ലാർസ് വൊൺ ട്രയർ (ജനനം – 1956 ഏപ്രിൽ 30)

ജന്മദിന സ്മരണ

ലാർസ് വൊൺ ട്രയർ (ജനനം – 1956 ഏപ്രിൽ 30) Lars von Trier

ഡാനിഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ പുതുചലച്ചിത്രപ്രവർത്തകരിലൊരാളും ഡോഗ്മ 95 എന്ന സിനിമാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സംവിധായകരിലൊരാളുമാണ് ലാർസ് വൊൺ ട്രയർ. പ്രേക്ഷകരെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്ന ദൃശ്യങ്ങളിലൂടെ അസ്തിത്വപ്രശ്നങ്ങളെയും സാമൂഹിക-രാഷ്ട്രീയപ്രശ്നങ്ങളെയും പരമ്പരാഗതശൈലികളിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിൽ തിരശ്ശീലയിലെത്തിച്ച ഒരു കലാകാരൻ കൂടിയാണ് വൊൺ ട്രയ‍ർ. വിലക്കപ്പെട്ടവ (taboo) അദ്ദേഹത്തിന്റെ പ്രധാനവിഷയമാണ്. അതിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കുവാനായിത്തന്നെയാണ് പലപ്പോഴും അത്തരം വിഷയങ്ങളെപ്പറ്റിത്തന്നെ അദ്ദേഹം സിനിമകൾ നിർമിക്കുന്നതും.

ഡെന്മാർകിന്റെ തലസ്ഥാനമായ കോപൻഹേഗന്റെ സമീപപ്രദേശത്താണ് വൊൺ ട്രയർ ജനിച്ചത്. പതിനൊന്നാം വയസ്സിൽ കയ്യിൽ കിട്ടിയ ക്യാമറയിലൂടെയാണ് തന്റെ സിനിമാതാൽപര്യം അദ്ദേഹം വളർത്തിയത്. കോപൻഹേഗൻ സർവകലാശാലയിൽ നിന്ന് ഫിലിം തിയറിയും ഡെന്മാ‍ർക് നാഷണൽ ഫിലിം സ്കൂളിൽ നിന്ന് ഫിലിം ഡയറക്‍ഷനും പഠിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ, ഫിലിം സ്കൂൾ പഠനകാലത്ത് തന്നെ, ഫിലിം സ്കൂളുകൾക്കായി നടത്തുന്ന മ്യൂണിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളായ നൊക്ചേൺ, ലാസ്റ്റ് ഡീറ്റെയ്ൽ എന്നിവയ്ക്ക് ബെസ്റ്റ് സ്കൂൾ ഫിലിംസ് പുരസ്കാരം ലഭിക്കുകയുണ്ടായി.

ആദ്യകാലത്ത് ധാരാളം ഹ്രസ്വചിത്രങ്ങൾ എടുത്തിരുന്നുവെങ്കിലും 1977ൽ സംവിധാനം ചെയ്ത ദ് ഓ‍ർകിഡ് ഗാർഡ്ന‍ർ ആണ് ആദ്യം തിയറ്ററിൽ റിലീസ് ചെയ്ത ചിത്രം. 1984ൽ ഇറങ്ങിയ ദ് എലമെന്റ് ഒഫ് ക്രൈം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്രതലത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. ആ വ‍ർഷം കാനിൽ പാം ഡി ഓറിന് നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര അവാർഡുകൾ വാരിക്കൂട്ടുകയുണ്ടായി. തുടർന്നു വന്ന ചിത്രങ്ങളാണ് എപിഡെമിക് (1987), യൂറോപ (1991) എന്നിവ. ഈ മൂന്ന് ചിത്രങ്ങളും ചേ‍ർന്ന് യൂറോപ ട്രിലൊജി എന്നാണ് അറിയപ്പെടുന്നത്. ആധുനിക യൂറോപ്പിലെ അസ്വസ്ഥതകളെയും അന്യവൽക്കരണത്തെയും അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇവ മൂന്നും.

1992ൽ അദ്ദേഹം സെൻട്രോപ എന്റർടെയിൻമെന്റ്എന്ന നിർമാണക്കമ്പനി സ്ഥാപിച്ചു. വൊൺ ട്രയറുടെയും അല്ലാത്തതുമായ ധാരാളം ചിത്രങ്ങൾ നി‍ർമിച്ച ഈ കമ്പനി ഡെന്മാർക്കിലെ സുപ്രധാന സിനിമാനിർമാണക്കമ്പനികളിലൊന്നായി തുടരുന്നു.

1995ൽ അദ്ദേഹവും മറ്റൊരു പ്രമുഖ ഡാനിഷ് സംവിധായകനായ തോമസ് വിന്റെ‍ർബെ‍ർഗും ചേർന്ന് പുതിയൊരു സിനിമാപ്രസ്ഥാനത്തിനായുള്ള അവരുടെ മാനിഫെസ്റ്റൊ പ്രസിദ്ധീകരിച്ചു. ഈ സിനിമാപ്രസ്ഥാനത്തിന് അവർ നൽകിയ പേരായിരുന്നു ഡോഗ്മ 95. ഹോളിവുഡ് മുന്നോട്ടുവെക്കുന്ന തരത്തിലുള്ള ആവർത്തനവിരസമായ പതിവ് കാഴ്ചകളെയും നിർമാണരീതികളെയും പാടേ തള്ളിക്കളയുക എന്നതായിരുന്നു ഈ പ്രസ്ഥാനം കൊണ്ട് അവർ ഉദ്ദേശിച്ചിരുന്നത്. സിനിമാനിർമാണത്തിനായി കൃത്രിമമായ ഒന്നും തന്നെ ഉപയോഗിക്കാതെയുള്ള ഒരു ശൈലിയായിരുന്നു ഈ പ്രസ്ഥാനം മുന്നോട്ടുവെച്ചത്.

ഗോൾഡൻ ഹാർട് എന്ന പേരുള്ള ലാർസ് വൊൺ ട്രയറുടെ പ്രസിദ്ധമായ ചിത്രത്രയം ഇതിനെത്തുടർന്ന് പുറത്തുവന്നു. ബ്രേക്കിങ് ദ് വേവ്സ് (1996), ദ ഇഡിയ്റ്റ്സ് (1998), ദ് ഡാൻസ‍ർ ഇൻ ദ് ഡാർക് (2000) എന്നിവയാണ് ഈ ത്രയത്തിലെ ചിത്രങ്ങൾ. അങ്ങേയറ്റത്തെ ദുരിതങ്ങളും ദുരന്തങ്ങളും അനുഭവിക്കുമ്പോഴും നിർമലമായ ഹൃദയം സൂക്ഷിക്കുന്ന സ്ത്രീകളാണ് ഈ മൂന്ന് ചിത്രത്തിലെയും പ്രധാനകഥാപാത്രങ്ങൾ. ഇവയെല്ലാം കാനിലടക്കം പല മേളകളിലും വിവിധ അവാർഡുകൾ വാരിക്കൂട്ടി. 2003ൽ പുറത്തുവന്ന ഡോഗ്‍വിൽ അദ്ദേഹത്തിന്റെ മറ്റൊരു സുപ്രധാനചിത്രമാണ്.

പിന്നീടിറങ്ങിയ ആന്റിക്രൈസ്റ്റ് (2009), മെലങ്കലിയ (2011) നിംഫൊമാനിയാക് (2013 – രണ്ട് ഭാഗങ്ങൾ) എന്നീ ചിത്രങ്ങൾ ഡിപ്രഷൻ ചിത്രത്രയത്തിന്റെ ഭാഗമാണ്. ഇവയും ലോകമെമ്പാടും വളരെയേറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ഇതിൽ നിംഫൊമാനിയാക് എന്ന ചിത്രം അതിലെ അശ്ലീലചിത്രസമാനമായ രംഗങ്ങളുടെ പേരിൽ വളരെയധികം വിമ‍ർശനം നേരിട്ടിരുന്നു. ഒരു പരമ്പരകൊലപാതകിയുടെ കഥ പറഞ്ഞ ദ് ഹൗസ് ദാറ്റ് ജാക് ബിൽറ്റ് എന്ന 2018ലെ ചിത്രവും ഏറെ വിമർശനങ്ങൾ നേരിട്ട ഒന്നായിരുന്നു.

“നിങ്ങളുടെ ഷൂവിനിടയിൽ കുടുങ്ങിപ്പോയ ഒരു കല്ലുപോലെയാണ് സിനിമ” എന്ന ലാർസ് വൊൺ ട്രയറുടെ അഭിപ്രായം ആ സിനിമയുടെ കാഴ്ച എന്ന പ്രേക്ഷക അനുഭവത്തെ വളരെ വ്യക്തമാക്കിത്തരുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ സിനിമയുടെ അപനിർമാണമാണ് അദ്ദേഹം തന്റെ സിനിമകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പറയാം.

സ്റ്റിഗ് ബ്യോർഗ്മാൻ 1997 സംവിധാനം ചെയ്ത Tranceformer – A Portrait of Lars von Trier എന്ന ഡോക്യുമെന്ററി ലാ‍സ് വൊൺ ട്രയറിന്റെ ചലച്ചിത്രസംഭാവനകളെക്കുറിച്ചുള്ള ഒരു ശ്രദ്ധേയചിത്രമാണ്.

എഴുത്ത് : ആര്‍. നന്ദലാല്‍

രൂപകല്‍പ്പന : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *