സൊളാനസ് വിടപറഞ്ഞു.

രാഷ്ട്രം ജനങ്ങള്‍ സിനിമ സൊളാനസും മൂന്നാം ലോക സിനിമയുടെ രാഷ്ട്രീയവും ജി പി രാമചന്ദ്രന്‍

 

ഫെര്‍ണാണ്ടോ സൊളാനസിന് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേള ആജീവനാന്ത പുരസ്‌കാരം നല്‍കി ആദരിച്ചപ്പോള്‍ ജി പി രാമചന്ദ്രന്‍ എഴുതിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

രാഷ്ട്രം ജനങ്ങള്‍ സിനിമ
സൊളാനസും മൂന്നാം ലോക സിനിമയുടെ രാഷ്ട്രീയവും

ജി പി രാമചന്ദ്രന്‍

1960കളോടെ ഫെര്‍ണാണ്ടോ സൊളാനസും ഒക്ടാവിയോ ജെറ്റിനോയും ചേര്‍ന്നാരംഭിച്ച മൂന്നാം ലോക സിനിമ എന്ന ആശയം ഏറെ പിന്തുണ നേടുകയുണ്ടായി. അവര്‍ രണ്ടു പേരും ചേര്‍ന്ന് സംവിധാനം ചെയ്ത ദ ഹവര്‍ ഓഫ് ഫര്‍ണസസ് (1968/കറുപ്പും വെളുപ്പും/അര്‍ജന്റീന/മൂന്നു ഭാഗവും ചേര്‍ന്ന് നാലു മണിക്കൂര്‍), വിപ്ലവ സിനിമയുടെ എക്കാലത്തെയും മാതൃകയാണ്. വിപ്ലവത്തിന് നേരിട്ടു തന്നെ ആഹ്വാനം ചെയ്യുന്ന ഈ ചിത്രത്തെ ഒരു മാനിഫെസ്റ്റോ ആയി ചരിത്രം രേഖപ്പെടുത്തി. വിദ്യാഭ്യാസം, അറിവ്, സംവാദം, ചരിത്രപരത എന്നീ മൂല്യങ്ങളൊക്കെയും ഉയര്‍ത്തിപ്പിടിക്കുന്ന ആ സിനിമയുടെ പ്രതിപാദനസവിശേഷത ലോകമെമ്പാടുമുള്ള വിപ്ലവാനുകൂലികള്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതായിരുന്നു. സൗന്ദര്യാത്മകത, സമഗ്രമായ അഭിമുഖങ്ങള്‍, സിനിമാ വെരിത്തേ ശൈലിയിലുള്ള ദൃശ്യങ്ങള്‍, ന്യൂസ് റീലുകള്‍, സുഘടിതവും അപഗ്രഥനാത്മകവുമായ മൊണ്ടാഷുകള്‍, വേണ്ടിടത്ത് ചുരുക്കിപ്പറയാനുള്ള വിവേകം എന്നീ രീതികള്‍ കൊണ്ടൊക്കെയാണ് ദ ഹവര്‍ ഓഫ് ഫര്‍ണസസ് ഡോക്കുമെന്ററി ക്ലാസിക്ക് ആയി വിലയിരുത്തപ്പെട്ടത്. ബൊളീവിയന്‍ കാടുകളില്‍ വെച്ച് അമേരിക്കന്‍ പട്ടാളം ക്രൂരമായി കൊലപ്പെടുത്തിയ ചെഗുവേരയുടെ മൃതശരീരത്തിന്റെ രണ്ടര മിനിറ്റ് നീണ്ടുനില്‍ക്കുന്ന നിശ്ചലദൃശ്യത്തിന്റെ ക്ലോസപ്പോടെയാണ് സിനിമ സമാപിച്ചിരുന്നത്. ഈ ദൃശ്യമാകെട്ട അമേരിക്കന്‍ സര്‍ക്കാര്‍ ആര്‍ക്കൈവില്‍ നിന്ന് അനധികൃതമായി കൈവശപ്പെടുത്തിയതുമായിരുന്നു.

രാഷ്ട്രത്തെ, ജനങ്ങള്‍ (പ്യൂബ്ലോ) എന്ന് പുനര്‍ നിര്‍വചിക്കുന്ന ജനകീയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് സൊളാനസ്. എല്ലാക്കാലത്തും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളും കര്‍ഷകരുമാണിവിടെ ജനങ്ങള്‍ എന്ന പരികല്പനയില്‍ ഉള്‍പ്പെടുത്തപ്പെടുന്നത്. യൂറോപ്യന്‍ സാംസ്‌ക്കാരിക മേന്മാവാദത്തിന്റെ അടിസ്ഥാനത്തില്‍ നയിക്കപ്പെട്ടിരുന്ന രാഷ്ട്രചിന്തയെ എതിര്‍ദിശയിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു ഈ വാദത്തിലൂടെ. കോളനിയനന്തര ചിന്തകളുടെ പ്രയോഗപരത കൂടിയായിരുന്നു ഇത്. ജനങ്ങള്‍ക്കാണ് ഈ ആഖ്യാനത്തിലെ നായകത്വം. തൊഴിലാളികളും കര്‍ഷകരും ആണ്; അല്ലാതെ ഉദാസീന മധ്യവര്‍ഗ/സവര്‍ണപ്പാളിയല്ല ഇവിടെ ജനങ്ങള്‍ എന്ന അവതരണത്തില്‍ പ്രകടനപ്പെടുത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതേ സമയം, ജനപ്രിയത എപ്പോഴും സ്വീകരിക്കുന്ന ബുദ്ധിജീവി വിരുദ്ധതാസമീപനങ്ങളെയും വിപ്ലവകാരികള്‍ക്ക് തുറന്നു കാണിക്കേണ്ടതുണ്ടായിരുന്നു.

അര്‍ജന്റീനയുടെയും ലാറ്റിന്‍ അമേരിക്കയുടെയും ചരിത്രം ജനകീയമായി മാറ്റിയെഴുതുന്ന പ്രക്രിയയായിരുന്നു ഈ ഗതിമാറ്റത്തിന്റെ അടിസ്ഥാനം. ഫക്കൂണ്ടോ-സിവിലിസേഷന്‍ ആന്റ് ബാര്‍ബാറിസം(നാഗരികതയും കാട്ടാളത്തവും/1845) എന്ന ഡോമിന്‍ഗോ എഫ് സര്‍മിയെന്റോയുടെ പുസ്തകത്തില്‍ യൂറോപ്യന്‍ ആയ എല്ലാം നാഗരികമെന്നും പരിഷ്‌കൃതമെന്നും, ലാറ്റിനമേരിക്കന്‍ ആയ എല്ലാം കാട്ടാളമെന്നും വര്‍ഗീകരിക്കപ്പെട്ടു. സര്‍മിയെന്റോ പിന്നീട് അര്‍ജന്റീനയുടെ പ്രസിഡണ്ട് ആയി അവരോധിതനായി. പ്രത്യക്ഷവും പരോക്ഷവുമായ ജ്ഞാനാധികാരത്തിനെതിരായ സമരവും അര്‍ജന്റീനയിലെ പോരാളികള്‍ക്ക് നയിക്കേണ്ടതുണ്ടായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ആ പോരാട്ടത്തിന്റെ നേതാവാണ് ഫെര്‍ണാണ്ടോ സൊളാനസ്. പുതിയ കാലഘട്ടത്തിന്റെ ചരിത്ര രചനാ രേഖകളാണ് അദ്ദേഹത്തിന്റെ ഡോക്കുമെന്ററികള്‍.

‘ഒന്നരലക്ഷം നാവികര്‍ക്ക് വിയറ്റ്‌നാം ജനതയുടെ ധീരവും ഗംഭീരവുമായ ചെറുത്തുനില്‍പിനെ തോല്‍പിക്കാനായില്ലെങ്കില്‍ ലോകത്തിന്റെ മൂന്നില്‍ രണ്ടു ഭൂഭാഗത്തുള്ള ജനതയെ തോല്‍പിക്കാന്‍ എത്ര നാവികര്‍ വേണ്ടിവരും? ചൈന, ക്യൂബ, കൊറിയ, ലാറ്റിനമേരിക്ക, അറേബ്യന്‍ രാജ്യങ്ങള്‍, സോഷ്യലിസ്റ്റ് രാജ്യങ്ങള്‍, എന്നിവിടങ്ങളിലെ ജനതകളും വികസിത രാജ്യങ്ങളിലെ പുരോഗമന ശക്തികളും ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയും അടങ്ങുന്ന ലോകത്തെ മഹാഭൂരിപക്ഷത്തെ അവര്‍ക്ക് നേരിടാനാവില്ല. സാമ്രാജ്യത്വം അന്തിമമായ പരാജയത്തിലേക്ക് നീങ്ങുകയാണ്. ചെയര്‍മാന്‍ മാവോ പറഞ്ഞതു പോലെ അത് ഒരു കടലാസുപുലി മാത്രമാണ്’. ദി ഹവര്‍ ഓഫ് ഫര്‍ണസസിലെ അവസാനസീക്വന്‍സിനു തൊട്ടുമുമ്പുള്ള പശ്ചാത്തല വിവരണമാണിത്. അന്ന് വിഭാവനം ചെയ്ത സാമ്രാജ്യത്വത്തിന്റെ ഉടനടിയുള്ള തകര്‍ച്ച ഇതുവരെയും നടന്നില്ലെു മാത്രമല്ല; സാമ്രാജ്യത്വ വിരുദ്ധ ശക്തികളില്‍ വലിയൊരു പങ്കിനെ അത് വിഴുങ്ങി തങ്ങളുടേതാക്കി തീര്‍ക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ എല്ലാ ശുഭാപ്തി വിശ്വാസവും കളയാറായിട്ടില്ലൊണ് ലാറ്റിനമേരിക്കയിലെ ഉജ്വലമായ ചെറുത്തുനില്‍പുകളും ഇടതുപക്ഷ വിജയങ്ങളും തെളിയിക്കുന്നത്.

പ്രേക്ഷകനുമായി സിനിമ രൂപീകരിക്കുന്ന ആത്മബന്ധമാണ് ഏറ്റവും സവിശേഷമായത്. സാധാരണ രീതിയില്‍ സ്വയം സമ്പൂര്‍ണമായ ഒരു ഉല്‍പന്നമെന്ന നിലക്ക് നമ്മെ വ്യാമോഹിപ്പിക്കുന്ന ഒന്നായിട്ടാണ് സിനിമ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ പ്രേക്ഷകന്റെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും അവനെ(ളെ) വിപ്ലവോത്സുകനാ(ളാ)ക്കുകയും ചെയ്യുന്ന ഒരു ആഖ്യാനരീതിയാണ് ദ ഹവര്‍ ഓഫ് ഫര്‍ണസസിനുള്ളത്. സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ കാണുന്ന പ്രേക്ഷക സംഘങ്ങളോട് ചിത്രത്തില്‍ വേണ്ട കൂട്ടിച്ചേര്‍ക്കലുകളോ മുറിച്ചുമാറ്റലുകളോ നടത്തിക്കൊള്ളാന്‍ സംവിധായകര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം ആദ്യമായി എഡിറ്റു ചെയ്ത കാലത്ത് നിയമവിരുദ്ധമായിരുന്നതിനാല്‍ രാഷ്ട്രീയമായി അനുഭാവമുള്ളവര്‍ക്കിടയില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നത്. ചിത്രം കാണാനുള്ള തീരുമാനമെടുക്കുകയും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതു തന്നെ സാഹസികമായിരുന്നു. ആ സാഹസികതയിലൂടെ ഈ സിനിമയുടെ മുഖ്യ നായകനായി ആ കാണി മാറിത്തീരുന്നുവൊണ് സൊളാനസ് മൂന്നാം ലോക സിനിമക്കുവേണ്ടി എന്ന ഒക്‌ടോവിയോ ജെറ്റിനോയോട് ചേര്‍െന്നഴുതിയ പ്രസിദ്ധ ലേഖനത്തില്‍ വ്യക്തമാക്കിയത്.

ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഏറ്റവും പ്രസിദ്ധം. പുത്തന്‍ കൊളോണിയലിസവും അക്രമവും എന്നു പേരിട്ടിരിക്കുന്ന ഈ ഭാഗം പതിമൂന്ന് അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. വിടുതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, അക്രമവും വിമോചനവും എന്നിങ്ങനെയാണ് രണ്ടും മൂന്നും ഭാഗങ്ങളുടെ ശീര്‍ഷകങ്ങള്‍. ചിത്രീകരിച്ച കാലത്തെ രാഷ്ട്രീയ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ചര്‍ച്ച ചെയ്യാനാകാത്ത സിനിമയാണ് ദ ഹവര്‍ ഓഫ് ഫര്‍ണസസ്. അതുകൊണ്ടു തന്നെ ഈ സിനിമയുടെ സൗന്ദര്യമൂല്യത്തെക്കുറിച്ചെന്നതിനേക്കാള്‍ ആശയപരവും പ്രത്യയശാസ്ത്രപരവുമായ ദൃഢതയെക്കുറിച്ചാണ് ലോകം ചര്‍ച്ച ചെയ്തത്. അര്‍ജന്റീനയില്‍ നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടുമുള്ള മേളകളില്‍ നിന്ന് ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ലോകമെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് സിനിമ ആവേശം പകര്‍ന്നു നല്‍കി. രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തികവുമായ അടിമത്തത്തില്‍ നിന്നുള്ള വിമോചനത്തിനായി സമ്പൂര്‍ണ വിപ്ലവത്തിനൊരുങ്ങുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ദ ഹവര്‍ ഓഫ് ഫര്‍ണസസ് വ്യക്തമാക്കുന്നു. ഭൂതകാലം നിര്‍മിച്ചു വെച്ച എല്ലാ ചലച്ചിത്രാഖ്യാനരൂപങ്ങളെയും അതുകൊണ്ടു തന്നെ ദ ഹവറിന് മറികടക്കേണ്ടതുണ്ടായിരുന്നു. അമേരിക്കന്‍/യൂറോപ്യന്‍ സിനിമയോടുള്ള ഘടനാപരവും ഭാഷാപരവുമായ ആധമര്‍ണ്യത്തില്‍ നിന്ന് ലാറ്റിനമേരിക്കന്‍ സിനിമയെ മാത്രമല്ല മൂന്നാം ലോക സിനിമയെ മുഴുവനും വിമോചിപ്പിക്കാനുള്ള ശക്തിയുള്ള സിനിമയായി ദ ഹവര്‍ ഓഫ് ഫര്‍ണസസിനെ മര്‍ദിത ജനത തിരിച്ചറിഞ്ഞു.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലെ നാടകീയസംഭവവികാസങ്ങളാണ് ഞാന്‍ സിനിമയെടുക്കാന്‍ തുടങ്ങിയ മുപ്പത്തഞ്ചു വര്‍ഷം മുമ്പത്തെ ആ സാഹചര്യത്തിലേക്ക് എന്നെ വലിച്ചിഴച്ചു കൊണ്ടുപോയത്. ഒരു രാഷ്ട്രീയ സ്വത്വബോധത്തിനു വേണ്ടിയുള്ള അന്വേഷണവും സ്വേഛാധിപത്യത്തിനെതിരെയുള്ള പോരാട്ടത്വരയുമാണ് ‘തീച്ചൂളകളുടെ മുഹൂര്‍ത്തം’ (La Hora De Los Hornos -The Hour of the Furnaces) ചിത്രീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. സാഹചര്യങ്ങളും പശ്ചാത്തലങ്ങളും വളരെയേറെ മാറിപ്പോയിട്ടുണ്ടെന്നത് വാസ്തവം തന്നെ; എന്നല്‍ അര്‍ജന്റീനയില്‍ നടപ്പിലായിട്ടുള്ള നിയോലിബറല്‍ രാഷ്ട്രീയം എത്ര മാത്രം വിനാശകരമാണെ് ഇന്ന് നാം മനസ്സിലാക്കുന്നു. വിദെലായുടെ സ്വേഛാധിപത്യ ഭരണത്തിനു ശേഷമുള്ള ഇരുപത്തഞ്ചു വര്‍ഷം നാം എന്തിനൊക്കെയാണ് സാക്ഷ്യം വഹിച്ചതെന്ന് ഇന്ന് തിരിഞ്ഞുനോക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ജീവനുള്ള ഒരു ചുമര്‍ചിത്രം(fresco) ആണ് ഞാന്‍ ഈ സിനിമയിലൂടെ വരച്ചെടുക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ അപമാനവീകരണപ്രക്രിയയെക്കുറിച്ച് അര്‍ജന്റീനയിലും ലാറ്റിനമേരിക്കയിലും ലോകത്തെമ്പാടും നടക്കുന്ന സമകാലിക ചര്‍ച്ചയില്‍ എന്റേതായ സംഭാവന നല്‍കലാണ് എന്റെ ഉദ്ദേശ്യം. അതോടൊപ്പം, മറ്റൊരു ലോകം സാധ്യമാണെന്ന് കാണിച്ചുതരാനും ഈ സിനിമ ഉദ്യമിക്കുന്നു. – ഫെര്‍ണാണ്ടോ ഇ സൊളാനസ്

അഞ്ചുവര്‍ഷത്തെ പ്രവാസ/അഭയാര്‍ത്ഥിത്വ ജീവിതത്തിനു ശേഷം 1980കളുടെ മധ്യത്തോടെ അര്‍ജന്റീനയില്‍ തിരിച്ചെത്തിയ സൊളാനസ്, 1985ല്‍ ടാങ്കോസ് – ദ എക്‌സൈല്‍ ഓഫ് ഗാര്‍ഡെല്‍ എന്ന സിനിമ പുറത്തിറക്കി. ഫ്രാന്‍സില്‍ വെച്ച് നിര്‍മ്മിച്ച ടാങ്കോസ്, ആദ്യകാലത്ത് അദ്ദേഹം അനുഭവിച്ച സൈനികഭരണത്തിന്റെ അമിതാധികാര വാഴ്ചയും നിര്‍ബന്ധിത ഒളിവ്/പ്രവാസ-അഭയാര്‍ത്ഥിത്വ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ടാങ്കോ സംഗീതത്തിന്റെയും നൃത്തത്തിന്റെയും രൂപകങ്ങളുപയോഗിച്ചുകൊണ്ട് അവതരിപ്പിച്ചു. 1988ല്‍ ഇറങ്ങിയ തെക്ക് (ദ സുര്‍) എന്ന സിനിമയുടെ പേരിലാണ് കാന്‍ മേളയില്‍ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്. രാജ്യത്തിനകത്തു തെന്നയുള്ള ഒളിവു – തടവു ജീവിതങ്ങളും മാറ്റിമറിക്കപ്പെട്ട ജീവിതാവസ്ഥകളുമാണ് സുറിനെ സവിശേഷമാക്കുന്നത്. ഫ്‌ളോറിയല്‍ എന്നു പേരുള്ള ഒരു യൂണിയന്‍ നേതാവ് അറസ്റ്റ് ചെയ്യപ്പെടുകയും സ്വേഛാധിപത്യ വാഴ്ച അവസാനിക്കുന്നതു വരെയും ജയിലിലടക്കപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകളും വിഭ്രമങ്ങളും, തടവില്‍ നിന്ന് പുറത്തു വന്നതിനുശേഷമുള്ള സമകാലയാഥാര്‍ത്ഥ്യവുമായി കൂടിക്കുഴയുകയാണ്. പങ്കകളും വിളക്കുകളും കണ്ണാടികളും പുകതുപ്പിയന്ത്രങ്ങളുമെല്ലാമാണ് ചരിത്രത്തെ നാടകമാക്കി മാറ്റിയ കാലങ്ങളെ അടയാളപ്പെടുത്താന്‍ സൊളാനസ് രൂപകങ്ങളായി ഉപയോഗിക്കുന്നത്.

1992ലാണ് സൊളാനസിന്റെ യാത്ര (എല്‍ വ്യാജെ) പുറത്തുവന്നത്. റോഡ് മൂവിയും ലാറ്റിനമേരിക്കന്‍ സര്‍ഗാത്മകതയുടെ മര്‍മ്മമായ മാജിക്കല്‍ റിയലിസവും തമാശകളും മെലോഡ്രാമയും എല്ലാം സവിശേഷമായ രീതിയില്‍ കൂടിച്ചേരുന്ന ഒരു സിനിമയാണിത്. മാര്‍ട്ടിന്‍ നൂങ്ക എന്ന അര്‍ജന്റീനക്കാരനായ നായകന്‍, വെള്ളപ്പൊക്കത്തിലാണ്ട അര്‍ജന്റീനയിലൂടെയും മറ്റ് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലൂടെയും സൈക്കിളില്‍ സഞ്ചരിക്കുകയാണ്. സാമ്പത്തികവും സാംസ്‌ക്കാരികവുമായി രാഷ്ട്രം മുങ്ങിത്താഴുകയാണെന്നാണ് വെള്ളപ്പൊക്കം എന്ന പ്രതീകത്തിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്. ചെഗുവേര മോട്ടോര്‍ സൈക്കിളില്‍ നടത്തിയ പ്രസിദ്ധ യാത്രയുടെ ഓര്‍മ്മയെ പാരിസ്ഥിതികനാശത്തിന്റെ സമകാലികതയില്‍ മാറ്റിക്കാണുകയാണ് സൊളാനസ്. മുതലാളിത്ത ചൂഷണവും ജനകീയ ഐക്യദാര്‍ഢ്യവും തമ്മിലുള്ള വൈരുദ്ധ്യം തന്നെയാണ് അന്നുമിന്നും കലയെ സംഘര്‍ഷഭരിതമാക്കുന്നത് എന്നാണദ്ദേഹം സ്ഥാപിക്കുന്നത്.

ഇക്കാലത്താണ് ദേശീയരാഷ്ട്രീയത്തിലും സൊളാനസ് പങ്കു ചേരുന്നത്. 1991ല്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലിന്മേല്‍ ആറു വെടിയുണ്ടകളാണ് പതിച്ചത്. അടുത്ത വര്‍ഷം സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 1993ല്‍ ബ്യൂണസ് അയേഴ്‌സ് പ്രൊവിന്‍സില്‍ നിന്ന് നാഷണല്‍ ഡെപ്യൂട്ടി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1997ല്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്, ഔപചാരിക രാഷ്ട്രീയത്തില്‍ നിന്ന് സൊളാനസ് വിരമിക്കുകയും ചെയ്തു.

1998ല്‍ തന്റെ സമാപന ഫീച്ചര്‍ സൊളാനസ് പൂര്‍ത്തിയാക്കി. മേഘങ്ങള്‍ (ല നൂബെ) എ ഈ സിനിമയില്‍ നവലിബറല്‍ സാമ്പത്തിക ശക്തികളുടെ നിര്‍മ്മിത സംസ്‌ക്കാരത്തെയാണ് അദ്ദേഹം വിചാരണ ചെയ്യുന്നത്. യഥാര്‍ത്ഥ സംസ്‌ക്കാരത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടി, കമ്പോളത്താല്‍ നിര്‍ണയിക്കപ്പെടുന്ന സാംസ്‌ക്കാരിക ശബളിമ രൂപീകരിക്കപ്പെടുന്നു. മുഖ്യ കഥാപാത്രങ്ങളൊക്കെയും പുറകോട്ടു നടക്കുന്ന സുപ്രധാനമായ ദൃശ്യം എന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കും. നാടോടികളും അരാജകവാദികളുമായ ദൃശ്യകലാകാരന്മാര്‍ തങ്ങളുടെ കലാപ്രവര്‍ത്തനം നടത്തി വന്നിരുന്ന നാടകശാല പൊളിച്ച് സര്‍ക്കാര്‍ ഒരു വ്യാപാരസമുച്ചയം(മാള്‍) പണിയാന്‍ തീരുമാനിക്കുന്നു. സാംസ്‌ക്കാരിക ഇടനിലക്കാരും അഴിമതികളും അധികാര ദുര്‍വിനിയോഗവും എല്ലാം പ്രകടമാവുന്ന നിരവധി ഉപാഖ്യാനങ്ങള്‍ കൊണ്ട് നിബിഡവുമാണ് ഈ സിനിമ. നാടകശാല കലാകാരന്മാര്‍ വിട്ടുകൊടുക്കുന്നില്ല. എന്നാല്‍, ഹവര്‍ ഓഫ് ഫര്‍ണസസിലേതു പോലെ സാധാരണക്കാരായ തൊഴിലാളികളുടെ തെരുവു പിന്തുണ അവര്‍ക്ക് ലഭ്യമാവുന്നുമില്ല. കൃത്യമായ പക്ഷമുണ്ടായിരിക്കെ തന്നെ സത്യസന്ധതയാണ് പ്രധാനം എന്ന തൊഴിലാളി വര്‍ഗ സൗന്ദര്യശാസ്ത്രത്തിന്റെ നയമാണിവിടെ ആവിഷ്‌ക്കരിക്കപ്പെടുന്നത്.

വിപ്ലവ ഡോക്കുമെന്ററിയിലേക്കുള്ള തിരിച്ചുപോക്ക്

ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വയം നോക്കി വിലയിരുത്താനുള്ള ഒരു കണ്ണാടിയാണ്; അവര്‍ക്ക് ഒഴിവാക്കാനാകുന്ന അബദ്ധവുമാണത്. ആഗോളീകരിക്കപ്പെട്ടതിനാല്‍ ഒരു രാജ്യത്തിന്റെ അവശിഷ്ടമായിത്തീര്‍ന്ന ചവറുകൂമ്പാരം മാത്രമാണിന്ന് അര്‍ജന്റീന. ബാക്കി ലോകരാജ്യങ്ങള്‍ എങ്ങോട്ടാണോ സഞ്ചരിക്കുന്നത്, അവിടെ ഇതിനകം തന്നെ എത്തിച്ചേര്‍ന്നവരാണ് ഞങ്ങള്‍.(ഓവീ ലൂയീസും നവോമി ക്ലീനും ചേര്‍ന്ന് ദ ടേക്ക് എന്ന ഡോക്കുമെന്ററി ചിത്രീകരിക്കുന്നതിനിടെ അവര്‍ക്ക് ലഭിച്ച അജ്ഞാതന്റെ കുറിപ്പ്)

ലാറ്റിനമേരിക്ക പ്രത്യേകിച്ചും അര്‍ജന്റീന കടന്നുപോന്ന തീക്ഷ്ണമായ ആ കാലത്തെക്കുറിച്ചുള്ള കൃത്യവും നിശിതവുമായ വിചാരണയാണ്, ഫെര്‍ണാണ്ടോ സൊളാനസിന്റെ ഡോക്കുമെന്ററിയായ എ സോഷ്യല്‍ ജെനൊസൈഡ്(ഒരു സാമൂഹ്യ വംശഹത്യ-2004/118 മിനുറ്റ് – Memoria Del Saqueo). സൊളാനസിന്റെ ഏറ്റവും പ്രസിദ്ധമായ ആദ്യ ഡോക്കുമെന്ററി ഹവര്‍ ഓഫ് ഫര്‍ണസ് സൃഷ്ടിച്ച അതേ വികാര തീവ്രത മുപ്പത്താറ് വര്‍ഷങ്ങള്‍ക്കു ശേഷവും ഈ പുതിയ ചിത്രത്തിലൂടെ നിലനിര്‍ത്താനാവുന്നു എന്നത് വിസ്മയത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. എന്നാലതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, അതികഠിനമായ രാഷ്ട്രീയ-സാംസ്‌ക്കാരിക അനുഭവങ്ങളിലൂടെയാണ് സൊളാനസിന്റെ വ്യക്തി/ചലച്ചിത്ര ജീവിതം ഇക്കാലത്തിനിടയില്‍ കടന്നുപോയത്. നിരവധി കാലം നാടുകടത്തപ്പെട്ട്, ഫ്രാന്‍സിലും മറ്റും നയിച്ച അഭയാര്‍ത്ഥിജീവിതം, ഒളിവില്‍ സ്വന്തം രാജ്യത്തേക്കു പല തവണ കടന്നുവന്ന് ചിത്രീകരിച്ച നിരവധി ഡോക്കുമെന്ററികളും ഫീച്ചറുകളും, സാമ്രാജ്യത്വ അനുകൂല അക്രമികള്‍ സൊളാനസിന്റെ ശരീരത്തിലേക്ക് നടത്തിയ വെടിവെപ്പും ആറു വെടിയുണ്ടകള്‍ സൃഷ്ടിച്ച ശാരീരിക-മാനസിക മുറിവുകളും, ആക്രമണത്തില്‍ നിുള്ള ഗംഭീരമായ ഉയിര്‍ത്തെഴുന്നേല്‍പ്, അര്‍ജന്റീനയിലെ പാര്‍ലമെണ്ടിലേക്ക് മത്സരിച്ചു ജയിച്ചു നേടിയ അംഗത്വം എന്നിങ്ങനെ അവിശ്വസനീയവും അത്യുജ്വലവുമായ പാതകള്‍ കടന്നാണ് സൊളാനസ് ഈ സിനിമയിലെത്തുന്നത് എന്നത് അതിന്റെ ചരിത്രപരമായ പ്രസക്തിയെ കൂടുതല്‍ മഹത്തരമാക്കുന്നു.

ഐ എം എഫില്‍ നിെന്നടുത്ത വായ്പ തിരിച്ചടക്കാനുള്ള തീരുമാനത്തിലൂടെ സാമ്രാജ്യത്വ കടക്കെണിയില്‍ നിന്ന് വിമുക്തമാകാനുള്ള സാധ്യത അര്‍ജന്റീനക്കു മുമ്പില്‍ തെളിഞ്ഞു വന്നു. 2007ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന നെസ്തര്‍ കീര്‍ഷ്‌നറിന്റെ നേതൃത്വത്തിലുള്ള ഇടതുചായ്‌വു പുലര്‍ത്തുന്ന മധ്യനില പാര്‍ടിയുടെ സര്‍ക്കാരാണ് ഈ ചരിത്രപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഇതിനു വേണ്ട സാമ്പത്തിക സഹായം കടപ്പത്രങ്ങളിലൂടെ നല്‍കിയത് അന്നത്തെ വെനിസ്വേല പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ് ആണ്. അര്‍ജന്റീനയും വെനീസ്വേലയും തമ്മിലുള്ള ഈ ബന്ധത്തെ ഷാവേസ് വിശേഷിപ്പിച്ചത്, ‘നന്മയുടെ അച്ചുതണ്ട്’ എന്നാണ്. ചിലിയില്‍ മിഷേല്‍ ബാഷ്‌ലേയുടെ നേതൃത്വം, ബൊളീവിയയില്‍ ഇവോ മൊറേല്‍സിന്റെ നേതൃത്വം എന്നിവ ഇക്കാലത്തുണ്ടായ ഇടതുപക്ഷവിജയങ്ങളാണ്. ബ്രസീല്‍, ഉറുഗ്വേ എന്നീ രാജ്യങ്ങളിലും ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയിരുന്നു. ലോകബാങ്കിനും ഐ എം എഫിനും പകരം വെക്കാന്‍, പുതിയ ഒരു ലാറ്റിനമേരിക്കന്‍ രാജ്യാന്തര ബാങ്ക് തന്നെ രൂപീകരിക്കാനും പദ്ധതിയുണ്ടെന്ന് ഷാവേസ് പ്രഖ്യാപിച്ചിരുന്നു. യാങ്കികളുടെ ഉറക്കം കെടുത്തു ലാറ്റിനമേരിക്കയിലെ ഈ പുതിയ ഇടതുപക്ഷ വസന്തത്തെ ആക്രമണസദ്ധതയോടെ യു എസ് എ നേരിട്ടുകൊണ്ടേയിരിക്കുകയാണ്. ലാറ്റിനമേരിക്ക, അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശത്തിന്റെ പരിഷ്‌ക്കാര/പരീക്ഷണങ്ങളില്‍ തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അവിശ്വസനീയമായ ഉയിര്‍ത്തെഴുല്‍േപിന് പിെന്നയും പിന്നെയും തയ്യാറെടുക്കുന്നത്. ബൊളീവിയയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടന്ന അട്ടിമറിയില്‍ സോഷ്യലിസ്റ്റായ ഇവോ മൊറെയില്‍സിന് പ്രസിഡണ്ട് പദവി ഒഴിയേണ്ടിവന്നെങ്കിലും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന കക്ഷി അധികാരത്തില്‍ തിരിച്ചെത്തി. ാറ്റിനമേരിക്കയിലെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹികാവസ്ഥ ഏതു തരത്തിലുള്ള പരിണാമങ്ങള്‍ക്കാണ് വിധേയമായതെന്ന് പരിശോധിക്കുന്നത്, ഇന്ത്യയിലെയും സമാന അനുഭവങ്ങളെ നേരിടുന്നതിന് ഇവിടത്തെ സ്വാതന്ത്ര്യവാദികള്‍ക്കും ജനാധിപത്യപ്രവര്‍ത്തകര്‍ക്കും കരുത്തു പകരും.

2001 ഒക്‌ടോബറിലാരംഭിച്ച് ഡിസംബര്‍ വരെ നീണ്ടുനിന്ന അര്‍ജന്റീനയിലെ ജനങ്ങളുടെ മാരത്തോണ്‍ ഉപരോധ സമരത്തിന്റെ ദൃശ്യങ്ങളോടെയാണ് എ സോഷ്യല്‍ ജെനൊസൈഡ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ രാജിവെക്കണം; ഇല്ലെങ്കില്‍ അവരെ ചവിട്ടിപ്പുറത്താക്കും എന്നതായിരുന്നു ആ സമരത്തിലെ പ്രധാന മുദ്രാവാക്യം. ചട്ടിയും തവിയും കൊണ്ട് ശബ്ദവും താളവും ഉണ്ടാക്കി തൊഴിലാളികളും യുവാക്കളും സ്ത്രീകളും കുട്ടികളും പെന്‍ഷന്‍കാരും തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും എല്ലാം അണിനിരന്ന ആ സമരം ബ്യൂണസ് അയേഴ്‌സ് നഗരത്തെ എല്ലാ വിധത്തിലും സ്തംഭിപ്പിച്ചു.

അഴിമതിയില്‍ കുളിച്ച നിരവധി സര്‍ക്കാരുകള്‍ നടത്തിയ കൊള്ളയെ തുടര്‍ന്ന് അര്‍ജന്റീന എല്ലാ അര്‍ത്ഥത്തിലും ഇതിനകം ഒരടിമരാജ്യമായി മാറിക്കഴിഞ്ഞിരുന്നു. ഒരുഭാഗത്ത്, ഷോപ്പിങ് മാളുകളും മള്‍ട്ടിപ്ലെക്‌സുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഓഫീസ് സമുച്ചയങ്ങളും ബാറുകളും റെസ്റ്റോറണ്ടുകളും ലോഡ്ജുകളും പ്രവര്‍ത്തിക്കുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍; മറുവശത്ത് പട്ടിണി കൊണ്ട് പൊറുതിമുട്ടിയ അനാഥരായ ജനങ്ങള്‍ ചവറുകൂമ്പാരങ്ങളില്‍ നിന്ന് ഉച്ഛിഷ്ടഭക്ഷണം പെറുക്കിയെടുത്ത് ഭക്ഷിക്കുന്നു. ഒരു വശത്ത് ഡോളറിന്റെ ആധിപത്യത്തിലൂടെ നശിച്ചുപോയ ദേശീയ കറന്‍സിയുടെ നഷ്ട പ്രതാപം; മറുവശത്ത് ഫുട്ബാള്‍ ഇതിഹാസം മറഡോണയിലൂടെ നേടിയ പ്രതീകാത്മകവിജയം. ഒരു വശത്ത് പാര്‍ലമെന്റിന്റെ ദൃശ്യം; മറുവശത്ത് യാചകരുടെ ദയനീയത. ഇത്തരം മൊണ്ടാഷുകളിലൂടെയാണ് അര്‍ജന്റീനയുടെ അടിമത്തം വെളിവാക്കുന്നത്. അസാധ്യമായിക്കഴിഞ്ഞ നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് സമരോത്സുകതയിലേക്ക് ജനത എടുത്തു ചാടുന്നതിന്റെ ചരിത്രന്യായങ്ങളെ ചടുലമായ ദൃശ്യ മിശ്രണത്തിലൂടെ സൊളാനസ് ആവിഷ്‌ക്കരിക്കുന്നു.

ദൃശ്യങ്ങള്‍ക്കു പുറമെ സംഭവഗതികളെ വാര്‍ത്താതലക്കെട്ടുകളുടെ രൂപത്തില്‍ തിരശ്ശീലയില്‍ തുരുതുരാ എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്. താദാത്മ്യവല്‍ക്കരണവിമുക്തമായ ഈ ശൈലിയും കാണിയെ പിടിച്ചുകുലുക്കും. സാമ്പത്തികത്തകര്‍ച്ച രൂക്ഷമാകുന്നു, മൂലധനത്തിന്റെ കനത്ത പ്രഹരം, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, കുറ്റവാളികളുടെ ഭരണം, അടിയന്തിരാവസ്ഥ എന്നിങ്ങനെ ജനങ്ങളുടെ ഉപരോധസമരത്തിനു മുന്നോടിയായി നടന്ന സംഭവങ്ങളെ പട്ടികപ്പെടുത്തുന്നത് തലക്കെട്ടുകളിലൂടെയാണ്. മുഖം നഷ്ടമായ ജനങ്ങളുടെ സ്വയമേവയുള്ള ചെറുത്തുനില്‍പ് എന്നാണ് സമരത്തിന്റെ വിശേഷണമായി സംവിധായകന്റെ തലക്കെട്ട് വരുന്നത്. ദൃശ്യങ്ങള്‍, ശബ്ദങ്ങള്‍, സങ്കലനം എന്നിങ്ങനെ സാധാരണ രീതിയില്‍ സിനിമ സങ്കല്‍പിച്ചെടുക്കുന്നതിനുള്ള ഉപാധികള്‍ക്കുപരിയായി ഭാഷയിലെ വാചകങ്ങളെ പ്രബോധനശൈലിയില്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വിജയിച്ച ശക്തമായ മാതൃകയാണ് സൊളാനസിന്റേത്.

ലാത്തിച്ചാര്‍ജു കൊണ്ടും വെടിവെപ്പു കൊണ്ടും ജനക്കൂട്ടത്തെ നഗരകേന്ദ്രത്തില്‍ നിന്ന് ആട്ടിപ്പായിക്കാനാവുന്നില്ല. സമരക്കാര്‍ക്കു പകരം ഭരണാധികാരിക്ക് നഗരവും അധികാരവാഴ്ചയും വിെട്ടാഴിയേണ്ടിവരുന്ന സംഭവ പരിണാമം ആവേശകരമാണ്. സംവിധായകന്റെ ഭാഷ്യമനുസരിച്ച് ‘ജനാധിപത്യ’ത്തിനാല്‍ ചതിക്കപ്പെട്ടവരാണീ ജനങ്ങള്‍. എന്താണ് അര്‍ജന്റീനയില്‍ സംഭവിച്ചത് എന്ന ചോദ്യം സംവിധായകന്‍ കാണികള്‍ക്കു വേണ്ടി സ്വയം ഉയര്‍ത്തുന്നു. സമ്പന്നവും സന്തുഷ്ടവുമായിരുന്ന രാജ്യം ദൈനംദിനമുണ്ടായിരുന്ന നിശ്ശബ്ദമായ അക്രമവാഴ്ചയിലൂടെയും ഏകാധിപത്യത്തിലൂടെയുമാണ് ആദ്യം പാപ്പരീകരിക്കപ്പെട്ടത്.

തുടര്‍ന്ന് പത്തു വ്യത്യസ്ത അധ്യായങ്ങളിലൂടെ അനന്തമായ കടക്കെണിയില്‍ പര്യവസാനിച്ച അര്‍ജന്റീനിയന്‍ സാമ്പത്തിക അനുഭവങ്ങളെ അദ്ദേഹം വിശദീകരിക്കുന്നു. തീച്ചൂളകളുടെ മുഹൂര്‍ത്തത്തിലും ഇത്തരത്തില്‍ കുറെ അധ്യായങ്ങളിലൂടെ പുസ്തകരൂപത്തില്‍ ഒരു ബോധനപ്രക്രിയ എന്ന നിലക്ക് ചലച്ചിത്രമാധ്യമത്തെ പ്രയോഗിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഏറെ ഫലപ്രദവും വിപ്ലവാത്മകവുമായ ഈ ശൈലിയുടെ ആവര്‍ത്തനത്തില്‍ ദൃശ്യവല്‍ക്കരണത്തിലും എഡിറ്റിങിലും സാധ്യമായിട്ടുള്ള നൂതനമായ രീതികള്‍ സംയോജിപ്പിക്കുകമാത്രമേ അദ്ദേഹം ചെയ്യുന്നുള്ളൂ.

ഒന്നാമത്തെ അധ്യായത്തിന്റെ ശീര്‍ഷകം ‘അനന്തമായ കടക്കെണി’ എന്നാണ്. തൊഴിലില്ലായ്മയും അഴിമതിവാഴ്ചയും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട എഴുപതുകളിലെ ഈ ഭരണത്തെ കോടതിക്കു പോലും ഒരു വിധത്തിലും തിരുത്താന്‍ കഴിഞ്ഞിരുന്നില്ല. 1973ല്‍ വിയറ്റ്‌നാമില്‍ പരാജയപ്പെട്ട് മടങ്ങിപ്പോന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന് തങ്ങളുടെ സാമ്പത്തിക അധീശത്വം വീണ്ടെടുക്കാന്‍ പുതിയ മാര്‍ഗങ്ങളും പദ്ധതികളും ആവശ്യമായിരുന്നു. മൂന്നാം ലോകരാജ്യങ്ങളെ വായ്പയുടെ ആകര്‍ഷണവലയത്തില്‍ കുടുക്കുന്ന തന്ത്രം ഈ ഘട്ടത്തിലാണ് ആവിഷ്‌ക്കരിക്കപ്പെട്ടത്. പെട്രോഡോളറിന് ഇക്കാലത്തു കൈവന്ന പ്രാമുഖ്യത്തെ തടയിടാനും ഇത്തരമൊരു വളഞ്ഞ വഴി അമേരിക്കക്ക് അനിവാര്യമായിരുന്നു. ഈ ചൂണ്ടയില്‍ അന്നത്തെ അര്‍ജന്റീനയിലെ ഏകാധിപത്യഭരണകൂടം ഏറ്റവും വേഗത്തില്‍ കൊത്തി എന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഏഴു വര്‍ഷം കൊണ്ട് 45 ബില്യണ്‍ ഡോളറിന്റെ കടം രാജ്യത്തിന് വന്നു കഴിഞ്ഞിരുന്നു. ഇതില്‍ പകുതിയും സ്വകാര്യകടങ്ങളായിരുന്നു. പക്ഷെ അതിന്റെയും ബാധ്യത ജനങ്ങള്‍ക്കു തെയായിരുന്നു എന്നതാണ് ദുരന്തത്തെ കൂടുതല്‍ തീക്ഷ്ണമാക്കുന്നത്. ബഹുരാഷ്ട്രകുത്തകകളും യഥേഷ്ടം രാജ്യത്തെ സാമ്പത്തികമേഖലയെയും നിയമ വ്യവസ്ഥയെയും എടുത്തമ്മാനമാടി. സിറ്റിബാങ്കും ബാങ്ക് ഓഫ് അമേരിക്കയും ചേസ് മന്‍ഹാട്ടണ്‍ ബാങ്കും പോലുള്ള ബാങ്കിംഗ് ഭീമന്‍മാരും എസ്സോ, ഐ ബി എം, കൊക്ക കോള, പെപ്‌സി പോലുള്ള കുത്തകകളും ചേര്‍ന്ന് രാജ്യത്തെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി. കള്ളന്മാരും ബാങ്കര്‍മാരും സര്‍ക്കാരുകളും എന്നാണീ വാഴ്ചയെ സൊളാനസ് വിശേഷിപ്പിക്കുന്നത്. അര്‍ജന്റീനയില്‍ ആഗോള ബാങ്കിംഗ് കൂത്തകകള്‍ പുതിയ ശാഖകളാരംഭിച്ചുകൊണ്ടും തദ്ദേശീയ ബാങ്കുകളെ വിഴുങ്ങിക്കൊണ്ടും പടര്‍ന്നു പന്തലിച്ചു. ഈ ബാങ്കുകളില്‍ നിക്ഷേപങ്ങളാരംഭിച്ച നാട്ടുകാരുടെ പണം ഒരു സുപ്രഭാതത്തില്‍ മരവിപ്പിച്ചുകൊണ്ട് ആഗോള ഭീമന്മാര്‍ തനിനിറം കാട്ടി. 65 കൊല്ലം ന്യൂസ് പേപ്പര്‍ വിറ്റ സമ്പാദ്യം നഷ്ടപ്പെട്ട വൃദ്ധനെയും തന്റെ പെന്‍ഷന്‍ കാശ് തടഞ്ഞുവെച്ചതില്‍ പ്രകോപിതയായ സ്ത്രീയെയും സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രതിഷേധസമരത്തിനിടയില്‍ കണ്ടുമുട്ടാം. സിറ്റിബാങ്കിന്റെയും സ്റ്റാന്റേര്‍ഡ് ചാര്‍േട്ടര്‍ഡിന്റെയും കണ്ണഞ്ചിപ്പിക്കുന്ന പരസ്യശബളിമയില്‍ മയങ്ങി പണം നിക്ഷേപിച്ച് പിന്നീട് നഷ്ടപ്പെട്ട പാവം നാട്ടുകാരോട് ഈ സ്ഥാപനങ്ങളുടെ പിതൃബാങ്കുകള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇന്ത്യയിലും സമാനമായ അനുഭവങ്ങള്‍ നമ്മളെ കാത്തിരിക്കുകയാണെന്നതുകൊണ്ട് ചകിതമായി മാത്രമേ ഈ ഖണ്ഡം കണ്ടിരിക്കാനാവൂ. വാറ്റ് നിയമം നടപ്പിലാക്കുന്നതിലൂടെ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഒരേ പോലെ വഞ്ചിക്കുന്ന പ്രക്രിയ എഴുപതുകളില്‍ തന്നെ ആ രാജ്യത്ത് പരീക്ഷിക്കപ്പെട്ടിരുന്നു. കടത്തിന്റെ അനന്തമായ ഈ ഒഴുക്കിനെ, പൊതുജനത്തെ നിഷ്‌ക്കാസനം ചെയ്തുകൊണ്ട് നിങ്ങള്‍ക്കെങ്ങനെയാണ് ഒരു പൊതുകടം രൂപീകരിച്ചടുക്കാനാവുന്നത് എന്നാണ് സൊളാനസ് പരിഹസിക്കുന്നത്.

‘രാജ്യദ്രോഹത്തിന്റെ പുരാവൃത്തം’ എന്നതാണ് രണ്ടാമത്തെ അധ്യായം. 1983ല്‍ അര്‍ജന്റീനയില്‍ ജനാധിപത്യ വാഴ്ച തിരിച്ചു വരുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയായ റാഡിക്കല്‍ പാര്‍ടിയാണ് ഭരണത്തിലെത്തുന്നത്. വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, ഭക്ഷണ സ്വയം പര്യാപ്തത എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് റാഡിക്കല്‍ പാര്‍ടി അധികാരത്തിലെത്തിയത്. 1984 ആകുമ്പോഴേക്കും സമ്പൂര്‍ണമായും പാപ്പരീകരിക്കപ്പെട്ട ഒരു സര്‍ക്കാരാണ് ഇത് എന്ന വാസ്തവം വെളിപ്പെടുന്നു. ജനോപകാരപ്രദമായ ഒരു നടപടിയും ചെയ്യാനാകാത്ത ഈ ഭരണക്കാരും അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ തിട്ടൂരങ്ങള്‍ നിര്‍ബാധം അനുസരിക്കുന്നു. ഈ ഇരട്ടത്താപ്പിനെ തുടര്‍ന്ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ കനത്ത തകര്‍ച്ച ഉണ്ടാകുകയും രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാവുകയും ചെയ്യുവിവു. രക്ഷയില്ലാതെ റാഡിക്കല്‍ പാര്‍ടി നേതാവ് അല്‍ഫോന്‍സിസ് രാജിവെക്കുകയും പ്രതിപക്ഷമായ നിയോ പെരോണിസ്റ്റുകള്‍ അധികാരത്തിലേറുകയും ചെയ്യുന്നു. ഉല്‍പാദനക്ഷമമായ പരിവര്‍ത്തനം, വര്‍ധിച്ച കൂലി എന്നതായിരുന്നു പുതിയ ഭരണക്കാരുടെ വാഗ്ദാനങ്ങള്‍. പാശ്ചാത്യ വരേണ്യരുടെ സ്ഥിരം വേഷമായ കോട്ടും കഴുത്തിലെ ടൈയും ഇല്ലാതെ നെഞ്ചത്തെ ബട്ടനഴിച്ചിട്ട ടീഷര്‍ട്ടുമിട്ട് ജനക്കൂട്ടത്തില്‍ അലിഞ്ഞില്ലാതാകുന്ന തരം പോപ്പുലിസം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കാര്‍ലോസ് മെനെം പ്രധാനമന്ത്രിസ്ഥാനത്തേക്ക് അവരോധിതനാകുന്നത്. താങ്കളുടെ ലൈംഗികാകര്‍ഷണത്തിന്റെ ഗുട്ടന്‍സ് എന്താണ് എന്നാണ് ഒരു ടി വി അഭിമുഖത്തില്‍ അദ്ദേഹത്തോട് ചോദിക്കുന്നത്! എന്നെ പിന്തുടരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കീവേര്‍ഡ്. താമസിയാതെ അദ്ദേഹവും ഔദ്യോഗികവേഷത്തിലേക്ക് തന്നെ ഒളിക്കുനനുണ്ട്. ഈ കാലഘട്ടത്തിലാണ് ബെര്‍ലിന്‍ മതില്‍ പൊളിച്ചടുക്കുന്നതും ചരിത്രത്തിന്റെ സമാപനം എന്ന ആശയം പ്രചരിക്കുന്നതും. നിയോ ലിബറല്‍ പ്രത്യയശാസ്ത്രത്തിന് ആഗോളമായ സമ്മതി കിട്ടുന്നതുകൊണ്ട് മെനെം നേതൃത്വം നല്‍കുന്ന നിയോ പെരോണിസ്റ്റുകളുടെ രാജ്യദ്രോഹപ്രവൃത്തികള്‍ക്ക് എളുപ്പമായി എന്നാണ് സൊളാനസ് വിശദീകരിക്കുന്നത്. ഇരട്ടമുഖമുള്ള ചതിയനാണീ നേതാവ് എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അമേരിക്കന്‍ ഐക്യനാടുകളുമായി കൂടുതല്‍ ഗാഢമായ സൗഹൃദം സ്ഥാപിക്കപ്പെട്ടതും ഇക്കാലത്താണ്. സ്വകാര്യവല്‍ക്കരണത്തിന്റെ ബാന്റു വാദ്യ സംഘവണ്ടിയായി ഈ സര്‍ക്കാര്‍ പരിണമിക്കുന്നു.

സര്‍ക്കസിലെ കോമാളികളെപ്പോലെ പരിഹസിക്കപ്പെടുവരായി ഈ നേതാക്കള്‍ മാറിയതായി ദൃശ്യങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും ആക്ഷേപിക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റെ അഭേദ്യഭാഗമാണ് രാജ്യദ്രോഹം എന്നതാണ് വാസ്തവം. അമേരിക്കന്‍ കോമിക് കഥകളിലും സിനിമകളിലും കാണാറുള്ള സ്‌പൈഡര്‍മാനും സൂപ്പര്‍മാനുമായിത്തീരാന്‍ മൂന്നാംലോക രാഷ്ട്രീയ നേതാക്കള്‍ കുതിച്ചെത്തുന്നു.

‘റിപ്പബ്ലിക് അധ:പതിക്കുന്നു’ എന്ന മൂന്നാമത്തെ അധ്യായത്തില്‍ പാര്‍ലമെന്റ് സംവിധാനവും കോടതി വ്യവസ്ഥയും ജീര്‍ണിക്കുന്നതും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ പെട്ടിപ്പാട്ടുകാരായി മാറിത്തീരുന്നതുമാണ് വിവരിക്കുന്നത്. മറ്റു മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെന്നതുപോലെ അര്‍ജന്റീനയും പെട്രോളിയം നിക്ഷേപത്താല്‍ സമ്പന്നമാണ്. രാജ്യത്തെ എണ്ണക്കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ 140 അംഗങ്ങളില്‍ 114 പേരും അനുകൂലിച്ച് വോട്ടു ചെയ്തു. കോണ്‍ഗ്രസി(സഭ)ലെ അംഗങ്ങള്‍ കനത്ത കൈക്കൂലിക്ക് വഴങ്ങിക്കൊടുത്തു എന്നത് പകല്‍ പോലെ തെളിയുന്നുണ്ട് എന്നാണ് സൊളാനസ് പറയുന്നത്. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ രാജ്യദ്രോഹത്തെ പ്രതിരോധിക്കുന്നതിനു പകരം വഞ്ചനക്ക് കൂട്ടു നില്‍ക്കുകയാണ് ചെയ്യുന്നത്. എണ്ണക്കമ്പനി സ്വകാര്യവല്‍ക്കരണത്തിനെതിരെ തൊഴിലാളികളും പൗരാവകാശപ്രവര്‍ത്തകരും നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കവേ ആണ് 1991ല്‍ സൊളാനസിന് വെടിയേല്‍ക്കുന്നത്. ആറു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കുകയുണ്ടായി.

പത്ര-ദൃശ്യമാധ്യമങ്ങള്‍ സ്വകാര്യവല്‍ക്കരണത്തെ കൈയും മെയ്യും മറന്ന് പ്രോത്സാഹിപ്പിച്ചു. സ്വകാര്യവല്‍ക്കരണ അനുകൂല ടി വി പ്രോഗ്രാമുകള്‍ക്കെല്ലാം ഉയര്‍ന്ന റേറ്റിങുകള്‍ ലഭിക്കുതായി കള്ളക്കണക്കുകള്‍ ഉണ്ടാക്കപ്പെടുന്നു. (എല്ലാം ഇന്ത്യയില്‍ പത്തും ഇരുപതും വര്‍ഷത്തിനു ശേഷം അതേ പടി ആവര്‍ത്തിക്കപ്പെടുന്നു!). ഇക്കാലത്തുയര്‍ന്നുവന്ന ജനങ്ങളുടെ പ്രതിഷേധസമരങ്ങളുടെ ദൃശ്യങ്ങള്‍ ആവേശം ജനിപ്പിക്കുവയാണ്. കിലോമീറ്ററുകള്‍ നീളമുള്ള കൊടി ഏന്തിയ മനുഷ്യസഞ്ചയങ്ങള്‍ പാട്ടും മുദ്രാവാക്യങ്ങളുമായി തെരുവുകള്‍ പിടിച്ചടക്കി. ഞങ്ങള്‍ കൈപൊക്കികള്‍ എന്നാക്ഷേപിക്കപ്പെട്ടവര്‍ എന്നവര്‍ സ്വയം വിലപിക്കുന്നു. ഞങ്ങള്‍ തെരഞ്ഞെടുത്തയച്ച പാര്‍ലമെന്റംഗങ്ങള്‍ ഓര്‍മശക്തി നശിച്ച രോഗികളാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു എന്നാണവര്‍ കടുത്ത ഭാഷയില്‍ ആരോപിക്കുന്നത്.

നാലാമത്തെ അധ്യായത്തിന്റെ ശീര്‍ഷകം ‘സാമ്പത്തിക മാതൃക’ എന്നാണ്. കണ്‍വര്‍ട്ടബിലിറ്റി എന്നത് ഒരു നുണയാണെന്ന് സൊളാനസ് കണക്കുകളിലൂടെയും ഉദാഹരണങ്ങളിലൂടെയും സ്ഥാപിക്കുന്നു. ഒരു പെസോ(അര്‍ജന്റീനയിലെ കറന്‍സി) = ഒരു ഡോളര്‍ എന്ന ആകര്‍ഷകമായ സമവാക്യം ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്തില്ലെന്നു മാത്രമല്ല, ദുരിതങ്ങള്‍ കൂട്ടമഴപോലെ പെയ്തിറക്കുകയും ചെയ്തു. കയറ്റുമതി തീരെ ഇല്ലാതാകുന്ന അവസ്ഥയിലെത്തി. രാജ്യം ഡോളര്‍വല്‍ക്കരിക്കപ്പെടുകയാണ് യഥാര്‍ത്ഥത്തിലുണ്ടായത്. യൂറോപ്പില്‍ 7% മാത്രം നാണയപ്പെരുപ്പമുള്ളപ്പോള്‍ യു എസ് എയിലത് 50% ആണ്. ഈ തകര്‍ച്ചയുടെ പ്രതിഫലനം സാമന്തരാജ്യങ്ങളിലും ഉണ്ടാക്കുകയും അതുവഴി അമേരിക്കയുടെ ആഭ്യന്തരപ്രശ്‌നങ്ങളെ അല്‍പമെങ്കിലും ലഘൂകരിച്ചെടുക്കാനാവുമോ എന്ന് പരീക്ഷിക്കുകയുമാണ് അമേരിക്ക ചെയ്യുന്നത്. ചെറുകിട കച്ചവടക്കാര്‍ പാപ്പരാവുകയും വ്യവസായങ്ങള്‍ അടച്ചുപൂട്ടപ്പെടുകയും ചെയ്യുന്നു. വിദേശികളും സ്വദേശികളുമായ സമ്പന്നര്‍ ക്ലബുകളില്‍ കുടിച്ചുകൂത്താടുന്നു. നഗ്നനൃത്തങ്ങളും ലൈംഗിക അരാജകത്വവും നിറയുന്നു. മാധ്യമങ്ങള്‍ കൃത്രിമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും സ്വയം കൃത്രിമവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയം വെറും കെട്ടുകാഴ്ചയായി അധ:പതിക്കുന്നു. തെരഞ്ഞെടുപ്പു പ്രചരണം പോലും അര്‍ധനഗ്നനൃത്തങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്നു. (അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികതയുടെ പരിണതഫലമായി ഒളിഞ്ഞുനോട്ടക്കാരുടെ സമൂഹമായി മാറിയ നമ്മുടെ നാട്ടിലും ഈ പ്രവണത പരീക്ഷിക്കാവുന്നതാണ്.)

അഴുക്കുചാലുകളും റോഡുകളും അവഗണിക്കപ്പെടുകയും വെള്ളപ്പൊക്കത്തെതുടര്‍ന്ന് ദരിദ്രരുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യുന്നു. ദരിദ്രര്‍ പാര്‍ക്കുന്ന പല ഇടങ്ങളിലും ഒന്നുകില്‍ അഴുക്കുചാലുകള്‍ ഇല്ല; അഥവാ അവരുടെ വീടും മുറ്റവും തെരുവും എല്ലാം കൂടി ഒരഴുക്കുചാല്‍ ആണ്. ഇത്തരം ദൃശ്യങ്ങള്‍ നമ്മുടെ നഗരങ്ങളിലെ അവ്യവസ്ഥകളെയും ഓര്‍മിപ്പിക്കും.

‘സ്വകാര്യവല്‍ക്കരണം’ എന് അഞ്ചാമത്തെ അധ്യായത്തില്‍ പ്രധാനപ്പെട്ട ഏഴു മേഖലകളില്‍ നടക്കുന്ന സ്വകാര്യവല്‍ക്കരണത്തെ അക്കമിട്ട് അവതരിപ്പിക്കുന്നു. ടെലിവിഷന്‍, ടെലഫോണ്‍, പാലങ്ങളുടെയും റോഡുകളുടെയും ടോള്‍ബൂത്തുകള്‍, ഹൈവേകള്‍, റെയില്‍വേ, റേഡിയോ, നാഷനല്‍ എയര്‍വെയ്‌സ് എന്നിങ്ങനെ വരുമാനമുള്ളതും ജനങ്ങള്‍ക്കാകെ ആവശ്യമുള്ളതുമായ മേഖലകളെല്ലാം സ്വകാര്യവല്‍ക്കരിക്കുന്നു. കിട്ടിയ വിലക്ക് വിറ്റഴിച്ച് കമ്മീഷന്‍ കീശയിലാക്കുന്ന തിരക്കിലായിരുന്നു ഭരണക്കാര്‍. പഴയ കോളനിവാഴ്ചയുടെ പുതിയ അവതാരമല്ലാതെ മറ്റൊന്നുമല്ല ഇതെന്നതാണ് സത്യം. പെട്രോളിയം, ശുദ്ധജലം, കമ്യൂണിക്കേഷന്‍ എന്നീ രംഗങ്ങള്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കപ്പെടുന്നു. വിദേശ കമ്പനികള്‍ക്ക് അവരുടെ മാതൃരാജ്യത്ത് ചെയ്യാനാകാത്ത കാര്യങ്ങളടക്കം അര്‍ജന്റീനയില്‍ ചെയ്യാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു. തൊഴിലാളികളെ കൂട്ടം കൂട്ടമായി പിരിച്ചുവിടുന്നു. 26 പ്രധാന കമ്പനികളുടെ ലാഭം 60 ശതമാനമായി വര്‍ധിക്കുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് സമാഹരിച്ചെടുത്ത ദേശീയ സമ്പത്തിനെ കറന്നെടുക്കുന്ന പരിപാടിയാണിത് എന്ന സൊളാനസ് വ്യക്തമാക്കുന്നു. സ്റ്റേറ്റ് വാട്ടര്‍ സിണ്ടിക്കേറ്റ് എന്ന പൊതുമേഖലയിലുള്ള കുടിവെള്ള വിതരണ സ്ഥാപനത്തെ കുത്തകകള്‍ കൈയടക്കിയതിനെ തുടര്‍ന്ന് എട്ടു ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നതില്ലാതായി. 95000 പേര്‍ക്ക് തൊഴിലുണ്ടായിരുന്നത് 15000 ആയി കുറഞ്ഞു. സബ്‌സിഡിയുടെ അന്ത്യം എന്നത് നുണയാണെ് സൊളാനസ് സ്ഥാപിക്കുന്നു. കാരണം സ്വകാര്യവല്‍ക്കരിക്കപ്പെട്ട കമ്പനികളെല്ലാം സ്വകാര്യവല്‍ക്കരണവേളയിലും തുടര്‍ന്നു സബ്‌സിഡൈസ് ചെയ്യപ്പെടുന്നതുകൊണ്ടാണ് ലാഭകരമാകുന്നത്. ആസ്തികള്‍ കുറഞ്ഞ വിലക്ക് വാങ്ങാനാവുക എന്നത് സബ്‌സിഡിയുടെ പ്രഛന്ന രൂപമാണല്ലോ. നാഷനല്‍ ഹൈവേ കമ്പനിക്കു മാത്രം ഒന്നര ബില്ല്യ ഡോളര്‍ സബ്‌സിഡിയാണ് അനുവദിക്കുന്നത്. ജനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കുകയും സര്‍ക്കാരിലേക്ക് അടക്കാതിരിക്കുകയും ചെയ്യുന്നു. ശിക്ഷയില്‍ നിന്നും പിഴയില്‍ നിന്നും അവര്‍ എപ്പോഴും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. അവര്‍ യഥേഷ്ടം കരാറുകള്‍ ലംഘിക്കപ്പെടുന്നത് ചോദ്യം ചെയ്യപ്പെടുന്നതേ ഇല്ല. തൊഴിലില്ലായ്മ പ്ലേഗ് പോലെ പടരുന്നു. പതിനൊന്ന് ശതമാനത്തില്‍ നിന്ന് ഇരുപത് ശതമാനത്തിലേക്ക് തൊഴിലില്ലായ്മ കുതിച്ചു ചാടുന്നു. തൊഴിലില്ലാത്തവര്‍ താല്‍ക്കാലിക ജോലിക്കു വേണ്ടിയും പെന്‍ഷനു വേണ്ടിയും പള്ളികളിലെ കഞ്ഞിപാര്‍ച്ചക്കു വേണ്ടിയും ക്യൂ നില്‍ക്കുന്നതിന്റെ നീണ്ട ദൃശ്യങ്ങള്‍ ഇതിനുപോദ്ബലകമായി സിനിമയില്‍ കാണാം.

ആറാമത്തെ അധ്യായം ‘എണ്ണയുടെ നിര്‍സ്ഥാപനീകരണം’ (ലിക്വിഡേഷന്‍) എന്നതാണ്. വേറൊരു രാജ്യവും അവരുടെ എണ്ണ/വാതക സമ്പത്ത് ഇത്തരത്തില്‍ വിദേശകുത്തകകള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല എന്നതാണ് സത്യം. മെക്‌സിക്കോയും ബ്രസീലും വെനിസ്വേലയും അവരവരുടെ പെട്രോളിയം സമ്പത്തിനുമേലുള്ള അധികാരം ആര്‍ക്കും കൈമാറിയിട്ടില്ല. 1923 ല്‍ തുടങ്ങിയ വൈ പി എഫ് എ കമ്പനിയാണ് അര്‍ജന്റീനയിലെ എണ്ണസമ്പത്ത് ഖനനം ചെയ്‌തെടുക്കുന്നതും ശുദ്ധീകരിച്ചെടുക്കുന്നതും. ഈ കമ്പനിയുടെ റിസര്‍വ് 200 ബില്ല്യണ്‍ ഡോളറാണ്. അര്‍ജന്റീനയിലെ പല നഗരങ്ങളും പടുത്തുയര്‍ത്തിയത് ഈ കമ്പനിയാണ്. ഈ കമ്പനി സ്വകാര്യവല്‍ക്കരിച്ചതോടെ തൊഴിലാളിയൂണിയനുകള്‍ തകരുകയും മലിനീകരണം വര്‍ധിക്കുകയും ചെയ്തു.

‘കോര്‍പ്പറേഷനുകളും മാഫിയാധീശത്വവും’ (മാഫിയോക്രസി എന്ന പുതിയ പദം തന്നെ സൊളാനസ് സൃഷ്ടിച്ചിരിക്കുന്നു) എന്ന ഏഴാമത്തെ അധ്യായത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികളായ റാഡിക്കലുകളും നിയോ പെരോണിസ്റ്റുകളും യോജിച്ചുകൊണ്ട് കൊള്ള തുടരുന്നതിന്റെ വിശദീകരണമാണുള്ളത്. രാഷ്ട്രീയ പ്രത്യയശാസ്ത്ര കടപ്പാടുകളൊന്നുമില്ലാത്ത കപട പ്രൊഫഷനലുകള്‍ എല്ലാ പാര്‍ടികളുടെയും നേതൃസ്ഥാനത്ത് കടന്നുകൂടുകയും പാര്‍ടികളുടെ നയങ്ങളെ ഉദാരീകരണത്തിന് അനുയോജ്യമാക്കിത്തീര്‍ക്കുകയും ചെയ്തു. സി സി ടി എ ഒരിക്കല്‍ വന്‍ ശക്തിയായിരുന്ന ദേശീയ ട്രേഡ് യൂണിയന്റെ പ്രേതസംഘടന മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ. ശിക്ഷയില്‍ നിന്ന് സ്വാധീനമുള്ള കുറ്റവാളികളെ രക്ഷിക്കുന്നതിനുമാത്രമാണോ സുപ്രീം കോടതി നിലനില്‍ക്കുന്നതെന്നു പോലും സംശയിക്കാവുന്ന അവസ്ഥയിലേക്ക് ആ സ്ഥാപനം അധ:പതിച്ചു. ഇത്രയും വെല്ലുവിളിക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതുമായ ഒരു കോടതി വേറെ ഉണ്ടാവില്ലെന്നാണ് സൊളാനസ് അഭിപ്രായപ്പെടുന്നത്. കക്ഷിരാഷ്ട്രീയക്കാരെ ഭരണപ്രതിപക്ഷ ഭേദമെന്യെ രക്ഷിക്കുകയും തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു മെനെം കാലഘട്ടത്തിലെ കോടതി. കൂറ്റന്‍ കമ്പനികളും രാഷ്ട്രീയക്കാരും മാഫിയയും ചേര്‍ന്ന മുക്കൂട്ടു മുന്നണി നിലവില്‍ വന്നു. വീടും ഭക്ഷണവുമില്ലാതെ ദരിദ്രര്‍ കൂടുതല്‍ അനാഥരായി തീര്‍ന്നു.

‘മാഫിയാവാഴ്ച’യെക്കുറിച്ചാണ് എട്ടാമത്തെ അധ്യായം. മാധ്യമങ്ങള്‍, ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയക്കാരും രാഷ്ട്രീയകക്ഷികളും, കോടതി എന്നിവയെയൊക്കെ മയക്കുമരുന്നു കള്ളക്കടത്തുകാരും പെണ്‍വാണിഭസംഘക്കാരും കള്ളപ്പണക്കാരും അടക്കമുള്ള മാഫിയ വിലക്കെടുത്തുകഴിഞ്ഞ ദുരവസ്ഥയാണ് അര്‍ജന്റീനയിലുണ്ടായിരുന്നത്. ആഗോള വ്യാപകമായിത്തന്നെ പണം വെളുപ്പിക്കലിന്റെ കേന്ദ്രമായി അര്‍ജന്റീന മാറി. അനധികൃത വ്യാപാരങ്ങളുടെ ശൃംഖലകളും വ്യാപിച്ചു. ബി സി സി ഐ പോലുള്ള ബാങ്കുകളും ഇതിനു പശ്ചാത്തലമൊരുക്കിക്കൊടുത്തു. മെനെമിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനുള്ള പണത്തിന്റെ എണ്‍പതു ശതമാനവും ഇത്തരം സ്രോതസ്സുകളില്‍ നിന്നാണ് ശേഖരിക്കപ്പെട്ടത്. കൈക്കൂലിയും കമ്മീഷനും സാധാരണകാര്യം മാത്രം. പെന്‍ഷനേഴ്‌സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്ഥാപനമായ പാമി കുംഭകോണം ഇക്കാലത്താണ് നടന്നത്. ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ വഞ്ചിക്കപ്പെട്ടു. ചതിക്കപ്പെട്ട നിരവധി പെന്‍ഷന്‍കാര്‍ പ്രകടനമായെത്തി പാമിയുടെ കേന്ദ്ര ആസ്ഥാനത്തിനു നേരെ കല്ലെറിയുന്ന ദൃശ്യം സിനിമയിലുണ്ട്. അഴിമതിയുടെ നിത്യ സ്മാരകം എന്നാണ് 67കിലോമീറ്റര്‍ നീളമുള്ള യാസിറെറ്റ അണക്കെട്ടിനെ സംവിധായകന്‍ വിശേഷിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് 13 ബില്ല്യന്‍ ഡോളര്‍ എസ്റ്റിമേറ്റോടെ ആരംഭിച്ച ഈ പടുകൂറ്റന്‍ അണക്കെട്ടിന്റെ പണി അതിന്റെ അഞ്ചിരട്ടി ചിലവാക്കിയിട്ടും തീര്‍ന്നിട്ടില്ല. അഴിമതിക്കുറ്റത്തിന് മെനെം അറസ്റ്റു ചെയ്യപ്പെടുന്നുണ്ടെങ്കിലും സുപ്രീം കോടതി അദ്ദേഹത്തെ നിരുപാധികം വിട്ടയക്കുന്നു. എല്ലാ കേസുകളും തള്ളുകയും ചെയ്യുന്നു. ബ്യൂണസ് അയേഴ്‌സിലെ പോലീസ് മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വ്യാജ റോഡപകടങ്ങളും വ്യാജ ആത്മഹത്യകളും പെരുകുന്നു. സാമ്പത്തിക അസമത്വം മൂര്‍ഛിക്കുന്നതോടെ മധ്യവര്‍ഗം ഇല്ലാതാവുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായും ധനികര്‍ കൂടുതല്‍ ധനികരായും പരിണമിക്കുന്നു.

‘സാമൂഹ്യ വംശഹത്യ’ എന്നതാണ് ഒമ്പതാമത്തെ അധ്യായത്തിന്റെ ശീര്‍ഷകം. ചവറുകൂമ്പാരത്തില്‍ കുട്ടികളും പന്നികളും പശുക്കളും നായകളും ഭക്ഷണത്തിനായി പരതുന്നു, പരസ്പരം വഴക്കിടുന്നു. ആരുടേതുമല്ലാത്ത കുഞ്ഞുങ്ങള്‍ പുഴുക്കള്‍ക്ക് സമാനമായ ജീവിതം പേറി നരകിക്കുന്നു. പതിമൂന്നും പതിനാലും വയസ്സായ അമ്മമാര്‍ സ്ഥിരം പ്രതിഭാസമാകുന്നു. വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവരുടെ മൂന്നാം തലമുറയാണ് ഇക്കാലത്തുള്ളത്. കുറഞ്ഞതും ക്ഷീണിതവുമായ ശാരീരിക-ബൗദ്ധിക ശേഷി മാത്രമേ ഇത്തരക്കാര്‍ക്കുള്ളൂ. സമൂഹത്തിന്റെ ഒരു ഉപവംശമായി, ഈ താഴ്ത്തപ്പെട്ട അനാഥര്‍ നിലനില്‍ക്കുന്നു. മുപ്പതു കോടി ജനങ്ങള്‍ പട്ടിണി അനുഭവിക്കുന്നു. 1960കളില്‍ ഹവര്‍ ഓഫ് ഫര്‍ണസ് എടുക്കുമ്പോള്‍, സോഷ്യല്‍ ജെനൊസൈഡ് എന്ന ഇത്തരമൊരു പ്രതിഭാസം താന്‍ മുന്‍കൂട്ടി കണ്ടിരുന്നില്ലെന്ന് സൊളാനസ് പറയുന്നു. ഐ എം എഫ് അടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളാകെട്ട ഇക്കാലത്ത് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്, അര്‍ജന്റീന എന്ന അത്യത്ഭുതം (മിറാക്കിള്‍) ലോകത്തിനു തന്നെ ഒരു മാതൃകയാണെന്നാണ്. നവ-വംശീയവാദവും ഈ പ്രതിസന്ധിയെതുടര്‍ന്ന് ശക്തിപ്പെട്ടുവരുന്നു. ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാമില്‍ കണ്ടതുപോലെ മൃഗങ്ങള്‍ അവരുടെ ഉടമകളില്‍ നിന്ന് രക്ഷപ്പെടുന്നത് പുതിയ ഉടമകള്‍ക്ക് അടിമപ്പെടാനാണ്.

അവസാനത്തെ അധ്യായത്തിനു പേരിട്ടിരിക്കുന്നത് ‘അന്ത്യത്തിന്റെ ആരംഭം’ എന്നാണ്. ശുഭാപ്തി വിശ്വാസം തിരിച്ചെടുക്കുന്നതിനുള്ള ഘട്ടമായിട്ടാണ് ഈ അധ്യായത്തെ സൊളാനസ് വിഭാവനം ചെയ്തിരിക്കുന്നത്. നാം നഷ്ടപ്പെടുന്നവരും മെനെം, ഡെലറൂവ അടക്കമുള്ളവര്‍ ഏകാധിപതികളും കൊള്ളക്കാരും ആയും തുടരുന്ന അവസ്ഥക്കു അറുതി വരുത്തണം. എല്ലാം വിറ്റുതുലക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല എത് നിസ്സാര കാര്യമല്ല. പ്രധാന ബാങ്കുകള്‍ ഇപ്പോഴും പൊതുമേഖലയില്‍ തന്നെയാണുള്ളത്. ആണവ നിലയവും യാസിറെറ്റ അണക്കെട്ടും സ്വകാര്യവല്‍ക്കരിക്കാനായിട്ടില്ല. കാണാതായവരുടെ അമ്മമാരും മുത്തശ്ശിമാരും പണിമുടക്കിലണിചേരുന്നു. സി ടി എ തൊഴിലാളികളും പ്രക്ഷോഭത്തിലാണ്. നിരന്തരമായ ഈ ചെറു സമരങ്ങളാണ് 2001 ഡിസംബറിലെ കൂറ്റന്‍ ചെറുത്തുനില്‍പിലേക്ക് വളരുന്നത്. 1949 നെയും 1961 നെയും ഓര്‍മിപ്പിക്കുന്ന ചെറുത്തുനില്‍പാണിതെന്ന് സൊളാനസ് വിശേഷിപ്പിക്കുന്നു. എനിക്കെന്റെ തൊലി മാത്രമേ അവശേഷിച്ചിട്ടുള്ളൂ; എന്റെ ആത്മാവ് വെറും പൊള്ളയാണ് എന്ന പാട്ട് കൂട്ടം ചേര്‍ന്ന് എല്ലാവരും പാടുന്നു. ജനരോഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഡെലറൂവ രാജിവെക്കാന്‍ നിര്‍ബന്ധിതനാവുന്നു. 34 മാസത്തെ ഉപരോധസമരത്തിനു ശേഷമാണ് ഈ വിജയമുണ്ടാകുന്നത്. സാമ്രാജ്യത്വ ആഗോളീകരണത്തിനെതിരെയുള്ള അര്‍ജന്റീനയുടെ ആദ്യത്തെ ഗംഭീരവിജയമാണിത്. സൊളാനസ് ഹാന്റിക്യാമുമായി എല്ലാ സമരക്കാര്‍ക്കുമിടയിലൂടെ അവര്‍ക്കൊപ്പം തന്നെയാണുള്ളത്. ഐക്യദാര്‍ഢ്യം, പ്രതിഷേധ സമരങ്ങള്‍, എന്നിവയിലൂടെ പൗരസമൂഹത്തിന് സര്‍ക്കാരിനെ മുട്ടുകുത്തിക്കാനാവുമെന്ന് തെളിയിക്കുന്നത് അത്ര നിസ്സാരകാര്യമല്ല തന്നെ. സിനിമ പുറത്തു വന്ന് ഏതാനും മാസങ്ങള്‍ക്കു ശേഷം രാജ്യത്തെ അവസ്ഥ കുറേക്കൂടി ഭേദപ്പെടുകയും ചെയ്തു.

ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തെക്കുറിച്ചറിവുള്ളവര്‍ക്ക് മാത്രം താല്‍പര്യമുണ്ടാകുന്ന കേവലം ഒരു ഡോക്കുമെന്ററി എന്നതിനപ്പുറം ലോകത്തെ സാമ്രാജ്യത്വത്തിന്റെ വഞ്ചനയില്‍ നിന്നും നുണപ്രചരണത്തില്‍ നിന്നും വിമോചിപ്പിക്കണമൊഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ആവേശം പകര്‍ന്നു നല്‍കുന്ന ഒന്നായി എ സോഷ്യല്‍ ജെനൊസൈഡിനു പരിണമിക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം.

References :

1. Towards a Third Cinema by Fernando Solanas and Octavio Getino
(https://ufsinfronteradotcom.files.wordpress.com/2011/05/toward-a-third-cinema- getino-y-solanas-tricontinental-1969.pdf)
2. Solanas, Fernando by Matt Losada(Senses of cinema)

3. Violence and Liberation in The Hour of the Furnaces by Paul A. Schroeder(Senses of cinema)
4. The Three Lives of Fernando Solanas
By Jorge Ruffinelli (Revista – Harvard review of Latin Americ-a)

(ചലച്ചിത്ര സമീക്ഷയില്‍ പ്രസിദ്ധീകരിച്ചത്)


Write a Reply or Comment

Your email address will not be published. Required fields are marked *