്രങ്ങളാണ് അദ്ദേഹം എടുത്തിരുന്നത് എന്നതിനൊപ്പം തന്നെ അവയെല്ലാം സാംസ്കാരികവും രാഷ്ട്രീയവുമായ അന്തരാർത്ഥങ്ങൾ ഉൾക്കൊന്നുവയായിരുന്നു. ഗ്രീസിലെ മനുഷ്യചേതനയുടെ അതിർത്തികളില്ലാത്തതും ജൈവവുമായ പ്രദേശങ്ങളെ അടയാളപ്പെടുത്തുവാനായി, യാഥാർത്ഥ്യത്തെയും മിത്തിനെയും ആലങ്കാരികവും പ്രൗഢവുമായി കൂട്ടിയിണക്കുന്ന, ഭൗതികാതീതമായ തലത്തിലൂടെ സഞ്ചരിച്ചിരുന്ന സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്. നേരിയ ചലനങ്ങൾ, നേരിയ അകല വ്യതിയാനങ്ങൾ, നീണ്ട ടേക്കുകൾ, സങ്കീർണമായതും അതിസൂക്ഷ്മതയോടെ ചിത്രീകരിച്ചതുമായ സീനുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളുടെ പൊതുവായ പ്രത്യേകതയാണ്.

ഗ്രീസിലെ ഏഥൻസിലാണ് തിയൊ ഏഞ്ജെലൊപെലോസ് ജനിച്ചത്. ഗ്രീക്ക് ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ അച്ഛൻ പിന്നീട് തിരിച്ചുവരുന്നത് തിയൊയ്ക്ക് ഒമ്പത് വയസ്സായപ്പോൾ മാത്രമാണ്. ഇക്കാലത്ത് അദ്ദേഹം കവിതയെഴുതാനും ആരംഭിച്ചു. രണ്ടാംലോകയുദ്ധത്തിന്റെ അവസാനനാളുകളിൽ ഗ്രീസിൽ തെരുവിൽ മരിച്ചുവീണ മനുഷ്യശരീരങ്ങൾക്കിടയിൽ സ്വന്തം അച്ഛനെ തിരഞ്ഞ അനുഭവത്തിന്റെ ഓർമകൾ എന്നും അദ്ദേഹത്ത വിടാതെ പിന്തുടർന്നിരുന്നു. അദ്ദേഹത്തിന്റെ പല സിനിമകളിലും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ വന്നുപോകുന്നത് കാണാം.

ഏഥൻസിലെ സ‍ർവകലാശാലയിൽ നിന്ന് നിയമപഠനാനന്തരം പട്ടാളത്തിൽ ചേ‍ന്നു. തുടർന്ന് പാരീസിൽ സാഹിത്യം, സിനിമ, നരവംശശാസ്ത്രം എന്നിവ പഠിക്കുവാനായി പോയി. സോർബോണിൽ സുപ്രസിദ്ധ ചിന്തകനായ ക്ലോഡ് ലെവിസ്ട്രോസ് അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു (ലെവിസ്ട്രോസിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം തിയൊയുടെ സിനിമകളിൽ പ്രകടമായി കാണാം). തുടർന്ന് സിനിമ മാത്രമായി പഠിക്കുവാൻ പാരീസിലെ പ്രസിദ്ധമായ IDHEC (Institut des Hautes Études Cinématographiques) എന്ന സ്ഥാപനത്തിൽ ചേർന്നുവെങ്കിലും അച്ചടക്കമില്ലായ്മ, ധാർഷ്ട്യം തുടങ്ങിയ ആരോപണങ്ങളുടെ പുറത്ത് ഒന്നാം വർഷം കഴിഞ്ഞപ്പോൾ തന്നെ അവിടെ നിന്ന് പുറത്താക്കി. പഠനം പൂർത്തിയാക്കാതെ ഗ്രീസിലേക്കെത്തിയ അദ്ദേഹം പത്രപ്രവർത്തകനായും സിനിമാനിരൂപകനായും ജോലി ചെയ്യാനാരംഭിച്ചു. 1967ൽ ഗ്രീസിൽ പട്ടാള ഭരണത്തിന് തുടക്കമിട്ട പട്ടാള അട്ടിമറിയെത്തുടർന്നുള്ള കാലത്താണ് തിയൊ ഏഞ്ജെലൊപെലോസ് സിനിമനിർമാണത്തിലേക്ക് എത്തിയത്. 1968ൽ ഹ്രസ്വചിത്രങ്ങൾ നിർമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 1970ൽ ആദ്യ ഫീച്ചർ സിനിമയായ റികോൺസ്റ്റിസ്റ്റ്യൂഷൻ സംവിധാനം ചെയ്തു. തുടർന്ന് വന്ന  ഡെയ്സ് ഒഫ് 36 (1972), ദ് ട്രാവലിങ് പ്ലെയേഴ്സ് (1975), ദ് ഹണ്ടേഴ്സ് (1977) എന്നീ സിനിമകൾ ചരിത്രത്രയം എന്ന പരമ്പരയിലെ ഭാഗങ്ങളായിരുന്നു. ഇതിനെത്തുടർന്ന് 1980ൽ അലക്സാണ്ടർ ദ് ഗ്രെയ്റ്റ് എന്ന ഒരു ചിത്രം സംവിധാനം ചെയ്തു.

സിനിമാത്രയങ്ങൾ (ഒരു പൊതുവിഷയത്തെ അധികരിച്ച് നിർമിക്കുന്ന വ്യത്യസ്തങ്ങളായ മൂന്ന് സിനിമകളെയാണ് പൊതുവിൽ സിനിമാത്രയങ്ങൾ അല്ലെങ്കിൽ Trilogy എന്ന് വിളിക്കുന്നത്) അദ്ദേഹത്തിന്റെ ഒരു പ്രധാനസവിശേഷതയാണ്. നിശബ്ദതയുടെ ത്രയം (1984ലെ വൊയെജ് റ്റു കൈതെര, 1986ലെ ദ് ബീ കീപർ, 1988ലെ ലാന്റ്സ്കെയ്പ് ഇൻ ദ് മിസ്റ്റ് എന്നീ ചിത്രങ്ങൾ ഉൾപ്പെടുന്നത്), അതിർത്തിത്രയം (1991ലെ ദ് സസ്പെൻഡഡ് സ്റ്റെപ് ഒഫ് ദ് സ്റ്റോ‍ർക്, 1995ലെ യുലീസസ് ഗേസ്, 1998ലെ എറ്റേണിറ്റി ഏന്റ് എ ഡെ എന്നീ ചിത്രങ്ങൾ ഉൾപ്പെട്ടത്), ആധുനിക ഗ്രീസ് ത്രയം (2004ലെ ദ് വീപിങ് മെഡൊ, 2008ലെ ദ് ഡസ്റ്റ് ഒഫ് ടൈം, പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ദ് അദർ സീ എന്നിവ ഉൾപ്പെട്ടത്) എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമാത്രയങ്ങൾ.

ലൂമിയറിന്റെ സ്മരണാർത്ഥം 1995ൽ ലോകപ്രസിദ്ധരായ 41 ചലച്ചിത്രസംവിധായകർ ചേർന്ന് ഒരുക്കിയ ചെയ്ത ലൂമിയർ ഏന്റ് കമ്പനി എന്ന സിനിമയിലെ 52 സെക്കന്റുള്ള ഒരു ഖണ്ഡം സംവിധാനം ചെയ്തത് തിയൊയായിരുന്നു. അതുപോലെ 2007ൽ കാൻ ചലച്ചിത്രോത്സവത്തിന്റെ 60ാം വാർഷികത്തോടനുബന്ധിച്ച് ലോകപ്രസിദ്ധരായ 36 സംവിധായകർ ചേർന്ന് ഒരുക്കിയ റ്റു ഈച് ഹിസ് ഓൺ സിനിമ എന്ന സിനിമയിലെ ത്രീ മിനിറ്റ്സ് എന്ന ഖണ്ഡവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

എറ്റേണിറ്റി ഏന്റ് എ ഡെ എന്ന ചിത്രത്തിന് കാനിൽ പാം ഡി ഓർ പുരസ്കാരം ലഭിച്ചിരുന്നു. ബെർലിൻ, വെനീസ്, ഷിക്കാഗൊ തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക സുപ്രധാനമേളകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഒട്ടേറെ ഓണററി ബഹുമതികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

നാല് മണിക്കൂറോളം ദൈർഘ്യമുള്ള ദ് ട്രാവലിങ് പ്ലെയേഴ്സ് എന്ന സിനിമയിൽ വെറും 80 ഷോട്ടുകൾ മാത്രമാണുള്ളത് എന്നറിയുമ്പോഴാണ് എന്തുമാത്രം പതിഞ്ഞ ഒരു ശൈലിയായിരുന്നു അദ്ദേഹം തന്റെ കലയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാവുക. സീക്വൻസ് ഷോട് എന്നറിയപ്പെടുന്ന ലോങ് ടേകിലെ ഒരു പ്രത്യേകരീതി തന്റെ സിനിമകളിൽ നിരന്തരമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ഏഞ്ജെലൊപെലോസ് തന്നെ ഇങ്ങനെ വിശദീകരിക്കുന്നു: “എന്നെ സംബന്ധിച്ചിടത്തോളം സീക്വൻസ് ഷോട് എനിക്ക് ഒരുപാട് സ്വാതന്ത്ര്യം തരുന്നുണ്ട്. കാരണം ഒരു ദൃശ്യം അതിന്റെ മധ്യത്തിലെവിടെയെങ്കിലും വച്ച് മുറിക്കാൻ ഞാൻ കൂട്ടാക്കാതെയിരിക്കുന്നത് വഴി ഞാൻ ചെയ്യുന്നത്, സിനിമയിൽ കാണിക്കുന്ന ദൃശ്യങ്ങളെ മികച്ച രീതിയിൽ വിശകലനം ചെയ്യാൻ കാഴ്ചക്കാരെ ക്ഷണിക്കുക എന്നതാണ്. ഈ ദൃശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കാഴ്ചക്കാരിലോരോരുത്ത‍ർക്കും തോന്നുന്ന ഘടകങ്ങളിലേക്ക് അയാളുടെ ശ്രദ്ധയെ വീണ്ടും വീണ്ടും കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്.”

ആധുനിക ഗ്രീസിനെക്കുറിച്ചുള്ള മൂന്ന് ഭാഗങ്ങളുള്ള ഒരു സിനിമാപരമ്പരയിലെ അവസാനചിത്രമായ ദ് അദർ സീ യുടെ ഷൂട്ടിങിനിടയിൽ തിരക്കുള്ള ഒരു റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു മോട്ടോർ സൈക്കിളിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് 2012 ജനുവരി 24ന് അദ്ദേഹം അന്തരിച്ചു.

എഴുത്ത് : ആര്‍. നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


1 Comment
  1. ANILKUMAR V K

    April 27, 2021 at 10:22 pm

    great film maker

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *